Tuesday, 19 May 2015

വൃക്ഷ ശാപം


 
അമ്മേ..നിനക്ക് ഞാൻ തുണയായി തണലായി
മുളച്ചും തളിർത്തും പൂവായി കായായി
പച്ച പുതപ്പിച്ച്‌ ചുക്കിച്ചുളുങ്ങാതെ
പിച്ചി നോവിക്കാതെ കത്തും കനൽ ചൂട്
വീണെരിയാതെ നിൻ മേനിയഴകോടെ
ഇക്കാലമത്രയും ചാഞ്ഞും ചെരിഞ്ഞും
ചിരിച്ചും കളിച്ചും പടർന്ന് നിന്നു.

എന്റെ മോഹങ്ങൾക്ക് ചിറകടിച്ചന്നവർ
ആടിയും പാടിയും കൂട്ടു കൂടി.
ഒരു ചില്ല തേടി ഇണകളായി വന്നവർ
പല ചില്ലയിൽ അന്നു കൂട് കൂട്ടി.
കാറ്റത്ത്‌ വീഴാതെ മഴയത്തൊലിക്കാതെ  
കാത്തു സൂക്ഷിച്ചു ഞാനോരോ ചിറകുകൾ.
ഓരോ വസന്തങ്ങളോരോ ശിശിരങ്ങൾ
വന്നു പോയി നിന്ന് നീ എൻ തണലിൽ.

പ്രകൃതീ മനോഹരി ഹരിതാഭയേ..
എഴുതുവാനെത്തിയന്നീത്തണൽത്തേടി.
പ്രണയിക്കുവാനെത്തി ഒരോ മനസുകൾ
പ്രണയ ദളങ്ങൾ വിടർത്തി നിന്നു.
നിന്റെ സ്വപ്നങ്ങൾക്ക് വേരുകൾ തേടിനീ ....
എന്റെ മോഹങ്ങൾ പിഴുതെറിഞ്ഞു.
ചോരയൂറ്റിക്കുടിച്ചാടിത്തിമിർത്തു നീ..
അവസാന വേരും പിഴുതെടുത്തു.

ഞാൻ നിന്റെ ജീവാംശമെന്നറിയാതെ
കൊത്തിപ്പറിച്ചുവെൻ കൈകാലുടലുകൾ
ശിരസ്സറ്റു കിടത്തിയെന്നമ്മ മടിത്തട്ടിൽ.
കരൾ നൊന്ത് പിടയുന്നൊരമ്മയെ കാണാതെ
കയർ കെട്ടി വലിച്ചു നീ ചുടലക്കളങ്ങളിൽ.
കുഴിവെട്ടി മൂടി നീയമ്മയെ വിറ്റും മുറിച്ചും,
മാറിൽ വർണ്ണാഭമാം സ്വപ്ന സൗധങ്ങളാകാശ-
ഗോപുര വാതിൽ തുറന്നിട്ടു.

ഇനിയില്ല ഈ ശരത് കാലമില്ലാ....
ഇനിയില്ല ഈ നിളയൊഴുകുവാൻ-
ഞാനില്ലാ മഴയില്ലാ മലയാളമില്ലാ.
കുടിനീര് തേടിയലയുന്ന നാളുകൾ
നിലവിളികൾ നിൻ കാതിലലകളായി ഉയരവേ...
ശവമഞ്ചൽ ചുമക്കുവാൻ,
കച്ച പുതയ്ക്കുവാൻ കൈകാലുറയ്ക്കാതെ
കരയുവാൻ ത്രാണിയില്ലാത്ത നാളുകൾ.

അന്ന് ചുരത്തില്ല ഒരു തുള്ളി പോലും
വറ്റി വരണ്ട നിൻ ചുണ്ട് നയ്ക്കുവാൻ
ചെളി പൂണ്ടു പുതഞ്ഞ നിൻ ദേഹം
തുടയ്ക്കുവാൻ,ചൊറി പൊട്ടിയൊഴുകിയാ-
ഗന്ധം ശമിക്കുവാൻ...
അന്ന് ചുരത്തില്ല ഒരു തുള്ളി പോലും.

തണൽ പായ വിരിക്കില്ലാ നിന്നെയുറക്കുവാൻ
പൂവില്ലാ പൂവിൻ സുഗന്ധമില്ലാ
മധുവില്ലാ മധുരക്കനികളില്ലാ
പ്രാണനാം വായുവും ശ്വാസ നിശ്വാസങ്ങൾ
ഇല്ല തരില്ലാ തരില്ലാ നീ...
പണ്ടേയ്ക്ക്‌ പണ്ടേ ... പറിച്ചെറിഞ്ഞില്ലേ..  
എന്നെ പണ്ടേയ്ക്ക്‌ പണ്ടേ....പറിച്ചെറിഞ്ഞില്ലേ..

by
Liju Vazhappally

No comments:

Post a Comment