Sunday, 14 February 2016

*എൻറെ ആയിഷ കുട്ടിയ്ക്ക്*.(കഥ )




ഗൾഫിലെ ചുട്ട് പൊള്ളുന്ന ചൂടിലും പൊടിക്കാറ്റിലും മരം കോച്ചുന്ന തണുപ്പിലും കഷ്ട്ടപ്പെടുമ്പോൾ അവന്റെ മനസ്സിൽ തെളിയുന്ന മുഖങ്ങൾ.സ്നേഹിച്ച് കൊതി തീരാത്ത ഉപ്പാ,ഉമ്മാ പെങ്ങൻമ്മാർ കുടുബക്കാർ കൂട്ടുകാർ അങ്ങനെ പലരും.ഇവരെയൊക്കെ ഓർക്കുമ്പോൾ അവനെല്ലാം മറക്കും,എല്ലാം സഹിക്കും.ഇവർക്കിടയിൽ
ഒരാളും കൂടെയുണ്ട്.അവനെ കിനാവ്‌ കണ്ട്,അവന്റെ സുഖത്തിലും ദുഖത്തിലും തണലായ്‌,പണ്ടേ...മനസ്സിന്റെ മണിയറ വാതിൽ അവനുവേണ്ടി മാത്രം തുറന്നിട്ട്‌ കാത്തിരിക്കുന്ന ഒരു പാവം പെണ്ണ്.ചരിത്രത്തിന്റെ പുസ്തക താളുകളിൽ സുവർണ്ണ ലിപിയിൽ എഴുതി ചേർത്ത പ്രണയ കാവ്യം പോലെ,മുംതാസും ഷാജഹാനും പോലെ,
അബ്ദുവും ആയിഷയും.

അബ്ദുവിനെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും നൂറ് നാവാണ്.ഈ കാലത്ത് ഇങ്ങനെയൊരു ചെറുപ്പക്കാരൻ
ഒരതിശയമാണ്.ആരെന്ത് സഹായം ചോദിച്ചു ചെന്നാലും അവൻ അവരെ നിരാശപ്പെടുത്താറില്ലാ.. സഹായമെന്തുമായിക്കോട്ടേ.. അതേത്  പാതിരാത്രിയിൽ ചെയ്യാനും ആളുഷാറാണ്.ഗൾഫിൽ കൂട്ടുകാർക്കിടയിൽ അവൻ മുതലാളിയാണ്,അബ്ദു മുതലാളി.കൈയിൽ കാശൊരുപാടുണ്ടായിട്ടല്ലാ..ഈ മുതലാളി പേര്.  മറ്റുള്ളവരേക്കാൾ അവന് ശമ്പളം കുറവാണ്.പക്ഷെ അഞ്ചു പൈസ പോലും വെറുതെ കളയാറില്ലാ....
അതുകൊണ്ട് അവന്റെ കൈയിലെപ്പോഴും കാശുണ്ട്.

അബ്ദു നാട്ടിൽ നിന്നും വന്നിട്ട് രണ്ട് വർഷം കഴിയാറായ്.ആദ്യത്തെ ഗൾഫ് യാത്രയാണ്.ഇനി രണ്ട് മാസം കൂടി കഴിഞ്ഞാൽ നാട്ടിൽ പോകാം..നാട്ടിൽ ചെന്നിട്ട് കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.രണ്ടാമത്തെ പെങ്ങളുടെ
നിക്കാഹ് നടത്തിയ വകയിൽ കുറച്ച് കടമുണ്ട് അത് വീട്ടണം.പിന്നെ അളിയന് സ്ത്രീധനത്തിന്റെ ബാക്കി,കുറച്ച് കാശ് കൊടുക്കാനുണ്ട്.എല്ലാത്തിലും പ്രധാനപ്പെട്ടത് ഉമ്മയുടെ ഓപ്പറേഷനാണ്.ഹാർട്ടിന് ബ്ലോക്കുണ്ട്.
സീരിയസല്ലാ..എന്നാൽ സർജറി നടത്താൻ ഒരുപാട് താമസിക്കുകയും ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞു.
എന്തായാലും ഈ പോക്കിന് അത് നടത്തണം.പിന്നെ ആയിഷ.

അബ്ദുവും ആയിഷയും തമ്മിലുള്ള നിക്കാഹ് നടത്തി കൊടുക്കാൻ രണ്ട് വീട്ടുകാർക്കും പൂർണ്ണ സമ്മതമാണ്.
പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട്‌ ആയിഷയുടെ ഉപ്പാ അത് നീട്ടി നീട്ടി കൊണ്ടുപോകുവാണ്.ആൾക്ക് പണ്ട് മരക്കച്ചവടമായിരുന്നു.മരം മുറിച്ച് വണ്ടിയിൽ കയറ്റുന്നതിനിടയിൽ എവിടെയോ ഒരു പിഴവ് പറ്റി.മരം വീണ് അരയ്ക്ക് താഴേയ്ക്ക് തളർന്ന് പോയി.ആയിഷയുടെ കാര്യത്തിനായി മാറ്റിവെച്ച കാശും,വീടും സ്ഥലവും ഒക്കെകൂടി പണയം വെച്ച് ഒന്നര വർഷത്തോളം ചികിത്സിച്ചു.ഇപ്പോ..പള്ളിക്കാരും നാട്ടുകാരും കൂടി സഹായിച്ച് അങ്ങാടിയിലൊരു ചെറിയ പീടികയിട്ട് കൊടുത്തു.അതാണേകയാശ്വാസം.ആയിഷ ഒരേ ഒരു മകളാണ്.ഒരു നിക്കാഹ് നടത്തേണ്ട ചിലവുകളാലോചിക്കുമ്പോൾ ആ ഉപ്പയുടെ നെഞ്ച് പിടയും.    

ടക് ടക് ടക്... അബ്ദു മുതലാളി വാതില് തുറക്കെടാ.... ടക് ടക് ടക്.അബ്ദു കൈയിലിരുന്ന ഫോട്ടോ പെട്ടന്ന് ബെഡിനടിയിലൊളിപ്പിച്ചു.മെല്ലെ വാതിൽ തുറന്നു.മൊഞ്ചത്തിയെ സ്വപ്നം കണ്ട് കിടക്കുവാണോടാ......അവന് പോകാൻ സമയമായ് ചിരികണ്ടില്ലേ..കള്ള മാപ്പിളേ...അവരവനെ വട്ടം പിടിച്ച് ഇക്കിളിയാക്കി.റൂമിലെ കൂട്ടുകാരാണ്.അവർ തമ്മിൽ ഒന്നും മറച്ച് വെയ്ക്കാറില്ലാ.എല്ലാ കാര്യങ്ങളും പങ്ക് വെയ്ക്കാറുണ്ട്‌.
ഇതെന്താടാ..,നീ.. രണ്ട് മാസം കഴിഞ്ഞ് നാട്ടിലേയ്ക്ക് പോകുവല്ലേ..പിന്നെന്തിനാ..പാഴ്സലയക്കുന്നത്.
കൂട്ടുകാരിലൊരാൾ ചോദിച്ചു.

അത് പിന്നെ, എടാ..സാധനങ്ങൾ കുറച്ച് കൂടുതലുണ്ട് നേരത്തെ വിട്ടാൽ ഞാൻ നാട്ടിലെത്തുമ്പോഴേയ്ക്കും ഇതവിടെ ചെല്ലും. അത് ശരി.ആഹാ... എല്ലാ പൊതികളിലും പേരെഴുതി ഒട്ടിച്ചിട്ടുണ്ടല്ലോ.ഇതെന്താ..
സാജൻ,മോഹൻ.നിനക്ക് നാട്ടിലുമുണ്ടോ..ഇതുപോലെ രണ്ടെണ്ണം.അതൊക്കെ ഞാൻ വിശദമായി പിന്നെ പറയാം.അബ്ദു അവരുടെ കൈയിൽ നിന്നും ആ പൊതി വാങ്ങി.രണ്ട് മാസം കഴിഞ്ഞു.കടകളിൽ ഓഫറുകൾ വരുമ്പോഴും അല്ലാതെയും വീട്ടിലേയ്ക്ക് കൊണ്ടു പോകാൻ അവൻ സാധനങ്ങൾ വാരി കൂട്ടി.ഇന്നാണ് അബ്ദു നാട്ടിൽ പോകുന്ന ദിവസം.ഒരു പ്രവാസി നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടൽ  എന്നൊരു  ചടങ്ങുണ്ട്
അതാണിപ്പോഴവിടെ നടന്ന് കൊണ്ടിരിക്കുന്നത്.

അങ്ങനെ ഒരു പാടാഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിലേറ്റി അബ്ദു നാട്ടിലെത്തി.നാട്ടുകാരും വീട്ടുക്കാരും അബ്ദുവിനെ പൊതിഞ്ഞു.കൈയിലുള്ളതൊക്കെ വാരി കോരി കൊടുത്ത്‌ എല്ലാവരെയും സന്തോഷത്തോടവൻ  യാത്രയാക്കി.തലേ ദിവസത്തെ യാത്രാ ക്ഷീണം കാരണം കട്ടിലിലേയ്ക്ക് കിടന്നത് മാത്രമേ അവനോർമ്മയുള്ളൂ...
പെട്ടന്നുറങ്ങി പോയി.പുറത്ത് നല്ല മഴപെയ്യുന്നുണ്ട്‌.തണുത്ത കാറ്റും, മഴത്തുളികളും അനുവാദമില്ലാതെ ജനലിലൂടെ അകത്തേയ്ക്ക് വന്ന് അവന്റെയുറക്കത്തിന് കുളിരും നിറവും നൽകി.ആ സുഖ നിദ്രയിൽ എപ്പോഴൊക്കെയോ.. ആയിഷയും അവന്റെ സ്വർഗ്ഗ മണ്ഡപത്തിലെ രാജകുമാരിയായ് വന്ന് പോയ്‌.
   
മഴപെയ്തു തോർന്നിരിക്കുന്നു.അബ്ദു ജനലിലൂടെ പുറത്തേയ്ക്ക് നോക്കി.വീടിന് ചുറ്റും മഴവെള്ളം തളം കെട്ടിക്കിടക്കുന്നു.പണ്ട് സ്ക്കൂളിൽ പഠിച്ചോണ്ടിരുന്നപ്പോൾ ബുക്കിലെ പേപ്പറ് കീറി വള്ളമുണ്ടാക്കി കളിക്കുമായിരുന്നു.അന്നേ കളിക്കൂട്ടുകാരിയായിരുന്നു ആയിഷ.വള്ളമുണ്ടാക്കാൻ കീറുന്ന പേപ്പറുകൾ  അവളുടെ ബുക്കിൽനിന്നുമായിരുന്നു.അത് കണ്ടവൾ ഉറക്കെ കരയും.ആ...കരച്ചില് കേട്ട് ഉപ്പയവനെ പൊതിരെ തല്ലും.പിന്നെ പിണങ്ങി രണ്ട് പേരും രണ്ട് സ്ഥലത്ത് പോയിരിക്കും.അപ്പോഴും ആയിഷ കരഞ്ഞ് കൊണ്ടിരിക്കും. ആ കരച്ചിൽ വേറൊന്നിനുമല്ലാ..അബ്ദുവിനെ ഉപ്പ തല്ലിയതിനായിരുന്നു .അങ്ങനെ കരഞ്ഞിരിക്കുമ്പോൾ.അബ്ദു വീണ്ടും ഒരു വള്ളം കൂടിയുണ്ടാക്കും എന്നിട്ട് അതിൽ പെൻസില് കൊണ്ടെഴുതും എൻറെ ആയിഷ കുട്ടിയ്ക്ക്.
അത് കാണുമ്പോൾ ചിരിച്ച് കൊണ്ടോടി,ആയിഷ  അബ്ദുവിന്റെടുത്തെത്തും.

സുഖമായൊരുറക്കം കഴിഞ്ഞ് അബ്ദു വീടിന് പുറത്തിറങ്ങി.ഉമ്മ കാര്യമായിട്ടെന്തൊക്കെയോ.. വിഭവങ്ങൾ
ഉണ്ടാക്കുന്ന തിരക്കിലാണ്.തൊട്ടടുത്തൊരു പുഴയുണ്ട്.പണ്ടേ പുഴയിൽ കുളിക്കുന്നതാണവനിഷ്ട്ടം.ആ ഒരു സുഖം വേറൊരിടത്തും കിട്ടില്ലാ..പുഴയിലേയ്ക്ക് ചാഞ്ഞ് കിടക്കുന്ന തെങ്ങിൽ കയറി വെള്ളത്തിലേയ്ക്ക് ചാടിയും,മുങ്ങാംക്കുഴിയിട്ട് മുങ്ങിപ്പൊങ്ങിയും,വാഴപ്പിണ്ടി കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കിയും,ചൂണ്ടയിട്ടും  കൂട്ടുകാരുമായ് അല്പ്പനേരമവൻ ബാല്ല്യത്തിലേയ്ക്ക്  തിരികെ പോയ്‌.സമയം പോയതറിഞ്ഞില്ലാ..പെട്ടന്നവൻ തിരികെ വീട്ടിലെത്തി.മനസ്സും ശരീരവും എകാഗ്രമാക്കിയൊരു നിസ്ക്കാരം.എല്ലാത്തിനുമവൻ ദൈവത്തോട്
നന്ദി പറഞ്ഞു.  

പെരയുടെ പിന്നാമ്പുറത്ത് പൊടി പിടിച്ചിരുന്ന ബൈക്ക്, കഴുകിയവൻ വൃത്തിയാക്കി.അതവന്റെ പഴയ സാരഥിയാണ്.കഷ്ട്ടപാടിന്റെയും സഹനത്തിന്റെയും പ്രണയത്തിന്റെയും ഒരുപാട് കഥകൾ അവർക്ക് തമ്മിൽ പറയാനുണ്ട്.ഇവർ തമ്മിലുള്ള യാത്രയിൽ ഒരിക്കൽ പോലും അവനബ്ദുവിനെ വേദനിപ്പിച്ചിട്ടില്ലാ..
പാതിവഴിയിലുപേക്ഷിച്ചിട്ടുമില്ലാ.അബ്ദു ബൈക്കൊന്ന് സ്റ്റാർട്ട് ചെയ്ത് നോക്കി,ഹോണ്‍ മുഴക്കി.വണ്ടി കണ്ടീഷനാണ്.കുഴപ്പമൊന്നുമില്ലാ.

ആ... ഈ..ആരുന്നോ..അബ്ദു.ഞമ്മള് വിചാരിച്ചിതാരാണന്ന്.അന്റെയളിയൻ എടയ്ക്ക് വന്നോടിക്കാറുണ്ട്.അത് പറഞ്ഞപ്പൊയാ....ഓർത്തത്.ന്റെ മരുന്ന് തീർന്നിരിക്കാണബ്ദു.ഈ.. ടൌണിൽ പോവാണെങ്കി അതൊന്ന് വാങ്ങിച്ചോളിൻ ഞമ്മള് മരുന്ന് സീട്ടെടുത്തിട്ടു വരാം...അബ്ദു കുപ്പായം മാറ്റി ബൈക്ക് സ്റ്റാർട്ടുചെയ്തു.ഉമ്മാ... ഒന്ന് പെട്ടന്ന് വാ..എനിക്ക് പോണം.

ഏടേയ്ക്കാ ഇത്ര ബെക്കെന്ന് പോണേ.. ഇതാ..സീട്ട്.അല്ല മോനേ.. ഞമ്മള് ശോയിക്കാൻ മറന്നു.ഈ..അയച്ചു തന്ന പായ്സലിൽ രണ്ടു പൊതി ബാക്കിയുണ്ട്.അത് വാങ്ങാനാരും വന്നില്ലല്ലോ..അതേപ്പറ്റി  അന്നോട്‌ ശോയിക്കുമ്പോയോ..  ഓരോരോ കാരണങ്ങളും.അത് ആർക്കാണന്ന് വെച്ചാ.. കൊടുത്തൂടെ.ഞാൻ പോയി വന്നിട്ട് കൊടുക്കാം.. ഇങ്ങളൊന്ന് സമാധാനിക്കുമ്മാ.. അവൻ വണ്ടി മുന്നോട്ടെടുത്തു.ആ..പിന്നേ..അബ്ദു..പോണ പോക്കിനാ.. ഡാക്ക്ടറുടെ പെരയിലൊന്ന് കേറണേ..ഈ..വന്നോ..വന്നോന്ന് കാണുമ്പ കാണുമ്പ  ശോയിക്കാറുണ്ട്.      

നാട് ചുറ്റി നാട്ടുകാരെയും കൂട്ടുകാരെയും കണ്ട്,കണ്ടതും കേട്ടതുമായ വിശേഷങ്ങൾ പറഞ്ഞ് കൊണ്ടുവന്നതിലൊരു പങ്ക് അവർക്കും കൊടുത്ത് അബ്ദു തിരികെ വീട്ടിലെത്തി.ഉമ്മാ.. ഇതാ.. മരുന്ന്.
രണ്ടായിരത്തി അഞ്ഞൂറോളം രൂപയായ്.ഈ ഡോസും കൂടി കഴിച്ച് കുറവില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു.അള്ളാ..ഓപ്പറേശൻ ശെയ്യണോ..ഇങ്ങള് പേടിക്കാതുമ്മാ...എല്ലാം  ശെരിയാകും.
ഞമ്മളിവടില്ലേ...അവനകത്ത് കയറി മുഖം കഴുകി തുടച്ചു.അല്ല മോനേ..ഇജിനിയെങ്ങോട്ടാ...,ഉമ്മാ..ആ രണ്ട് പൊതിയിങ്ങെടുത്തേ..ഞാനിത് കൊണ്ട്  കൊടുത്തിട്ട് വരാം.ഗൾഫിൽ നിന്നും കൊണ്ട് വന്ന മുന്തിയ അത്തറ് പൂശി പൌഡറിട്ട്,മുഖം മിനുക്കി കുപ്പായം മാറ്റി പൊതിയുമായവൻ പുറത്തിറങ്ങി.

ഇപ്പോഴവനെ കണ്ടാൽ ഒരു മണവാളനെ പോലുണ്ട്.മോനേ..അബ്ദു ഈ..എന്തെങ്കിലും കഴിച്ചിട്ട് പോ...,ഇപ്പ
വേണ്ടുമ്മാ.. ഇങ്ങള്  കുറച്ചു വെള്ളം കുടിക്കാനെടുക്ക്.ഉപ്പയെത്തിയില്ലേ..,.പള്ളി കയിഞ്ഞ്
വരാറാകുന്നതെയൊള്ളൂ...അന്നോട്‌ കുറച്ചു കാര്യങ്ങൾ സംസാരിക്കാനൊണ്ടന്ന് ഇന്നലെ രാത്രിയിൽ പറഞ്ഞിരുന്നു.അതോണ്ട് ആടെയും ഈടെയും ചുറ്റിത്തിരിഞ്ഞ് നിക്കാതെ പെട്ടന്നിങ്ങ് വന്നോളിൻ.ഇതാ.. വെള്ളം കുടിക്ക്. ഉമ്മാ...ഇങ്ങക്ക് പ്രായം കുറഞ്ഞ്  കുറഞ്ഞ് വരുവാണല്ലോ..എന്താ..ഇതിന്റെ രഹസ്യം.അബ്ദു വെള്ളം കുടിക്കുന്നതിനിടയിൽ ഒരു കള്ള ചിരി ചിരിച്ച് ചോദിച്ചു.ഒന്ന് പോടാ..ചെക്കാ..ന്തായാലും അന്റെ  ആയിഷയുടെ അത്ര വരില്ലാ.. അബ്ദു മുഖത്ത് നിന്ന് ചിരി മായിക്കാതെ ബൈക്ക് കറക്കി നിർത്തി,പോക്കറ്റിൽ നിന്ന് കറുത്ത കൂളിംഗ് ഗ്ലാസ് മുഖത്ത് വെച്ചു.എങ്ങനെയുണ്ട്? ഉം..ജോറായിട്ടുണ്ട്.ഓക്കേ ഉമ്മാ..ഞാൻ പോയിട്ട് വരാം..        

അബ്ദുവിനെയും കൊണ്ടവന്റെ സാരഥി മുന്നോട്ട് കുതിച്ചു.നാട്ടുവഴികൾ പിന്നിട്ട് ദൂരങ്ങൾ താണ്ടി,കണ്ട് നടന്ന സ്ഥലങ്ങൾ,കണ്ട് ചിരിച്ച മുഖങ്ങൾ,അവിടവിടെയായ്  മാറ്റങ്ങളും വന്ന് തുടങ്ങിയിരിക്കുന്നു.
ഇതിനിടയിലെപ്പോഴോ..ഒരു   മാലഖയെപോൽ ആയിഷ അവന്റെ മനസ്സിലേയ്ക്കോടിയെത്തി.ബൈക്കിന്റെ കണ്ണാടിയിൽ അവളുടെ മുഖം പൂ നിലാവ് പോൽ ചിരിതൂകി.പണ്ട് കോളേജിന്റെ ക്ലാസ് റൂമിൽ നിന്നും ഒളിച്ചും പാത്തും നിന്ന് വിളിച്ചിറക്കിയതും,വീട്ടുകാരും നാട്ടുകാരും കാണാതെ അങ്ങാടിക്കപ്പുറത്തുള്ള ടാക്കീസിൽ സിനിമാ കാണാൻ പോയതും,സിനിമാ കണ്ടിരിക്കുമ്പോൾ ഉച്ചയൂണിന്റെ കൂടെ കൊണ്ടു വരുന്ന ഉപ്പിലിട്ട പുളിയുള്ള മാങ്ങ കടിച്ച് കണ്ണടയ്ക്കുന്നതും,ചിരിയടക്കാനാകാതെ സ്വയം മറന്ന് പൊട്ടിച്ചിരിച്ചും,സങ്കടം കെട്ടിപ്പിടിച്ച് കരഞ്ഞ് തീർത്തും,പുറത്തിറങ്ങിയ ശേഷം വിശക്കുന്നതിന് വാശി പിടിച്ച് നല്ല ചൂട് ദോശയും ചമ്മന്തിയും,ഉഴുന്നുവടയും,കൊതിയോടെ വിരൽ ചീമ്പി കഴിക്കുന്നതും,ഒരു മുത്തം ചോദിച്ച് പോക്കാതെ നില്ക്കുന്നയവന് ആരും കാണാതെ കവിളൊത്തൊരു മുത്തം കൊടുത്ത് തള്ളി താഴെയിട്ട് പെരയിലേയ്ക്കൊടി പോകുന്നതും അവനല്പ്പ നേരത്തേയ്ക്കോർത്ത്‌ പോയ്‌.

നേരമൊരുപാടായ് അബ്ദു ഇതുവരെ വീട്ടിലെത്തിയിട്ടില്ലാ.പെങ്ങന്മാരും അളിയന്മാരും അവരുടെ മക്കളും വന്നിട്ടുണ്ട്.ഞായറാഴ്ച്ചയിറങ്ങാൻ അവനെല്ലാവരെയും വിളിച്ചു പറഞ്ഞിരുന്നു.നാട്ടിലുള്ള അവന്റെ കൂട്ടുകാരെയും അടുത്ത വീട്ടുകാരെയും ക്ഷണിച്ചിട്ടുണ്ട്.അബ്ദുവിനെ നോക്കിയിരുന്നെല്ലാവരും മടുത്ത്.കുട്ടികൾ വിശന്ന് കരയാൻ തുടങ്ങി.വന്നവർ ആഹാരം കഴിച്ചു.അബ്ദു വന്നിട്ടേ. കഴിക്കൂ..എന്ന വാശിയിലാണുമ്മ.ഉപ്പാ അവനെ തിരക്കി പുറത്തോട്ടിറങ്ങി.കൂട്ടുകാർ നാല് പാടും തിരഞ്ഞു.അബ്ദുവിനെക്കുറിച്ചൊരു വിവരവുമില്ലാ..
നേരമൊരുപാട് വൈകിയിരിക്കുന്നു. മഴക്കാറുള്ളതുകൊണ്ട് പെട്ടന്നിരുട്ടായി തുടങ്ങി.പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത്‌ കേൾക്കാം.മഴ ചെറുതായ് പെയ്ത് തുടങ്ങി.അബ്ദു വരുന്നതും കാത്ത് വഴിയിലേയ്ക്ക് നോക്കിയിരുന്ന് ഉമ്മയുടെ കണ്ണ് നിറഞ്ഞ് തുടങ്ങി.ഉമ്മാ..ഇങ്ങളോടോൻ ഏടെങ്കിലും പോണ കാര്യം പറഞ്ഞിരുന്നോ..പലരും പലവട്ടം ചോദിച്ച ചോദ്യം അബ്ദുവിന്റെ കൂട്ടുകാരിലൊരാൾ ആവർത്തിച്ചു.ഇല്ല മോനേ..ആർക്കോ..കൊടുക്കാനായ് ഈടിരുന്ന രണ്ട് പൊതിയുമായ് ഇപ്പ വരാമെന്ന് പറഞ്ഞ് പോയതാ..ഒന്നും
കഴിക്കാതെ ഒരു ഗ്ലാസ് വെള്ളം മാത്രേ... കുടിച്ചിട്ടുള്ളൂ... ,ഇങ്ങള്  ബെജാറാകേണ്ടുമ്മാ.. ഓൻ വരും.

മഴയുടെ ശക്തി കൂടി.നന്നായ് കാറ്റും വീശുന്നുണ്ട്.അകലെ നിന്നും വണ്ടികളുടെയും ആളുകളുടെയും ശബ്ദം കേൾക്കാം.പതിയെ പതിയെ അതടുത്തേയ്ക്ക് വരുന്നത് പോലെ.കോരിച്ചൊരിയുന്ന മഴയേയും ചെറിയ ഇരുട്ടിനേയും വകഞ്ഞ് മാറ്റി ആ നീലവെളിച്ചം മുറ്റത്തേയ്ക്കിരമ്പിയെത്തി.തൊട്ടു പുറകെ മഴനനഞ്ഞും,
കുടപിടിച്ചും,വണ്ടികളിലുമൊക്കെയായ് ആ നാട് മുഴുവനും കൂടെയുണ്ട്.അതൊരാമ്പുലൻസായിരുന്നു.
വീട്ടിലുള്ളവർ പുറത്തേയ്ക്കിറങ്ങി.എല്ലാം നഷ്ട്ടപ്പെട്ടയൊരു ഹൃദയവുമായ്‌ ആമ്പുലൻസിന്റെ വാതിൽ
തുറന്നാദ്യം പുറത്തിറങ്ങിയത് അബ്ദുവിന്റെ ഉപ്പയായിരുന്നു.തടിച്ച് കൂടിയവരെ തള്ളിമാറ്റി അബ്ദുവിന്റുമ്മ മുറ്റത്തേയ്ക്കിറങ്ങി വന്നു.രണ്ടു പേർ ചേർന്ന് ബോഡി പുറത്തേയ്ക്കെടുത്തു.മുഖം മറച്ച് കിടത്തിയിരുന്ന തുണി കാറ്റടിച്ചപ്പോൾ പതിയെ പറന്ന് മാറി.മോനേ...അബ്ദു....പിന്നവിടെ കേട്ടത് ആ ഉമ്മയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിലും നിലവിളികളും മാത്രമായിരുന്നു.ഒരു ടിപ്പർ ലോറിക്കാരൻ നായിന്റെ മോൻ ചെയ്ത പണിയാ...ഓനെ കൈയിൽ കിട്ടിയില്ലാ.കിട്ടിയിരുന്നെങ്കിൽ ടിപ്പറ് കത്തിച്ച കൂടെ ആ പന്നിയേം കൂടിട്ട് കത്തിച്ചേനേ..കുറച്ച് മാറി
ആൾക്കൂട്ടത്തിനിടയിൽ നിന്ന് നാട്ടുകാരിൽ പലരുമിത് പറയുന്നത് കേൾക്കാമായിരുന്നു.

അങ്ങനെ അബ്ദുവൊരോർമ്മ മാത്രമായ്.ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്ന് പോയ്‌.അപകട സ്ഥലത്ത്
നിന്ന് കണ്ട് കിട്ടിയ പൊതികൾ.പോലീസ് അബ്ദുവിന്റെ വീട്ടിലെത്തിച്ചു.ആ പൊതികൾ വാങ്ങിക്കാൻ ആരും വന്നില്ലാ..ആർക്ക്‌ കൊടുക്കണമെന്നും അറിയില്ലാ..അതിന്റെ പുറത്തെഴുതിയിരിക്കുന്നത് രണ്ട് പേരുകൾ മാത്രം
സാജൻ,മോഹൻ.ആരാണീ സാജൻ ആരാണീ മോഹൻ.നാട്ടിലുള്ള കൂട്ടുകാരോട് ചോദിച്ചപ്പോൾ  അവർക്കുമറിയില്ലാ.വേറൊരാൾക്ക് കൊടുക്കാൻ പേരെഴുതി ഒട്ടിച്ചിരിക്കുന്നത് കൊണ്ട് ഉപ്പയ്ക്കും ഉമ്മയ്ക്കും അത് പൊട്ടിച്ച് നോക്കാനൊരു മടി.പൊട്ടിക്കുന്നത് ശരിയല്ലല്ലോ..അവർ ഗൾഫിലുള്ള അബ്ദുവിന്റെ മാമയെ വിളിച്ച് കാര്യം പറഞ്ഞു.  

അയാൾ അതന്വഷിച്ചറിയാൻ അബ്ദു താമസിച്ചിരുന്ന വീട്ടിലെത്തി.അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു.അവധി
ദിവസമായിരുന്നത് കൊണ്ട് എല്ലാവരും വീട്ടിലുണ്ടായിരുന്നു.വാതിൽ തുറന്നകത്ത്‌ കയറുമ്പോൾ തന്നെ ഹാളിൽ  വലിയയൊരു ഫോട്ടോ ഫ്രെയിം ചെയ്തു തൂക്കിയിരിക്കുന്നത് കാണാമായിരുന്നു.അബ്ദു കൂട്ടുകാരുമൊത്ത് നില്ക്കുന്ന ഫോട്ടോ.അവർ പലകാര്യങ്ങളും അയാളുമായ് സംസാരിച്ചു.എല്ലാം അബ്ദുവിനെക്കുറിച്ച് മാത്രമായിരുന്നു.അബ്ദുവിന്റെ നല്ല മനസ്സു കൊണ്ട് ഗൾഫിൽ വന്ന് രക്ഷപ്പെട്ടവരുടേയും,പണം കൊടുത്തും അല്ലാതെയും സഹായിച്ചതുമായ പല പല കാര്യങ്ങൾ.പിന്നീടവർ അബ്ദു കിടന്നിരുന്ന മുറിയിലേയ്ക്കു നടന്നു.
എല്ലാത്തിനുമൊരു വൃത്തിയും വെടിപ്പും ചിട്ടകളുമുള്ളയാളായിരുന്നു അബ്ദു.അവർ മുറിയുടെ വാതിൽ തുറന്നു.എന്താ..സുഗന്ധം..ജനലിലൂടെ അകത്തേയ്ക്ക് വന്ന കാറ്റിനും അവന്റെ ഗന്ധമുണ്ടായിരുന്നു.എല്ലാ വെള്ളിയാഴച്ചകളിലും മുറി വൃത്തിയാക്കി കുന്തിരിക്കം പുകച്ച്,ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും പുതപ്പിലുമെല്ലാം അബ്ദു അത്തറ് പൂശുമായിരുന്നു.എപ്പോഴും കണ്ട് കൊണ്ടിരിക്കാൻ കുറച്ച് മുഖങ്ങൾ അവന്റെ കൂടെയുണ്ടായിരുന്നു.ഉപ്പയും ഉമ്മയും സഹോദരിമാരും പിന്നവനും ചേർന്നിരിക്കുന്ന ഒരു ഫോട്ടോ മേശപ്പുറത്ത്,ഭിത്തിയിൽ പലഭാഗത്തും കൂട്ടുകാരുമായ് നില്ക്കുന്ന ഫോട്ടോ.പെഴ്സിലും തലയിണക്കടിയിലും ആയിഷയുടെയും ഫോട്ടോ.

സംസാരിച്ചിരുന്ന കൂട്ടത്തിൽ മാമ,വന്നകാര്യം അവരോട് ചോദിക്കാൻ മറന്നില്ലാ..,അബ്ദുവിന്റെ അടുത്ത സ്നേഹിതമ്മാരായതുകൊണ്ട് ചോദിക്കുവാ...അവൻ നാട്ടിലേയ്ക്ക് പാഴ്സലയക്കുന്ന സമയത്ത് നിങ്ങളാരെങ്കിലും ഇവിടെ കാണാതിരിക്കില്ലല്ലോ.അവനയച്ച  പാഴ്സലിലെ രണ്ട് പൊതികൾ ബാക്കിയുണ്ട് അതാരും വാങ്ങാൻ ഇതുവരെ വീട്ടിലെത്തിയിട്ടില്ലാ.അതുമായ് പോയ ദിവസമാണ് അവനപകടമുണ്ടായതും, മരണപ്പെട്ടതും.നിങ്ങൾക്കതിനെക്കുറിച്ച്,എന്തെങ്കിലുമറിയാമോ...ആ പൊതിയിലെഴുതിയിരിക്കുന്നത് രണ്ട് പേരാണ്.ഒന്ന് സാജൻ പിന്നെയൊരു മോഹൻ ആരാണിവർ.കൂട്ടുകാർ പരസ്പ്പരം നോക്കി.അവരുടെ മുഖത്ത് ചെറിയൊരു പരിഭ്രമം കാണാം.പറയാനും പറയാതിരിക്കാനും വയാത്തൊരവസ്ഥ.

അവരിലൊരാളെഴുന്നേറ്റ് പതിയെ നടന്ന് ചെന്ന് മേശപ്പുറത്തിരിക്കുന്ന ഫോട്ടോയെടുത്തു.അവൻ അബ്ദുവിന്റെ ചിരിച്ച മുഖത്തേയ്ക്ക് നോക്കി.മൊഞ്ചത്തിയെ സ്വപ്നം കണ്ട് കിടക്കുവാണോടാ......അവന് പോകാൻ സമയമായ്..... ചിരികണ്ടില്ലേ....കള്ള മാപ്പിളേ...,ഒരു മാസം കൂടി കഴിഞ്ഞാൽ പൂ മെത്തയിൽ കിടക്കാമല്ലോ..
എടാ...അബ്ദു...പോയ്‌ വരുമ്പോൾ ആയിഷയെ കൂടെ കൂട്ടാൻ മറക്കണ്ട കേട്ടോ.....,അബ്ദു നാട്ടിൽ പോകുന്നതിന് മുൻപ് തമാശയായ് പറഞ്ഞ കാര്യങ്ങൾ അവനോർത്തു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.സാജാ... സാജാ... സാജാ...ഞാനാ....ഞാനാ... ഞാനാ... അബ്ദുമൊതലാളി...ഈ സമയം അവന്റെ ചെവിയിൽ അബ്ദുവിന്റെ ശബ്ദം മുഴങ്ങി കേട്ടു.അവൻ കണ്ണുകൾ തുടച്ചു.അങ്കിൾ ഞാൻ, ഞാനാണ് സാജൻ.അത് മോഹൻ.

അവൻ പോകുന്നതിന് മുൻപ് ഞങ്ങളോട് പറഞ്ഞ കാര്യം.ആരുമറിയരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു.
ഇനിയിപ്പോൾ മറച്ച് വെയ്ക്കെണ്ട കാര്യമില്ലാ.സാജൻ ജനലിനരികിലേയ്ക്ക് പതിയെ നടന്നു.അബ്ദു നാട്ടിൽ പോകുന്ന ആ.. ദിവസം.എടാ..എല്ലാവരും കൂടി ഈ പെട്ടിയൊന്ന് കെട്ടി താടാ...പെട്ടിയൊക്കെ കെട്ടിതരാം.ഇത് നിന്റെ കന്നിക്കെട്ടാ..ചിലവുണ്ടേ...നീ അതിനുള്ള കാര്യങ്ങളറേഞ്ചു ചെയ്തോ.കുറച്ച് കപ്പയും മീനും പോത്തും വാങ്ങിച്ചോ..നാട്ടിൽ ചെന്നാൽ ഇതൊന്നും കഴിക്കാൻ കിട്ടില്ലാ...പിന്നേ ബിയറ് വാങ്ങാൻ മറക്കണ്ടാ..പെട്ടികെട്ട് തകൃതിയായ് നടക്കുകയാണ്.ഗൾഫിലുള്ള സകല സാധനങ്ങളും പെട്ടിയിലുണ്ട്‌.കുത്തിനിറച്ച് വെയിറ്റ് നോക്കി പെട്ടി കെട്ടിവെച്ചു.അവസാനം പ്രവാസിയുടെ മാത്രം നേരമ്പോക്കായ ചില അടിക്കുറിപ്പുകളും പെട്ടിയിലെഴുതി
ഒട്ടിച്ചു.പെട്ടികകത്ത് മൂട്ടയുണ്ട് സൂക്ഷിക്കുക.അടിവാരം ഓമന,പുന്നപ്ര രമണി.ഈ പാവം പൊയ്ക്കോട്ടേ..
തൊട്ടാൽ കൈ വെട്ടും അങ്ങനെ പലതും.    

ഈ സമയം അബ്ദു നല്ല കപ്പയും മീൻ കറിയും പോത്തൊലതിയതും റെഡിയാക്കി വന്നു.എല്ലാവരും ചുറ്റിനുമിരുന്നു.മറ്റുള്ളവർ ബിയറ് പൊട്ടിച്ചു കുടിതുടങ്ങി.അബ്ദു മദ്യം കഴിക്കില്ലാ.പണ്ടേ അവനതിനോട് താല്പര്യമില്ലാ.. ചിലർക്ക് നാക്ക്‌ ചെറുതായ് കുഴയാൻ തുടങ്ങി. എടാ..അബ്ദു ഈ നാട്ടിൽ ഒളിച്ചും അല്ലാതെയും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ഒരു പാടിക്കമാരുണ്ട്.ഞാൻ പല പല ആൾക്കാരുടെ കൂടെ റൂം ഷെയർ ചെയ്തിട്ടുണ്ട് അത് കൊണ്ട് എനിക്ക് നന്നായറിയാം.പക്ഷെ നീ..നീയൊരെതാർത്ഥ മുസല്മാനാണ്.
നിങ്ങൾക്കറിയോ... ഇവനില്ലായിരുന്നെങ്കിൽ എന്റെനിയത്തിയുടെ കല്ല്യാണം നടക്കില്ലായിരുന്നു.കടം വാങ്ങിച്ചവരും തരാമെന്ന് പറഞ്ഞവരും സമയമായപ്പോൾ കൈ മലർത്തി.അന്നിവനാണ് വലിയൊരു തുക
എനിക്ക് തന്ന്‌ സഹായിച്ചത്.i respect you and i like you.നിന്നെയെനിക്കൊരുപാടിഷ്ട്ടമാണബ്ദു...ഉം....മ്മാ.സാജൻ കെട്ടിപ്പിടിച്ച് അബ്ദുവിന്റെ കവിളിലൊരുമ്മ കൊടുത്തു.പക്ഷെ എനിക്ക്‌,എനിക്കൊരു ചെറിയ സംശയം ബാക്കിയുണ്ട്.നീ..നീയെന്തിനാ..അബ്ദു ആ പൊതികളിൽ എന്റെയും അവന്റെയും പെരെഴുതിയത്.
എനിക്കതെത്ര ആലോചിച്ചെട്ടും മനസിലാകുന്നില്ലാ.

അത്..അത് ഞാൻ മനപ്പൂർവ്വം പറയാതിരുന്നതാണ് സാജാ.ഇക്കാര്യം വേറാരുമറിയരുത്.നിന്റെ പേരിലുള്ള പൊതി ആയിഷയ്ക്കുള്ളതാണ്.ആയിഷയ്ക്കോ... അതേ ...ആ പൊതിയിൽ അവൾക്ക് നിക്കാഹിനണിയാനുള്ള സ്വർണ്ണങ്ങളും അവൾക്കിഷ്ട്ടമുള്ള മറ്റ് സാധനങ്ങളുമാണ്.ഒരു നിക്കാഹ് നടത്താനുള്ള സാമ്പത്തികം ഇപ്പോൾ അവളുടെ ഉപ്പയ്ക്കില്ലാ.അത് കൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയായ്‌ ഞാൻ തന്നെ നടത്താമെന്ന് വിചാരിച്ചു.ഇതൊന്നും എന്റെ വീട്ടുകാരറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.വേറൊന്നും കൊണ്ടല്ലാ പിന്നീടെപ്പോഴെങ്കിലും അതിനെക്കുറിച്ച് പറഞ്ഞ് എന്തെങ്കിലും സംസാരമുണ്ടായാൽ അവൾക്കും വീട്ടുകാർക്കും അത് സഹിക്കാൻ പറ്റിലാ.പിന്നെ മോഹന്റെ പേരിലുള്ള പൊതി.അതെന്റെ ഉപ്പയുടെ അനിയനും മക്കൾക്കുമുള്ളതാണ്.ഉപ്പയും അനിയനും പണ്ടേ അത്ര രസത്തിലല്ലാ.ഞാനവിടെ പോകുന്നതും അവരുമായ് സഹകരിക്കുന്നതും വീട്ടിലാർക്കുമിഷ്ട്ടമല്ലാ...അത് കൊണ്ട്,അതാരും പൊട്ടിക്കാതിരിക്കാനാണ് പേര് മാറ്റിയെഴുതിയത്.സാജൻ അബ്ദുവിന്റെ അടുത്തേയ്ക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു.അബ്ദു എല്ലാവരും നിന്നെ പോലെയായിരുന്നെങ്കിൽ...ബാക്കി പറയാൻ അവന് വാക്കുകൾ വന്നില്ലാ.സാജൻ കണ്ണ് തുടച്ചു.നീ വല്ലാത്തൊരു പഹയൻ തന്നെ.

നടന്ന സംഭവങ്ങൾ മാമയോട് പറഞ്ഞതിനുശേഷം സാജൻ അവന്റെ റൂമിലേയ്ക്ക് പോയ്‌ തിരികെ വന്നു.
ഇത് എന്റെയനിയത്തിയുടെ കല്യാണത്തിന് അബ്ദു തന്ന കാശാണ്.നാട്ടിലേയ്ക്കയച്ചു കൊടുക്കാൻ പലവട്ടം ഞാനവനെ ഫോണിൽ വിളിച്ചു കിട്ടിയില്ലാ.ഉമ്മയുടെ ഓപ്പറേഷനുവേണ്ടി മാറ്റിവെച്ച കാശാണന്ന് അവൻ നാട്ടിൽ
പോയതിന് ശേഷമാണ് ഞാനറിഞ്ഞത്.മാമയുടെ കൈയിൽ ആ..കാശ്‌ കൊടുക്കുമ്പോൾ സാജനറിയാതെ പൊട്ടിക്കരഞ്ഞ് പോയ്‌.

കൂട്ടുകാർ പറഞ്ഞ കാര്യങ്ങൾ മാമ, അബ്ദുവിന്റെ ഉപ്പയെ വിളിച്ചു പറഞ്ഞു.പിറ്റേ ദിവസം അവർ കുടുംബ സമേതം ഒരു യാത്ര തിരിച്ചു.ആദ്യമെത്തിയത്‌ അബ്ദു ഉറങ്ങുന്ന ഖബറിനടുത്തായിരുന്നു.അവിടെയവർ അവന്റെ ആത്മാവിന് നല്ലത് വരാൻ പ്രാർഥിച്ചു.പിന്നീടവർ അവന്റുപ്പയുടെ അനിയന്റെ വീട്ടിലെത്തി.
വർഷങ്ങളായ് ഇരു കൂട്ടരും കൊണ്ട് നടന്ന ശത്രുത മനസ്സിൽ നിന്നും പറിച്ചെറിഞ്ഞു.അബ്ദു കൊടുക്കാനിരുന്ന പൊതി അവിടെ കൊടുത്ത് അവർ വീണ്ടും യാത്രയായ് ആയിഷയുടെ വീട്ടിലേയ്ക്ക്.അബ്ദു പോയതിന്‌ ശേഷം അവളാകെ മാറി.മുറിയിൽ ഒരേയിരുപ്പാണ്.കളിയില്ലാ,ചിരിയില്ലാ ആർക്കും മുഖം കൊടുക്കാതെ പ്രാർഥനയും നിസ്ക്കാരവുമായ് അവളുടെ മാത്രമൊരു ലോകത്ത്.അവിടെ അവൾക്ക് കൂട്ടായ് നാല് ചുവരുകളും മധുരമുള്ള
കുറേ..ഓർമ്മകളും മാത്രം.

ആ ഉമ്മയ്ക്കും ആയിഷയ്ക്കും പറയാനുള്ളത് പാതിവഴിയിൽ നഷ്ട്ടപെട്ട ഒരു മകന്റെയും കളിക്കൂട്ടുകാരന്റെയും ഇനി തിരിച്ചു കിട്ടാത്ത സ്നേഹവും സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളുമായിരുന്നു.
അവിടെയൊരു നന്മയുടെ മാതൃത്വവും കളങ്കമില്ലാത്ത കൂട്ടുകാരിയേയും കാണാമായിരുന്നു.ഒടുവിൽ യാത്ര പറയുമ്പോൾ അബ്ദുവിന്റെ പ്രിയപ്പെട്ട സമ്മാനം അവൾക്ക്‌ കൊടുക്കാൻ ഉമ്മ മറന്നില്ലാ...ഒരു പാട് നല്ലയോർമ്മകൾ തന്റെ പ്രിയപ്പെട്ടവൾക്ക് സമ്മാനിച്ച അബ്ദു,ആവർണ്ണ കടാലാസിനുള്ളിൽ ഇങ്ങനെ എഴുതിച്ചേർക്കാൻ മറന്നില്ലാ....

                                                     "എൻറെ ആയിഷ കുട്ടിയ്ക്ക് "


                                         
by
Liju vazhappally

No comments:

Post a Comment