ഓബ്രാ.....
കാലങ്ങളായി ഞങ്ങ-
ഉഴുതും കിളച്ചും കൊയ്തും മെതിച്ചും
തീണ്ടാ..തൊടാതെ ഉരിയാടാതെ,
ചോരവിയർപ്പാക്കി രാവും പകലും
കത്തും വയറുമായി ആജ്ഞാനുവർത്തിയായി
പുറകേ നടക്കുന്നു..
ഓബ്രാ..ഓബ്രാ.. എന്നു മൂളി.
ഏനൊരു നല്ല കൂരയുണ്ടോയെന്ന്,
ഏന്റെ കുടിയില് തീ പുകയുണ്ടോന്ന്,
ഏന്റെ പെണ്ണിനും പുള്ളേർക്കുമെല്ലാം,
മാറ് മറയ്ച്ചീടാൻ,നാണം മറയ്ച്ചീടാൻ,
ഒരു തോർത്തു മുണ്ടെങ്കിലും ഉണ്ടോയെന്ന്
ആരു ചോദിക്കാൻ തെയ് വങ്ങളേ....
ഏൻ വെക്കും വാഴയും കപ്പയും ചേനയും,
കൊയ്തു മെതിച്ചൊരു നെല്ലിന്നരികളും,
തിന്നുവനാർക്കുമൊരൈത്തമില്ലാ...
തിന്നിട്ട് എല്ലിന്റെയിടയിലോ കേറുബോ..
ഏന്റെ പെണ്ണുങ്ങടെ മാനം കവരുവാൻ,
ആർക്കുമൊരൈത്തവുമില്ലാ..തെയ് വങ്ങളേ....
ഏനൊരു പനി വന്നാൽ
ദൂരങ്ങൾ താണ്ടണം.
ഏൻ ചത്താൽ മിണ്ടില്ലാ ആരുമാരും.
ഏന്റെ കുടിയിലേ പെണ്ണുപെഴച്ചന്നാൽ
നാടുമുടിഞ്ഞെന്ന്,
നാടുവാഴുന്നോരും നാട്ടാരും പാടി നടന്നീടുമേ..
ഓന്റെ കുടിയിലേ പെണ്ണുപെഴച്ചന്നാൽ
നാടായ നാടെല്ലാം കൊട്ടും കുരവയും,
നാടുവാഴുന്നോര് നാലാള് കാണാതെ
പൊന്നും പണമായി പൊരകേറിയിറങ്ങീടും.
ഏനെന്നും പൂട്ടിയ കാളയേപോൽ
ഉഴുതും മറിച്ചും നടക്കാനെന്ന്,
നാടുവാഴുന്നോരു തല്ലിപ്പറഞ്ഞു.
ഓബ്രാ..ഓബ്രാ.. ഏനും മൂളി.
by
Liju Vazhappally
No comments:
Post a Comment