എടാ.. പപ്പാ.. നാളെ അമ്പലത്തിലൊന്നു പോകണം.നേരത്തെ എഴുന്നേക്കണം.ശാരദാമ ഭർത്താവിന്റെ ഫോട്ടോയിലെ പൊടി തൂത്ത് കൊണ്ട് പറഞ്ഞു.അമ്മയോട് ഞാൻ പറയാനിരിക്കുവായിരുന്നു.നാളെ അക്ഷയതൃതീയ ദിവസമല്ലേ...രാവിലെ നമുക്കെല്ലാവർക്കും കൂടി അമ്പലത്തിൽ പോകാം.പിന്നെയൊരു ഷോപ്പിംഗ്,കുറച്ച് സ്വർണ്ണവും വാങ്ങിക്കാം.നാളെ സ്വർണ്ണം വാങ്ങിയാൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാ
കുമെന്നാ...പറയുന്നത്.അമ്മെയെന്താ..ഒന്നും മിണ്ടാത്തത്.ഓ.....ഞാനെന്തു പറയാനാ....എല്ലാം നിന്റെയിഷ്ട്ടം.
ആ പിന്നെ പോത്ത് പോലെ കിടന്നുറങ്ങരുത്.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാകുബോഴല്ലാ..അമ്പലത്തിൽ പോകേണ്ടത്
അതുപോലെ ശുദ്ധവും വൃത്തിയൊക്കെ വേണം.അവളെന്തിയേ..ശ്രീകുമാരി.അവളായിരിക്കും ഇതിന്റെ സൂത്രധാരി അല്ലേ...എന്തിയേടാ..അവള്.അമ്മേ...അവള് മുടി സ്ട്രൈറ്റ് ചെയ്യുവാ...അമ്പലത്തിൽ പോകണ്ടേ...
നാളെ രാവിലെ സമയം കിട്ടിയില്ലെങ്കിലോ...
പിന്നേ.. മുടി സ്ട്രൈറ്റ് ചെയ്തില്ലെങ്കിൽ അമ്പലത്തിൽ കയറ്റത്തില്ലല്ലോ..അല്ലേ.. എന്തായാലും അവൾക്കറിഞ്ഞിട്ട പേരാ.. ശ്രീകുമാരി.ഏ..യ് ഞാൻ ജയിച്ചേ....ഞാൻ ജയിച്ചേ.നിർത്തടാ..എന്ത്വവാടാ ഇത്ര കെടന്നു ചാടാൻ.ഈ ചാട്ടം കണ്ടാൽ തോന്നും നിനക്ക് പത്താംക്ലാസ് റാങ്ക് കിട്ടിയെന്ന്.സോഡാകുപ്പി കണ്ണടയും വെച്ച് രാവിലെ തൊട്ടു തൊടങ്ങും അവന്റെയൊരു ഗെയിം കളി.പിള്ളാരെ മടിയമാരാക്കാൻ ഓരോരോ പരിപാടികള്.ഇങ്ങനെ ഒരേയിരുപ്പിരുന്നാലേ...മടിയും പിടിക്കും വല്ലയസുഖവും വരും.പുറത്ത് പോയി കളിക്കടാ... അതെങ്ങനാ നിന്നെയൊക്കെ പറഞ്ഞിട്ടൊരു കാര്യവുമില്ലാ..അമ്മയ്ക്ക് കണ്ണാടിയുടെ മുന്നീന്ന് മാറാൻ നേരമില്ലാ..
അച്ഛനവളുടെ സാരിതുബേന്നും.
എന്റെ കുട്ടിക്കാലമൊക്കെ എന്ത് രസമായിരുന്നു.അതൊക്കെയോർക്കുമ്പോൾ ഇപ്പൊഴും കൊതിവരുവാ....
അതെന്താ..മുത്തശ്ശി ഇത്ര കൊതിക്കാൻ.വിനു മുത്തശ്ശിയുടെ അടുത്ത് വന്നിരുന്നു.മോൻ മാമ്പഴക്കാലമെന്ന് കേട്ടിട്ടുണ്ടോ..അതുപോലെ ആരും കൊതിച്ചു പോകുന്ന ഒരു കാലം.അന്നൊക്കെ അമ്പലത്തിൽ പോകുന്നത്
ഇങ്ങനെയൊന്നുമല്ലാ.തലേ ദിവസം പാവാടയും ബ്ലൗസുമൊക്കെ അലക്കിത്തേച്ച്,കിടക്കുന്ന പായയും പുതപ്പു
മെല്ലാം കഴുകി ഉണക്കി വെയ്ക്കും.തുണിതേയ്ക്കാൻ അന്ന് ഇന്നത്തെ പോലെ കറണ്ടുമില്ലാ,കറണ്ടിൽ തേയ്ക്കുന്ന പെട്ടിയുമില്ലാ...പകരം ചിരട്ട കത്തിച്ച് ഇസ്തിരിപ്പെട്ടിയിലിട്ട് തേച്ചെടുക്കും.എന്നിട്ട് പിറ്റേ ദിവസം സൂര്യനുദിക്കുന്നതിന് മുൻപേ..എഴുന്നേൽക്കും.ഉമ്മിക്കരിയും കുരുമുളകും ഉപ്പും കൂടി പൊടിച്ച് പല്ല് തേയ്ക്കും,ഓലയിൽ നിന്ന് ഈർക്കിലെടുത്ത് രണ്ടായി പിളർന്ന് നാക്ക് വടിയ്ക്കും,പച്ചമരുന്നുകളിട്ടു കാച്ചിയെടുത്ത എണ്ണ നന്നായി തലയിൽ തേയ്ച്ചു കുളിക്കും.അന്ന് നല്ല കൊപ്ര ആട്ടിയ എണ്ണ കിട്ടുമായിരുന്നു.
ഇന്നത്തെ പോലെ കുളിക്കാൻ സോപ്പല്ലാ... ഉപയോഗിച്ചിരുന്നത് ചെറുപയറ് പൊടിയും ഇഞ്ചയുമായിരുന്നു.
എല്ലാം കഴിഞ്ഞ് അച്ഛൻ തരുന്ന ഒരണയോ..രണ്ടണയോ..വാങ്ങി അമ്പലത്തിൽ പോകും.ചിലപ്പോൾ അച്ഛനും അമ്മയും കൂടെ വരും,ചിലപ്പോൾ കൂട്ടുകാര് കൂടി പോകും.പോകുമ്പോൾ കൈയിലൊരു പൂക്കൂട കാണും.
അതിൽ ചെത്തി,ചെമ്പരത്തി,ചെമ്പകം,നന്ദ്യാർവട്ടം,കൃഷണ തുളസി,കൂവളത്തിന്റെ ഇല ഒക്കെയുണ്ടാകും.
രാവിലെ വെള്ളം പോലും കുടിക്കാതെ വേണം അമ്പലത്തിൽ പോകാൻ.പോകുന്ന വഴിയിൽ ആരെയും തൊടരുത്,ആരുടെ വീട്ടിലും കയറരുത് അങ്ങനെ ചില ചിട്ടകളുണ്ട്.തിരിച്ചു വരുമ്പോൾ തൊടുന്നതിനോ..
മറ്റ് വീട്ടിൽ കയറുന്നതിനോ.. ഒരു കുഴപ്പവുമില്ലാ.ഇതൊക്കെ കാരണവന്മാർ പറഞ്ഞിരിക്കുന്നത് എന്തിനാന്നു വെച്ചാൽ അമ്പലത്തിൽ പോകുമ്പോൾ നമ്മുടെ മനസ്സും ശരീരവും ശുദ്ധമായിരിക്കണം.ഇപ്പഴത്തെ കുട്ട്യോൾക്
ചെത്തിയേതാ.. ചെമ്പരത്തിയേതാന്നറിയില്ലാ.അമ്പലത്തിൽ പോകുമ്പോൾ സ്ത്രദ്ധിക്കേണ്ട കാര്യങ്ങളും അറിയത്തില്ലാ.
അരി,കപ്പ,ചക്ക,മാങ്ങാ,തേങ്ങ,ചേന,ചേമ്പ് എന്നുവേണ്ട സകല സാധനങ്ങളും പറമ്പിലും പാടത്തും ഉണ്ടായിരുന്നു.ഒന്ന് തൊടിയിലേയ്ക്കിറങ്ങിയാൽ ഒന്നോ രണ്ടോ നേരം കറി വെയ്ക്കാനുള്ളത് അവിടുന്ന് കിട്ടും.എന്തൊക്കെ ഇലകളുണ്ടായിരുന്നു ചീര,തഴുതാമ,തകര,മുരിങ്ങ,ചേമ്പിൻതാള്,ചീര തന്നെ പലതരമുണ്ടായിരുന്നു ചുവപ്പ് ചീര,പച്ച ചീര ,കുപ്പ ചീര അങ്ങനെ ഇലകൾ കുറേയുണ്ട്.ഇപ്പോ ഇതൊന്നും കിട്ടില്ലാ അഥവാ കിട്ടിയാൽ തന്നെ തമിഴമ്മാര് വിഷം പുരട്ടി തരുന്നതായിരിക്കും.ഇതൊക്കെ കഴിക്കുന്നതാ.. പുതിയ തലമുറയ്ക്ക് പോഷകാഹാരക്കുറവും,അസുഖങ്ങളും വരുന്നത്.ഇത്രയും പ്രായമായിട്ടും ഞാൻ കണ്ണട വെച്ച് നടക്കുന്നത് നീ കണ്ടിട്ടുണ്ടോ...നിനക്കീ ചെറു പ്രായത്തിൽ സോഡാകുപ്പി വെയ്ക്കാതെ ഒരു കാര്യവും ചെയ്യാൻ പറ്റില്ലാ..ശരിയല്ലേ.. നീയൊക്കെ കഴിക്കുന്ന ബിരിയാണിയരി ഏതു വയലിലാണ് കൃഷിചെയ്യുന്നത്.
ചിന്തിച്ചിട്ടുണ്ടോ? അത് പ്രകൃതി ദത്തമായ അരിയല്ലാ മനുഷ നിർമ്മിതമാണ്.അങ്ങനെ എന്തൊക്കെയുണ്ടോ അതെല്ലാം സർവത്ര മായമാണ്.എന്തിനധികം പറയുന്നു പെറ്റു വീഴുന്ന കുഞ്ഞു് കുടിക്കുന്ന മുലപ്പാല് വരെ മായമാണ്.അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
അമ്മേ..എങ്ങനെയുണ്ടെന്റെ മുടി.ശ്രീകുമാരി മുടി സ്ട്രൈറ്റ് ചെയ്ത് കുണുങ്ങിക്കുണുങ്ങി അടുത്തേയ്ക്ക് വന്നു. മോളൊന്ന് തിരിഞ്ഞേ..നോക്കട്ട്.ആഹാ..ഇതൊരുമാതിരി മഴയത്ത് കോണാനുണക്കാനിട്ടതു പോലുണ്ട്.കുറച്ച് ഭാഗം ചകിരി നാര് പോലെ കുറച്ച് ഭാഗം പട്ടിപൂട പോലെ. ഹ ഹ ഹ ഹ .ഇരുന്നിളിച്ചോണ്ടിരിക്കാതെ എഴുന്നേറ്റ് പോമനുഷ്യാ...അവള് ഭർത്താവിന്റെ താടിക്കിട്ടൊരു തട്ട് കൊടുത്തു.അമ്മയ്ക്കിതൊന്നും പറഞ്ഞാൽ മനസിലാകത്തില്ലാ ഇതാണിപ്പഴത്തെ സ്റ്റൈൽ.പിന്നേ...സ്റ്റൈൽ.സ്റ്റൈല് കാണിച്ചു കാണിച്ചു തലയിൽ മുടിയൊന്നുമില്ലാ..നാളെ ഷോപ്പിങ്ങിന് പോകുമ്പോൾ ഒരു തിരുപ്പനും കൂടി വാങ്ങിച്ചോ..ഈ പോക്ക് പോയാലേ..അതും വേണ്ടി വരും.നീ നോക്ക് ഈ പ്രായത്തിലും എന്റെ മുടികണ്ടോ നല്ല പനങ്കുല പോലെ.
ഓ..വല്ല്യ കാര്യമായി പോയി.
മുത്തശ്ശി ഈ അക്ഷയതൃതീയാന്ന് പറഞ്ഞാലെന്താ..എന്റെ പൊന്ന് മോനേ..എനിക്കറിയത്തില്ലാ....ഞാനീ കുന്തമൊക്കെ ആദ്യമായിട്ട് കേൾക്കുവാ...നിന്റെ ടീച്ചറമ്മയോട് പോയി ചോദിക്ക്.അവൾക്ക് ലോകത്തിലുള്ള എല്ലാ കാര്യങ്ങളുമറിയാം.ചെല്ല്.അമ്മേ...അക്ഷയതൃതീയാന്ന് പറഞ്ഞാലെന്താ...ശ്രീകുമാരി കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും മുടിയഴക് നോക്കുന്നതിനിടയിൽ വിനു മോൻ ചോദിച്ചു.അത്..പിന്നെ.നിനക്ക് പഠിക്കാനൊന്നുമില്ലേ..ഇതും പഠനത്തിന്റെ ഭാഗമാണമ്മേ..അറിയത്തില്ലെങ്കിൽ അത് പറഞ്ഞാ പോരേ..
അച്ഛാ...അക്ഷയതൃതീയാന്ന് പറഞ്ഞാലെന്താ..പപ്പൻ ആപ്പിള് മുറിച്ചിട്ട് ഒരുകഷണം വായിലിട്ടു ചവച്ചു.ഉം... നല്ലയാപ്പിൾ.എടീ ശ്രീകുമാരി നീ.. ഈയാപ്പിളെവെടുന്നാ വാങ്ങിച്ചത്.പപ്പൻ വിനു മോന്റെ ചോദ്യം കേട്ടതായി ഭാവിക്കാതെ മുഴുവൻ ശ്രദ്ധയും ആപ്പിളിൽ കൊടുത്തു.മോനിങ്ങ് വാ..നീയേ.. അറിയാവുന്ന ആരോടെങ്കിലും ചോദിച്ചാ മതി കേട്ടോ..മുത്തശ്ശി അവനെ അടുത്തിരുത്തി പറഞ്ഞു.ടീച്ചറാണ് പോലും ടീച്ചർ.
അമ്മേ..അമ്മ കുറേ..നേരമായി കളിയാക്കാൻ തുടങ്ങിയിട്ട് കേട്ടോ....എനിക്കറിയാം എന്താണന്ന്.എന്നാ പറ ഞാനും കേക്കട്ട്.അത്രയ്ക്കൊന്നും പറയാനില്ലാ.പഞ്ചപാണ്ടവരുടെ ഭാര്യയായ പഞ്ചാലിക്ക് അക്ഷയ പാത്രം കിട്ടിയ ദിവസമാ നാളെ.അതുകൊണ്ടാ..അക്ഷയതൃതീയ നാളിൽ സ്വർണ്ണം വാങ്ങിയാൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് പറയുന്നത്.ആ..ശരിയാ..അമ്മേ..അവള് പറഞ്ഞത് കറക്ടാ..പപ്പൻ അടുത്ത കഷണം ആപ്പിളും വായിലിട്ടു ചവച്ചു.പഷ്ട്ട് ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.ദൈവമേ..ആ... പഞ്ചാലിയെങ്ങാനും ഇതറിഞ്ഞാൽ ഇവളെ കെട്ടിയിട്ടു ചാട്ടവാറിനടിക്കും.ഇതാ..അമ്മേ..ആപ്പിള്..കൊണ്ട് പോടാ..നിന്റെ കോപ്പിള്.
പോയിക്കിടന്നുറങ്ങടാ..രാവിലെ നേരത്തേ..എഴുന്നേറ്റില്ലെങ്കിൽ തലവഴി ഞാൻ വെള്ളംകോരിയൊഴിക്കും പറഞ്ഞേക്കാം.
ടിർർർണീം.......... അലാറമണി മുഴങ്ങി.പപ്പേട്ടാ... പപ്പേട്ടാ... നേരം വെളുത്ത് മണിയാറായി.എഴുന്നേറ്റോ..
ഇല്ലെങ്കിൽ അമ്മ വെള്ളം കോരിയൊഴിക്കും.പപ്പൻ അരമണിക്കൂറുകൊണ്ട് സകല പരിപാടികളും കഴിഞ്ഞു.
കഴിഞ്ഞില്ലേടാ..ഒരുക്കം. മുറിയടച്ചിട്ട് എന്തോടുക്കുവാടാ..അമ്പലത്തിലെ നടയടച്ചാലും ഈ കതക് തുറക്കത്തില്ലാ..മുത്തശ്ശി അച്ഛൻ അമ്മയെ ഒരുക്കുവാ..വിനു മോൻ മുത്തശ്ശിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
ഇതുപോലൊരു കൊഞാണൻ.എടാ..ഇറങ്ങി വരുന്നുണ്ടോ..അതോ ഞാൻ ചവിട്ടിപ്പൊളിക്കണോ...
എന്ത്വൊ..അമ്മേ...രാവിലെ തന്നെ.പപ്പൻ കതക് തുറന്ന് പുറത്തിറങ്ങി.എന്താന്നോ..നിന്റെ സമയതിനല്ലാ..
അമ്പലത്തിലെ കാര്യങ്ങള് നടക്കുന്നത്.ഇപ്പോ സമയമെത്രയായന്നറിയാമോ..എന്തിയേടാ..അവള്.
ശ്രീകുമാരീ...ദേ..അമ്മ വിളിക്കുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരി ഞാനാണന്നുള്ള ഭാവത്തിൽ ശ്രീകുമാരി പുറത്തിറങ്ങി.ചുണ്ടിൽ ലിഫ്റ്റിക്,കണ്ണിലയറിൻ,തലമുഴുവൻ മുല്ലപ്പൂ..,രണ്ടു കൈകൾ നിറയെ വളകൾ,ഹൈ ഹീൽ ചെരുപ്പ് കാതിൽ തോട,ബ്ലൗസിന്റെ പുറകിൽ തുണിയേ..ഇല്ലാ..വേണമെങ്കിലൊരു സിനിമയുടെ പോസ്റ്ററോട്ടിക്കാം...
മൊത്തതിലൊരൗട്ട് ലുക്ക്.ദൈവമേ.. ഇതെന്താ ഞാനീ കാണുന്നത്.ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ..ഒരു പെയിന്റ് കട മൊത്തവും ദേഹത്തുണ്ടല്ലോ..വൈകിട്ട് കുളി കഴിഞ്ഞ വെള്ളം കളയാതെ ഒരു ബക്കറ്റിൽ പിടിച്ച് മാറ്റിവെച്ചേക്ക് വീടിന് രണ്ട് കോട്ടടിക്കാം.ശാരദാമ താടിക്ക് കൈവെച്ച് കൊണ്ട് പറഞ്ഞു.ശ്രീകുമാരി ഒന്ന് ചമ്മി.അമ്മേ..രാവിലെ തന്നെ ഒരു മാതിരി ആക്കരുതേ..എനിക്കൊരല്പ്പം സൗന്ദര്യം കൂടിയത് എന്റെ തെറ്റല്ലാ..ശരിയാ ഒന്നും നിന്റെ തെറ്റേയല്ലാ..എല്ലാം എന്റെ തെറ്റാ..ഞാനാണല്ലോ..ഈ കല്ല്യാണം നടത്തിയത്.എന്താ....അമ്മ വല്ലതും പറഞ്ഞോ..ശംഭോ..മഹാദേവാ... ശാരദാമ മുകളിലേയ്ക്ക് നോക്കി കൈകൂപ്പി.
പീ.......പീ..പീ..പപ്പൻ കാറിന്റെ ഹോണ്‍ നീട്ടിയടിച്ചു..ഞാൻ ഫ്രണ്ടിൽ കയറാം അമ്മയും വിനുവും ബാക്കിലിരുന്നാൽ മതി.നീ എവിടെങ്കിലും കേറ്.കുറച്ചു കൂടി സൗകര്യം ഡിക്കിയിൽ കേറുന്നതാ..
അംബികേടത്തീ..ഞങ്ങളമ്പലത്തിൽ പോകുവാ..പിന്നെ സ്വർണ്ണക്കടയിലൊക്കെ കയറി ഒന്ന് കറങ്ങിയിട്ടേ തിരിച്ചു
വരത്തൊള്ളൂ..എല്ലാരോടും പറയണേ..ഓക്കേ...എടാ പപ്പാ..നീയാ..പാടത്തിന്റെ അരികിലൊന്നു കാറ് നിർത്തണേ..എന്തിനാ അമ്മേ..അവിടൊരു നോക്ക് കുത്തിയുടെ കുറവുണ്ട് നമുക്കിവളെ അവിടിറക്കിവിടാം.
ഹഹഹ് ഹ്ഹിഹിഹി വിനുമോൻ വായ് പൊത്തിചിരിച്ചു.എന്ത്വവാടാ.. ഇത്ര കിണിക്കാൻ.ദേ..അമ്മേ എൻറെ
ക്ഷമയെ പരീക്ഷിക്കരുത് കേട്ടോ....
അമ്പലത്തിൽ തിരക്ക് കുറവാണല്ലോ...എല്ലാം സ്വർണ്ണക്കടയിലായിരിക്കും കഷ്ട്ടം ഭഗവാനേ.....
ഹയ് ഇതാരൊക്കെയാണ് വരൂ..വരൂ..എല്ലാരുണ്ടല്ലോ..ന്താ.. വിശേഷം.കണ്ടിട്ട് ഇശ്ശിയായല്ലോ....
അത് തിരുമേനി ഇന്ന് അക്ഷയതൃതീയ അല്ലേ.ഓ...തൃതീയ തൃതീയ അതാണ് കാര്യം.ന്താ..ശാരദാമേ...കാല് വേദനയ്ക്ക് കുറവുണ്ടോ..?പപ്പന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു..? വിനു കുട്ടന്റെ ഉസ്ക്കൂളടച്ചല്ലോ.. അല്ലേ ഇനിയിപ്പോൾ വേഷായി കളിച്ചു നടക്കാലോ? ശ്രീകുമാരിയെ കാണാൻ നല്ല ചന്തോണ്ട്ട്ടോ... ശ്ശോ.ഈ തിരുമേനി.ശ്രീകുമാരി നാണത്താൽ ചുറ്റും നോക്കി പ്രദക്ഷിണം വെയ്ക്കാൻ നടന്ന് നീങ്ങി.
തിരുമേനി ഈ എണ്ണയാ വിളക്കിലൊഴിക്കൂ...അർച്ചനകഴിക്കാനുണ്ട്.പദ്മകുമാർ,പുണർതം നക്ഷത്രം,ശ്രീകുമാരി ഭരണി നക്ഷത്രം,വിനു അവിട്ടം നക്ഷത്രം.ആയിക്കോട്ടെ ശാരദാമയ്ക്ക് ഒന്നും കഴിക്കണ്ടേ...ഞാൻ വീട്ടിൽ പോയി കഴിച്ചോളാം.ഹയ്.ന്താ... ശാരദാമയ്ക്കൊരു ഗൗരവം വീട്ടിലെന്തെങ്കിലും കശപിശയുണ്ടോ..എന്താച്ചാ..
പറഞ്ഞോളൂ...പരിഹാരോണ്ടാക്കാം..തിരുമേനി ഒന്നിങ്ങ് വരൂ..ശാരദാമ തിരുമേനിയെ വിളിച്ച് മാറ്റി നിർത്തി.
തിരുമേനി ഇതൊരമ്പലമാണ് അല്ലാതെ വീടല്ലാ...ഇവിടെ വരുന്നവരുടെ കാര്യങ്ങളും,അവരുടെ വീട്ടു
കാര്യങ്ങളും,അടുക്കള കാര്യങ്ങളുമൊക്കെ ചർച്ചചെയ്യേണ്ടത് ചുറ്റമ്പലത്തിന് വെളിയില് അല്ലാതെ ഇവിടെ വെച്ചല്ലാ... അറിയത്തില്ലെങ്കിൽ നാമങ്ങട് പറഞ്ഞ് തരാം.അവനവന്റെ വില അവനവനായിട്ട് കളയരുത്.
ചിലയാൾക്കാരുണ്ട് എവിടെ ചെന്നാലും കുശു കുശു കുശേന്ന് പറഞ്ഞ് നടക്കും,ദേവാലയമെന്നില്ലാ..
മരണവീടെന്നില്ലാ...അത് പെണ്ണും കൊള്ളാം ആണും കൊള്ളാം.. ഇതിനെയൊക്കെ മുക്കാലിൽ കെട്ടിയിട്ട് തല്ലെണം.
ശാരദാമ ഹാസ്യത്തിൽ അല്പ്പം മേമ്പൊടി ചാലിച്ച് വിളമ്പി.ശിവ ശിവ.ശുക്ലാം ഭരതരം,വിഷ്ണും ശശി വർണ്ണം
ചതുർ ഭുജം പ്രസന്ന വദനം.... പറഞ്ഞ് തീർന്നതും തിരുമേനി മന്ത്രം ഉരുവിട്ട് കൊണ്ട് സോപാനം ചാടിക്കയറി.
തൊഴുതു കഴിഞ്ഞ് അവർ പുറത്തിറങ്ങി. അമ്മേ..പോകാം..ഇനി നേരെ നല്ലെയൊരു ഹോട്ടേലിലേയ്ക്ക്.അവർ ഹോട്ടെലിലെത്തി.ഹൊ എന്തൊരു തണുപ്പ്.ഹായ് നല്ല കോഴിക്കറിയുടെ മണം.പപ്പേട്ടാ..ഇവടിരിക്കാം.ഹായ് സർ.എന്താണ് കഴിക്കാൻ വേണ്ടത്.ഹോട്ടൽ ബോയ് അടുത്തുവന്നു.എന്തൊക്കെയുണ്ട് കഴിക്കാൻ ശാരദാമ ചോദിച്ചു.അപ്പം,ഇടിയപ്പം,മസാല ദോശ,പൊറോട്ടാ,ചപ്പാത്തി,വെജിറ്റബിൾ കുറുമാ,ചിക്കൻ കുറുമാ,ബീഫ് കുറുമാ,മട്ടൻ കുറുമാ,മട്ടൻ ചില്ലി,ബീഫ് ചില്ലി,ചിക്കൻ ചില്ലി,ചിക്കൻ 65, കടലക്കറി,മുട്ടക്കറി,നിർത്ത് നിർത്ത് എടാ... കുഞ്ഞേ.. നീ ഇങ്ങനെ പോയാൽ ശ്വാസം മുട്ടി ചത്ത് പോകും കേട്ടോ.. മസാല ദോശ നല്ലതാണെങ്കിൽ ഒരണം എനിക്ക് താ.നിനക്കെന്താ വേണ്ടത്.എനിക്ക് ബെർഗെറ് മതി.വിനു പറഞ്ഞു.ബെർഗെറോ അത് പോകുന്ന വഴിയിലെങ്ങാനും കിടന്നു കിട്ടുവാണെങ്കിൽ നിനക്കെടുത്തു തരാം.ഇവിടെയുള്ളത് എന്താന്ന് വെച്ചാ പറ.അതേ.. അമ്മെയ്ക്കൊരു മസാല ദോശ,ഒരു ചായ.പിന്നെ മൂന്നു സെറ്റ് പൊറോട്ട രണ്ടു സെറ്റ് ചിക്കൻ കുറുമാ,ഒരു സെറ്റ് ബീഫ് കുറുമാ,രണ്ട് സെറ്റ് ചിക്കൻ 65 ,മൂന്നു മുസംബി ജൂസ് പെട്ടന്ന് വേണേ..ശ്രീകുമാരി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.ദൈവമേ...ഇവിടെ വല്ല തീറ്റ മത്സരമോ മറ്റോ..നടക്കുന്നുണ്ടോ..ഒള്ള ചിക്കൻ മുഴുവൻ തിന്നു തിന്നു ഇറച്ചിക്കോഴിക്കു കളസമിട്ട പോലാ..നടപ്പ്.നീയിതെന്തോ...ഭാവിച്ചാ..എന്റെ ശ്രീകുമാരി.എല്ലാം വാരി വലിച്ചു കഴിച്ച് നീണ്ടയൊരേബക്കവും വിട്ട് ശ്രീകുമാരിയെഴുന്നേറ്റു.
ബില്ല് പേ ചെയ്തു 1200 രൂപാ.അവർ പുറത്തിറങ്ങി.1200 രൂപയ്ക്ക് പത്ത് ദിവസം വീട്ടിലിരുന്ന് സുഖമായി
ഭക്ഷണം പാകം ചെയ്തു കഴിക്കാമായിരുന്നു.ശാരദാമ ആരോടെന്നില്ലാതെ പറഞ്ഞു.പിന്നീടവർ ജൂവലറി യിലെത്തി.എന്താ തിരക്ക് നാട്ടിലുള്ള പെണ്ണുങ്ങള് മുഴുവൻ സ്വർണ്ണക്കടയിലുണ്ട്.പുറകേ പൂച്ചക്കുട്ടികളെ
പോലെ അവരുടെ ഭർത്താക്കന്മാരും.കഷ്ട്ടം.ശ്രീകുമാരി സ്വർണ്ണക്കടയിൽ ഒരു വെളറി പിടിച്ച കല്ല്യാണപ്പെണ്ണിനേപ്പോൽ ഓടിനടന്നു.അവൾ പഴയ സ്വർണ്ണം മുഴുവൻ ഊരിയെടുത്ത് കുറച്ചു കാശും കൂടി കൂടുതൽ കൊടുത്ത് പുതിയ ഫാഷൻ മാറ്റിയെടുത്തു.സമയം പൊയ്ക്കോണ്ടേയിരുന്നു.കരയുന്ന കുട്ടികളെ കൊഞ്ചിച്ചു ഭർത്താക്കന്മാരും,മാതാപിതാക്കളും.വരുന്ന ആൾക്കാരെ ആനയിച്ചും കുപ്പിയിലിറക്കിയും ജോലിക്കാരും മടുത്തു.എല്ലാത്തിനും സാക്ഷിയായി ശാരദാമ സോഫയുടെ ഒരു മൂലയ്ക്കിരുന്നു.
വീണ്ടും ഷോപ്പിംഗ്.തുണിക്കടകൾ കയറിയിറങ്ങി പത്ത് പതിനയ്യായിരം രൂപ നിന്ന നിൽപ്പിൽ പൊട്ടി .സമയം പോയതേ..അറിഞ്ഞില്ലാ. അയ്യോ പപ്പേട്ടാ..മണി മൂന്നായി ഭക്ഷണം കഴിക്കേണ്ടേ..വീണ്ടും ഹോട്ടേലിലേയ്ക്ക്
എനിക്കൊരു ചിക്കൻ ബിരിയാണി മാത്രം മതി വേറൊന്നും വേണ്ടാ..ശ്രീകുമാരി പറഞ്ഞു.എനിക്കും പപ്പനും,
വിനുവും അതേസു വെച്ചു.ഊണ് തീർന്നത് കൊണ്ട് ശാരദാമ രണ്ടുഴുന്ന് വട മാത്രം കഴിച്ചു.ഇന്ന് ഒറ്റദിവസം കൊണ്ട് തീർന്നത് എഴുപത്തിയയ്യായിരം രൂപ.പാർക്കിലും ബീച്ചിലുമെല്ലാം കറങ്ങിയർ തിരിച്ച് കാറിനടുത്തെത്തി.അയ്യോ..നമ്മുടെ കാറ് കാണുന്നില്ലാ.. കാറ് കാണുന്നില്ലേ..ദൈവമേ....
എന്റെ സ്വർണ്ണം,എന്റെ തുണി എല്ലാം പോയേ..വെട്ടിയിട്ട ചക്ക പോലെ ശ്രീകുമാരി താഴെ വീണു.പപ്പൻ കാറ് തപ്പി പട്ടിയെ പോലെ അവിടെയെല്ലാം ഓടിനടന്നു.കണ്ടില്ലാ..ആൾക്കാർ കൂടി.പോലീസിനെ വിളിക്ക്.രണ്ടു മൂന്നു പേർ കാറിനടുത്ത് കിടന്ന് പരുങ്ങുന്നത് ഞാൻ കണ്ടു.ഓടിക്കൂടിയർ പലതും പറഞ്ഞു.ആകെ ബഹളവും കരച്ചിലും.പോലീസെത്തി കാറിന്റെ നമ്പറും മറ്റുകാര്യങ്ങളും ചോദിച്ച് മനസിലാക്കി.
അവർ വീട്ടിലെത്തി.കാറും പോയി സ്വർണ്ണവും പോയി തുണിയും പോയി ആകെ നാണക്കേടായി.
ശ്രീകുമാരിയ്ക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലാ..അവള് കരച്ചിലോടു കരച്ചിൽ.ഞാനിനി അയലോക്കക്കാരുടെ മുഖത്തെങ്ങനെ നോക്കും.ശ്രീകുമാരി നീയൊന്നു സമാധാനിക്ക്.പോലീസന്വോഷിക്കുന്നുണ്ടല്ലോ..ശാരദാമ അവളെ
സമാധാനിപ്പിച്ചു.അഞ്ചു മിനിട്ടിനുള്ളിൽ ഒരു ഫോണ്‍ കോൾ വന്നു.ശാരദാമ ഫോണെടുത്തു.ഹലോ പദ്മകുമാർ
സാറിന്റെ വീടാണോ..അതേ..ഞാനവന്റെ അമ്മയാ.. നിങ്ങളാരാണ്.ഞങ്ങൾ സീ സീ അടയ്ക്കാത്ത വണ്ടി പിടിക്കുന്നവരാണ്.നിങ്ങൾ കാറിന്റെ മൂന്നു മാസത്തെ സീസീ അടച്ചിട്ടില്ലാ.. അതുകൊണ്ട് വണ്ടി ഞങ്ങളിങ്ങു കൊണ്ട് പോന്ന്.നാല്പതിനായിരം രൂപാ ഇന്ന് തന്നെ പേ ചെയ്‌താൽ നിങ്ങൾക്ക് കാറ് കൊണ്ടുപോകാം
ഫോണ്‍ കട്ടായി.എന്താ അമ്മേ..ആരാ..അത്.പപ്പൻ ആകാംഷയോടെ ചോദിച്ചു.സീസിക്കാരാ... നാല്പതിനായിരം
രൂപയായിട്ടു ചെന്നാൽ കാറ് തരാമെന്നു.നിന്റെകൈയിൽ വല്ലതുമുണ്ടോ..പപ്പൻ കൈമലർത്തി.നിന്റെ കൈയിൽ വല്ലതുമുണ്ടോടി..അമ്മേ..ശവത്തിൽ കുത്തരുത്.ഈ താലി മാത്രമേ..എന്റെ കൈയിലൊള്ളൂ.. ശ്രീകുമാരി പറഞ്ഞു.
ശാരദാമ മുറിയിലേയ്ക്ക് പോയി കുറച്ച് സ്വർണ്ണവുമായി തിരികെയെത്തി.ഇതാ..ഇത് കൊണ്ട് പോയി പണയം
വെച്ചിട്ട് കാറെടുത്തോണ്ട് വാ..പപ്പനും ശ്രീകുമാരിയും സന്തോഷം കൊണ്ട് തുള്ളിച്ചാടി.പെട്ടന്ന് പോയിട്ട് വാ..
ശാരദാമ പറഞ്ഞു.ഞാനും വരുന്നു.ശ്രീകുമാരി വിനുവിനെയും കൂട്ടി.സീസിയടച്ച് കാറും കാറിനുള്ളിലെ മറ്റ് സാധനങ്ങളെല്ലാം പോലീസ് സ്റ്റേഷനിൽ ചെന്ന് ബില്ല് കാണിച്ച് തിരികെ വാങ്ങി.നേരം സന്ധ്യയായി ശാരദാമ നിലവിളക്ക് കത്തിച്ച് ഹരിനാമ കീർത്തനം ജപിച്ചു കൊണ്ടിരുന്നു.എട്ട്മണിയായി പോയവരെ കണ്ടില്ലാ.. ശാരദാമ മക്കളെ നോക്കി വെളിയിലിരുന്നു.ക്ലോക്കിൽ സമയം ഒൻപത്.ശാരദാമ അകത്ത് കയറി
കസേരയിലിരുന്നു.രാവിലത്തെ ക്ഷീണം കൊണ്ട് അവിടെയിരുന്നുറങ്ങി പോയി. പീ ..പീ പീ കാറിന്റെ ഹോണ്‍ കേട്ട് അവർ മയക്കത്തിൽ നിന്നുണർന്നു.അമ്മേ...എല്ലാ സാധനങ്ങളുമുണ്ട്.ദേ..നോക്ക്.ശ്രീകുമാരി ദൂരേന്നേ..
സന്തോഷ മറിയിച്ചു.എന്താടാ..ഇത്ര വൈകിയത്.അത് അമ്മേ..അങ്ങോട്ട് പോയപ്പോൾ ഫ്രിജും,ടിവിയും വില്ക്കുന്ന കടയിൽ വമ്പൻ ഒഫെർ.സ്വർണ്ണം വെച്ച് കുറച്ചു കാശ് കൂടുതൽ എടുത്തു.ഇവിടെയിരിക്കുന്ന ഫ്രിജും,ടിവിയും പഴയതല്ലേ..അത് കൊണ്ട് പുതിയത് വാങ്ങി.അതാ..വൈകിയത്.സാധനങ്ങളെല്ലാം ഇറക്കി വീട്ടിൽ വെച്ചു.നിങ്ങള് ഒന്നും കഴിക്കുന്നില്ലേ.. ശാരദാമ ചോദിച്ചു.അയ്യോ..അമ്മേ..പറയാൻ മറന്നു.ഞങ്ങൾ പുറത്തൂന്നു കഴിച്ചു നല്ല സൂപ്പർ മട്ടൻ ബിരിയാണി ഇന്നിനി വേറൊന്നും വേണ്ടാ..അതും പറഞ്ഞ് പപ്പൻ അകത്തേയ്ക്ക് നടന്നു.
മോനൊന്നു നിന്നേ.. ശാരദാമ പപ്പന്റെ അടുത്തേയ്ക്ക് നടന്നു.ഇന്നത്തെ ദിവസത്തിന്റെ പ്രത്യാകത എന്താണന്ന്
നിനക്കറിയാമോ...(പപ്പൻ നീണ്ടയൊരു കോട്ടുവായിട്ടു)അമ്മയെന്താ..ഒന്നുമറിയാത്തതു പോലെ.ഇന്ന് അക്ഷയതൃതീയ.പപ്പനതു പറഞ്ഞു തീർന്നില്ലാ ഠേ...പടക്കം പൊട്ടുന്നതുപൊലെ ശാരദാമയുടെ കൈകൾ അവന്റെ മുഖത്ത് വീണു.അമ്മേ ...എന്തുപണിയാ..കാണിച്ചത്.എന്തിനാ..പപ്പേട്ടനെ തല്ലിയത്.മകൻ പ്രായമായന്ന ബോധമുണ്ടോ..നിങ്ങൾക്ക്.ശ്രീകുമാരിയുടെ സകല ഭാവങ്ങളും പുറത്ത് വന്നു.ഠേ...കൊടുത്തു അവൾക്കിട്ടും ഒരണ്ണം.മാറി നിക്കടീ മുന്നീന്ന്.എന്തിനാ.. തല്ലിയതെന്നു നിനക്കറിയണമല്ലേ..ശാരദാമ പപ്പന്റെ കൈപിടിച്ച് ഭർത്താവിന്റെ ഫോട്ടോയുടെ അടുത്ത് വന്നു.ഇന്ന് നിന്റെയച്ഛൻ മരിച്ച ദിവസം.എവിടെയോർക്കാൻ അല്ലേ.. അക്ഷയതൃതീയ ദിവസം നീയോർത്ത് വെച്ചു,വെഡിംഗ് അനിവെസറി,വാലെൻ ടൈംസ് ഡേ,ആദ്യം
കണ്ടുമുട്ടിയത്,പ്രണയിച്ചത്,കരഞ്ഞത് ചിരിച്ചത്,എന്തിന് ആദ്യം വാങ്ങിച്ചു കൊടുത്ത സാരിയുടെ കളറ് വരെ നീയൊക്കെയോർത്തിരിക്കും.പക്ഷെ സ്വന്തം അമ്മയുടേയും അച്ഛന്റെയും കാര്യം മാത്രം ഓർമ്മയില്ലാ.ശാരദാമയുടെ കണ്ണ് നിറഞ്ഞു,തൊണ്ടയിടറി.
നിന്റെ മകന്റെ പിറന്നാൾ ദിവസങ്ങൾ നീയോർത്ത് വെയ്ക്കാറുണ്ട്.അത് കെങ്കേമമായി ആഘോഷിക്കാറുമുണ്ട്.അതിലൊന്നും എനിക്കൊരു പരാതിയുമില്ലാ.പക്ഷെ നീ ഒന്നോർക്കണം.നീ ഇപ്പോൾ നിന്റെ മകന് വേണ്ടി എന്തൊക്കെ ചെയ്യുന്നോ..അതൊക്കെ നിനക്ക് വേണ്ടി ഞങ്ങളും ചെയ്തിട്ടുണ്ട്.
ആവശ്യമില്ലാതെ എന്തും മാത്രം പൈസയാണ് ധൂർത്തടിച്ചു കളയുന്നത്.ഒരു നേരത്തെ ആഹാരം കിട്ടാതെയിരിക്കുന്ന എത്രയോ കുടുബങ്ങളുണ്ട്,ഒരു നല്ല ഉടുപ്പിടാൻ കൊതിക്കുന്ന എത്രയോ കുട്ടികളുണ്ട്.മൂന്നു മാസത്തെ സീസിയടക്കാതെ സ്വർണ്ണം വാങ്ങാൻ കാണിച്ച ബുദ്ധിയുടെ പിന്നിൽ നിന്റെ തലയാണന്ന് എനിക്ക് മനസിലായി.അതുകൊണ്ടാണ് നിനക്കിട്ട് ഞാനൊന്ന് പൊട്ടിച്ചത്.ശാരദാമ ശ്രീകുമാരിയുടെ അടുത്തേയ്ക്ക് നടന്ന് ചെന്നു.മോളേ..വരുമാനതിനനുസരിച്ച് വേണം വീട്ടിലെ ചെലവ് നിയന്ത്രിക്കാൻ.കുടുബത്ത് വന്ന് കേറുന്ന പെണ്ണ് വീടിന്റെ നിലവിളക്കാണ്.അവള് ശരിയല്ലെങ്കിൽ ആ കുടുംബം അനാഥമാകും.ഉം ചെല്ല് പോയിക്കിടന്നുറങ്ങ്.
പപ്പനും ശ്രീകുമാരിയും ബെഡ് റൂമിൽ കയറി വാതിലടച്ചു.
മുത്തശ്ശി ഈ അക്ഷയതൃതീയ ദിവസം സ്വർണ്ണം വാങ്ങിയാൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് പറയുന്നത്
വെറുതെയാ അല്ലേ.. വിനു മോൻ ശാരദാമയുടെ അടുത്തെത്തി.ഹഹഹ ഹ ആരു പറഞ്ഞു ഐശ്വര്യമുണ്ടാക
ത്തില്ലെന്ന് ഐശ്വര്യമുണ്ടാകും.ഒരു ചെറിയ വ്യത്യാസം സ്വർണ്ണം വാങ്ങിക്കുന്നവരുടെ വീട്ടിലല്ലാ.അത് വില്ക്കുന്നവർക്കും അവരുടെ കുടുംബത്തിനും ഭയങ്കര ഐശ്വര്യമായിരിക്കും.ക്ലോക്കിൽ മണിമുഴങ്ങി.
പതിനൊന്നു മണിയായി.ശാരദാമ അടുക്കളയിലെത്തി ഒരു ഗ്ലാസ് വെള്ളം കുടിച്ച് റൂമിലേയ്ക്കു നടന്നു.
പപ്പേട്ടാ..വേദനിച്ചോ...ശ്രീകുമാരി പപ്പന്റെ കവിളിൽ തഴുകി.കുറച്ച്.നിനക്കോ..എനിക്കും കുറച്ച് വേദനിച്ചു.
പാവം അമ്മ അല്ലെ.ഉം...ഇനി ഞാൻ നല്ലെയൊരു ഭാര്യയായിരിക്കും പപ്പേട്ടാ..ഞാൻ നല്ലെയൊരു ഭർത്താവും.
എന്ത്വവാടാ... രണ്ടും കൂടി.കിടന്നുറങ്ങടാ..രാവിലെ നേരത്തേ..എഴുന്നേറ്റില്ലെങ്കിൽ തലവഴി ഞാൻ വെള്ളംകോരിയൊഴിക്കും പറഞ്ഞേക്കാം.അയ്യോ ചേട്ടാ..അമ്മ ശാരദാമയുടെ ശബ്ദം കേട്ട് ആ വീട്ടിലെ എല്ലാ..ബൾബുകളും കണ്ണടച്ചു.
.............................................................ശുഭരാത്രി...........................................................
by
Liju Vazhappally