Saturday, 27 September 2014

ഓബ്രാ.....


ഓബ്രാ.....

കാലങ്ങളായി ഞങ്ങ-
ഉഴുതും കിളച്ചും കൊയ്തും മെതിച്ചും
തീണ്ടാ..തൊടാതെ ഉരിയാടാതെ,
ചോരവിയർപ്പാക്കി രാവും പകലും
കത്തും വയറുമായി ആജ്ഞാനുവർത്തിയായി                      
പുറകേ നടക്കുന്നു..
ഓബ്രാ..ഓബ്രാ.. എന്നു മൂളി.

ഏനൊരു നല്ല കൂരയുണ്ടോയെന്ന്,
ഏന്റെ കുടിയില് തീ പുകയുണ്ടോന്ന്,
ഏന്റെ പെണ്ണിനും പുള്ളേർക്കുമെല്ലാം,
മാറ് മറയ്ച്ചീടാൻ,നാണം മറയ്ച്ചീടാൻ,
ഒരു തോർത്തു മുണ്ടെങ്കിലും ഉണ്ടോയെന്ന്
ആരു ചോദിക്കാൻ തെയ് വങ്ങളേ....

ഏൻ വെക്കും വാഴയും കപ്പയും ചേനയും,
കൊയ്തു മെതിച്ചൊരു നെല്ലിന്നരികളും,
തിന്നുവനാർക്കുമൊരൈത്തമില്ലാ...
തിന്നിട്ട് എല്ലിന്റെയിടയിലോ കേറുബോ..
ഏന്റെ പെണ്ണുങ്ങടെ മാനം കവരുവാൻ,
ആർക്കുമൊരൈത്തവുമില്ലാ..തെയ് വങ്ങളേ....

ഏനൊരു പനി വന്നാൽ
ദൂരങ്ങൾ താണ്ടണം.
ഏൻ ചത്താൽ മിണ്ടില്ലാ ആരുമാരും.
ഏന്റെ കുടിയിലേ പെണ്ണുപെഴച്ചന്നാൽ
നാടുമുടിഞ്ഞെന്ന്,
നാടുവാഴുന്നോരും നാട്ടാരും പാടി നടന്നീടുമേ..

ഓന്റെ കുടിയിലേ പെണ്ണുപെഴച്ചന്നാൽ
നാടായ നാടെല്ലാം കൊട്ടും കുരവയും,
നാടുവാഴുന്നോര് നാലാള് കാണാതെ
പൊന്നും പണമായി പൊരകേറിയിറങ്ങീടും.
ഏനെന്നും പൂട്ടിയ കാളയേപോൽ
ഉഴുതും മറിച്ചും നടക്കാനെന്ന്‌,
നാടുവാഴുന്നോരു തല്ലിപ്പറഞ്ഞു.
ഓബ്രാ..ഓബ്രാ.. ഏനും മൂളി.

by
Liju Vazhappally

Wednesday, 10 September 2014

"തെരുവിന്റെ മക്കൾ"



തെരുവിൽ അലയാൻ വേണ്ടി മാത്രം ഒരു കൂട്ടം
കുട്ടികൾ പിറവിയെടുക്കുന്നില്ലാ.പിന്നെ എങ്ങനെ
ഇവർ തെരുവിൻറെ മക്കളായി. എന്തു സംഭവിച്ചാലും
ദൈവത്തിനെ കുറ്റം പറയരുത്.വിധി എന്ന രണ്ടു
വാക്കിൽ എഴുതിത്തള്ള്കയുമരുതു.
ഈ രക്തത്തിൽ സ്ത്രീയ്ക്കും പുരുഷനും
തുല്ല്യ പങ്ക്.




വലിച്ചെറിയെല്ലെ നീ... തെരുവിലേയ്ക്കമ്മേ ..
വില്ക്കരുതെന്നെ നീ യാചിക്കുവാൻ..

വലിച്ചെറിയെല്ലെ നീ തെരുവിലേയ്ക്കമ്മേ ..
വില്ക്കരുതെന്നെ നീ യാചിക്കുവാൻ..
ഇന്നലെയും ഇന്നും, നാളെയുമിതെൻ വിധി
ഞാൻ ചെയ്ത പാപമിതെന്തെന്നു ചൊല്ലുക
എന്നെയല്ലെന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.. (2)

ഓർക്കുക,
ഓർക്കുക  സ്വയം ഭൂവായതല്ലന്നു നീ
പെറ്റൊരു മാതാവുമുണ്ട് നിന്നെയവൾ
തെരുവിലെറിഞ്ഞില്ല അന്നു.
ഓർക്കുക,
നിൻ ബാല്ല്യമമ്മേ...ഇന്നോർക്കുക
ആ നല്ല കാലം.

അമ്മയ്ക്കോരോമന കുഞ്ഞായി നീ
അച്ഛനു കണ്‍മണി എന്നുമെന്നും (2)
നിന്നെയുറക്കുവാൻ താരാട്ടു പാട്ടുമായി
അമ്മയിരുന്നില്ലെ കൂടേ......
ഉറങ്ങാതെ അമ്മയിരുന്നില്ലെ കൂടെ
കൈവളരുന്നോ,കാൽവളരുന്നോ,    
കൊഞ്ചിപ്പറയുവാൻ വെന്ബുന്ന ചുണ്ടുകൾ,
കണ്ണിൽ വിടരുന്ന പൊന്നുഷ സന്ധ്യകൾ,
ആകാശ നീലിമയിലബിളിക്കല നിന്നെ,
പൂ നിലാപ്പാലൂട്ടി ചിരി തൂകി,
നിന്നതുമിളം തെന്നൽ വീശിയാ..
മഴപെയ്ത രാവിൽ,
കുരുന്നു കൈയെത്തിപ്പിടിച്ച നിൻ,
മുഖമൊന്നു കണ്ടു കൊതിയോടിരുന്നില്ലേ......
അമ്മ നിൻ ചാരെ,
കണ്ടു കൊതിയോടിരുന്നില്ലേ...

ഇന്നീ തെരുവിൽ ഏകനായി ഞാൻ....
ഇന്നീ തെരുവിൽ ഏകനായി ഞാൻ
കടിച്ചു കീറും ചെന്നായ്ക്കൾ നടുവിൽ,
കൊത്തിപ്പറിക്കുവാൻ കഴുകൻറെ കണ്ണുകൾ,
പാഞ്ഞു പോകും വിഷം തുപ്പും സകടങ്ങൾ,
ചീഞ്ഞു നാറുന്നൊരു കുപ്പയ്ക്കരുകിലെന്നമ്മേ.....

ചീഞ്ഞു നാറുന്നൊരു കുപ്പയ്ക്കരുകിൽ
അമൃതു നുണയുവാൻ നാവു കൊതിക്കുന്നു
മാറിലെ ചൂടിനായി കുഞ്ഞു പൈതൽ
താരാട്ടു പാടുവാൻ അമ്മയില്ലാ
താളം പിടിക്കുവാൻ അച്ഛനില്ലാ
പിച്ചവെച്ചു നടത്തേണ്ട,
കൈകളിന്നിരുളിൻറെ മറവിൽ
എവിടെയോ....മാഞ്ഞു പോയി

കരയുവാൻ കണ്ണുനീരൊരു തുള്ളിയില്ലാ...
കനിയുവാൻ കണ്ണുകൾ കണ്ടില്ല ഭാവം
കത്തും വയറിനായി,
വറ്റിയ നാവിനായി,
നുണയുവാൻ ഒരുതുള്ളിയെങ്കിലും.....അമ്മേ ...
ഞാൻ ചെയ്ത പാപമിതെന്തെന്നു ചൊല്ലുക.

ഇനിയും അനാഥത്വം നിഴൽ പോലെ തുടരും
എന്നെയല്ലന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.
എന്നെയല്ലന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.

Liju Vazhappally