പഴയകാലത്തെ ഓർമ്മപ്പെടുത്തും വിധം അതിമനോഹരമായി പണികഴിപ്പിച്ച ഒരു തറവാട്.ചുറ്റും പച്ച വിരിച്ച നെൽപ്പാടം.ചെടികളും പൂക്കളും ഫല വൃക്ഷലതാതികളുമായി നിറഞ്ഞു നില്ക്കുന്ന വിശാലമായ മുറ്റം.തറവാട്ടു മുറ്റത്ത് നിറയെ ആഡംബരക്കാറുകൾ.സമൂഹത്തിലെ ഉന്നതന്മാരും,സാധാരണക്കാരും,സാധാരണക്കാരിൽ സാധാരണകാരുമായൊരു വലിയ ജനക്കൂട്ടം.മൊത്തത്തിൽ ഒരു ശ്മശാന മൂകത.അതെ ഈ തറവാട്ടിലെ കാരണവർ ഇന്നു പുലർച്ചെ മരിച്ചു.അന്ത്യകർമ്മങ്ങൾ നടക്കുകയാണ്.
എന്ത് നല്ല മനുഷനായിരുന്നു.നല്ല പെരുമാറ്റവും നല്ല സംസാരവും.പണത്തിന്റെയാതൊരു അഹംങ്കാരവും ഇല്ലാത്ത,ഇല്ലായ്മയിൽ നിന്ന് വന്ന മനുഷ്യൻ.പക്ഷെ മകനായിട്ട് അതെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുവല്ലേ..
മുടിയനായ പുത്രനെന്ന് കേട്ടിട്ടെയോളൂ..ഇപ്പോ കണ്ടിരിക്കുണൂ..കുടിച്ചും വലിച്ചും ഹോ ഒന്നും പറയണ്ടാ...
അഹംങ്കാരത്തിനൊട്ടും കുറവില്ലാത്തൊരു സന്തതി.ശിവ ശിവ.ആൾക്കൂട്ടത്തിനിടയിൽ നിന്നും പല പല സംസാരങ്ങൾ വന്നു കൊണ്ടിരുന്നു.
വിഷ്ണു.മരിച്ചു പോയ പ്രതാപൻ സാറിന്റെ ഒരേ ഒരു മകൻ.ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗവും മദ്യത്തിൽ
ആനന്ദം കണ്ടെത്തുന്നവൻ.ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മുഴുക്കുടിയൻ.ഈ കാണുന്ന സ്വത്തുക്കളുടെയെല്ലാം ഒരേ ഒരവകാശി.സ്വത്തുക്കൾ എന്ന് പറയുമ്പോൾ പറയാൻ കുറേയുണ്ട്.ലക്ഷ്മി ഹോസ്പിറ്റൽ,ലക്ഷ്മി തിയെറ്റെർ,ലക്ഷ്മി അപ്പാർട്ട്മെന്റസ്,ലക്ഷ്മി സൂപ്പർ മാർക്കെറ്റ് പിന്നെ പശു ഫാം കോഴി ഫാം കൂടാതെ ഏക്കറ് കണക്കിന് സ്ഥലവും.കൂട്ടുകാര് കൂടി രാവിലെ കുടി തുടങ്ങി.എല്ലാ ചടങ്ങുകളും കഴിഞ്ഞ് ആളുകൾ പിരിഞ്ഞ് പോയി.ചിത കത്തിയെരിഞ്ഞ് തീരാറായി.വിഷ്ണുവിന്റെ അമ്മ സീത.കട്ടിലിൽ ഒരേകിടപ്പാണ്.
വാല്ല്യക്കാരിപ്പെണ്ണ് അടുത്തിരുപ്പുണ്ട്.കാര്യസ്ഥൻ ഗോപാലപ്പണിക്കർ പൂമുഖത്തിരിക്കുന്നു.അടുത്ത ബന്ധുക്കൾ നേരത്തേ..യാത്ര പറഞ്ഞു പോയി.വിഷ്ണുവിന്റെ സ്വഭാവം കാരണം ആരും ഈ വീട്ടിലേയ്ക്ക്
വരാറില്ലാ.അവൻ മുകളിലത്തെ മുറിയിൽ കുടിച്ച് ബോധമില്ലാതെ കിടക്കുന്നു. ദിവസങ്ങൾ കടന്നു പോയി.
വിഷ്ണുവിന്റെ ധൂർത്തും ദുർനടപ്പും കുടിയും കൂടിക്കൂടി വന്നു.അതുപോലെ കൂട്ടുകാരുടെ എണ്ണവും.ഇന്ന് സ്വത്തുക്കളുടെ കാര്യത്തിനൊരു തീരുമാനമാകുന്ന ദിവസം.പല സ്ഥാപനങ്ങളുടേയും പാർട്ണറാകാനും,
അവിടെ കയറിപ്പറ്റാനും കുറച്ചു വിരുതമ്മാർ കൂടെ കൂടിയിട്ടുണ്ട്.
പക്ഷെ ഒരു ഞെട്ടിക്കുന്ന വാർത്തയുമായിട്ടാണ്.കുടുബവക്കീൽ ആ തറവാട്ടിലേയ്ക്ക് വന്നത്.മരിക്കുന്നതിന് മുൻപ് പ്രതാപൻ സർ വില്പത്രം എഴുതി തയ്യാറാക്കിയിരുന്നു.അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
തറവാടും തറവാടിരിക്കുന്ന എല്ലാ ഭൂസ്വത്തും ഭാര്യയായ സീതയ്ക്ക് അവകാശപ്പെട്ടതാണ്.ബാക്കി എല്ലാ സ്ഥാപക ജന്മക വസ്തുക്കൾ താൻ നടത്തിക്കൊണ്ടിരിക്കുന്ന അനാഥാലത്തിനു എഴുതിക്കൊടുക്കുന്നു.സീതയുടെ മരണശേഷം ഈ തറവാടും തറവാടിരിക്കുന്ന എല്ലാ ഭൂസ്വത്തും സ്വർഗ്ഗം എന്ന പേരുള്ള അനാഥാലത്തിന് അവകാശപ്പെട്ടതാണ്.വക്കീൽ വിൽപ്പത്രം വായിച്ച് കേൾപ്പിച്ചു.ചുരുക്കിപ്പറഞ്ഞാൽ അഞ്ചു പൈസയുടെ സ്വത്തിന്റെ അവകാശം വിഷ്ണുവിനില്ലാ..
ഓക്കേ ബ്രൊ.. ഓക്കേ മച്ചൂ... ബൈ.ഇതു കേട്ടതും അവന്റെ കൂട്ടുകാര് അവനോട് ഗുഡ് ബൈ പറഞ്ഞു.
പരിസരബോധം നഷ്ട്ടപ്പെട്ട വിഷ്ണു.അലറിവിളിച്ചു.കണ്ണിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞു,തല്ലിപ്പൊട്ടിച്ചു.
ഇല്ലാ.. ആർക്കും വിട്ടുകൊടുക്കില്ലാ.. ഒരു തെരുവുപട്ടികൾക്കും എനിക്കവകാശപ്പെട്ടത് വിട്ടുകൊടുക്കില്ലാ.. അറിയാം എനിക്കറിയാം എന്ത് ചെയ്യണമെന്ന്.മാറടോ..വക്കീലിനെ തള്ളിമാറ്റി ജ്വലിക്കുന്ന കണ്ണുമായി വേഗം വണ്ടിയോടിച്ച് അവൻ അനാഥാലയത്തിലെത്തി.ഈ അനാഥാലത്തിന്റെ മുറ്റത്ത് ഒരു വട്ടം പോലും അവൻ തിരിഞ്ഞു നോക്കിയിട്ടില്ലാ.പണമില്ലാത്തവരോടും പാവങ്ങളോടും അവനെന്നും പുച്ഛവും വെറുപ്പുമായിരുന്നു.
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേയ്ക്ക് അവൻ കാറോടിച്ച് കയറ്റി.അവർ പേടിച്ച് ഓടി മാറി.
ഒരു കൊച്ചു കുട്ടി കല്ലിൽ തട്ടി വീണ് നെറ്റി പൊട്ടി.ഭാഗ്യത്തിന് ആളപായം ഒന്നും സംഭവിച്ചില്ലാ.
ഒരു ഭ്രാന്തനെപ്പോലെ ആ വരാന്തയിലൂടെ അവൻ നടന്നു നീങ്ങി.നേരെ ചെന്നത് അനാഥാലത്തിന്റെ സൂക്ഷിപ്പുകാരൻ ഫാദർ ജോസഫ് വിതയത്തിലിന്റെ മുറിയിലേയ്ക്കായിരുന്നു.കതക് തള്ളിതുറന്നവൻ അകത്തു കയറി കുറ്റിയിട്ടു.എന്താ വിഷ്ണു എന്തായിതൊക്കെ.അറുപതു വയസ്സിനു മുകളിൽ പ്രായം,താടിയും മുടിയും നന്നായി നരച്ചിരിക്കുന്നു.കണ്ണടയില്ലെങ്കിൽ ഒന്നും വ്യക്തമല്ലാ.ഫാദർ പേടിച്ചെഴുന്നേറ്റു.
തനിക്കൊന്നുമറിയത്തില്ലല്ലേ..എന്റെ അച്ഛനെപ്പറ്റിച്ച് സ്വത്തു മുഴുവൻ കൈകലാക്കിയിട്ടു ഒന്നുമറിയാത്ത പോലിരിക്കുന്നോ..മര്യാദയ്ക്കെല്ലാം എന്റെ പേരിലോട്ടാക്കിക്കോ.. അല്ലെങ്കിൽ അച്ഛനാണ് അമ്മയാണെന്നൊന്നും ഞാൻ നോക്കത്തില്ലാ..കൊന്നു കളയും.ഫാദർ ജോസഫിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് വെച്ച് അവനലറി.വിഷ്ണു വിട് ഞാൻ പറയട്ടെ ചുമച്ചും ഞരങ്ങിയും കണ്ണുകൾ പുറത്തേയ്ക്ക് തള്ളിയും.ശ്വാസം കിട്ടാതെ ആ വൃദ്ധൻ പറഞ്ഞു.കുടിച്ച കള്ളിന്റെ ലഹരി വിട്ടെന്ന് തോന്നുന്നു അവൻ കഴുത്തിൽ നിന്ന് കൈയെടുത്തു.ആസ്ത്മയുടെ അസുഖമുള്ള ഫാദർ മേശ വലിപ്പിൽ നിന്നും മെഡിസിനെടുത്ത് വായിൽ സ്പ്രേ ചെയ്തു.
എനിക്കൊന്നുമറിയത്തില്ലാ.അങ്ങനെയെഴുതിയിട്ടുണ്ടെങ്കിൽ അതെല്ലാം തിരിച്ചു കിട്ടാൻ ഞാൻ ഏതു പേപ്പറിൽ വേണമെങ്കിലും ഒപ്പിട്ടു തരാം.എനിക്കൊരു സ്വത്ത് വകകളും വേണ്ടാ... ശ്വാസം തിരിച്ചു കിട്ടിയ അദേഹം നെഞ്ച്
തിരുമ്മിക്കൊണ്ട് അവനോട് പറഞ്ഞു.അങ്ങനെ ചെയ്‌താൽ തനിക്ക് നല്ലത് അവൻ കതക് വലിച്ചു തുറന്ന് നടന്ന്
നീങ്ങവേ...വിഷ്ണൂ... ഫാദർ അവനെ വിളിച്ചുകൊണ്ട് അടുത്തേയ്ക്ക് ചെന്ന്.മരിക്കുന്നതിന് മുൻപ് അദേഹം
എന്നെ കാണാൻ വന്നിരുന്നു.കുറെ അധികനേരം ഞങ്ങൾ സംസാരിച്ചിരുന്നു.നിന്നെയോർത്ത് അദേഹം ഒരുപാട്
സങ്കടപ്പെട്ടു.പൊട്ടിക്കരഞ്ഞു.പക്ഷെ അപ്പൊഴൊന്നും സ്വത്തു സംബന്ധമായ ഒരു കാര്യവും എന്നോട് സംസാരിച്ചില്ലാ.ഒന്നും അന്യാധീനപ്പെട്ടുപോകരുതെന്നും എല്ലാം നല്ലരീതിൽ മുന്നോട്ട് പോകണമെന്നുമാണ് അദേഹം അവസാനമായി എന്നോട് പറഞ്ഞത്.സമയമുണ്ടെങ്കിൽ....,കേൾക്കാൻ മനസ്സുണ്ടെങ്കിൽ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.വരൂ കുറച്ചു നടക്കാം.
ഈ അന്തേവാസികളെ നീ കണ്ടോ..ഈ കൊച്ചു കുട്ടികളെ നീ എപ്പോഴെങ്കിലും സ്ത്രദ്ധിച്ചിട്ടുണ്ടോ...ഇവരൊക്കെ
പല പല സാഹചര്യങ്ങളാൽ ഇവിടെയെത്തിയവരാണ്.വർഷങ്ങൾക്കു മുൻപ് ഈ അഗതി മന്ദിരം ഇങ്ങനെയായിരുന്നില്ലാ.മൂന്നു നേരം ആഹാരം കിട്ടാത്ത ദിവസങ്ങൾ,മാറിയിടാൻ നല്ലൊരു വസ്ത്രമില്ലാത്ത ദിവസങ്ങൾ.നല്ലൊരു കക്കൂസില്ലാ കുളിമുറിയില്ലാ പഠികാനും മറ്റു യാതൊരു സൗകര്യങ്ങളും ഇല്ലാത്ത കാലം.അന്നാണ് നിന്റെയച്ഛൻ ആദ്യമായി ഇവിടെയെത്തിയത്.ആ മുഖം ഞാനിപ്പൊഴും ഓർക്കുന്നുണ്ട്.
സ്വർണ്ണക്കരയുള്ള മുണ്ടും,ചന്ദനത്തിന്റെ നിറമുള്ള ഷർട്ടും വേഷം.സൂര്യ തേജസ്സോടുകൂടിയ ആ മുഖം അടുത്തേയ്ക്ക് വരുംതോറും എന്തോ ഒരു ആത്മബന്ധം തോന്നുന്നപോലെ എനിക്ക് തോന്നി.
കൈ നിറയെ ഉടുപ്പുകളും തുണികളും കൂടാതെ ധാരാളം പലഹാരപ്പൊതികളുമായി അദേഹം ഈ പടി കയറി വന്നു. അന്ന് അദേഹത്തിന്റെ പിറന്നാളായിരുന്നു മുപ്പത്തിയഞ്ചാം പിറന്നാൾ.ഞങ്ങൾ പരിചയപ്പെട്ടു.ഇടയ്ക്കിടെ അദേഹം സമയം കണ്ടെത്തി ഇവിടെ വരാൻ തുടങ്ങി.ഒരിക്കൽ പോലും വെറുംകൈയോടെ അദേഹം ഇവിടെ വന്നിട്ടില്ലാ.എല്ലാവർക്കും ഇഷ്ടമായിരുന്നു.കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ അദേഹത്തിന്റെകളിക്കൂട്ടുകാരായി.അതിനു ശേഷം പലപല സംഭാവനകൾ അദേഹം ഈ അനാഥാലത്തിനുവേണ്ടി ചെയ്തു.കുട്ടികളുടെ വിദ്യാഭ്യാസം ആഹാരം മറ്റു സൗകര്യങ്ങൾ എല്ലാം.പിന്നെ ഈ മന്ദിരം അദേഹം സ്വയം ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചു.അതിനു ശേഷമാണിത് സ്വർഗ്ഗമായത്.
സൊ വാട്ട്? അതിനെന്താ..ഇതൊക്കെയെന്തിനാണ് നിങ്ങൾ എന്നോട് പറയുന്നത്.ഐ ആം നോട്ട് ഇന്റ്രസ്റ്റെട് എനിക്കിതൊന്നും കേൾക്കാൻ താല്പര്യമില്ലാ..വിഷ്ണു പുച്ഛ ഭാവത്തോടെ ദേഷ്യപ്പെട്ടുകൊണ്ട് ഫാദറിനോട് പറഞ്ഞു .അതിലേയ്ക്കാണ് കുഞ്ഞേ... ഞാൻ പറഞ്ഞു വരുന്നത്.ഫാദർ ജോസഫ് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്ക് ചെന്നു.ഒരു നിത്യ സന്ദർശകനായ അദേഹം ഇവിടെ ഒരു പെണ്‍കുട്ടിയുമായി ഇഷ്ട്ടത്തിലായി.
അവൾക്കൊരു ജീവിതം കൊടുക്കാൻ അദേഹം ആഗ്രഹിച്ചു.അദേഹത്തിനോടുള്ള എന്റെ സ്നേഹവും ബഹുമാനം അന്നും ഇന്നും കൂടിയിട്ടേയുള്ളൂ ..എനിക്ക് പൂർണ്ണ സമ്മതമായിരുന്നു.അങ്ങനെ ആ വിവാഹം ഞാൻ നടത്തിക്കൊടുത്തു.ആ പെണ്‍കുട്ടിയാണ് സീത.സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്.പക്ഷെ
ദൈവം എല്ലാ സുഖങ്ങളും മനുഷ്യർക്ക് കൊടുക്കില്ലാ എന്നത് വളരെ ശരിയാണ്.അതിന് എന്തെങ്കിലും ഒരു ഉദേശ ശുദ്ധി ഉണ്ടായിരിക്കാം.സീതയ്ക്ക് കുട്ടികളുണ്ടാകില്ലായിരുന്നു.ഒരുപാട് കാത്തിരുന്നു പക്ഷെ ഫലമുണ്ടായില്ലാ.
വിഷ്ണുവിന്റെ മുഖത്ത് ഭയവും,സങ്കടവും,ആധിയും മാറി മാറി വന്നു.ഇനിപ്പറയുന്നത് കേൾക്കാൻ മനസ്സിന് നീ ധൈര്യം കൊടുക്കണം.ഫാദർ ജോസഫ് അവന്റെ അടുത്തെത്തി തോളത്ത് കൈവെച്ച് സമാധാനിപ്പിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ഈ സ്വർഗ്ഗത്തിന്റെ മുറ്റത്ത് ആരോ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കൈകുഞ്ഞിനെ കണ്ടു.അവന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാൻ പുറത്തേയ്ക്കുവന്നത്.
ഈ സ്ഥാപനത്തിന്റെ സൂക്ഷിപ്പുകാരൻ മാത്രമാണ് ഞാൻ.ഇതിന്റെ നടത്തിപ്പുകാരനായ ആ വല്ല്യ മനുഷനെ ഞാൻ ഉടനെ വിവരമറിയിച്ചു.അദേഹം വന്നു.ഒറ്റയ്ക്കല്ലാ കൂടെ സീതയുമുണ്ടായിരുന്നു.അവരാകുഞ്ഞിനെ ഏറ്റുവാങ്ങി.വേറൊന്നും എന്നോട് ചോദിച്ചില്ലാ..പോകുന്നതിനു മുൻപ് ഒരു കാര്യം അദേഹം എന്നോട് പറഞ്ഞു.മറ്റാരും ഇതറിയരുത്.രഹസ്യമായി സൂക്ഷിക്കണം.അവനെ അദേഹം സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിച്ചു ലാളിച്ചു.തനിക്കു കിട്ടാത്തതെല്ലാം,തനിക്കു നഷ്ട്ടമായെതെല്ലാം ആ കുഞ്ഞിന് സമ്മാനിച്ചു.പിന്നെ അവനൊരു പേരുമിട്ടു.വിഷ്ണു.അന്നദേഹം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മുല്ലശ്ശേരി തറവാട്ടിലല്ലാ.. ഇവിടെ ഇവിടെയായിരുന്നു നിന്റെ ജീവിതം.ഫാദർ ജോസഫ് അടിവരയിട്ടു വിഷ്ണുവിനോട് പറഞ്ഞു.
നോ.........നോ...... അതുകേട്ടവൻ പുറകിലേയ്ക്ക് തെന്നി മാറി ഇടനാഴിയിലെ തൂണിൽ ശക്തമായി ഇടിച്ചു നിന്നു. ഐ ആം നോട്ട് ബാസ്റ്റ്‌ഡ്.കള്ളം പച്ചക്കളം.നിങ്ങൾ കള്ളം പറയുകയാണ്.അവൻ ഫാദർ ജോസഫിന്റെ ളോഹയിൽ കുത്തിപ്പിടിച്ച് അലറി വിളിച്ചു.അവന്റെ കണ്ണുകളിൽ തീ പാറി.കുറ്റബോധം,ഭയം ഒറ്റപ്പെടൽ
വെറുപ്പ് എല്ലാഭാവങ്ങളും ആ മുഖത്ത് മാറി മാറി വന്നുകൊണ്ടേയിരുന്നു.ഐ ആം നോട്ട് ബാസ്റ്റ്‌ഡ്.
ഐ ആം നോട്ട് ബാസ്റ്റ്‌ഡ്.ളോഹയിൽ നിന്ന് അവന്റെ പിടുത്തം അയഞ്ഞയഞ്ഞു വന്നു.പതിയെ അവൻ താഴേയ്ക്ക് ഊർന്നു മുട്ടുകുത്തി ഇരുന്നു.ഐ ആം നോട്ട് ബാസ്റ്റ്‌ഡ് അവന്റെ ശബ്ദത്തിന്റെ ഗാംഭീര്യം കുറഞ്ഞ് കുറഞ്ഞ് വന്നു ഐ ആം നോട്ട് ബാസ്റ്റ്‌ഡ് അവൻ പൊട്ടിക്കരഞ്ഞു.ഫാദറിന്റെ കാൽക്കൽ വീണിരുന്നു.ഫാദർ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഈ ലോകത്ത് അവനൊരു ബിഗ് സീറോ ആയ നിമിഷം.അവൻ ഫാദറിന്റെ കൈകൾ കൂട്ടിപ്പിടിച്ചു അവന്റെ ചുണ്ടുകൾ വിതുബി.ഫാദർ ഞാനും ഞാനും ഒരനാഥനാണ് അല്ലേ... അവൻ ഒരു കൊച്ചുകുട്ടിയെപ്പോൽ തേങ്ങി.
അല്ല കുഞ്ഞേ ഒരിക്കലുമല്ലാ.ആ വലിയ മനുഷ്യൻ എപ്പോഴെങ്കിലും നിന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ? നിന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടോ? നീ അല്ലേ അവരെ വേദനിപ്പിച്ചിട്ടുള്ളത്.നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ലാ
ഞാനിതൊക്കെ പറഞ്ഞത്.നീ.. നീയറിയാതെ തന്നെ വലിയ വലിയ തെറ്റുകളിലേയ്ക്ക്
പൊയ്ക്കൊണ്ടിരിക്കുകയാണ്,സ്വയം നശിക്കുകയാണ്,എത്രയോ കാലം കൊണ്ട് അദേഹം കഷ്ട്ടപ്പെട്ടുണ്ടാക്കി
യെടുത്ത പേരും പ്രസക്തിയും നഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക്,എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ.
നീയൊന്നോർത്തു നോക്കിക്കേ... അദേഹത്തിനെ ഒരിക്കലും തെറ്റു പറയാൻ പറ്റില്ലാ...എന്നെങ്കിലും ഒരിക്കൽ നീ
എന്നെത്തേടി വരുമെന്ന് അദേഹം പറഞ്ഞിരുന്നു.അല്പ്പം എഴുതുന്ന ആളായിരുന്നു അദേഹം.
അമേരിക്കയിലൊക്കെ പഠിച്ച നിനക്ക് ഇതൊക്കെ എത്രത്തോളം ഉൾക്കൊള്ളാൻ സാധിക്കുമെന്ന് എനിക്കറിയില്ലാ.ഇത് അദേഹത്തിന്റെ ജീവിതമാണ്.സമയം കിട്ടുമ്പോൾ വായിക്കണം.നിനക്ക് തരാൻ എന്നെ എല്പ്പിച്ചതാണ്.ഇതാ..മുറിയിൽ തിരിച്ചെത്തിയ ഫാദർ ആ പൊതി അവനെ ഏല്പ്പിച്ചു.
അവനാപൊതി വാങ്ങി മുറിയ്ക്ക് പുറത്തിറങ്ങി.കൂടെ ഫാദറും.എല്ലാം നഷ്ട്ടപ്പെട്ട ഒരഭായാർത്ഥിയെപ്പോൽ ആ വരാന്തയിലൂടെ അവൻ പതിയെ നടന്നു.ഗുഡ് മോർണിംഗ് ഫാദർ.ഒരു കൊച്ചുകുട്ടി പനിനീർപ്പൂവുമായി ഫാദറിന്റെ അടുത്തേയ്ക്ക് വന്നു.വെരി ഗുഡ് മോർണിംഗ് അമ്മുക്കുട്ടി.ഉമ്മാ..ഫാദർ ആ കുട്ടിയെ എടുത്ത് കവിളിൽ ഒരുമ്മകൊടുത്തു.അമ്മുക്കുട്ടിയുടെ നെറ്റിയെങ്ങനെ പൊട്ടി.നല്ല മുറിവുണ്ടല്ലോ.. അത് അത് ആ അങ്കിൽ... ആ കുട്ടി വിഷ്ണുവിന് നേരെ കൈചൂണ്ടി..വിഷ്ണു തിരിഞ്ഞു നോക്കി.കുട്ടി പേടിച്ച് ഫാദറിന്റെ ഏണിൽ നിന്നൂർന്നിറങ്ങി പുറകിലൊളിച്ചു.വിഷ്ണു അവരുടെ അടുത്തേയ്ക്ക് പതിയെ നടന്നു വന്നു.അവൻ ഫാദറിന്റെ മുന്നിൽ മുട്ടുകുത്തി എന്നിട്ട് ആ കുഞ്ഞുകൈകളിൽ പതിയെ പിടിച്ചു.അയ്യോ ഫാദർ മോളെ ഒന്നും ചെയ്യരുതെന്ന് പറയൂ..മോൾക്ക് പേടിയാണേ...ആ കൊച്ചു കുട്ടി ഫാദറിന്റെ ളോഹയിൽ പിടിച്ച് കരഞ്ഞു.അയ്യേ..എന്തിനാണ് അമ്മുക്കുട്ടി പേടിക്കുന്നത്.ഈ അങ്കിള് പാവമാണ്.നോക്കിക്കേ...പുറകിലൊളിച്ച കുട്ടി പതിയെ വിഷ്ണുവിന്റെ മുഖത്തേയ്ക്കു നോക്കി.അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.ഉം എന്തിനാ.. അങ്കിൾ കരയുന്നത്.കരയണ്ടെട്ടോ...അമ്മുകുട്ടി അവന്റെ കണ്ണുനീർ തുടച്ച് മാറ്റി.അവനാകുഞ്ഞിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.എന്നിട്ട് നെറ്റിയിൽ ഉമ്മവെച്ചു.
വിഷ്ണൂ.. തെറ്റ് ചെയ്യുന്നത് മനുഷ സഹജമാണ്.ചെയ്തത് തെറ്റാണന്നു ബോദ്ധ്യപ്പെടുകയും ആ തെറ്റുകൾ തിരുത്തുവാനും അതിനെയോർത്ത് പാശ്ചാതപിക്കുകയും ചെയ്യുബോഴാണ് മനുഷ്യൻ പൂർണ്ണതയിലെത്തുന്നത്.നിനക്ക് ആരുമില്ലാ എന്ന തോന്നൽ മനസ്സിൽ നിന്ന് എടുത്ത് കളയണം.എന്നിട്ട് വീട്ടിൽ പോകണം അവിടെ നിന്നെ കാണാതെ വിഷമിച്ചിരിക്കുന്ന ഒരമ്മയുണ്ട്.ഇനിയർക്ക് ഒരു താങ്ങായും തണലായും നീ മാത്രമേ..ഉള്ളൂ.. ജന്മം തന്നതു കൊണ്ടുമാത്രം ഒരാൾ അച്ഛനാകില്ല.പ്രസവിച്ചതുകൊണ്ട് അമ്മയും ആകില്ലാ.
എല്ലാ അർത്ഥത്തിലും നിന്റെ മാതാപിതാക്കൾ പ്രതാപനും സീതയും തന്നെയാണ്.വീട്ടിലേയ്ക്ക് ചെല്ല്.പിന്നെ
ഞാനീ കാര്യങ്ങളൊക്കെ പറഞ്ഞന്നു സീതയറിയണ്ടാ... ചെയ്ത പ്രവർത്തികളും പറഞ്ഞ വാക്കുകളുമോർത്ത്
തനിക്കൊരു ജീവിതം ദാനമായി തന്ന അച്ഛനേയും അമ്മയേയും ഓർത്ത് നെഞ്ചുരുകി കാൽക്കൽ വീണ് ഒരായിരം മാപ്പ് പറഞ്ഞ് അവനാ ഇടനാഴിയിലൂടെ പതിയെ നടന്നു നീങ്ങി.
പലന്തിയോളം എവിടെയൊക്കെയോ..ചുറ്റിത്തിരിഞ്ഞ് രാത്രിയിൽ അവൻ തറവാട്ടിലെത്തി.സാധാരണ എന്നും എത്താറുള്ളത് കുടിച്ച് നാല് കാലേലാണ്.ഇന്നവൻ കുടിച്ചിട്ടില്ലാ...പൂമുഖത്ത് വെച്ചിരിക്കുന്ന കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കാല്കഴുകി അകത്ത് കയറി.കാറിന്റെ ശബ്ദം കേട്ട് കാര്യസ്ഥൻ ഗോപാലപ്പണിക്കർ പുറത്തേയ്ക്ക് വന്നു.കുഞ്ഞെവിടെയായിരുന്നു.അമ്മ രാവിലെ മുതൽ ജലപാനം കഴിച്ചട്ടില്ല്യാ...
പണിക്കരേട്ടാ...ഞാനൊന്ന് കുളിച്ചിട്ട് വരാം.കഴിക്കാനുള്ളത് എടുത്ത് വെച്ചോളൂ..അവൻ പതിയെ ഗോവണിപ്പടികയറി മുകളിലെ മുറിയിലേയ്ക്കു കയറി.എന്റെ ശിവനേ..ഞാനെന്തായീ കേക്കണത് പണിക്കരേട്ടാന്നോ.. എടോ പോടോ..പണിക്കരെ എന്നൊക്കെ വിളിച്ച കുട്ടിയാ..എന്ത് പറ്റി.ആ.. നല്ല ബുദ്ധിതോന്നിക്കാണും.(പണിക്കർ പത്ത് ഇരുപത് വർഷമായി പ്രതാപൻ സാറിന്റെ കൂടെ കൂടിയിട്ട് പക്ഷെ ഇന്നേ..വരെ വിഷ്ണു അങ്ങേരെ ചേട്ടാന്ന് വിളിച്ചിട്ടില്ലാ.. അതാണീ സന്തോഷം)
അവൻ മുറി തുറന്നകത്തു കയറി അടുക്കും ചിട്ടയുമില്ലാതെ എല്ലാം അലങ്കോലമായി കിടക്കുന്നു.മദ്യക്കുപ്പികൾ പാതി കുടിച്ച ഗ്ലാസുകൾ സിഗരറ്റ് പായ്ക്കറ്റ്.വലിച്ച കുറ്റികൾ അങ്ങനെ പലതും..പെട്ടന്നവൻ കുളികഴിഞ്ഞ് താഴേ.. അമ്മയുടെ മുറിയിലെത്തി.അവൻ അമ്മയെ വിളിച്ചു.സീത പതിയെ എഴുന്നേറ്റു.(വയ്യാതായി പ്രായത്തിന്റെ അസുഖങ്ങൾ ഒരു ഭാഗത്ത്,ഭർത്താവിന്റെ വിയോഗം മറുഭാഗത്ത് പിന്നെ മകനെക്കുറിച്ചുള്ള
ദുഃഖവും) വിഷ്ണു അമ്മയെ എഴുന്നേൽക്കാൻ സഹായിച്ചു.പതിവില്ലാത്ത കാര്യങ്ങൾ സീതയെ അതിശയിപ്പിച്ചു.സാധാരണ ഇതൊക്കെ വാല്ല്യക്കാരി പെണ്‍കുട്ടിയാണ് ചെയ്യുന്നത്.അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും അപൂർവ്വം.അവൻ സ്ഥിരമായി കഴിക്കുന്ന ഭക്ഷണസാധനങ്ങൾ മാറ്റിവെച്ചു.എന്നിട്ട് കഞ്ഞിയും പയറും പപ്പടവും ചമ്മന്തിയും കൂട്ടിക്കഴിച്ചു.പണിക്കരേട്ടാ..എന്റെ മുറിയൊന്നു വൃത്തിയാക്കണം.
കഴിക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൻ അമ്മയെ മുറിയിൽ എത്തി കഴിക്കാനുള്ള മരുന്നെടുത്ത് കൊടുത്തു.
എന്ത് പറയണമെന്ന് സീതയ്ക്കറിയില്ലായിരുന്നു.എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.അവൻ അമ്മയെ ബെഡിൽ കിടത്തി.പുതപ്പ് കൊണ്ട് പുതപ്പിച്ചു.സീതയുടെ കണ്ണുകൾ നിറഞ്ഞു.അവൻ അമ്മയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങി.ഇതെല്ലാം കണ്ടു പണിക്കരുടെയും കണ്ണുകൾ നിറഞ്ഞു.
തിരികെയവൻ മുറിയിലെത്തി.മുറിയൊക്കെ വൃത്തിയാക്കിയിരിക്കുന്നു.ഫാദർ ജോസഫ് വിതയത്തിൽ തന്ന പൊതി മേശ വലിപ്പിൽ നിന്നും പുറത്തെടുത്തു. ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന ഈ പൊതിയിൽ എന്താണ്.അവൻ അത് തുറന്ന് നോക്കി ഒരു ബുക്ക്.ബുക്കിന് നല്ല പഴക്കമുണ്ട് താഴെ പബ്ലിഷ്ഡ് ബയ് 1980 നെല്ലിക്കര എന്നെഴുതിയിട്ടുണ്ട്.പണ്ട് ദേഷ്യം വന്നപ്പോൾ എടുത്തെറിഞ്ഞ ഒരു ഫോട്ടോ മേശ വലിപ്പിൽ കിടക്കുന്നത് ബുക്ക് നോക്കുന്നതിനിടയിൽ അവൻ കണ്ടു.
അച്ഛനും അമ്മയും അവനും കൂടിയിരിക്കുന്ന പണ്ടെടുത്തൊരു ഫോട്ടോ.ചില്ല് പൊട്ടിയിട്ടുണ്ട്.പൊടി പിടിച്ചു കിടക്കുവായിരുന്നു.ഒരു തുണികൊണ്ട് തുടച്ചിട്ട് അതും എടുത്തവൻ മേശപ്പുറത്ത് വെച്ചു.അന്നവന് പത്ത് വയസ്സായിരുന്നു.ആ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെ അവന്റെ മനസ്സ് ബാല്യത്തിലേയ്ക്ക് അല്പ്പനേരം യാത്രയായി.അടച്ചിട്ട ഒരു ജനൽ മെല്ലെത്തുറന്നു.നല്ല നിലാവുണ്ട് ജനലഴികളിലൂടെ കത്തിയെരിഞ്ഞ അച്ഛന്റെ ചിത അവൻ നോക്കി നിന്നു.പെട്ടന്ന് അനുവാദം ചോദിക്കാതെ ഒരു കുളിർ തെന്നൽ ആ ജാലകവാതിലിലൂടെ അവനെ തഴുകി മുറിയിലേയ്ക്ക് വീശി.കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു.ജനൽ പാളികൾ ശക്തമായി തുറന്നടിച്ചു.ജനലുകളിൽ ഇട്ടിരുന്ന അലങ്കാര തുണികൾ,മേശപ്പുറത്ത് വെച്ചിരുന്ന പുസ്ത്തകത്താളുകൾ പാറിപ്പറന്നു.കാറ്റിന്റെ ശക്തിയിൽ ഒരു കടലാസ് കഷണം ഉയർന്നു പൊങ്ങി ജനൽക്കബിയിൽ തട്ടിനിന്നു.അവനതെടുത്തു അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
" നീയാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ലാ.നിനക്കെന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുക."
വായിച്ചു കഴിഞ്ഞതും ആ കടലാസുകക്ഷണം അവന്റെ കൈയിൽ നിന്ന് ജനലിലൂടെ പുറത്തേയ്ക്ക് പറന്ന് പോയി. ടേബിൾ ലാംപ് ഓണ്‍ ചെയ്ത് കസേരയിൽ അവനിരുന്നു.നിവർന്നു മാറിക്കിടന്ന പുസ്തകം കൈയിലെടുത്ത് പേര് വായിച്ചു.
"ഇനിയെത്ര ദൂരം"... ഏടുകൾ ഓരോന്നായി അവൻ വായിച്ചു.അത് ശങ്കരൻകുട്ടിയുടെ ജീവിതമായിരുന്നു.
ചങ്കരനിൽ നിന്ന് പ്രതാപനിലേയ്ക്കുള്ള ചുവടുകളുടെ കാലം.
നെല്ലിക്കരയെന്ന ഒരു കൊച്ചു ഗ്രാമം.നേരമൊരുപാടിരുട്ടിയിരിക്കുന്നു.ചീവീടുകൾ ആ ഇരുട്ടിനെ കൂടുതൽ
ഭയാനകമാക്കി.നായ്ക്കൾ വല്ലാതെ കുരയ്ക്കുന്നുണ്ട്.ഇരുട്ടിന്റെ മറയിൽ നിന്നാചൂട്ടു വെളിച്ചം ആടിയും നിവർന്നും തിരിഞ്ഞും മറിഞ്ഞും ഒരു താളമില്ലാ..പാട്ടിന്റെ ഓളത്തിൽ പാടവരമ്പത്തൂടെ ആ കൊച്ചു കുടിലിനെ ലക്ഷ്യമാക്കി നീങ്ങി.കാലുകൾ നിലത്തുറയ്ക്കുന്നില്ലാ.ആരെയൊക്കെയോ ചീത്തവിളിച്ചും പരാതികളും സങ്കടങ്ങളും നെഞ്ചിലേറ്റി അയാൾ നടന്നടുത്തു.കത്തിയെരിയുന്ന ചൂട്ട് മുറ്റത്തെ വാഴചോട്ടിൽ കുത്തിക്കെടുത്തി.ഉണ്ടായിരുന്ന കള്ളിന്റെ ബാക്കി കൂടി കുടിച്ച് കുപ്പി വലിച്ചെറിഞ്ഞു.അരയിൽ തിരുകിയ ബീടിപ്പൊതിയിൽ നിന്നൊരെണ്ണം ചുണ്ടിൽ കത്തിയെരിഞ്ഞു.പുക ചുമച്ചു തുപ്പി.അഴിഞ്ഞ മുണ്ടിന്റെയറ്റം അലസമായി വാരി ചുറ്റി.കുടിലിന്റെ വരാന്തയിൽ തൂങ്ങിക്കിടന്ന റാന്തൽ വെട്ടത്തിൽ ആ മുഖം വ്യക്തമായി.തലയിൽ കെട്ടിയ തോർത്തും വെട്ടിയൊതുക്കാത്ത മീശയും ധീശയും ചുവന്ന് കലങ്ങിയ കണ്ണുകളുമായി ഒരു രൂപം.ഇത് മുഴുക്കുടിയനായ അച്ഛൻ.അമ്മയ്ക്ക് പറ്റിയ തെറ്റ്.പ്രേമിക്കുന്ന കാലത്ത് ഇതൊക്കെയാര് നോക്കാൻ.കതക് തട്ടിയും ചവിട്ടിയും ഒച്ചെയെടുത്തയാൾ അകത്ത് കയറി.സത്യം പറയടീ... ആരുടെയാടീ ഈ ചെറുക്കൻ.പിന്നെ തെറിയും നിലവിളിയും ബഹളവുമാണ്.വെച്ചിരിക്കുന്ന ചോറും കറികളും തട്ടിതെറുപ്പിച്ചു.സംശയ രോഗംവും കള്ളും തലയ്ക്കു പിടിച്ചയാൾ പലതും പുലബി.ഇത് ഈ വീട്ടിലെ നിത്യ സംഭവമാണ്.ഇതെല്ലാം കണ്ടും കേട്ടും പേടിച്ചു ജീവിക്കുന്ന രണ്ട് ചെറു ബാല്ല്യങ്ങൾ കൂടി ഇവരുടെ ഇടയിലുണ്ട്.അവനും അവന്റെ കുഞ്ഞനുജത്തിയും.
ഉണ്ണാതെയും ഉറങ്ങാതെയും കഴിച്ചു കൂട്ടിയ ദിവസങ്ങൾ.ഒരോണം വന്നാലും,വിഷു വന്നാലും,ക്രിസ്തുമസ് വന്നാലും അവന്റെ വീട്ടിൽ ദുഖവും ദാരിദ്ര്യവും മാത്രം.ഒരു നേരമെങ്കിലും വയറ് നിറയെ ആഹാരം കഴിക്കാനും,കീറാത്ത ഒരു കുപ്പായമിടാനും,അച്ഛന്റെ കൈപിടിച്ച് യാത്ര പോകാനും,തിരികെ ക്കിട്ടാത്ത ബാല്ല്യമാസ്വദിക്കാൻ കൂട്ട് കൂടി നടന്ന്,ചക്കര മാവിന്റെ കൊന്ബിലിരുന്നു കൊതിയോടെ
മാബഴം ചപ്പിക്കഴിക്കാനും,അബലക്കുളത്തിലെ ചെറു മീനുകളെ തോർത്ത് മുക്കി കോരിയെടുക്കാനും,
ചാടി മറിഞ്ഞ് നീന്തിക്കളിക്കാനും,വർണ്ണക്കടലാസുകൊണ്ടൊരു പട്ടം പറത്തി,ഓലകാറ്റാടിയുമായി പാടവരംബത്തൂടോടി നടന്ന് പൈങ്കിളിപ്പെണ്ണിനോട് പായാരം ചൊല്ലിയും,അണ്ണാറക്കണ്ണന്റെ കൂട് തേടി,തുള്ളിക്കൊരുകുടം പെയ്യും മഴയിൽ ആടിത്തിമിർത്ത് കെട്ടിക്കിടക്കുന്ന മഴവെള്ളം തട്ടിതെറുപ്പിച്ച് കളിച്ച്
രസിക്കാനും ഒടുവിൽ പെയ്തു തോർന്ന മഴവെള്ളത്തിൽ കടലാസ് തോണി ഒഴുകിപ്പോകുന്നതും നോക്കി യിരിക്കാനും ഒരു കുട്ടി ആഗ്രഹിക്കുന്നത് തെറ്റല്ലാ.. അവൻ കൊതിച്ചിട്ടുണ്ട്.കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്.
ഒരു കളിപ്പാട്ടത്തിനുവേണ്ടി വാശിപിടിച്ചിട്ടുണ്ട്.ആ വാശി അവന്റെ കുഞ്ഞ് ശരീരത്തിൽ ഉണങ്ങാത്ത മുറിപ്പാടുകൾ മാത്രം സമ്മാനിച്ചു.
താണജാതിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയതുകൊണ്ട് അമ്മവീട്ടുകാരുടെയും തറവാട്ടുകാരണവരുടെയും പുച്ഛവും വെറുപ്പും അവഗണനയും കളിയാക്കലുകളും അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.അച്ഛന്റെ പേര് ശങ്കരനെന്നായിരുന്നു.ശങ്കരനെ എല്ലാവരും ചേർന്ന് ചങ്കരനാക്കി.ചങ്കരന്റെ കുട്ടിയെ ചങ്കരൻക്കുട്ടി എന്ന് കളിയാക്കിവിളിച്ചു.ചങ്കരൻക്കുട്ടി എങ്ങോട്ടാ..,ആരിത് ചങ്കരനോ..,ദേ.. ടാ..നമ്മുടെ ചങ്കരൻ. ചങ്കരോ..പൂയ്.ആശാൻ കളരിയിൽ,കുളക്കടവിൽ,പീടികയിൽ എന്ന് വേണ്ടാ..എവിടെയും അവനൊരു കോമാളിയായി.
പേരിനൊരച്ഛനുണ്ടായിരുന്നത് അവന്റെ ആഞ്ചാമത്തെ വയസിൽ മരിച്ചു.ആകെയുള്ള സമ്പാദ്യം അച്ഛൻ വരുത്തിവെച്ച കുറേ കടങ്ങളും,മഴപെയ്താൽ ചോരുന്നൊരോലപ്പുരയും,ഒരു പശുവും.അല്ലാതൊന്നുമില്ലാ.
ജീവിക്കാൻ അരിവാളുമായി അമ്മ പാടത്തേയ്ക്കിറങ്ങി.കൊയ്തും മെതിച്ചും വീട്ടു ജോലികളുമായി
ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ വർഷങ്ങൾ കടന്നു പോയി.അമ്മയ്ക്ക് വയ്യാതായിരിക്കുന്നു.അച്ഛന്റെ ഇടിയും അടിയും കൊണ്ട് നേരത്തേ തന്നെ അവരൊരു രോഗിയായിക്കഴിഞ്ഞു.ഇന്നവന് പത്ത് വയസ്സ്.പഠിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ ഒരു കുടുബത്തിന്റെ ഭാരം.അതിനവന് ഒരു പരാതിയുമില്ലാ..പരിഭവവുമില്ലാ.
അമ്മയുടെ തോരാത്ത കണ്ണീരും അനുജത്തിയുടെ ഭയന്ന് വിറച്ച മുഖവും,മറ്റു സാഹചര്യങ്ങളും ഒരു പത്ത് വയസ്സുകാരന്റെ ചിന്തയിൽ നിന്നും അവനെ വ്യത്യസ്തനാക്കി.പഠിച്ചൊരു വല്ല്യ നിലയിലെത്താൻ അമ്മ എപ്പോഴും പറയും.പഠിക്കാൻ പോയാൽ വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കും.അന്ന് രാത്രിയിൽ അവൻ കുറച്ചു കാര്യങ്ങൾ തീരുമാനിച്ചു അത് അമ്മയുമായി സംസാരിക്കുകയും ചെയ്തു.
വെളുപ്പിനെ അഞ്ചു മണിമുതൽ എല്ലാവീടുകളിലും പത്രം ഇടാൻ പോകും.അതിനുശേഷം പശുവിനെ കറന്ന പാല് ഒന്നുരണ്ട് വീടുകളിൽ കൊടുക്കും.പിന്നെ നടന്നും കടത്ത് കടന്നും കിലോമീറ്ററുകൾ താണ്ടി അനുജത്തിയുടെ കൈപിടിച്ച് സ്കൂളിലേയ്ക്ക്.സ്കൂളിൽ നിന്ന് തിരികെയെത്തിയാലും അവൻ വെറുതെയിരിക്കില്ലാ..അമ്മയെ
സഹായിച്ചും അനിയത്തിക്കൊരു നല്ലയേട്ടനായും ആ കൊച്ചു വീട്ടിൽ.പക്ഷെ ആ ചെറിയ വരുമാനം കൊണ്ട് അമ്മയ്ക്ക് മരുന്ന് വാങ്ങിക്കഴിഞ്ഞാൽ പിന്നെ കാര്യമായിട്ടൊന്നുമില്ലാ..എന്ത് ചെയ്യും.അമ്മയുടെ ആഗ്രഹം നിറവേറ്റണം.അനിയത്തിയെയെങ്കിലും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം.
എല്ലാ കാര്യങ്ങളും അമ്മയോട് പറയുന്നയവൻ ഇക്കാര്യം മാത്രം പറഞ്ഞില്ലാ.അന്നും പതിവ് പോലെ വെളുപ്പിനെ അഞ്ചു മണിക്കെഴുന്നേറ്റ് എല്ലാജോലികളും ചെയ്തു തീർത്ത് അനിയത്തിയുമായി സ്കൂളിലെത്തി.
ഉച്ചയ്ക്ക് ഊണ് കഴിക്കുന്ന സമയത്ത് മറ്റു കുട്ടികളിൽ നിന്നും മാറിയിരുന്നവൻ ഭക്ഷണം കഴിച്ചു.വേറൊന്നും
കൊണ്ടല്ലാ..അവന്റെ ഭക്ഷണപ്പൊതി മറ്റുകുട്ടികൾ കണ്ടാൽ കളിയാക്കും.കാരണം ആ വാഴയിലപ്പൊതിയിൽ
കുറച്ച് ചോറും ചമ്മന്തിയും ഉപ്പിലിട്ട മാങ്ങയും മാത്രമേ ഉണ്ടായിരുന്നൊള്ളൂ.ചില ദിവസങ്ങളിൽ കപ്പപുഴുങ്ങിയതും കാന്താരി ചതച്ചതും.ഇത് എന്നത്തെയും പതിവാണ്.ഭക്ഷണം കഴിച്ച് കഴിഞ്ഞ് ആരും കാണാതെ അവൻ അങ്ങാടിയിലെത്തും.അവിടെ ഒരു പീടികയിൽ സഹായിയായി നില്ക്കും.അതിന് ശേഷം വൈകിട്ട് അനിയത്തിയെക്കൂട്ടാനായി സ്കൂളിനടുത്തുള്ള ഇടവഴിയിൽ കാത്ത് നില്ക്കും.ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം സ്കൂളിന്റെ ഹെഡ്മാസ്റ്റർ ഇത് കണ്ടുപിടിച്ചു.രാഘവൻ മാഷ് അവനെ ശാസിച്ചില്ല,തല്ലിയില്ലാ
കാരണം.ഏതു കാര്യത്തിനും അവൻ മുന്നിലായിരുന്നു.പഠിത്തത്തിലായാലും,മറ്റ് കലാ കായിക മത്സരത്തിലാ
യാലും എല്ലാത്തിനും മിടുക്കനായിരുന്നു.അവൻ പോയത് ഒരു കുടുംബം പുലർത്താനായിരുന്നു എന്ന സത്യം അദേഹം മനസ്സിലാക്കുകയും ചെയ്തു.അങ്ങനെ മാസങ്ങൾ കടന്നു പോയി.എല്ലാ വിഷയത്തിനും നല്ല മാർക്ക്
വാങ്ങിയ അവന് അദ്ധ്യാപകരെല്ലാം ചേർന്ന് ഒരുചെറിയ തുക സമ്മാനമായി കൊടുത്തു.ആ തുകയവൻ അമ്മയ്ക്ക് സമ്മാനിച്ചു.മോനേ..നിനക്കിഷ്ട്ടമുള്ളത് വാങ്ങിച്ചോ..നിറഞ്ഞ മനസ്സോടെ അവരത് തിരികെ ക്കൊടുത്തു.എന്തൊക്കെ ആഗ്രഹങ്ങളുണ്ട് അവനതെല്ലാം മാറ്റിവെച്ചു.എന്നിട്ട് ഒരു സൈക്കിൾ വാങ്ങി.
അനുജത്തിയെ സൈക്കിളിലിരുത്തി ഗ്രാമം മുഴുവൻ ചുറ്റിക്കാണിച്ചു.അവൾക്കിഷ്ട്ടമുള്ള നാരങ്ങാ മിഠായിയും,
തേൻ മിഠായിയും,കരിവളകളും,കണ്മഷിയും പൊട്ടുമൊക്കെ വാങ്ങിക്കൊടുത്തു.അമ്മയ്ക്കൊരു സാരി വാങ്ങാനും അവൻ മറന്നില്ലാ..
ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവന്.പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചു.എല്ലാ കുട്ടികളും വേനലവധി
ആഘോഷിച്ചു നടന്നു.അത് കാണുമ്പോൾ കൊതിയോടെയവൻ നോക്കിനിൽക്കാറുണ്ട്.ആഗ്രഹമില്ലാഞ്ഞിട്ടല്ലാ..
സകൂളു തുറന്ന് കഴിയുമ്പോൾ പുസ്തകം,കുട,സഞ്ചി,പേന,പെൻസിൽ അങ്ങനെ കുറേ ആവശ്യങ്ങളുണ്ട്. അതിനൊക്കെ കാശ് വേണം.അനുജത്തിക്ക് ഉടുപ്പുകൾ വാങ്ങണം.മഴക്കാലത്തിന് മുൻപ് പുര ഓലമേയണം.
എല്ലാ വർഷവും ചോർന്നൊലിക്കുന്ന പുരയിലാണിരിക്കുന്നത്.മാനത്ത് മഴക്കാറ് കാണുബോഴേ.....
പടവരബത്തൂടോടി വീട്ടിലെത്തും.വെള്ളം വീഴുന്നിടത്തെല്ലാം ചട്ടിയും ചളുങ്ങിയ പാത്രങ്ങളും വെയ്ക്കും.
പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിക്കും.ഉണങ്ങിയ ചൂട്ടും തൊണ്ടും വിറകും തീപ്പെട്ടിയും
വെള്ളം വീഴാത്തിടത്ത് ഒതുക്കി വെയ്ക്കും.എന്നിട്ട് ക്ഷണിക്കാതെ എത്തിയ അതിഥിയെ നോക്കി ഒരു മൂലയ്ക്കു മൂടിപ്പുതയ്ച്ചിരിക്കും.തോരാതെ മഴ പെയ്യുന്ന ദിവസങ്ങൾ,ചുറ്റും വെള്ളം കയറി വീട്ടിൽ നിന്നും പുറത്തിറങ്ങാൻസാധിക്കാതെ,അടുപ്പിൽ തീ പുകയാതെ,കുടിവെള്ളം പോലും കിട്ടാത്ത ദിവസങ്ങൾ.എല്ലാം കൂടിയോർക്കുമ്പോൾ ടിർണീം.. .ടിർണീം.. ശബ്ദത്തോടെ സൈക്കിൾ ആഞ്ഞ് ചവിട്ടിയവൻ ദൂരങ്ങൾ താണ്ടും.വേനലവധി കഴിഞ്ഞ് സ്കൂള്തുറന്നു.ജയിച്ചോന്ന് ചോദിക്കണ്ട കാര്യമില്ലാ.കാരണം ഒരു ക്ലാസിൽ പോലും അവർ തോറ്റിട്ടേയില്ലാ.
ഒരു രൂപാ പോലും അനാവശ്യമായി കളയാതെ അവൻ സൂക്ഷിച്ചു വെച്ചിരുന്നു.ഒരു കൊച്ചു വീട്.പശുക്കളും
ആടുകളും കോഴികളും വാഴയും കപ്പയും ചേനയും ചേബും കാച്ചിലും പ്ലാവും മാവും ഒക്കെ കൂടി ധാരാളം സ്ഥലം.പാവങ്ങളെ സഹായിക്കണം അവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം.അങ്ങനെ അവന്റെ മനസ്സ് നിറയെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിരുന്നു.പഠിത്തവും ജോലിയും ഒരു പോലെ മുന്നോട്ട് പോയി.അവനാഗ്രഹിച്ചതുപോലെ തന്നെ എല്ലാം അവനെ തേടിയെത്തി.നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ പെട്ടന്ന് കടന്നു പോയി.അനുജത്തിയെ പഠിപ്പിച്ച് ഡോക്ടറാക്കി.ഒരു നല്ല വീട്,ഹോസ്പ്പിറ്റൽ.പശു ഫാം,കോഴി ഫാം,ഹോട്ടേൽ,അപ്പാർട്ട്മെന്റ്സ്,സൂപ്പർ മാർക്കറ്റ്,തിയറ്റർ അങ്ങനെയെല്ലാം കുറഞ്ഞ കാലം കൊണ്ട് അവൻ സ്വന്തമാക്കി.പുതിയ പരിഷ്ക്കാരങ്ങൾ മാറി മാറി വന്നു.ബൈക്കുകൾ,കാറുകൾ.അങ്ങനെയെല്ലാം വന്നിട്ടും തന്നെ ഇത്ര ദൂരമെത്തിച്ച ആദ്യ സകടമായ സൈക്കിൾ അവൻ പൊന്നു പോലെ സൂക്ഷിച്ചു വെച്ചു.അമ്മയുടെ മരണം അവനൊരു തീരാ നഷ്ട്ടമായിരുന്നു.മരണക്കിടക്കയിൽ അമ്മ പറഞ്ഞ അവസാന വാക്ക്.
അവനെന്നുമോർക്കും. മോനേ...ഒരു പാവം പെണ്ണിന് നീ ജീവിതം കൊടുക്കണം.അമ്മയുടെ അവസ്ഥ ഒരു പെണ്ണിനും ഉണ്ടാകരുത്.നല്ലതേ..വരൂ.. അവന്റെ എല്ലാ സ്ഥാപനങ്ങൾക്കും അമ്മയുടെ പേര് ആദ്യം ചേർത്തു.
ലക്ഷ്മി.
അനുജത്തിയെ ഒരു നല്ല കുടുബത്തിൽ കല്ല്യാണം കഴിപ്പിച്ച് വിട്ടു.ഇനിയടുത്ത ഊഴം അവന്റെയാണ്.
അങ്ങനെയൊരുദിവസം ടെലിവിഷനിൽ കണ്ട ഒരു ഡോക്ക്യുമെന്ട്രി അവനെ ഫാദർ ജോസഫ് വിതയത്തിലിന്റെ
അടുത്തെത്തിച്ചു.ഉണ്ണാനും ഉടുക്കാനും കഷ്ട്ടപ്പെടുന്ന അവരുടെ ഇടയിലേയ്ക്കു ഒരു ദൈവ ദൂതനെ പോലെ അവൻ ചെന്നു.അവിടെ അവന് എല്ലാവരും ഉണ്ടായിരുന്നു അമ്മ അച്ഛൻ അനുജത്തി കൂട്ടുകാർ അങ്ങനെയെല്ലാവരും.അക്കൂട്ടത്തിൽ അവനൊരു കൂട്ടുകാരിയേയും കിട്ടി സ്നേഹിക്കാൻ മാത്ര മറിയാവുന്ന
ഒരു നല്ല കൂട്ടുകാരി.സീത.അവൾ പിന്നെ അവന്റെ എല്ലാമെല്ലാമായി.സീതയെ തന്നത് പോലെ തന്നെ ദൈവം അവനൊരു കുഞ്ഞിനേയും കൊടുത്തു.സ്വന്തം മകനെപ്പോലെ സ്നേഹിച്ചു എല്ലാം അളവിൽ കൂടുതൽ വാരിക്കോരി കൊടുത്തു.പക്ഷെ അവനിൽ നിന്നും തിരിച്ച് ഒരൽപം സ്നേഹം പോലും കിട്ടിയില്ലാ.എന്താണ് അവൻ അങ്ങനെയായത് അറിയില്ലാ.മക്കളെക്കണ്ടും മാംബൂ കണ്ടും മോഹിക്കരുതെന്ന് പറയുന്നത് എത്ര
ശരിയാണ്.പക്ഷെ ഞാനും എന്റെ അനുജത്തിയും അങ്ങനെയല്ലായിരുന്നില്ലല്ലോ.ഒരു പക്ഷെ വളർന്നു വരുന്ന സാഹചര്യങ്ങൾ ആയിരിക്കാം...അവൻ സ്വയം ആശ്വസിച്ചു..എങ്കിലും മകനേ......ഒന്ന് മാത്രം.പറയാം...
ഇനിയെത്ര ദൂരം നിനക്ക് പോകേണ്ടതുണ്ട്.
" നീയാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ലാ.നിനക്കെന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുക."
സ്നേഹത്തോടെ
പ്രതാപ് ശങ്കർ
അവസാന വരിയും എഴുതിക്കഴിഞ്ഞ് പേരെഴുതി ഒപ്പിട്ടിരിക്കുന്നു.
വിഷ്ണു നിറഞ്ഞ് തുളുംബിയ കണ്ണുകൾ തുടച്ച് പതിയെ എഴുന്നേറ്റ് അടഞ്ഞ ജനൽ തുറന്നിട്ടു.പുറത്ത് നല്ല മഴയുണ്ട്.കർക്കിടകം തുള്ളിക്കൊരു കുടം പോലെ തോരാതെ പെയ്യുകയാണ്.
പിറ്റേന്നു രാവിലെ പതിവിലും നേരത്തേ..അവനെഴുന്നേറ്റ് പ്രഭാത കാര്യങ്ങൾ ചെയ്തു പുറത്തിറങ്ങി.
മുണ്ടും ഷർട്ടും വേഷം.ഊരിപ്പോകുന്ന ജീൻസും കുട്ടിനിക്കറും ഇട്ടുനടന്ന അവനാകെ മാറിയിരിക്കുന്നു വേഷത്തിലും ഭാവത്തിലും പുതിയ രൂപം.തലേദിവസം പെയ്ത മഴയിൽ മുറ്റത്ത് അവിടെയും ഇവിടെയുമായി വെള്ളം തളം കെട്ടി നിൽക്കുന്നു.പ്രഭാതത്തിനൊരു പുത്തനുണർവ്.അവൻ കാർ പോർച്ച് തുറന്നു.പഴയ ബെൻസ്
കാറിന്റെ പുറകിലേയ്ക്ക് നടന്നു.അവിടെ അവൻ കണ്ടു.ഒരു മൂലയിൽ ആർക്കും വേണ്ടാതെ ആ സൈക്കിൾ.
അച്ഛന്റെ സാരഥി.അവൻ സൈക്കിൾ പുറത്തെടുത്തു.അവസാനകാലം വരെ അച്ഛനിതു പെയിന്റടിച്ചും തുടച്ചും
സൂക്ഷിച്ചിരുന്നു.അതുകൊണ്ട് കാര്യമായിട്ട് കുഴപ്പമൊന്നുമില്ലാ..കുറച്ച് തുരുബെടുത്തിട്ടുണ്ട് അത് പോലെ പൊടിയും പിടിച്ചിട്ടുണ്ട്.അവൻ സൈക്കിൾ നന്നായി കഴുകി തുണികൊണ്ട് തുടച്ചെടുത്തു.
ടിർണീം.. .ടിർണീം.. വിഷ്ണു സൈക്കിളിന്റെ ബെൽ മുഴക്കി.മണി മുഴക്കം കേട്ട് സീതയുണർന്നു.
ടിർണീം. ടിർണീം..വീണ്ടുമവൻ മണി മുഴക്കി അവർ ആശ്ചര്യത്തോടെ കട്ടിലിൽ നിന്നെഴുന്നേറ്റ് പുറത്തേയ്ക്ക് വന്നു.വിഷ്ണു സൈക്കിൾ ചവിട്ടി പുറത്തേയ്ക്ക് നീങ്ങി.സീതയുടെ കണ്ണ് നിറഞ്ഞൊഴുകി.വിഷ്ണുവിന് പ്രായമാകുന്നത് വരെ സീതയെ മുന്നിലിരുത്തി പണ്ട് പ്രതാപൻ സൈക്കിൾ സവാരി നടത്തുമായിരുന്നു.
വിഷ്ണു കണ്ണിൽ നിന്ന് മായുന്നത് വരെ സീത ആ കാഴ്ച്ച നോക്കിനിന്നു.അപ്പോഴേയ്ക്കും പണിക്കരേട്ടനും അവിടെയെത്തി.രണ്ടു പേരും പരസ്പരം നോക്കി നിന്നു.
വിഷ്ണു പുറത്തേയ്ക്ക് പോയതിന്റെ പിന്നാലെ കുടുംബ വക്കീൽ തറവാട്ടിലെത്തി.അദേഹം സീതയുമായി കുറേ സംസാരിച്ചു.സീതമ്മേ..എല്ലാ സ്വത്തുക്കളും വിഷ്ണുവിന്റെ പേരിലാക്കിയ ഒറിജിനൽ വില്പ്പത്രമാണിത്.
ഞാനാദ്യം തന്നത് വ്യാജ വില്പ്പത്രമാണ്.അത് പ്രതാപൻ സാറിന്റെ അനുവാദത്തോടെ ചെയ്തതാണ്.
വിഷ്ണുവിന്റെ സ്വഭാവത്തിന് എന്ന് മാറ്റം വരുന്നോ.. അന്നേ ഇക്കാര്യം വെളിപ്പെടുത്താവൂ എന്നദേഹം പറഞ്ഞു.ഇതാ ഇത് സീതമ്മയുടെ കൈകളിൽ ഭദ്രമായിരിക്കട്ടെ.വക്കീൽ യാത്ര പറഞ്ഞു.
വിഷ്ണു ആദ്യം അമ്പലത്തിലെത്തി നന്നായി പ്രാർത്ഥിച്ചു.എല്ലാതെറ്റുകളും,പാപങ്ങളും അവൻ ഭഗവാനോട് പറഞ്ഞു.അന്നവന്റെ പിറന്നാൾ ദിവസം കൂടിയായിരുന്നു.കൈയ്യും മനസ്സും നിറയെ മധുരവുമായി അവൻ അനാഥാലയത്തിലെത്തി ഫാദറിനെ കണ്ടു.എല്ലാ കൂട്ടുകാർക്കും മധുരം നല്കി.ചെയ്ത തെറ്റുകളും പറഞ്ഞ വാക്കുകളും പൊറുത്ത് മാപ്പ് തരണമെന്ന് കാലിൽ വീണ് പറഞ്ഞു.ഫാദർ അവന്റെ തലയിൽ കൈവെച്ച്
അനുഗ്രഹിച്ചു.അങ്കിൾ... അമ്മുക്കുട്ടി ഓടി അവന്റെ അടുത്തെത്തി.ഒരു പനിനീർപ്പൂവ് അവന് നേരെ നീട്ടി. ഹാപ്പി ബെർഡേ...അവനത് സ്നേഹത്തോടെ,സന്തോഷത്തോടെ വാങ്ങി അവളുടെ നെറ്റിയിൽ ചുംബിച്ചു.
ടിർണീം.. .ടിർണീം.. വിഷ്ണു സൈക്കിളിന്റെ ബെൽ മുഴക്കി.വീണ്ടും യാത്രയായി ഇനിയെത്ര ദൂരം അവനറിയില്ലാ...
by
Liju Vazhappally
No comments:
Post a Comment