Sunday, 14 February 2016

*ദൈവത്തിന്റെ മകൻ* (ചെറു കഥ)



അന്നൊരു ഞായറാഴച്ചയായിരുന്നു.മറ്റു ദിവസങ്ങളേക്കാൾ തിരക്ക് കുറഞ്ഞൊരു പ്രഭാതം.പരമാവധി വേഗതയിൽ ഡ്രൈവർ വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണ്.കൂടെ അമ്മയുണ്ട്‌ കൂട്ടുകാരുണ്ട്.അവന്റെ മുഖത്ത് കുറച്ചു ടെൻഷനുണ്ട്.സമയതിനവിടെയെത്തുമോ?നമ്മുടെ നാടിന്റെ കാര്യമാണ് പെട്ടന്ന് വല്ല ജാഥയോ.. ഹർത്താലോ വന്നാൽ എന്ത് ചെയ്യും.ജീവിതത്തിലാദ്യമായിട്ടുള്ള ഒരു കാര്യം ഇന്ന് നടക്കാൻ പോകുന്നു.ചെറുതായി കൈ വിറയ്ക്കുന്നുണ്ട്.കൈക്കുഞ്ഞായിരുന്നപ്പഴേ..തെരുവിലുപേഷിക്കപ്പെട്ട അവനെ ആരോ അനാഥാലത്തിലെ അമ്മതൊട്ടിലിൽ കൊണ്ട്ക്കിടത്തി.അവിടെ അവന് എല്ലാവരുമുണ്ടായിരുന്നു.
സ്നേഹിക്കാൻ മാത്രമറിയാവുന്ന അമ്മമാർ,ചേച്ചിമാർ,അനുജത്തിമാർ,ചേട്ടന്മാർ അങ്ങനെയെല്ലാവരും.കാലം ഇന്നവന് ഒരു വലിയ സ്ഥാപനത്തിന്റെ ഉയർന്ന പദവിയിൽ വരെ എത്തിച്ചു.

ഇന്നവന്റെ വിവാഹമാണ്.അവനെ മനസിലാക്കിയ ഒരു കുടുംബം,ഒരു പെണ്‍കുട്ടി അവന്റെ ജീവിതത്തിലേയ്ക്ക് വരുന്ന ദിവസം.പെണ്‍കുട്ടി ഹൈന്ദവ വിശ്വാസിയായതുകൊണ്ട്‌ ആദ്യം അബലത്തിൽ വെച്ചും പിന്നീട് പള്ളിയിൽ വെച്ചും ചടങ്ങുകൾ നടത്താൻ തീരുമാനിച്ചു.അനാഥ കുടുംബത്തിലെ എല്ലാവരും പുറകേ വണ്ടികളിൽ വന്നുകൊണ്ടിരിക്കുകയാണ്.ചേട്ടാ..വണ്ടി എവിടെയെങ്കിലും ഒന്ന് നിർത്തണം.എന്താ മോനേ..സിസ്റ്റർ സ്നേഹ അവനോടു ചോദിച്ചു.ഒരു വിരലുയർത്തിപ്പിടിച്ചു ചെറിയൊരു ഭാവമാറ്റം അവൻ മുഖത്തു കാണിച്ചു.അല്ലേലും അവനേതുകാര്യത്തിനും ഒരു വെപ്രാളമുള്ളതാ..കാറിലൊരു ചിരി പൊട്ടി.    
ഡ്രൈവർ ഒരു പെട്രോൾ പമ്പിലേയ്ക്ക് കാർ ഒതുക്കിനിർത്തി.പമ്പിലെ ടോയിലെറ്റിൽ കാര്യം സാധിച്ചവൻ
പെട്ടന്ന് തിരികെയെത്തി.ഡോർ തുറന്നു അകത്തേയ്ക്ക് കയറാൻ തുടങ്ങിയതും റോഡിനപ്പുറത്ത്‌
ചെറിയൊരാൾക്കൂട്ടം.എന്താ ചേട്ടാ.. പ്രശ്നം.പമ്പിലെ ജീവനക്കാരനോട് അവൻ കാര്യം തിരക്കി.അവിടെയൊരു
കള്ളനെ പിടിച്ചു.യാചക വേഷത്തിലാ ഇറങ്ങിയിരിക്കുന്നത്.രാവിലെ തന്നെ ഓരോന്നൊക്കെ. പലതും പിറുപിറുത്തു കൊണ്ട് അയാൾ നടന്നു പോയി.അവൻ ഡോറടച്ച് പുറകിലെത്തെ സീറ്റിനടുത്തെത്തി.അമ്മേ ഞാനിപ്പോ വരാം.മോനെയെടാ..മുഹൂർത്തത്തിനുമുൻപ് സിസ്റ്റർ സ്നേഹ മുഴുവൻ പറയുന്നതിന് മുൻപേ... അവൻ മുണ്ട് മടക്കിക്കുത്തി റോഡ്‌ മുറിച്ചു കടന്നു.ഇതും അവന്റെയൊരു സ്വഭാവമാണ് എല്ലാകാര്യത്തിനും
പോയി തലയിടും.ചെറിയ ദേഷ്യത്തോടെ കൂട്ടുകാരും പുറത്തിറങ്ങി.

ആൾക്കൂട്ടത്തിനിടയിലേയ്ക്ക് അവൻ നടന്നു ചെന്നു.മുടിയും ധീശയും വളർന്ന് മുഷിഞ്ഞ വസ്ത്രവുമായി  താഴെയൊരു വൃദ്ധൻ കുനിഞ്ഞിരിക്കുന്നു.ചുറ്റിനും കുറച്ചപ്പക്കഷ്ണങ്ങളും കറിയും ചിതറിക്കിടക്കുന്നു.
അതൊരു ഹോട്ടെലായിരുന്നു.ഹോട്ടെലുടമ ഒരു തെരുവ് പ്രാസംഗികനെപ്പോൽ വൃദ്ധനുമേൽ പരുഷ വാക്കുകൾ
വിളിച്ചു കൂവുന്നു.ചിലർ യാചകനെ നോക്കിച്ചിരിക്കുന്നു.ചിലർ പോലീസിനെ വിളിക്കാൻ തിടുക്കം കാണിക്കുന്നു.അവന് കാര്യം മനസിലായി.അവൻ ഹോട്ടെലുടമയുടെ അടുത്തെത്തി.എത്ര രൂപയുടെ നഷ്ട്ടമാണ് ആ മനുഷൻ നിങ്ങൾക്ക് വരുത്തിവെച്ചത്.അതൊക്കെയെന്തിനാ നിങ്ങളറിയുന്നത്.ഹോട്ടെലുടമ  വികാരം വിതറി.അതെത്രയായാലും തരാൻ ഞാൻ തയ്യാറാണ് അതുകൊണ്ടാണ് ചോദിച്ചത്.അവൻ മറുപടി പറഞ്ഞു.
കഴിച്ചത്തിന്റെയും പൊട്ടിച്ച  ഗ്ലാസിന്റെയും വാങ്ങിയ പാഴ്സലുമെല്ലാം കൂടി നൂറു രൂപാ.
ഗ്ലാസ് പൊട്ടിച്ചതീപാവമല്ലല്ലൊ സർ.ഹും നൂറു രൂപയ്ക്കുവേണ്ടി തല്ലാനിനി സ്ഥലമൊന്നുമില്ലല്ലോ.

 കാശു കൊടുത്തിട്ടവൻ ആ മനുഷന്റെ അടുത്തെത്തി.കൂടി നിന്ന ആൾക്കൂട്ടത്തിനു ചിരിക്കാനും പറയാനും ഒന്നുമില്ലാത്തതിനാൽ അവർ തിരിച്ചു പോയി.കുനിഞ്ഞിരുന്ന ആ മനുഷനെ അവൻ തൊട്ടു വിളിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് ആപാവം അവന്റെ കാലിൽ വീണു.കുറച്ചു സമയത്തേയ്ക്ക് എന്ത് ചെയ്യണമെന്ന്
അവനറിയില്ലായിരുന്നു.മോനേ..രണ്ടു ദിവസമായി രണ്ടു വയറുകൾ ആഹാരം കഴിച്ചിട്ട്.വിശപ്പ് സഹിക്കാൻ പറ്റാത്തതു കൊണ്ട് ചെയ്തു പോയതാ..അപ്പുറത്ത് കടത്തിണ്ണയിൽ ഇതൊന്നുമറിയാതുറങ്ങുന്ന തന്റെ ഭാര്യയെ ചൂണ്ടിക്കാണിച്ച് വൃദ്ധൻ മറുപടി പറഞ്ഞു.അപ്പോഴേയ്ക്കും സിസ്റ്റർ സ്നേഹയും അവന്റെ കൂട്ടുകാരും അവരുടെ അടുത്തെത്തി.ഇതെന്റെയമ്മയാണ്.എല്ലാ അനാഥരുടെയും അമ്മ.നിങ്ങൾ ഇവിടെത്തന്നെയിരിക്കൂ..
ഞങ്ങൾ തിരിച്ചു വരുമ്പോൾ കൂടെ കൊണ്ട് പോകാം.അവൻ ഹോട്ടെലിൽ ചെന്ന് രണ്ട് പൊതിച്ചോറിന്റെ കാശ്
കൊടുത്തിട്ട് ഉച്ചയ്ക്ക് അവർക്ക് കൊടുക്കണമെന്ന് പറഞ്ഞു.ഉറക്കത്തിൽ നിന്നെഴുന്നേറ്റ വൃദ്ധൻറെ ഭാര്യയും അവരുടെ അടുത്തേയ്ക്ക് വന്നു.പോകുന്നതിനു മുൻപ് ആ വൃദ്ധ ദമ്പതികളുടെ അനുഗ്രഹം വാങ്ങിക്കാൻ അവൻ മറന്നില്ലാ.ഇന്നെന്റെ വിവാഹമാണ്എന്നെ അനുഗ്രഹിക്കണം അവൻ അവരുടെ കാലിൽ വീണു.ആയുഷ്മാൻ ഭവ,നന്നായി വരും.അവർ അവനെ അനുഗ്രഹിച്ചു.എന്താ മോന്റെ പേര് വൃദ്ധൻ ചോദിച്ചു  ഞാൻ ദേവദാസ്.അമ്മയുടെ പേര് സ്നേഹ ചെറുപുഷ്പ്പം ഇത്രയും പറഞ്ഞ് അവർ നടന്നു നീങ്ങി.

വൃദ്ധന്റെ ചുണ്ടുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞൊഴുകി ഹൃദയം പിടഞ്ഞു.ദേഹം തളരുന്നതുപോലെ തോന്നി        രണ്ടുകൈകളും ആകാശത്തേയ്ക്കുയർത്തി പിടിച്ച് മുട്ടുകുത്തി നിന്ന് അയാൾ ഉറക്കെക്കരഞ്ഞു.എന്താ..   നിങ്ങൾക്കെന്തു പറ്റി.ഭാര്യ കൈതാങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു.വൃദ്ധൻ കരച്ചിൽ കടിച്ചമർത്തി. നിനക്കോർമ്മയില്ലേ....

വർഷങ്ങൾക്കു മുൻപ്.ഒരു രാത്രിയിൽ നമ്മൾ മക്കളുമായി പുറത്തു പോയിട്ട് തിരികെ വരുമ്പോൾ കോരിച്ചൊരിയുന്ന  മഴയത്ത് തെരുവിൽ ആരോ ഉപേഷിക്കപ്പെട്ട നിലയിൽ കിടന്ന ഒരു ചോരക്കുഞ്ഞ്.
പഞ്ഞിക്കെട്ടു പോലുള്ള അവന്റെ കുഞ്ഞ് ശരീരം നായ കടിച്ച് നമ്മുടെ മുന്നിൽ കൊണ്ടിട്ടു.അവൻ നിർത്താതെ
കരഞ്ഞു കൊണ്ടിരുന്നു.അവനെ ഉപേഷിച്ച് പോകാൻ എനിക്ക് മനസ്സ് വന്നില്ലാ.വണ്ടി നിർത്തി ഞാൻ അവനെയും കൊണ്ട് നിന്റെടുത്തെത്തി.നീയും മക്കളും പലപല കാരണങ്ങൾ പറഞ്ഞ് എന്റെ മനസ്സു മാറ്റി.
ഒടുവിൽ ഞാൻ അവനെ ഉപേക്ഷിച്ചു.ഒരനാഥാലയത്തിലെ അമ്മത്തൊട്ടിലിൽ.തിരിച്ചുപോകുന്നതിനു മുൻപ്
അവന്റെ കുഞ്ഞു കൈകളിൽ ഞാനെഴുതി.മാപ്പ് ദൈവത്തിന്റെ മകനേ..മാപ്പ്. അപ്പോഴെന്റെ മനസിൽ തോന്നിയ ഒരു പേരും അവന്റെ കൈകളിൽ ഞാനെഴുതിച്ചേർത്തു.ദേവദാസ് അതേ..ദൈവത്തിന്റെ മകൻ                  ദൈവത്തിന്റെ ദാസൻ.എനിക്കോർമയുണ്ട് ആ അനാഥാലയത്തിന്റെ പേര് ചെറുപുഷ്പ്പം Little Flower.    
അന്ന് നമ്മുടെ മക്കളും നീയും ഇവനെ വേണ്ടാന്നു പറഞ്ഞു.ഇന്നു എല്ലാമക്കളും ഉപേഷിക്കപ്പെട്ട് ഈ തെരുവിൽ  നമ്മളൊറ്റക്കായപ്പോൾ അവനല്ലേ...അവനല്ലേ...മാപ്പ് മാപ്പ്.നിറകണ്ണുകളോടെ തൊഴുതുകൊണ്ട് അവർ അവനെ യാത്രയാക്കി.

നടന്നു പോകുന്നതിനിടയിൽ ദേവദാസ് ആ വൃദ്ധ ദമ്പതികളെ ഒന്നു തിരിഞ്ഞു നോക്കാനും മറന്നില്ലാ...
ദൈവത്തിന്റെ മകൻ..........................ശുഭം

N B:  തെരുവിലുപേക്ഷിക്കപ്പെട്ട ചെറുബാല്യങ്ങളെ കണ്ടാൽ ഒരു ചെറു കൈ സഹായമെങ്കിലും ചെയ്യാൻ
         മടിക്കരുതേ.....  

Liju Vazhappally

No comments:

Post a Comment