നമ്മുടെ നാട്ടിൽ കൂടുതലും വിദ്യാഭ്യാസമുള്ളവരും,വിവേകമുള്ളവരും,ജീവിതാനുഭവങ്ങൾക്കൊണ്ടും അറിവുള്ളവരുമാണ്.അങ്ങനെയുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്.
ഒരു കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങാം.പകലന്തിയോളം മക്കൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന അച്ഛനമ്മമാർ
അവർ കൂലിപ്പണിക്കാരാകാം,വൈറ്റ് കോളർ ഉദ്യോഗസ്ഥരാകാം.മക്കൾ പഠിച്ച് വലിയ നിലയിലെത്തുമ്പോൾ
അവർ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നു.ചിലർ വൃദ്ധ സദനത്തിൽ ഏൽപ്പിക്കുന്നു.ചിലർ കല്ല്യാണം കഴിഞ്ഞ് വേറൊരു വീട്ടിലേയ്ക്ക് താമസം മാറുന്നു.മറ്റുചിലരാകട്ടെ വളരെ ക്രൂരമായ രീതിയിൽ അവരെ തെരുവിലുപേക്ഷിക്കുന്നു.
ഇനി കുടുംബത്തെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ കുടിച്ച് കൂത്താടി വീട്ടിൽ വന്ന് അലമ്പുണ്ടാക്കി ഭാര്യയേയും മക്കളേയും തല്ലി. ഉണ്ടാക്കി വെച്ചിരിക്കുന്ന ചോറും കറികളും തട്ടിത്തെറുപ്പിച്ച് ചട്ടിയും കലവും ചവിട്ടിപ്പൊട്ടിച്ച് ഒരോണവും വിഷുവും ക്രിസ്തുമസും സന്തോഷത്തോടെ ആഘോഷിക്കാത്ത എത്രയോ കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്.അതു പോലെ നേരെ തിരിച്ച് പത്തിരുപത്തഞ്ചു വയസ്സായാലും,പെണ്ണ് കെട്ടി ഒന്ന് രണ്ട് പിള്ളേരുടെ അച്ഛനായാലും ഒരു പണിയ്ക്കും പോകാതെ വീട്ടിൽ കിടന്ന് അലമ്പുണ്ടാക്കി ഇടാനുള്ള
അടിവസ്ത്രത്തിനു വരെ അച്ഛനമ്മമാരുടെ മുന്നിൽ ഒരു ഉളുപ്പുമില്ലാതെ കൈനീട്ടുന്ന മക്കൾ.അവസാന കാലത്തും മകനും അവന്റെ ഭാര്യയ്ക്കും പേരക്കുട്ടികൾക്കും ചിലവിനു കൊടുക്കേണ്ടി വരുന്ന ഹതഭാഗ്യരായ
അച്ഛനമ്മമാരുടെ അവസ്ഥയാണ് നമ്മുടെ നാട്ടിൽ.
വിവാഹം ഒരു കച്ചവടമാക്കുന്ന കുടുംബങ്ങൾ.വിദ്യാഭ്യാസമുള്ളവരും,അച്ചടക്കമുള്ളവരും,തറവാടിത്തമുള്ള വരും,സുന്ദരികളുമായ ഒരു പാട് നല്ല പെണ്‍കുട്ടികൾ ലക്ഷങ്ങൾ സ്ത്രീധനം കൊടുക്കാൻ വകയില്ലാതെ നമ്മുടെ നാട്ടിലുണ്ട്.അതു പോലെ സ്ത്രീധനത്തുക നേരത്തേ വാങ്ങിച്ചു പെണ്ണ് കെട്ടാനിരിക്കുന്ന ഒരുപാട് പുരുഷമ്മാരും നമ്മുടെ നാട്ടിലുണ്ട്.നാട്ടുകാരുടെ മുന്നിൽ ആർഭാടം കാണിച്ചും പൊങ്ങച്ചം കാണിച്ചും ലക്ഷങ്ങൾ സ്ത്രീധനം വാങ്ങി കുടുന്നേലേ.. കുഞ്ഞച്ചന്റെ മകളെ കെട്ടി വീട്ടിൽ കൊണ്ടു വന്നിട്ട് കുടുംബത്ത് സമാധാനം ഇല്ലെങ്കിൽ
കാണിച്ച ആർഭാടത്തിനും വാങ്ങിച്ച സ്ത്രീധനത്തിനും എന്ത് വില.
ഒരാവശ്യത്തിനായി സർക്കാരുദ്യോഗസ്ഥന്റെ മുന്നിൽ ചെന്നാൽ.അത് ഒഫീസറാകട്ടെ,മനേജരാകട്ടെ,
പീയുണാകട്ടെ,അങ്ങനെ സർവമേഖലകളിലും ഉള്ളവർ.കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും പാവപ്പെട്ടവനെ ആ ഓഫീസിന്റെ പടി കയറ്റിയിറക്കും.കാരണം വേറൊന്നുമല്ലാ അവർക്ക് കിട്ടേണ്ടത് അവരുടെ പോക്കറ്റിൽ വീണാലേ കാര്യം നടക്കൂ..നാടിന്റെ ക്രമ സമാധാനത്തിനു കാവൽ നില്ക്കേണ്ട പോലീസുകാർ പട്ടാപകൽ പിടിച്ചു പറിക്കാനായി വഴിയരുകിൽ കള്ളമാരെപോലെ പതുങ്ങി നില്ക്കുന്നു.തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണാൻ കിട്ടുന്നതും, ജനങ്ങളുടെ ഇടയിലേയ്ക്കു വന്ന് അവരുടെ പാദസേവ വരെ ചെയ്യാൻ തയ്യാറായി നിൽക്കുന്ന കുറച്ച് പേർ.അധികാരത്തിന്റെ കസേര ഇവർക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇവർ ചിന്തിക്കുന്നത് ഒരേ ഒരു കാര്യം.ഏതൊക്കെ രീതിയിൽ ഖജനാവിൽ നിന്ന് കൈയിട്ടു വാരാം.എങ്ങനെയൊക്കെ ജനങ്ങളെ കൊള്ളയടിക്കാം.അടുത്ത തിരഞ്ഞെടുപ്പ് വരെ പിടിച്ച് നില്ക്കാൻ എന്തൊക്കെ നെറികേടുകൾ കാണിക്കണം.
ഇവരെല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്.പക്ഷെ പ്രവർത്തി കണ്ടാൽ ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത ഇവർക്കുണ്ടോ..എന്ന് നമ്മൾ ചിന്തിച്ചു പോകും.ഇവർക്ക് കിട്ടുന്ന ശംബളവും കൈയിട്ടു വാരുന്ന പണവും അദ്വാനവർഗ്ഗത്തിന്റെ വിയർപ്പാണന്ന് ഇവർ ചിന്തിക്കുന്നതേയില്ലാ.
ഒരു ബസിൽ കയറിയാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായമായവർക്കും വികാലാംഗർക്കുമെല്ലാം സംവരണമുണ്ട്.പക്ഷെ ഇരിക്കുമ്പോൾ അല്പ്പം വ്യത്യാസം ഉണ്ടെന്നു മാത്രം.സ്ത്രീകളുടെ സീറ്റിലും പുരുഷവർഗം ആധിപത്യം സ്ഥാപിക്കും.കൈകുഞ്ഞുമായി ഒരു സ്ത്രീ കയറി വന്നാൽ പോലും എഴുന്നേറ്റു കൊടുക്കില്ലാ.മാറി കൊടുക്കുന്നവരും ഇതു സ്ത്രീകളുടെ സീറ്റാണ് എഴുന്നേൽക്കൂ ...എന്ന് പറയുന്ന സ്ത്രീകളും,എഴുന്നേൽക്കടോ..എന്ന് പറയാൻ അധികാരമുള്ള കണ്ടക്ടർമാരും വളരെ കുറച്ചു മാത്രം.സ്ത്രീകൾ മിണ്ടാതിരിക്കുന്നത് വേറൊന്നും കൊണ്ടല്ല.ഒന്ന്.പേടിച്ച് ജീവിക്കുന്ന ഒരു സമൂഹം.സ്വന്തം വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും.രണ്ട്.ഇതു സ്ത്രീകളുടെ സീറ്റാണ് എഴുന്നേൽക്കൂ..എന്ന് പറഞ്ഞാലും ചില മാന്യമാർ എഴുന്നേൽക്കില്ലാ..ആ സ്ത്രീയ്ക്ക് വേണ്ടി സംസാരിക്കാൻ ആ ബസിനുള്ളിരിക്കുന്ന ആരും മുന്നോട്ട് വരില്ലാ.പകരം കളിയാക്കിയൊന്നു ചിരിച്ചെന്നു വരും.നാളെ നമ്മുടെ വീട്ടിലുള്ളവർക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ചിന്തിക്കുന്നവർ കുറച്ച് മാത്രം.
ചില ബസുകളിൽ ഡ്രൈവറും കണ്ടക്ടറും കൂടാതെ വേറൊരു മഹാനും കൂടിയുണ്ട്.അദേഹത്തെ ചില സ്ഥലങ്ങളിൽ പോർട്ടർ എന്ന് വിളിക്കും ചില സ്ഥലങ്ങളിൽ കിളി എന്നും വിളിക്കും.എല്ലാ അർത്ഥത്തിലും ബസിലെ പ്രധാന മണിയടിക്കാരനാണ് ഈ ചങ്ങാതി.ബസിന്റെ ഫുട് ബോർഡിൽ തൂങ്ങിക്കിടന്നുള്ള ഇദേഹത്തിന്റെ ഓരോ ലീലാ വിലാസങ്ങൾ കണ്ടാൽ ആ മുഖം പിടിച്ച് റോഡിലിട്ടൊരയ്ക്കാൻ തോന്നും.ചാടിക്കയറുന്നു,ചാടിയിറങ്ങുന്നു.കബിയെ പിടിച്ച് നില്ക്കുന്നു,പിടിക്കാതെ നില്ക്കുന്നു.പത്തു പെണ്ണുങ്ങൾ ബസിലുണ്ടെങ്കിൽ പിന്നെ പറയണ്ടാ വെറുതെ ഒരാവശ്യമില്ലാതെ അങ്ങോട്ടോടുന്നു,
ഇങ്ങോട്ടോടുന്നു.പോക്കറ്റിൽ നിന്ന് പാൻപരാഗ് എടുത്ത് വായിലിടുന്നു പൊടിയൂതിക്കളയുന്നു.ശംഭുവെടുത്തു
ചുണ്ടിനടിയിൽ വെയ്ക്കുന്നു കണ്ണിൽത്തേയ്ക്കുന്നു.എന്ന് വേണ്ടാ അദേഹം ചെയ്യാത്ത പരിപാടികളില്ലാ.ഇതേ അസുഖം ചില ഡ്രൈവർമാർക്കുമുണ്ട്.ഫ്രണ്ടിലിരിക്കുന്ന ചേച്ചിമാരുടെ മുന്നിലൊന്നു ഷോ കാണിക്കാൻ.കൈ പിടിച്ചോടിക്കുന്നു.കൈ പിടിക്കാതെ ഓടിക്കുന്നു.സ്പീഡ് കൂട്ടി കാണിക്കുന്നു.ഓവർട്ടെയ്ക്കു ചെയ്തു കാണിക്കുന്നു.വഴിവക്കിൽ ആരെങ്കിലും നിന്നാൽ കുറച്ച് വെള്ളം തെറുപ്പിച്ച് അവരെ ഒന്ന് കുളിപ്പിക്കാനും ഈ വിരുതമ്മാർ മടിക്കാറില്ലാ.
അർഹതയുള്ളവനാണെങ്കിലും പണമില്ലെങ്കിൽ അവന്റെ സ്ഥാനം ഏറ്റവും പുറകിലായിരിക്കും.
ദൈവത്തിന്റെ മുന്നിലും ഈ വേർതിരിവ് മനുഷർ ഉണ്ടാക്കി വെച്ചിട്ടുണ്ട്.ഭഗവാനെ കാണാൻ V. I.P കൾക്ക്
ഒരു ക്യൂ.പണമില്ലാത്തവർക്ക് വേറൊരു ക്യൂ.കഠിന വ്രതമെടുത്ത് നടന്നു വരുന്ന ഒരു നല്ല ഭക്തന്റെ സ്ഥാനം പുറകിൽ.കള്ളനും കൊള്ളക്കാരനും കൊലപാതകിയും പിടിച്ചു പറിക്കാരനും V. I.P ആണെങ്കിൽ അവന്റെ സ്ഥാനം മുന്നിൽ.അവന് ഇലയിൽ പ്രസാദം കൊടുക്കുമ്പോൾ പാവപ്പെട്ടവന് എറിഞ്ഞു കൊടുക്കുന്നു.
ഇതൊക്കെയാണെങ്കിലും ഒരു യഥാർത്ഥ ഭക്തന്റെ സ്ഥാനം ദൈവത്തിന്റെ മുന്നിൽതന്നെയാണന്നുള്ള നഗ്നമായ സത്യം ഈ മണ്ടമ്മാർ അറിയുന്നില്ലല്ലോ..കഷ്ട്ടം.
ചിലയാൾക്കാരുണ്ട് പത്ത് പേര് കൂടുന്നിടത്തും,കൂട്ടുകാരുടെ ഇടയിലും സ്വയം പുകഴ്ത്തിപ്പറയുന്നവർ.
ഈ പുകഴ്ത്തിപ്പറയുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ കേൾക്കുന്നവർകു ബോറടിക്കില്ലാ.. എന്നാൽ ഈ ചേട്ടമ്മാർ പറയുന്നതെന്താണറിയാമോ... എടാ അളിയാ ഇന്നലെ രാത്രി എട്ട് മണിമുതൽ ഞങ്ങളടി തുടങ്ങി.രണ്ട് ഫുള്ള് ഒറ്റയിരിപ്പിനു നാല് പേര് തീർത്തു.പന്ത്രണ്ട് മണിയായപ്പോൾ സാധനം വാങ്ങിക്കാൻ പിന്നെയും പോയി.എവിടെ കിട്ടാൻ ഒരു രക്ഷയുമില്ലാ..അവസാനം ഞങ്ങള് ഒപ്പിച്ചളിയാ..അതും അടിച്ചിട്ടാ ഇന്നലെ കിടന്നത്.ഒന്നും
പറയണ്ടളിയാ..ആര് രായപ്പനോ അവൻ വാള് വെച്ച് റൂമിൽ കിടപ്പുണ്ട് ഇപ്പോ പോയിക്കാണും.അവന് കുറേ സെറ്റപ്പ് പെണ്ണ്ങ്ങളുണ്ടല്ലോ.എന്താ ഏയ് അവളു പോയളിയാ ഇപ്പം വേറൊരണം വീണിട്ടുണ്ട്.എന്റെ ജീൻസും ഷർട്ടും കൂളിഗ് ഗ്ലാസുമൊക്കെ വെച്ച് പോയിട്ടുണ്ട്.പിന്നെ ഒരഞ്ഞൂറു രൂപയും കടം വാങ്ങിച്ചിട്ടുണ്ട്. ഈ പറയുന്നത് ചിലപ്പോൾ മൊബൈലിലൂടെയായിരിക്കും അല്ലെങ്കിൽ പൊതു സഭയിലായിരിക്കും.ഇതൊക്കെ പറയുന്നതും വലിയ ക്രെടിടറ്റായി കാണുന്ന ചേട്ടമ്മാരാണ് ഇത്.ഇവരും വിദ്യാഭ്യാസത്തിനൊട്ടും കുറവില്ലാത്ത വരാണ്.
ഇപ്പോൾ ചില പിള്ളേര് നടക്കുന്നത് കണ്ടാൽ കാലൻ കരഞ്ഞു പോകും.അവരുടെ മാതാപിതാക്കളെ നമുക്കൊന്ന് കൈകാര്യം ചെയ്യാനും തോന്നും.കാരണം അവരാണല്ലോ ഇവരുടെ ശിൽപ്പികൾ.പത്ത് വിരലിലും പത്ത് മോതിരം.കാതിൽ കടുക്കൻ.മൂക്കിൽ മുക്കുത്തി.ചുണ്ടിൽ അവരേക്കാളും വലിയ ഒരു സിഗരറ്റ്.ഇട്ടിരിക്കുന്ന കളസം കാണിക്കാനായി താഴേയ്ക്ക് ഊർന്നു വരുന്ന ഒരു ജീൻസും.തലയിൽ മുടികൊണ്ടൊരു പാരീസ് ഗോപുരവും.പെണ്ണ്കുട്ടികളുടെ ഇടയിലും ഇതു പോലെ ചില ചേച്ചിമാരും ഉണ്ട്.കൂടുതൽ പേരും സംസാരിക്കുമ്പോൾ ഇംഗ്ലീഷ് മിക്സ് ചെയ്യാറുണ്ട്.ഇവരും വിദ്യാഭ്യാസമുള്ളവരാണ്.
മാതാ പിതാ ഗുരു ദൈവം എന്നാണ് പണ്ഡിതമ്മാർ,വാഗ്മികൾ,യുഗപുരുഷമ്മാർ നമ്മൾക്ക് പറഞ്ഞു തന്നിരിക്കുന്നത്.അങ്ങനെയുള്ള നമ്മുടെ നാട്ടിൽ മക്കളെ പീഡിപ്പിക്കുന്ന അച്ഛമ്മാരും,ശിഷ്യരെ പീഡിപ്പിക്കുന്ന ഗുരുക്കമ്മാരും,അനുജത്തിമാരെ പീഡിപ്പിക്കുന്ന ചേട്ടമ്മാരും,പേരക്കുട്ടികളെ പീഡിപ്പിക്കുന്ന മുത്തച്ഛമ്മാരും,
വൃദ്ധകളെ പീഡിപ്പിക്കുന്ന ചെറുപ്പകാരും ധാരാളം.എല്ലാവരും ഇങ്ങനെയാണന്നു ഞാൻ പറയുന്നില്ലാ.ഞാൻ ചോദിക്കുന്നത് ഒന്ന് മാത്രം എല്ലാവരും വിവരവും വിദ്യാഭ്യാസമുള്ളവരാണ്.
എന്നിട്ടുമെന്തേ.. ഇങ്ങനെയൊക്കെ ചെയ്യുന്നത്.
ഇതൊക്കെ നാം നിത്യ ജീവിതത്തിൽ ദിനവും കാണുന്ന കാഴ്ച്ചകളും കേൾക്കുന്ന വാർത്തകളുമാണ്.
ഒരു വ്യക്തിയുടെ യോഗ്യത എന്ന് പറയുന്നത്.
ബിരുദാനന്തര ബിരുദങ്ങളോ..,കോടികളുടെ ആസ്തിയോ..ആരെയും മയക്കുന്ന സൗന്ദര്യമോ..ശരീരത്തിന്റെ ആകാര വടിവുകളോ ..അല്ലാ...മറിച്ച് ആ വ്യക്തിയുടെ നല്ല മനസ്സും,നല്ല ചിന്തയും,നല്ല പ്രവർത്തികളുമാണ്.
Liju Vazhappally