Monday, 30 June 2014

അമൃതസ്മൃതികൾ



ചങ്ങനാശേരിയിൽ വാഴപ്പള്ളിയിലാണ് ഞാൻ ജനിച്ചതും വളർന്നതും,പഠിച്ചതും .
സെൻറ്തെരേസാസ് ഹൈസ്കൂൾ.ആദ്യം ഞാൻ ഈ സ്കൂളിലാണ് പഠിച്ചത്.
അന്നവിടെ ആണ്‍ കുട്ടികൾക്ക് ഏഴാം ക്ലാസ് വരെയും,പെണ്‍ കുട്ടികൾക്ക്പത്താം ക്ലാസ് വരെയും
ആയിരുന്നു പഠിത്തം.അതിനു ശേഷം വേറെ സ്കൂളിലോ, കോളേജിലോ ചേരണം.

പൊതുവേ ചിലകുട്ടികളെ പോലെ ഞാനും പഠിത്തത്തിൽ ഒരു മണ്ടനും,പെരുമാറ്റത്തിൽ
നാണം കുണുങ്ങിയുമായിരുന്നു.എനിക്ക് ഇഷ്ട്ടമില്ലാത്ത രണ്ടു വിഷയങ്ങളാണ്‌
കണക്കും,ഇന്ഗ്ലിഷും.ഇഷ്ട്ടം പോലെ അടിയും പിച്ചും വഴക്കും വാങ്ങിത്തന്ന വിഷയങ്ങളാണ്‌
ഇതു രണ്ടും.എന്നു വച്ച് ബാക്കി എല്ലാ വിഷയങ്ങൾക്കും ഞാൻ മിടുക്കനാണെന്നു തെറ്റിദ്ധരിക്കണ്ട
കേട്ടോ ജയിക്കും അത്രമാത്രം. അന്നും ഇന്നും എനിക്ക് മലയാളം ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയമാണ്.
ഇപ്പോഴും ഓർമയിലുണ്ട്  ആ ക്ലാസ് മുറിയിൽ നിന്നും,മാവിന്റെ ചോട്ടിലിരുന്നും ചൊല്ലിയ വരികൾ.

ഒന്നാനാം കൊച്ചുതുംബി
എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്കു....

അതുപോലെ

പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലിരുന്നു
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി
അരുളിച്ചെടിയുടെ ഇല തന്നടിയിൽ
അരുമക്കിങ്ങിണി പോലെ....
പിന്നെ
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ...
അങ്ങനെ ഒരുപാട്  പദ്യയങ്ങൾ  ഉണ്ട്.ഒന്നും മറന്നിട്ടില്ല.

പഠിക്കാൻ അല്പ്പം പുറകോട്ടാണെങ്കിലും മറ്റു കലാ,കായിക പരിപാടികൾക്കൊക്കെ ഞാൻ മുന്നിലുണ്ടായിരുന്നു.ഒന്നും അറിയത്തില്ലെങ്കിലും എല്ലാത്തിനും പേരു കൊടുക്കും പൊട്ടന്റെ
മാവേലേറു പോലെ  ചിലപ്പോൾ സമ്മാനവും കിട്ടും അതുകൊണ്ട് അധ്യാപകർക്ക്
ഇഷ്ട്ടക്കുറവൊന്നും ഇല്ലായിരുന്നു.
അമ്മ എന്നും ഉച്ചയാകുമ്പോൾ ചോറുമായി വരും.ദൂരേന്നു വരുന്നതു ജനലിന്റെ അഴികളിലൂടെ
ഞാൻ നോക്കിനില്കും.വീടും സ്കൂളും തമ്മിൽ കുറച്ചു ദൂരമേ ഉള്ളൂ.
വാട്ടിയ വാഴയിൽ ചെറു ചൂടുള്ള കുത്തരി ചോറും,ഇഞ്ചിവച്ചരച്ച ചമ്മന്തിയും, തോരനും,ഒരു മീൻ വറുത്തതും,കടുകുമാങ്ങാ അച്ചാറും. ആ പൊതിചോറിന്റെ മണവും കറികളുടെ രുചിയും ഓർക്കുമ്പോൾ
ഇന്നും നാവിൽ വെള്ളം വരുന്നു.എല്ലാവരും ഒരുമിച്ചിരുന്നു കറികൾ പങ്കുവെച്ചാണ് ആഹാരം കഴിക്കുന്നത്‌.
ഞാൻ കറികൾ പങ്കുവെയ്ക്കും പക്ഷെ ചോറ് പങ്കുവെയ്ക്കത്തില്ലാ.കാരണം കൊണ്ടുവരുന്നത്
എനിക്ക് പോലും തികയത്തില്ലാ.ചില കുട്ടികൾ ചോറ് കഴിക്കില്ലാ അവരെ ടീച്ചർ ചൂരല് കാണിച്ചു
പേടിപ്പിച്ചു കഴിപ്പിക്കും. ടീച്ചറു വന്നു  അമ്മയോട് എന്റെ കുറ്റങ്ങളെല്ലാം പറഞ്ഞു കൊണ്ടിരിക്കും
ഞാൻ അതൊന്നും കേൾക്കത്തേയില്ലാ.എന്റെ സ്ത്രദ്ധ മുഴുവനും ചോറിലും കറിയിലുമായിരിക്കും.
അന്നും ഇന്നും ചോറും ചമ്മന്തിയും എനിക്കിഷ്ട്ടമാണ്.

അങ്ങനെ ഞാൻ അഞ്ചാം ക്ലാസിൽ എത്തി.
അന്നു പതിവുപോലെ വൈകുന്നേരം സ്കൂള് വിട്ടു ഞാൻ വീട്ടിലേക്കു നടന്നു.
എന്നെപോലെതന്നെ കുറച്ചു മണ്ടശിരോമണികൾ കൂട്ടിനുണ്ടായിരുന്നു.
തോണ്ടിയും പറഞ്ഞും നടക്കുന്നതിനിടയിൽ വഴിയിൽ ഒരു സ്വർണ്ണ നിറത്തിലുള്ള പായ്ക്കറ്റ് കണ്ടു
ആരും കാണാതെ ഞങ്ങൾ അത് എടുത്തു.എടുക്കുന്നതിനിടയിൽ ഒരുവൻ പതുക്കെ പറഞ്ഞു എടാ
അതു സിഗരറ്റാണന്നാ തോന്നുന്നത്.ഞങ്ങൾ നടന്നു. വഴിയിൽ ആരും വരുന്നില്ലായെന്നു ഉറപ്പു വരുത്തി
പതിയെ പൊട്ടിച്ചു തുറന്നു .ശരിയാണ് സിഗരറ്റ് (പഴയ ഗോൾഡ്‌ ഫ്ലാക്) വെറുതെ കിട്ടിയതല്ലേ ഒന്നു
വലിച്ചു നോക്കാമെന്ന് എല്ലാരും പറഞ്ഞു. അതിനു തീപ്പെട്ടി വേണ്ടേ.ഒരുത്തൻ ചോദിച്ചു. അതു ശരിയാണ്
ഇരുപത്തിയഞ്ചു പൈസ കൊടുത്തു ഒരു തീപ്പെട്ടി  വാങ്ങി (പഴയ WE TO തീപ്പെട്ടി)
ഇനി എവിടെ പോയി വലിക്കും. ഞാൻ പറഞ്ഞു നമുക്ക് വാര്യത്തു സ്കൂളിൽ പോകാം.
വാഴപ്പള്ളിയിൽ തന്നെ ഒരു സ്കൂള് കൂടിയുണ്ട്.വാര്യ സമാജത്തിന്റെ സ്കൂൾ ആണ് കുട്ടികൾ ഇല്ലാത്തതിനാൽ അതു പൂട്ടിയിട്ടേക്കുവാണ്‌.ഞങ്ങൾ ആരും കാണാതെ പുറകിലുള്ള മതില് ചാടി
സ്കൂളിന്റെ വരാന്തയിലെത്തി. വലിക്കാൻ എല്ലാർക്കും ഒരു പേടി. ആദ്യം ഞാൻ തന്നെ തുടക്കമിട്ടു
വലിച്ചു ഒന്നും തോന്നുന്നില്ലാ. ഇതെന്താ ഇതാണോ വല്ല്യ കാര്യം . ഞാൻ വലിയോടു വലി
ഇതു കണ്ടു സഹിക്കാഞ്ഞിട്ടു ഒരുത്തെൻ പറഞ്ഞു. എടാ വിഴുങ്ങിയാൽ മതി മൂക്കിൽക്കൂടി പുകവരും.
കേൾക്കണ്ട താമസം ഞാൻ വിഴുങ്ങി.പുക എതില്ലേക്കെ പോയെന്നു എനിക്കറിയില്ലാ ഞാൻ ചുമയോട് ചുമ.
ചുമ നില്ക്കുന്നില്ലാ കണ്ണുനീറുന്നു,പുകയുന്നു ,നെഞ്ചെരിയുന്നു കൂടെ വന്നവൻമ്മാർ ഓടെടാ ഓട്ടം.

അതായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും പുകവലി.

ഇതു ഞാൻ നാടകം കളിക്കുന്ന ഒരു ഫോട്ടോ ആണ്. കളിക്കുന്നതിനിടയിൽ ഡയലോഗ്  മറന്നു പോയി.
നാടകം കഴിഞ്ഞപ്പോൾ പുറകിൽ നില്ക്കുന്ന ടീച്ചർ എന്നെ കൊന്നില്ലന്നേയൊള്ളൂ.ബാക്കിയെല്ലാം ചെയ്തു.                                                                                                                                                                                  
                                                                                                                                                                                                           (തുടരും)    

No comments:

Post a Comment