Wednesday, 1 October 2014

കുട്ടന്റെ പട്ടങ്ങൾ



പട്ടച്ചരടിന്നറ്റത്തു
കുഞ്ഞികൈകൾ കരയുന്നു
കുട്ടൻ നോക്കി മേലോട്ട്
കുട്ടിയുമങ്ങനെ മേലോട്ട്
ഒത്തു പിടിച്ചു വലിച്ചു രസിച്ചവർ
ഒത്തിരി ഒത്തിരി ഓർമ്മകളായി

പള്ളിക്കൂടം കണ്ടുമടുത്തൊരു
പുസ്തകതാളുകൾ കീറിയെടുത്തു
അച്ഛൻ കണ്ണുകളമ്മക്കണ്ണുകൾ
കാണാതോരോ പട്ടങ്ങൾ
വാനിലുയർത്തിപ്പാറിനടന്നു

പൊട്ടിയ പട്ടച്ചരടുകൾ തേടി
പാടവരംബത്തൂടോടി നടന്നു
പെയ്യാൻ നില്ക്കും മഴമേഘങ്ങൾ
കണ്ടു കഴിഞ്ഞാൽ വീടെത്തും
കൈയിൽ കരുതിയ കടലാസിൽ
കളി വഞ്ചികളൊഴുകി പാടത്ത്

അച്ഛൻ കണ്ണുകളമ്മക്കണ്ണുകൾ
വരവും കാത്തവർ
പടിവാതിൽക്കൽ
കാലിൽ  ചെളിയും മെയ്യിൽ
ചെളിയും പൂണ്ടു പുതഞ്ഞൊരു
വരവാണേ...
ഓടിച്ചിട്ടടി വീടിനു ചുറ്റും
ഓടിക്കയറാൻ മാവുണ്ടേ.....
പണ്ട് പറത്തിയ പട്ടങ്ങൾ
ഓർത്തൂ... കുട്ടൻ മാനത്ത്
ആർത്തു ചിരിച്ചു നടന്നവരങ്ങനെ
ഓർത്തു നടന്നൂ.. ബാല്ല്യങ്ങൾ

Liju Vazhappally

സ്വർഗ പുത്രി




ജല ഗംഗയായെന്റെ അരികിലെത്തി
സ്വരരാഗ സുധയായി ഒഴുകി നീ മണ്ണിൽ
നിളയായി വന്നെൻ കളിത്തോഴിയായി
ഭാരതപ്പുഴയായി നീ ഇന്നു
പിതൃ മോക്ഷമേകാൻ

പാപങ്ങൾ തീർക്കുവാൻ പമ്പയായും
പാരിജാതത്തളിർ ഗന്ധമായെത്രയോ..
പാലാഴിയായും പാലരുവിയായും
പലവഴികൾ ചെറുവഴികൾ
കൈവഴികളായി നീ സ്വർഗവാതിൽ
കടന്നെത്തിയീ മണ്ണിൽ

ഇളം തെന്നൽ പുൽകി നിൻ
കൊലുസിന്റെ കൊഞ്ചൽ
ചന്ദ്രിക ചാലിച്ച സായന്തനങ്ങളും
സിന്ധൂര സന്ധ്യകളാകാശ നീലിമകൾ
പ്രണയം വിടർത്തിയെൻ മനതാരിലെന്നും
പ്രണയ പ്രവാഹമായി നിറയേണമേ..
കവിതയായി  സുകൃതമായി ധരണിയിലെന്നും
പുണ്യ പ്രവാഹമായി ഒഴുകീടണേ..

Liju Vazhappally