Tuesday, 1 July 2014

അമൃതസ്മൃതികൾ ഭാഗം (2)


അങ്ങനെയൊരവധിക്കാലം.

ജയിലിൽ നിന്നും പരോളിനിറങ്ങുന്നതുപോലെ  ആയിരുന്നു പരീക്ഷ  കഴിഞ്ഞു ഞാൻ സ്കൂളിൽ നിന്നിറങ്ങിയത്. ഇനി രണ്ടു മാസം സ്കൂളിൽ പോകണ്ട.ജയിച്ചാൽ ആറാം ക്ലാസിൽ തോറ്റാൽ....
അതു പറയേണ്ട കാര്യമില്ലലോ അല്ലെ.അങ്ങനെ പുസ്തകങ്ങളോടു കുറച്ചു നാളത്തേയ്ക്കു വിടപറഞ്ഞ്
കളികളും കുസൃതികളും മാത്രമുള്ള ഒരു ലോകത്തിലേക്ക്‌ ഞാനുൾപ്പെടെയുള്ള വാനരപ്പട വീട്ടിൽ നിന്നിറങ്ങി.
വീടിനടുത്തൊരു സ്കൂൾ ഉണ്ട്. വാര്യത്തു സ്കൂൾ എന്നാണു അറിയപ്പെടുന്നത്.ഞാൻ ആദ്യമായി സിഗരറ്റ്
വലിച്ചത് ഈ സ്കൂളിന്റെ വരാന്തയിലിരുന്നാണ്.രാവിലെ മുതൽ ഉച്ചവരെ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി.
കളിക്കുന്നതിന് മുൻപ് വരുന്ന വഴിയിൽ നിന്നെറിഞ്ഞിട്ട മാങ്ങകൾ ചെറുതായി അരിഞ്ഞു അതിൽ ഉപ്പും
മുളക് പൊടിയും സമം ചേർത്ത് പെരട്ടി വാഴയിലയിൽ പൊതിഞ്ഞു വെയ്ക്കും.കളിക്കിടയിൽ ക്ഷീണം തീർക്കാൻ ഇതു കഴിക്കും എന്നിട്ട് കുറച്ചു വെള്ളവും കുടിക്കും അപ്പോഴാണ് ആ കൂട്ട് ശരിയാകുന്നത്.ഈ പുളിയുള്ള മാങ്ങ കഴിക്കുമ്പോൾ എല്ലാവരുടെയും മുഖത്തു എന്തൊക്കെ രസങ്ങളാണ് വരുന്നതെന്ന് അറിയാമോ?  മാങ്ങ അങ്ങോട്ടു വായിലോട്ടു ഇട്ടു ആദ്യം പതുക്കെ കടിക്കും അപ്പോളൊന്നു ശരീരം പുളകം
കൊള്ളും പിന്നെ പല്ലില്ലൂടെ നാവിലേയ്ക്കാ..പുളിയിറങ്ങുബോൾ രണ്ടു കൈകളിലേയും വിരലുകൾ ചുരുട്ടിപിടിക്കും അതുകഴിഞ്ഞ്  രണ്ടു കണ്ണുകളും അടയ്ക്കും ചിലർ ഒരു കണ്ണേ.. അടയ്ക്കത്തൊള്ളൂ.
പിന്നെ കരച്ചിലും,പിഴിച്ചിലും,വെപ്രാളവും,പരവേശവും എന്നു വേണ്ട അഭിനയത്തിന്റെ പലപല തലങ്ങളിൽ എത്തിച്ചേരും.ഒന്ന് രണ്ട് കളി കഴിയുമ്പോൾ എല്ലാരും വീട്ടിലോട്ടു ഓടും ആരും ഞങ്ങളെ ഓടിച്ചു വിടുന്നതല്ല കേട്ടോ..ആദ്യം കഴിച്ച ആ... കൂട്ടാണ് ഞങ്ങളെ വീട്ടിലെത്തിക്കുന്നതു.
വീട്ടിലെത്തുമ്പോൾ ഷർട്ടിലും നിക്കറിലും ശരീരതുമെല്ലാം മണ്ണും പൊടിയുമായിരിക്കും.ഞാൻ ദൂരേന്നു വരുബോഴേ ആരെങ്കിലും പറയും ദേ.. വരുന്നുണ്ട് പുന്നാര മോൻ. പേടി പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് ഞാൻ അടുത്തെത്തും.അമ്മയൊരു നോട്ടം നോക്കും. കുളി കഴിഞ്ഞു ഇതിന്റെയകത്തേയ്ക്ക്
 കയറിയാൽ മതി. എന്റെ ദൈവമേ..  ഇനി രണ്ടു മാസം. ബാക്കി പറയില്ലാ അതു നമ്മൾ ഊഹിച്ചെടുത്തോണം.
ദേഷ്യവും സങ്കടവും നിറഞ്ഞ അമ്മയുടെ ഈ ഡയലോഗ് കേൾകേണ്ട താമസം ഞാനോടും കിണറ്റിൻ കരയിലേയ്ക്ക്.തൊട്ടടുത്തൊരു അമ്പലക്കുളമുണ്ട് ബന്ധുക്കളെല്ലാം അടുത്തടുത്താണ്  താമസിക്കുന്നത്.
അവർക്കൊക്കെ എന്നെപോലെ വലുതും ചെറുതുമായ കുറേ എണ്ണമുണ്ട്.രാവിലത്തെ കുളി അമ്പലകുളത്തിലാണ്.കുളത്തിലിറങ്ങിയാൽ പോത്ത് വെള്ളം കണ്ടപോലെയാണ്.
കുളം കലക്കിയിട്ടേ..കരയ്ക്ക്‌ കയറത്തൊള്ളൂ. ഊളിയിടൽ,തലകുത്തി മറിച്ചിൽ,ശ്വാസം പിടിച്ചു വെള്ളത്തിനടിയിൽ ഇരിക്കുക,അക്കരയ്ക്കു നീന്തി അവിടുന്നൊരു കല്ലെടുത്ത്‌ഇക്കരയ്ക്ക് കൊണ്ടു വരുക.
വഴിയിലൂടെ പോകുന്നവരെ ഇരട്ടപ്പേര് വിളിച്ചു കളിയാക്കി വെള്ളത്തിനടിയിലേയ്ക്ക്  ഊളിയിടുക,
നീന്തലറിയാത്തവരെ വാഴപ്പിണ്ടിയിൽ പിടിപ്പിച്ചു നീന്തൽ പഠിപ്പിക്കുക,രണ്ടു മൂന്നു വാഴപ്പിണ്ടി കൂട്ടി കെട്ടി
ചെങ്ങാടം ഉണ്ടാക്കി അതിൽ തുഴഞ്ഞു പോകുക. ഇതൊക്കെയാണ് പരിപാടികൾ.
ഇതെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അമ്മയൊരു നോട്ടം നോക്കും. പതിവു പോലെ ഡയലോഗും.
കുറേ കഴിയുമ്പോൾ ഇതൊരു ശീലമാകും. പറയാൻ മറന്നു പണ്ട് ഞാൻ ഈ കുളത്തിൽ മുങ്ങി പോയതാണ്
അന്നെനിക്ക് നീന്തൽ അറിയില്ലായിരുന്നു.അമ്മ കൂടെയുണ്ടായിരുന്നു.അമ്മയ്ക്ക്നീന്തൽ അറിയാം
ഞാൻ തോർത്ത്‌ കൊണ്ട് ചെറിയ മീനുകളെ പിടിക്കുകയായിരുന്നു.പിടിച്ചു പിടിച്ചു കുറച്ചു മുന്നോട്ട് പോയി                  അമ്മ  തിരിഞ്ഞപ്പോൾ എന്റെ രണ്ടു കൈ മാത്രം മുകളിൽ  പിന്നെ എന്നെ പിടിച്ചു കരയ്ക്ക്‌കയറ്റി.
ജീവൻ തിരിച്ചു കിട്ടി വായിൽ നിന്നു കുറച്ചു മീനേയും കൂടെ തുടയ്ക്കിട്ട് രണ്ടു പൊട്ടീരും കിട്ടി.
രാവിലെ കഴിക്കാൻ പുട്ടും കടലയും,ദോശയും ചമ്മന്തിയും,ഉപ്പുമാവും പഴവും,ഓട്ടട,ഇഡ് ലി ചമ്മന്തി
അങ്ങനെ ഓരോ ദിവസവും ഓരോന്നുണ്ടെങ്കിലും എനികിഷ്ട്ടം കഞ്ഞിയും ചമ്മന്തിയും ആണ് അതിന്റെ കൂടെ കുറച്ചു കപ്പവേവിച്ചതും ഒരു കാന്താരിയും, കാന്തരിയില്ലെങ്കിൽ തലേ ദിവസത്തെ മീൻകറിയും ഉണ്ടെങ്കിൽ എന്റെ പ്രഭാത ഭക്ഷണം കേമമായി. കളിയും കുളിയും ഉച്ചയൂണും കഴിഞ്ഞു വീണ്ടും പതിയെ
പുറത്തേയ്ക്ക്.അവിടെ കൊച്ചനുജമ്മാരും അനിയത്തിമ്മാരും പലപല കളികളിലേർപ്പെട്ടിരിക്കുകയാണ്
ചിരട്ടയിൽ മണ്ണുകൊണ്ട് ചോറ്. ഇഷ്ട്ടിക പൊട്ടിച്ചു അതിൽ വെള്ളം ചേർത്തൊരു കറി, ഇലകൾ അരിഞ്ഞൊരു തോരൻ , കുറചു പേര് പഴയ സാരി കീറി അതു ചുറ്റി ടീച്ചറും കുട്ടികളും കളിക്കുവാണ്.
കുറച്ചു വിരുതമ്മാര് ഇവരെയൊക്കെ ശല്ല്യം ചെയ്തു നടക്കുന്നു.ഒരുത്തെൻ ടീച്ചറിന്റെ സാരിയും
പറിച്ചോണ്ടോടി.വേറൊരുത്തെൻ ചിരട്ടയിൽ മൂത്രമൊഴിച്ചു വെച്ചു. മൊത്തത്തിൽ കരച്ചിലും ബഹളവും.
അമ്മമാരെല്ലാം വന്നു എല്ലാത്തിനെയും തല്ലിയോടിച്ചു . അച്ചന്മാരൊക്കെ രാവിലെ ജോലിക്ക് പോകുന്നതു
കൊണ്ട് പിന്നെ അവരുടെ ശല്ല്യം ഇല്ലാ.
.


ഇനി ഉച്ച കഴിഞ്ഞുള്ള പരിപാടി.
എനിക്ക് ചൂണ്ടയിടാൻ വല്ല്യ ഇഷ്ട്ടമാണ്.പറബിൽ കിളച്ചു മണ്ണിരെയെടുത്ത്.പച്ച ഓലയുടെ ഈർക്കിൽ 
ചീകിയെടുത്തു  കടലിൽ പോകുന്ന മുക്കുവനെ പോലെ കുളത്തിലേയ്ക്ക് പോകും.കുളത്തിൽ മീൻ
ഒരുപാട് ഉണ്ട്. വരാല്,ചേറുമീൻ, കാരി,പള്ളത്തി,ചെന്ബല്ലി,പരല്,മുശു,വയബു,സിലോപ്പ്യ, അങ്ങനെ ഒരുപാട് ഉണ്ട്.ചേറുമീനും,വരാലും ഏകദേശം ഒരുപോലിരിക്കും എന്നാലും ചെറിയ വ്യത്യാസമുണ്ട്.
 ചേറുമീൻ കൂടുതൽ സമയവും ചേറിൽ പുതഞ്ഞു കിടക്കും അതു കൊണ്ടാണ് ഇതിനു ഈ പേര് വന്നതും
പിന്നെ ചെറിയ ഒരു ചുമപ്പു കളറും ചേറുമീനൊണ്ട്.വരാലിന് കറുത്ത കളറാണ്.ഇതിന്റെ അടിവശം
വെളുത്തിരിക്കും. മീനിന്റെ കൂട്ടത്തിൽ കൂട്ടാത്ത ആമയും,തവളയും അത്യാവശ്യത്തിനു നീർക്കോലിയും കുളത്തിൽ ഉണ്ട്.മിക്ക ദിവസങ്ങളിലും ഞാൻ ചൂണ്ടയിട്ടു കോർബല് നിറയെ മീനുമായി വീട്ടിൽ പോകും.
ഒരു ദിവസം ചൂണ്ടയിട്ടു ഞാൻ മൂളിപ്പാട്ടൊക്കെ പാടിയിരിക്കുവാണ്.പെട്ടന്ന് ചൂണ്ട കൊത്തി വലിച്ചോണ്ട്
പോയി ഞാൻ ആഞ്ഞു വലിച്ചു.വരുന്നില്ല വീണ്ടും വലിച്ചു.എന്റെ മനസ്സിൽ ലെഡുവും,ജിലേബിയും ഒന്നിച്ചു
പൊട്ടി. ആഞ്ഞു വലിച്ചു ഞാൻ കരയ്ക്കിട്ടു മീനെയെടുക്കാനോടി.ഓടിയെത്തുന്നതിനു മുൻപ് അതിലും വേഗത്തിൽ ഞാൻ തിരിച്ചോടി.കൂടെയുള്ളവമ്മാർ എനിക്ക് മുൻപേ വീട്ടിലെത്തി.അതു മീനല്ലായിരുന്നു
മുട്ടനൊരു ചേരയായിരുന്നു.പിന്നെ പനി പിടിച്ചു ഒരാഴ്ച ഞാൻ കുളത്തിൽ പോയില്ലാ.
മാർച്ച് മാസം അവസാനം ആകുമ്പോൾ തന്നെ അമ്പലത്തിൽ കൊടികയറും.വാഴപ്പള്ളി ശ്രീ മഹാദേവ ക്ഷേത്രം.
കേരളത്തിൽ രണ്ടു കൊടിമരം ഉള്ള ഒരേ ഒരു ക്ഷേത്രം.പത്തു ദിവസത്തെ ഉത്സവമാണ്.
അഞ്ചു  ഗജവീരമ്മാരുടെ സാനിദ്ധ്യത്തിലാണ് ഉത്സവം പൊടിപൊടിക്കുന്നത്.
                                                                                                                                                               (തുടരും)            

No comments:

Post a Comment