Sunday, 14 February 2016

*വിഷുക്കൈനീട്ടം*(ചെറുകഥ)



നേരം ഒരുപാട് ഇരുട്ടിയിരിക്കുന്നു.രാത്രിയുടെ നിശബ്ദതയിൽ റാന്തലിന്റെ മങ്ങിയ വെട്ടത്തിൽ അവൻ അകത്തെ മുറിയുടെ ഒരു മൂല തൂത്ത് വൃത്തിയാക്കി.ചാണകം മെഴുകിയ തറ അവിടെ അവിടെയായി ചെറുതായി   പൊട്ടിക്കിടപ്പുണ്ട്.പിന്നാമ്പുറത്ത് ചാരി വെച്ചിരുന്ന ഒരു പലക കഷണം അവൻ കഴുകിയെടുത്ത് തറയിൽ വെച്ചു.അച്ഛന്റെ അലക്കി വെച്ചിരുന്ന ഒരു കസവു മുണ്ടെടുത്ത് അതിന്റെ മുകളിൽ വിരിച്ചു.ഉണ്ണികൃഷ്ണന്റെ ഒരു പഴയ പ്രതിമ  പൊടി തൂത്ത് കളഞ്ഞ് ഭിത്തിയോട് ചാരിവെച്ചു.നിലവിളക്കിൽ  തിരിയിട്ടു.കിണ്ടിയിൽ വെള്ളവും വെച്ചു.എന്നിട്ട് അല്പ്പം മാറിനിന്നൊന്നു നോക്കി എന്തൊക്കെയോ കുറവുള്ളപോലെ.അവൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ എത്തി.ഉപയോഗിക്കാതിരുന്ന കുറേ പാത്രങ്ങളുടെ ഇടയിൽ നിന്നും ഒരു ചെറിയ ഓട്ടുരുളി തപ്പിയെടുത്ത് കഴുകി മിനുക്കി.കലത്തിൽ ആകെയുണ്ടായിരുന്ന കുറച്ചരിയും,മുറത്തിൽ കിടന്ന പച്ചക്കറികളുമെടുത്ത് ഉരുളിയിൽ വെച്ചു.പതിയെ കതക് തുറന്നു പുറത്തിറങ്ങി.നല്ല നിലാവുണ്ട്,മുറ്റത്ത്‌ മാവിൽ നിറയെ മാങ്ങയുണ്ട്.ഒരു കുല മാങ്ങയവൻ പൊട്ടിച്ചെടുത്തു.കാലത്ത് അമ്മുക്കുട്ടിയും കൂട്ടുകാരുമായി തെക്കേ തൊടിയിൽ നിന്നും പറിച്ചെടുത്ത കൊന്നപ്പൂവും ഉരുളിയിൽ വെച്ചു.അവന്റെ കുഞ്ഞു മനസ്സിൽ  ഒരായിരം വിഷുക്കണിയൊരുങ്ങി.

നാളെ വിഷുവാണ് പതിവിലും നേരത്തേ..എഴുന്നേൽക്കണം.അമ്മയെ വിഷുക്കണി കാണിക്കണം,കൈനീട്ടം കൊടുക്കണം,അമ്പലത്തിൽ പോകണം,അമ്പലത്തിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒരു വീട്ടിലും കയറരുതെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.അമ്മ നല്ലയുറക്കത്തിലാണ്.അവൻ കട്ടിലിനടിയിൽ നിന്നും  ട്രങ്ക് പെട്ടി  ശബ്ദമുണ്ടാക്കാതെ വലിച്ചെടുത്ത് മെല്ലെ തുറന്നു.താഴെ വെച്ചിരുന്ന റാന്തൽ വിളക്കിന്റെ തിരി ഉയർത്തി നാളെ ഇടാനുള്ള കുപ്പായമെടുത്തു.നിക്കർ കുറച്ചു പഴയതാണ്,ഷർട്ടിന്റെ ബട്ടന്സു ഒന്ന് രണ്ടെണ്ണം പോയിട്ടുണ്ട്.
അവന്റെ മുഖം വാടി.പിന്നെ ചിരിച്ചു.ഷർട്ട് ഇടാതെയല്ലേ അമ്പലത്തിൽ കയറേണ്ടത്‌.അതുകൊണ്ട് ഷർട്ട്‌ വേണ്ടാ.പിന്നീട് അവന്റെ സമ്പാദ്യമെടുത്തു.കിട്ടുന്ന അഞ്ചു പൈസ,പത്തു പൈസ,ഇരുപത്തെഞ്ചു പൈസ ഒക്കെ സൂക്ഷിച്ചു വെയ്ച്ചിരുന്ന ഒരു മണ്‍കുടുക്ക.അതെടുത്ത് ചെവിയുടെ അടുത്ത് വെച്ച് പതിയെ കുലുക്കി.
നാണയങ്ങളുടെ ശബ്ദം കാതുകളിൽ മുഴങ്ങി.നാളെ ഇതു പൊട്ടിച്ച് അമ്മയ്ക്ക് കൈനീട്ടം കൊടുക്കണം.എല്ലാം തിരിച്ചു വെച്ച് പെട്ടി കട്ടിലിനടിയിലേയ്ക്ക് പതിയെ തള്ളി നീക്കി.റാന്തലിന്റെ തിരി താഴ്ത്തി.അപ്പുറത്ത് കോലായിൽ ദേവകിയമ്മ കൂർക്കം വലിച്ചുറങ്ങുന്ന  ശബ്ദം കേൾക്കാം.പിന്നെ കുറച്ചു ചീവീടുകളുടെയും.

 തറയിലൊരു പായ വിരിച്ച് അവൻ കിടന്നു.ഓർമ്മയിലെ വിഷുവിനെല്ലാം അമ്മയുടെ കൂടെയാണ് അമ്പലത്തിൽ
പോയിരിക്കുന്നത്.അച്ഛനെ കണ്ടിട്ടില്ലാ..അമ്മ തന്ന കൈനീട്ടവും തൂശനിലയിലൊരു ചോറൂണും ഓർമ്മയിലുണ്ട്.
എല്ലാ വിഷുവിനും,മറ്റു വിശേഷ നാളുകളിലും അവൻ അച്ഛനെ കാത്തിരിക്കും പക്ഷെ അച്ഛൻ വരില്ലാ.അച്ഛനെ ക്കുറിച്ച്  ചോദിക്കുമ്പോൾ,ഉണ്ണിക്കുട്ടാ..അച്ഛൻ അടുത്ത പ്രാവശ്യം എന്തായാലും വരും.അമ്മ അവനെ സമാധാനിപ്പിക്കും തലയിൽ തലോടി നെറുകയിലൊരുമ്മ കൊടുക്കും.അമ്മ ഉണ്ണിക്കുട്ടാന്നാണ് അവനെ വിളിക്കുന്നത്‌.സ്കൂളിലെ പേര് മാധവൻ.പുഴക്കക്കരെയുള്ള ദേവി വിലാസം സ്കൂളിൽ  നാലാം ക്ലാസിൽ പഠിക്കുന്നു.

അമ്മയ്ക്കിപ്പോൾ തീരെ വയ്യാ.ഒരുപാട് പ്രായമൊന്നും ആയിട്ടില്ലാ.പക്ഷെ എന്തൊക്കെയോ അസുഖങ്ങളുണ്ട്.
എന്താണന്ന് നാട്ടിലെ വൈദ്യർക്ക് മാത്രമേ അറിയൂ.. നടക്കാൻ വയ്യാ..,ഇരിക്കാൻ വയ്യാ..എപ്പോഴും ഒരേ...
കിടപ്പാണ്.സഹായത്തിനു ആകെയൊരാശ്വാസം ദേവകിയമ്മയാണ്.ദേവകിയമ്മ ആരാണന്ന് അവനും അറിയില്ലാ അമ്മയ്ക്കും അറിയില്ലാ.എവിടുന്നോ വന്നതാണ്.പിന്നെ ഇവിടെ കൂടി.അമ്മയ്ക്കൊരു സഹായമാണ്.എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ട് രാവിലെ ഇറങ്ങും കൈലൊരു ഭാണ്ഡക്കെട്ടുമായി.
നാട് മുഴുവൻ കറങ്ങി നടക്കും.വൈകിട്ട് തിരികെയെത്തും.വരുമ്പോൾ ഭാണ്ഡക്കെട്ടിൽ അരിയോ,ചക്കയോ,
കായ്‌ കറികളോ എന്തെങ്കിലുമൊക്കെ കാണും

അവധി ദിവസങ്ങളിലും,സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞും അവൻ വൈദ്യരുടെ അടുത്ത് പോകും.
അങ്ങാടിയിൽ പച്ച മരുന്നുകൾ വാങ്ങാനും,തൊടിയിൽ നിന്നും ചിലത് പറിച്ചെടുക്കാനും,കഷായവും,
അരിഷ്ട്ടവും,ഗുളികകളുമൊക്കെ ഉണ്ടാക്കാനും ഒരു സഹായിയായി കൂടെ കൂടും.ആ സഹായത്തിന് വൈദ്യര്
അവന്  കഴിക്കാനും വീട്ടിലേയ്ക്കുമായി ഭക്ഷണം കൊടുക്കും.പിന്നെ അവന്റെ അമ്മയ്ക്കുള്ള മരുന്നിനും ഇതേവരെ പ്രതിഫലം വാങ്ങിയിട്ടുമില്ലാ.ഇടയ്ക്ക് വൈദ്യര് മിഠായി വാങ്ങാൻ കൊടുക്കുന്ന
ചില്ലറപ്പൈസകളാണ് അവൻ കുടുക്കയിൽ സൂക്ഷിച്ചു വെയ്ക്കുന്നത്.വൈദ്യരുടെ കൊച്ചു മകളാണ് അമ്മുക്കുട്ടി.
സ്കൂളിലെ പേര് ലക്ഷ്മിയെന്നാ..പേരു പോലെ തന്നെ മിടുക്കിയാ.മാധവനും മോശമൊന്നുമല്ല.ഒരുണ്ട ശരീരം.വള്ളി നിക്കറിട്ടവൻ ഓടുകയും ചാടുകയും ഒക്കെ ചെയ്യുന്നത് കാണാൻ നല്ല രസമാണ്.രണ്ടുപേരും വലിയ കൂട്ടാണ്.ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ.അമ്മുക്കുട്ടി ഉണ്ണിയേട്ടാന്നാണ് അവനെ വിളിക്കുന്നത്‌.


മോനേ..ഉണ്ണിക്കുട്ടാ..അമ്മയുടെ വിളികേട്ട് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.ഇടയ്ക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്.മരുന്ന് കൊടുക്കുമ്പോൾ കുറയും.പക്ഷെ ഇപ്പോൾ മരുന്ന് തീർന്നിരിക്കുന്നു.അവൻ കട്ടിലിനടിയിലെ ട്രങ്ക് പെട്ടി വലിച്ചെടുത്ത് തുറന്നു.തന്റെ സമ്പാദ്യക്കുടുക്ക കുലുക്കി.തറയിൽ ആദ്യം വീണ ഒരു
നാണയവുമായി  ഇരുട്ടിലേയ്ക്കിറങ്ങിയോടി.വൈദ്യരേ...വൈദ്യരേ...വാതിൽ തട്ടി വിളിച്ചു.ആരാ ഈ അസമയത്ത്.വൈദ്യർ വാതിൽ തുറന്നു. വൈദ്യരേ..അമ്മയ്ക്ക്.ഓടി വന്നതിന്റെ കിതപ്പിൽ ബാക്കി പറയുന്നതിന്  മുൻപേ.. വൈദ്യർ അകത്തേയ്ക്ക് പോയി ഒരു പൊതിയുമായി തിരികെയെത്തി.അതു വാങ്ങി  ഇട്ടുപടി ചാടിക്കടന്നവനോടി.ആദ്യമോടിയെത്തിയത് അമ്പലമുറ്റത്ത്.

അടഞ്ഞു കിടന്ന ശ്രീ കോവിലിനു മുന്നിൽ തൊഴുതു നിന്ന് പ്രാർഥിച്ചു.ഭഗവാനേ...കൃഷ്ണാ.. നിക്കാരുമില്ലാ.. ന്റെമ്മയ്ക്ക് ഒരാപത്തും വരുത്തരുതേ....ന്റെമ്മയുടെ അസുഖം മാറ്റിയനുഗ്രഹിക്കണേ..ആയുസ്സും ആരോഗ്യവും കൊടുക്കണേ.... അവൻ   കണ്ണുകൾ തുടച്ച് നിക്കറിന്റെ കീശയിൽ കൈയിട്ടാ നാണയമെടുത്ത് ഭണ്ഡാരത്തിൽ ഇട്ടു.പിന്നെയവിടെ നിന്നില്ലാ.അവനോടി വീട്ടിലെത്തി.അമ്മയ്ക്ക് മരുന്ന് കൊടുത്തു.മൂളിയും ഞരങ്ങിയും കുറച്ച് കഴിഞ്ഞ് അമ്മയുറങ്ങി.ആ കട്ടിലിന്റെ അരികിൽ തല ചായ്ച്ച് എപ്പൊഴൊ അവനും മയങ്ങി.നാല് മണിയായി.അമ്പലത്തിൽ നിന്ന് പാട്ട് കേൾക്കുന്നുണ്ട് അവനെഴുന്നേറ്റു പെട്ടന്ന് പ്രഭാതകാര്യങ്ങൾ കഴിഞ്ഞു,കുളിച്ച് നിലവിളക്ക് കത്തിച്ചു.അമ്മയെ വിളിച്ചു,കണ്ണുകൾ പൊത്തിപ്പിടിച്ചു.മനസിനും ശരീരത്തിനും കണ്ണുകൾക്കും, ഉണർവും പ്രതീക്ഷയുമായി  നല്ലൊരു നാളെയുടെ പൊൻകണി കാണിച്ച് അവൻ അമ്പലത്തിലേയ്ക്കു പോയി.

അമ്മേ... ഉണ്ണിയേട്ടൻ. ഉണ്ണിയേട്ടാ..ഹായ് അമ്മുക്കുട്ടി.ഉണ്ണിക്കുട്ടാ അമ്മയ്ക്കെങ്ങനെയുണ്ട്‌.ഇപ്പോ കുറവുണ്ടേയ്..
ഉം.. ഉച്ചയ്ക്ക്  നീ വീട്ടിലേയ്ക്ക് വരണം.അവൻ മുഖം കുനിച്ചു.അമ്മൂന്റെ അമ്മയ്ക്ക്  ന്നോട് ഇഷ്ട്ടകേട്‌ തോന്നരുത്.ഉം..ന്തേയ്‌.അത്... ന്റെമ്മ പറഞ്ഞിട്ടുള്ളത് വിശേഷ നാളുകളിൽ സ്വന്തം വീട്ടിൽ ഉപ്പും മുളകുവാണെങ്കിൽ പോലും അതും കൂട്ടി സന്തോഷമായി കഞ്ഞി കുടിക്കണമെന്നാണ്‌.അമ്മൂന്റെ അമ്മ അവന്റെ കവിളിൽ തലോടി.ശരി കൈനീട്ടം വാങ്ങരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടോ? ഇല്ല്യ..ചെറിയ ചിരിയോടെ അവൻ പറഞ്ഞു.ഇതാ രണ്ടു റുപ്പികയുണ്ട്.ഇഷ്ട്ടമുള്ളത് വാങ്ങിച്ചോ..അവൻ രണ്ടു കൈയും നീട്ടി അത് വാങ്ങി കണ്ണിൽ വെച്ച് കീശയിലിട്ടു.
             
അമ്മൂട്ടി ഇവിടെ നിൽക്ക് അമ്മ പായസം വാങ്ങിവരാം.ഉണ്ണിയേട്ടാ..അമ്മൂന് കൈനീട്ടമില്ലേ...ഉം..തരാലോ..ആ രണ്ടു റുപ്പിക അവൻ അമ്മൂന് കൊടുത്തു.യേയ് നിക്ക് വേണ്ടാ.. ഒരാള് തന്ന കൈനീട്ടം വാങ്ങരുതെന്നാണ് ന്റെമ്മ ന്നോട് പറഞ്ഞിരിക്കുന്നത്.അമ്മുക്കുട്ടി ഉണ്ണിക്കുട്ടനെ ഒന്ന് ചമ്മിച്ചു.വായ് പൊത്തി ചിരിച്ചു.ഉണ്ണിക്കുട്ടൻ ചുറ്റും നോക്കി എന്നിട്ട് അമ്മൂന്റെ കൈപിടിച്ച് ഒറ്റയോട്ടം.ഓടി ചുറ്റബലത്തിന് വെളിയിലെ കൊന്നമരച്ചോട്ടിലെത്തി.
ഉണ്ണിയേട്ടാ..വിട് എന്തിനാ.. ഇങ്ങട്ടെയ്ക്ക് വന്നത്‌.കൈനീട്ടം വേണ്ടേ.. അമ്മൂ കണ്ണടയ്ക്ക്.ഞാൻ പറഞ്ഞിട്ടേ.. തുറക്കാവൂ.. ഇനി രണ്ടു കൈയും നീട്ട്. നീട്ടിയ രണ്ടു കൈകളിലും നിറയെ കൊന്നപ്പൂ വെച്ചിട്ട് ഒന്ന് കൂടി ചുറ്റും നോക്കി കവിളിലൊരുമ്മ  കൊടുത്തിട്ട് ഉണ്ണിക്കുട്ടനോടി.ഉണ്ണിയേട്ടാ കള്ളാ..ഞാൻ അമ്മയോട് പറയും,പറഞ്ഞാൽ ഞാൻ കൂട്ടില്ലാ...ഓടുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു.അമ്മു കൈയിൽ കൊന്നപ്പൂവും ചുണ്ടിൽ പുഞ്ചിരിയുമായി  ചെറിയ നാണത്തോടെ നിന്നു.

വരുന്ന വഴിയിൽ പരിചയമുള്ളവരെല്ലാം  ഉണ്ണിക്കുട്ടന്  അബത് പൈസയും ഇരുപത്തഞ്ചു പൈസയുമൊക്കെ കൈനീട്ടം കൊടുത്തു.അവൻ അതുമായി വീട്ടിലെത്തി.ഉരുളിയും അതിലിരുന്ന സാധനങ്ങളും കാണുന്നില്ലാ.
ദേവകിയമ്മ അതൊക്കെയെടുത്തു കറിവെയ്ക്കാനായി അടുക്കളയിൽ അരിഞ്ഞു വെച്ചിരിക്കുന്നു.ഉം..ന്തേയ്‌
ഉച്ചയ്ക്ക് ഉണ്ണിക്കുട്ടന് ഊണ് കഴിക്കണ്ടേ...അവൻ ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്തേയ്ക്കോടി.അമ്മയെ ദേവകിയമ്മ കുളിപ്പിച്ച് പഴയ തുണിയൊക്കെ മാറ്റിയിരിക്കുന്നു.ഇപ്പോൾ ന്റെമ്മയെ കണ്ടാൽ എന്ത്   ഭംഗിയാണ്.ഒരസുഖവും ഉണ്ടെന്നു പറയില്ലാ..അവൻ അമ്മയെ കെട്ടിപ്പിടിച്ചു.കൈയിലെ പ്രസാദം നെറ്റിയിൽ തൊട്ടു.കീശയിൽ നിന്ന് ചില്ലറപ്പൈസകളെല്ലാം നീട്ടിപ്പിടിച്ചു.അമ്പലത്തിൽ ചെന്നപ്പോൾ അമ്മൂന്റെ അമ്മ രണ്ടു
റുപ്പിക തന്നു.ബാക്കിയൊക്കെ വരുന്ന വഴിയിൽ ഓരോത്തർ തന്നതാണ്.        

ഉണ്ണിക്കുട്ടന് തരാൻ അമ്മയുടെ കൈയിൽ ഒന്നുമില്ലല്ലോ...നിക്ക് ഒന്നും വേണ്ടാ..അവൻ കട്ടിലിനടിയിൽ നിന്നും ട്രങ്ക്  പെട്ടി വലിച്ചെടുത്തു.അവന്റെ സമ്പാദ്യമായ മണ്‍കുടുക്ക അമ്മയ്ക്ക് കൊടുത്തു.ഇത് അമ്മയ്ക്ക് ഉണ്ണിക്കുട്ടന്റെ കൈനീട്ടം. അവർ അവന്റെ തലയിൽ തലോടി നെറുകയിൽ ചുംബിച്ചു.ഇതു മതിയമ്മേ....
ഈയുമ്മ എനിക്കെന്നും തന്നാൽ മതി.അവൻ അമ്മയുടെ മുഖത്തേയ്ക്കു നോക്കി.അമ്മേ അച്ഛൻ ഈ വിഷുവിനെങ്കിലും വരുമോ..അവർ അവനെ കെട്ടിപ്പിടിച്ചു.ഉണ്ണിക്കുട്ടാ.. നിനക്ക് കാര്യങ്ങൾ മനസിലാകുന്ന പ്രായമായി.അച്ഛൻ ഇനിയൊരിക്കലും വരില്ലാ..നിനക്ക് ഓർമ്മ വെയ്ക്കുന്നതിന് മുൻപേ.. അവർ വിതുമ്പിക്കരഞ്ഞു.അവൻ പെട്ടിയിൽ നിന്നും  അച്ഛന്റെ ഫോട്ടോ എടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ചു.ഇനി യൊരിക്കലും ന്റെച്ഛൻ വരില്ലാ..ദേവകിയമ്മേ..ഇതാ... ന്റെച്ഛൻ  പക്ഷെ .ഇനിയൊരിക്കലും വരില്ലാ....
ദേവകിയമ്മ തോർത്ത്‌ മുണ്ടിന്റെയറ്റം കൊണ്ട് കണ്ണ് തുടച്ചു.

ആരുമില്ലേ..ഇവിടെ ആരുമില്ലേ...ഉണ്ണിക്കുട്ടനും ദേവകിയമ്മയമ്മയും  ഉമ്മറത്തേയ്ക്ക് വന്നു.ഒരു വൃദ്ധൻ.
കാക്ഷായ വേഷം ധീശയും മുടിയും നീണ്ടു കിടക്കുന്നു തോളിലൊരു സഞ്ചിയുമുണ്ട്.വയസ്സനാണെങ്കിലും മുഖം  പൂർണ്ണ ചന്ദ്രനെപ്പോലുണ്ട് ആരാ..എന്താ..ദേവകിയമ്മ ചോദിച്ചു.നല്ല വിശപ്പുണ്ട് കഴിക്കാനെന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ..ചുമച്ചും നെഞ്ച് തടവിയും അദ്ദേഹം പറഞ്ഞു.ഒരു അരനാഴികയിരുന്നാൽ ഊണ് കാലാകും.  
ഇരിക്കൂ.. ദേവകിയമ്മ അകത്തേയ്ക്ക് കയറിപ്പോയി.വിശന്നിട്ട് കയറി വന്നതാ..ആരാന്നറിയില്ലാ.
ഉണ്ണിക്കുട്ടന്റെമ്മയോട്‌ ദേവകിയമ്മ പറഞ്ഞു.വൃദ്ധൻ തോളിലെ സഞ്ചിയിറക്കി വെച്ച് ഉമ്മറത്തിരുന്നു.
ഇങ്ങടുത്തു വരൂ..അദ്ദേഹം ഉണ്ണിക്കുട്ടനെ വിളിച്ചു.അവൻ മനസില്ലാ മനസ്സോടെ അടുത്ത് ചെന്നു.ന്താ കുട്ടിയുടെ പേര്.ഉണ്ണിക്കുട്ടാന്നാ... എല്ലാരും വിളിക്കുന്നത്‌.അപ്പോ ഒരു പേരും കൂടി ഉണ്ടെന്നർത്ഥം.വൃദ്ധൻ ചോദിച്ചു.ഉവ്വാ..
മാധവൻ അങ്ങനെയാ സ്കൂളിൽ വിളിക്കുന്നത്‌ .അപ്പൂപ്പന്റെ പേരെന്താ...അവൻ ചോദിച്ചു.ഒരുപാട് പേരുണ്ട്.പലരും പല പേരു വിളിക്കും അക്കൂട്ടത്തിൽ ഇപ്പോൾ പറഞ്ഞ പേരുകളും എന്നെ വിളിക്കാറുണ്ട്.
ഉണ്ണിക്കുട്ടൻ ചിരിച്ചു.ഇതെന്താ..ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അപ്പൂപ്പൻ  മറുപടി പറഞ്ഞു കൊണ്ടേയിരുന്നു.ഇതോ.. ഇതു സ്നേഹത്തോടെ ആരെങ്കിലും എന്ത് തന്നാലും സൂക്ഷിക്കാനുള്ള ഒരു സഞ്ചി.
ഞാനൊന്ന് നോക്കട്ടെ.ഉണ്ണിക്കുട്ടൻ സഞ്ചി തുറന്നു.ഒരു ചെമ്പ് പാത്രവും അതിൽ കുറച്ച് നാണയ തുട്ടുകളും.
ഇതൊക്കെ അപ്പൂപ്പന് കൈനീട്ടം കിട്ടിയതാ...അതെ.

ഊണ് കാലായി കൈകഴുകിയിരുന്നോളൂ... ദേവകിയമ്മ  ഉമ്മറത്ത്‌ വെള്ളം വെച്ചിട്ട് പറഞ്ഞു. ഇരിക്കാൻ പായ
വിരിച്ചു.തൂശനിലയിൽ ചോറ് വിളമ്പി.ഉള്ളത് കൊണ്ട് ഉണ്ടാക്കിയ ഒന്ന് രണ്ട് കറികളും,മാങ്ങ ഉപ്പിലിട്ടതും
കുടിവെള്ളവും വെച്ചു.വൃദ്ധൻ കൈകഴുകിയിരുന്നു.ഉണ്ണിക്കുട്ടൻ കഴിക്കുന്നില്ലേ.. ഇല്ല്യാ അവൻ അമ്മയുടെ
കൂടേ..കഴിക്കൂ..ദേവകിയമ്മ പറഞ്ഞു.വൃദ്ധൻ കഴിച്ചു തുടങ്ങി ആദ്യം വിളമ്പിയ ചോറും കറികളും തീർന്നിരിക്കുന്നു.വിശപ്പുണ്ട് വൃദ്ധൻ ദേവകിയമ്മയെ നോക്കി.അവർ വീണ്ടും ചോറും കറികളും വിളമ്പി.
അതും പെട്ടന്ന് തീർന്നു.എല്ലാത്തിനും നല്ല സ്വാദുണ്ട് പക്ഷെ വിശപ്പുമാറിയില്ലാ.മൂന്നാമത് ദേവകിയമ്മ അടുക്കളയിൽ ചെന്നു.ചോറും കറികളും വളരെ കുറച്ചു മാത്രം.അതേ ചോറ് കുറച്ചേയുള്ളൂ..എന്താ ചെയ്കാ..സ്വകാര്യമായി
ദേവകിയമ്മ ഉണ്ണിക്കുട്ടന്റെ അമ്മയോട് ചോദിച്ചു.ഉണ്ണിക്കുട്ടനുള്ളത് എടുത്തിട്ട് ബാക്കി  വിളമ്പിക്കോളൂ അവർ മറുപടി പറഞ്ഞു.മൂന്നാമത് കൊടുത്ത ചോറും കഴിച്ച് എന്നിട്ടും അപ്പൂപ്പന്റെ വയറ് നിറഞ്ഞില്ലാ.അപ്പൂപ്പന്റെ ചോറൂണ് ഉണ്ണിക്കുട്ടൻ കവ്‌തുകത്തോടെ നോക്കിയിരുന്നു ഇല വടിച്ചു  നക്കി അപ്പൂപ്പൻ ഉണ്ണിക്കുട്ടനെ നോക്കി
അവൻ അകത്തേയ്ക്കോടി.ചോറും കലം നോക്കി ഒന്നോ രണ്ടോ തവി ചോറ് മാത്രം.ഉണ്ണിക്കുട്ടാ ഇന്ന് വിഷുവായിട്ട്‌ നീ പട്ടിണി ഇരിക്കണ്ടാ.ചോറ് തീർന്നന്നു അപ്പൂപ്പനോട്‌ പറയൂ.. അവൻ ദേവകിയമ്മയെ നോക്കി.
ദേവകിയമ്മേ.. വിശന്ന് വരുന്നവർക്ക് വയറ് നിറയെ ആഹാരം കൊടുക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.
അവൻ  ചോറുകലവും കറികളുമായി അപ്പൂപ്പന്റെ അടുത്ത് വന്നിരുന്ന് വിളമ്പിക്കൊടുത്തു.കൈകൾ വടിച്ചു
നക്കി നീണ്ടയൊരേമ്പക്കവും വിട്ട് അപ്പൂപ്പനെഴുന്നേറ്റ് കൈകഴുകി.

ഉണ്ണിക്കുട്ടൻ കുടുക്ക കുലുക്കി ഒരു നാണയം പുറത്തെടുത്തു.അപ്പൂപ്പാ ഇതാ.. ന്റെ വിഷുക്കൈനീട്ടം.വൃദ്ധൻ
അവന്റെ കവിളിൽ തലോടി.ഉണ്ണിക്കുട്ടാ ഒരാൾക്ക്‌ ഒരാൾ ഒരു തവണ കൈനീട്ടം കൊടുത്താൽ മതി ധാരാളം.
അതിനു ഞാൻ അപ്പൂപ്പന് കൈനീട്ടം തന്നില്ലല്ലോ..വൃദ്ധൻ ചിരിച്ചു.ഒന്നോർത്തു നോക്കിക്കേ..ഇന്നു വെളുപ്പിനെ
എനിക്ക് തന്നില്ലേ..,വെളുപ്പിനെയോ..ഉണ്ണിക്കുട്ടൻ ചിന്തയിലേയ്ക്ക് പോയ നേരം.ഇത് ഉണ്ണിക്കുട്ടന് എന്റെ വിഷുക്കൈനീട്ടം അപ്പൂപ്പൻ സഞ്ചിയിൽ നിന്ന് ഒരു നാണയമെടുത്ത് കുടുക്കയിലിട്ട് യാത്രയായി.വൃദ്ധനെ യാത്രയാക്കി ഉണ്ണിക്കുട്ടൻ തിരികെ നടന്നു.അവൻ കുടുക്ക ചെവിയുടെ അടുത്ത് വെച്ച് കുലുക്കി.ചിൽ ചിൽ നാണയങ്ങളുടെ ശബ്ദം.

കൃഷ്ണാ ഭഗവാനേ..ഞാൻ എന്തൊക്കെയാണ് ഈ കാണുന്നത്.ആരെങ്കിലും ഇങ്ങട് വരൂ ...ദേവകിയമ്മയുടെ നിലവിളി കേട്ട് ഉണ്ണിക്കുട്ടനോടി.ഓടുന്നതിനിടയിൽ അവന്റെ കൈയിലെ മണ്കുടുക്ക താഴെ വീണ് പൊട്ടിച്ചിതറി.അതൊന്നും അവൻ സ്ത്രധിച്ചില്ലാ.അമ്മയ്ക്കസുഖം കൂടിയോ അവന്റെ ചിന്ത അതായിരുന്നു. അമ്മേ....നിലവിളിച്ചു കൊണ്ടവൻ വീട്ടിലേയ്ക്കോടിക്കയറി.പക്ഷെ അവിടെ കണ്ട കാഴ്ച്ച കണ്ണുകളെ  വിസ്മയിപ്പിക്കുന്നതായിരുന്നു. എല്ലാ പാത്രങ്ങളിലും ചോറും കറികളും,നിറയെ പലഹാരങ്ങളും.
തൊഴുകൈയോടെ നില്ക്കുന്ന അമ്മ,അമ്മയുടെ അസുഖമൊക്കെ മാറിയിരിക്കുന്നു.മോനേ..ഉണ്ണിക്കുട്ടാ..അത്  അത്  അവരുടെ കണ്ഡമിടറി.ഭഗവാനേ..കൃഷ്ണാ..ഗുരുവായൂരപ്പാ.. ഉണ്ണിക്കുട്ടൻ മുറ്റത്തേയ്ക്കിറങ്ങിയോടി അവിടെ കണ്ട കാഴ്ച്ചയും അതിശയിപ്പിക്കുന്നതായിരുന്നു.പൊട്ടിച്ചിതറിയ കുടുക്കയിൽ നിന്നും പുറത്ത് വന്നതെല്ലാം സ്വർണ്ണനാണയങ്ങൾ.അവൻ മുട്ടുകുത്തിയിരുന്നു നാണയങ്ങളിൽ തട്ടിയ സൂര്യകിരണങ്ങൾ അവന്റെ കണ്ണുകളെ ചിമ്മിച്ചു,മുഖത്ത് പൊന്നൊളി വിടർത്തി.അവനോടി കണ്ട വഴികളിലെല്ലാം പക്ഷെ അവിടെയൊന്നും ആ വൃദ്ധനെ കണ്ടില്ലാ... മനസ്സ് നിറയെ നന്മയും,കൈ നിറയെ വിഷുക്കൈനീട്ടവുമായി ഉണ്ണിക്കുട്ടൻ വീട്ടിലേയ്ക്ക് കയറി.

                                       .................................ശുഭം.....................................
By
Liju Vazhappally

No comments:

Post a Comment