Saturday, 29 November 2014

നോക്കുകുത്തി


പാടത്ത് കണ്ടൊരു നോക്കുകുത്തി,
പകൽ പക്ഷികൾ കൂട്ടുള്ള നോക്കുകുത്തി.
ഇല്ലത്തുമുണ്ടൊരു നോക്കുകുത്തി,
ചെറു ബാല്ല്യങ്ങൾ കൂട്ടുള്ള നോക്കുകുത്തി.

അന്തിക്ക് കൂട്ടുമായി എന്നെയുറക്കുവാൻ,
മാനത്ത് വന്നൊരു നോക്കുകുത്തി.
ജാലക വാതിൽപ്പഴുതിലൂടെത്തിയാ...
പൊൻ കണി കാട്ടുന്ന നോക്കുകുത്തി,
കാലത്തിൻ നോക്കുകുത്തി
നല്ല കാലത്തിൻ നോക്കുകുത്തി.

നീ പെറ്റു കൂട്ടിയ മക്കളെന്നെ,
തെരുവോരത്തൊരു കുത്തിയാക്കി.
കളിച്ചും ചിരിച്ചും പെഴച്ചും പെഴപ്പിച്ചും
ഇന്നൊരു നോക്കുകുത്തി.
ഞാനിന്നൊരു നോക്കുകുത്തി.

അരവയറൂട്ടുവാൻ പാട് പെടുന്നവർ,
അരികത്തൊരു തണൽ തേടി നടന്നവർ
നീട്ടിയ കൈകളും പിടയുന്ന ഹൃദയവും
അലറിക്കരഞ്ഞ് കൊണ്ടോടിയടുത്താലും
അത് കണ്ടിളിക്കുന്ന നോക്കു കുത്തി
ഞാൻ കലികാല നോക്കു കുത്തി.

നിന്റെ പ്രണയശരങ്ങൾ,പഞ്ചാരവാക്കുകൾ,
കോരിത്തരിക്കും ചുടു ചുംബനങ്ങൾ
മാറ് മുലക്കച്ച ഊരിയെറിഞ്ഞന്ന്
കോൾമയിൻകൊള്ളുന്നൊരാകാരവടിവുകളാദ്യം,
പകർത്തിയ നോക്കു കുത്തി.
നെറികെട്ട പ്രണയവും വഴിവിട്ട കാഴ്ച്ചയും,
അതിമോഹ വാഗ്ദാന പൊയ്മുഖങ്ങൾ
കണ്ടുമടുത്തു ഞാനിന്നുമെന്നും.

കുത്തിക്കൊന്നുകളഞ്ഞ് നീ  പലവട്ടമെൻ,
കുഴി മാന്തിയെടുത്തന്ന് ജീവനേകി.
വലിച്ചെറിഞ്ഞെന്നെ ഞെരിച്ചമർത്തി,
ചില്ല് തരികളെ നോക്കിപ്പിറുപിറുത്തു.

എങ്കിലും നീയെന്നെ മാറോട്-
ചേർത്തുണ്ണാതുറങ്ങാതെ നോക്കിച്ചിരിച്ചും
കരഞ്ഞും,പിണങ്ങിയും,കണ്ടതും കേട്ടതും
പല നോക്കു കുത്തിക്കു കാഴ്ച്ച വെച്ചു.

മുലകുടിമാറാത്ത  പിള്ളേരുമിന്നെന്നെ,
നെഞ്ചോട് ചേർത്തുറങ്ങീടുന്നു.
ഞാൻ കലികാല നോക്കു കുത്തി.

Liju
Vazhappally

No comments:

Post a Comment