Thursday, 18 December 2014

ഒരു വ്യക്തിയുടെ യോഗ്യത എന്ന് പറയുന്നതെന്താണ്.





നമ്മുടെ നാട്ടിൽ കൂടുതലും വിദ്യാഭ്യാസമുള്ളവരും,വിവേകമുള്ളവരും,ജീവിതാനുഭവങ്ങൾക്കൊണ്ടും അറിവുള്ളവരുമാണ്.അങ്ങനെയുള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പെരുമാറുന്നത്‌.

ഒരു കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങാം.പകലന്തിയോളം മക്കൾക്ക്‌ വേണ്ടി കഷ്ട്ടപ്പെടുന്ന അച്ഛനമ്മമാർ
അവർ കൂലിപ്പണിക്കാരാകാം,വൈറ്റ് കോളർ ഉദ്യോഗസ്ഥരാകാം.മക്കൾ പഠിച്ച് വലിയ നിലയിലെത്തുമ്പോൾ
അവർ  അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നു.ചിലർ വൃദ്ധ സദനത്തിൽ ഏൽപ്പിക്കുന്നു.ചിലർ കല്ല്യാണം കഴിഞ്ഞ് വേറൊരു വീട്ടിലേയ്ക്ക് താമസം മാറുന്നു.മറ്റുചിലരാകട്ടെ വളരെ ക്രൂരമായ രീതിയിൽ അവരെ തെരുവിലുപേക്ഷിക്കുന്നു.

ഇനി കുടുംബത്തെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ കുടിച്ച് കൂത്താടി വീട്ടിൽ വന്ന് അലമ്പുണ്ടാക്കി ഭാര്യയേയും മക്കളേയും തല്ലി. ഉണ്ടാക്കി വെച്ചിരിക്കുന്ന ചോറും കറികളും തട്ടിത്തെറുപ്പിച്ച് ചട്ടിയും കലവും ചവിട്ടിപ്പൊട്ടിച്ച് ഒരോണവും വിഷുവും ക്രിസ്തുമസും സന്തോഷത്തോടെ ആഘോഷിക്കാത്ത എത്രയോ കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്.അതു പോലെ നേരെ തിരിച്ച് പത്തിരുപത്തഞ്ചു വയസ്സായാലും,പെണ്ണ് കെട്ടി ഒന്ന് രണ്ട് പിള്ളേരുടെ അച്ഛനായാലും ഒരു പണിയ്ക്കും പോകാതെ വീട്ടിൽ കിടന്ന് അലമ്പുണ്ടാക്കി ഇടാനുള്ള
അടിവസ്ത്രത്തിനു വരെ അച്ഛനമ്മമാരുടെ മുന്നിൽ ഒരു ഉളുപ്പുമില്ലാതെ കൈനീട്ടുന്ന മക്കൾ.അവസാന കാലത്തും മകനും അവന്റെ ഭാര്യയ്ക്കും പേരക്കുട്ടികൾക്കും ചിലവിനു കൊടുക്കേണ്ടി വരുന്ന ഹതഭാഗ്യരായ
അച്ഛനമ്മമാരുടെ അവസ്ഥയാണ് നമ്മുടെ നാട്ടിൽ.

വിവാഹം ഒരു കച്ചവടമാക്കുന്ന കുടുംബങ്ങൾ.വിദ്യാഭ്യാസമുള്ളവരും,അച്ചടക്കമുള്ളവരും,തറവാടിത്തമുള്ള വരും,സുന്ദരികളുമായ ഒരു പാട് നല്ല പെണ്‍കുട്ടികൾ ലക്ഷങ്ങൾ സ്ത്രീധനം കൊടുക്കാൻ വകയില്ലാതെ നമ്മുടെ നാട്ടിലുണ്ട്.അതു പോലെ സ്ത്രീധനത്തുക നേരത്തേ വാങ്ങിച്ചു പെണ്ണ് കെട്ടാനിരിക്കുന്ന ഒരുപാട് പുരുഷമ്മാരും നമ്മുടെ നാട്ടിലുണ്ട്.നാട്ടുകാരുടെ മുന്നിൽ ആർഭാടം കാണിച്ചും പൊങ്ങച്ചം കാണിച്ചും ലക്ഷങ്ങൾ സ്ത്രീധനം വാങ്ങി കുടുന്നേലേ.. കുഞ്ഞച്ചന്റെ മകളെ കെട്ടി വീട്ടിൽ കൊണ്ടു വന്നിട്ട് കുടുംബത്ത് സമാധാനം ഇല്ലെങ്കിൽ  
കാണിച്ച ആർഭാടത്തിനും വാങ്ങിച്ച സ്ത്രീധനത്തിനും എന്ത് വില.

ഒരാവശ്യത്തിനായി സർക്കാരുദ്യോഗസ്ഥന്റെ മുന്നിൽ ചെന്നാൽ.അത് ഒഫീസറാകട്ടെ,മനേജരാകട്ടെ,
പീയുണാകട്ടെ,അങ്ങനെ സർവമേഖലകളിലും ഉള്ളവർ.കുറഞ്ഞത്‌ ഒരാഴ്ച്ചയെങ്കിലും പാവപ്പെട്ടവനെ ആ ഓഫീസിന്റെ  പടി കയറ്റിയിറക്കും.കാരണം വേറൊന്നുമല്ലാ അവർക്ക് കിട്ടേണ്ടത് അവരുടെ പോക്കറ്റിൽ വീണാലേ കാര്യം നടക്കൂ..നാടിന്റെ ക്രമ സമാധാനത്തിനു കാവൽ നില്ക്കേണ്ട പോലീസുകാർ പട്ടാപകൽ പിടിച്ചു പറിക്കാനായി വഴിയരുകിൽ കള്ളമാരെപോലെ പതുങ്ങി നില്ക്കുന്നു.തിരഞ്ഞെടുപ്പ് കാലത്ത് മാത്രം  കാണാൻ കിട്ടുന്നതും,  ജനങ്ങളുടെ ഇടയിലേയ്ക്കു വന്ന് അവരുടെ പാദസേവ  വരെ ചെയ്യാൻ തയ്യാറായി നിൽക്കുന്ന കുറച്ച് പേർ.അധികാരത്തിന്റെ കസേര ഇവർക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇവർ ചിന്തിക്കുന്നത് ഒരേ ഒരു കാര്യം.ഏതൊക്കെ രീതിയിൽ ഖജനാവിൽ നിന്ന് കൈയിട്ടു വാരാം.എങ്ങനെയൊക്കെ ജനങ്ങളെ കൊള്ളയടിക്കാം.അടുത്ത തിരഞ്ഞെടുപ്പ് വരെ പിടിച്ച് നില്ക്കാൻ എന്തൊക്കെ നെറികേടുകൾ കാണിക്കണം.
ഇവരെല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്.പക്ഷെ  പ്രവർത്തി കണ്ടാൽ ആ കസേരയിൽ ഇരിക്കാനുള്ള യോഗ്യത ഇവർക്കുണ്ടോ..എന്ന് നമ്മൾ ചിന്തിച്ചു പോകും.ഇവർക്ക് കിട്ടുന്ന ശംബളവും കൈയിട്ടു വാരുന്ന പണവും അദ്വാനവർഗ്ഗത്തിന്റെ വിയർപ്പാണന്ന് ഇവർ ചിന്തിക്കുന്നതേയില്ലാ.

ഒരു ബസിൽ കയറിയാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായമായവർക്കും വികാലാംഗർക്കുമെല്ലാം സംവരണമുണ്ട്.പക്ഷെ ഇരിക്കുമ്പോൾ അല്പ്പം വ്യത്യാസം ഉണ്ടെന്നു മാത്രം.സ്ത്രീകളുടെ സീറ്റിലും പുരുഷവർഗം ആധിപത്യം സ്ഥാപിക്കും.കൈകുഞ്ഞുമായി ഒരു സ്ത്രീ കയറി വന്നാൽ പോലും എഴുന്നേറ്റു കൊടുക്കില്ലാ.മാറി കൊടുക്കുന്നവരും ഇതു സ്ത്രീകളുടെ സീറ്റാണ് എഴുന്നേൽക്കൂ ...എന്ന് പറയുന്ന സ്ത്രീകളും,എഴുന്നേൽക്കടോ..എന്ന് പറയാൻ അധികാരമുള്ള കണ്ടക്ടർമാരും വളരെ കുറച്ചു മാത്രം.സ്ത്രീകൾ മിണ്ടാതിരിക്കുന്നത് വേറൊന്നും കൊണ്ടല്ല.ഒന്ന്.പേടിച്ച് ജീവിക്കുന്ന ഒരു സമൂഹം.സ്വന്തം വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും.രണ്ട്.ഇതു സ്ത്രീകളുടെ സീറ്റാണ് എഴുന്നേൽക്കൂ..എന്ന്  പറഞ്ഞാലും ചില മാന്യമാർ എഴുന്നേൽക്കില്ലാ..ആ സ്ത്രീയ്ക്ക് വേണ്ടി സംസാരിക്കാൻ ആ ബസിനുള്ളിരിക്കുന്ന ആരും മുന്നോട്ട് വരില്ലാ.പകരം കളിയാക്കിയൊന്നു ചിരിച്ചെന്നു വരും.നാളെ നമ്മുടെ വീട്ടിലുള്ളവർക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ചിന്തിക്കുന്നവർ കുറച്ച് മാത്രം.

ചില ബസുകളിൽ ഡ്രൈവറും കണ്ടക്ടറും കൂടാതെ വേറൊരു മഹാനും കൂടിയുണ്ട്.അദേഹത്തെ ചില സ്ഥലങ്ങളിൽ പോർട്ടർ എന്ന് വിളിക്കും ചില സ്ഥലങ്ങളിൽ കിളി എന്നും വിളിക്കും.എല്ലാ അർത്ഥത്തിലും ബസിലെ പ്രധാന മണിയടിക്കാരനാണ് ഈ ചങ്ങാതി.ബസിന്റെ ഫുട് ബോർഡിൽ തൂങ്ങിക്കിടന്നുള്ള ഇദേഹത്തിന്റെ ഓരോ ലീലാ വിലാസങ്ങൾ കണ്ടാൽ ആ മുഖം പിടിച്ച് റോഡിലിട്ടൊരയ്ക്കാൻ തോന്നും.ചാടിക്കയറുന്നു,ചാടിയിറങ്ങുന്നു.കബിയെ പിടിച്ച് നില്ക്കുന്നു,പിടിക്കാതെ നില്ക്കുന്നു.പത്തു പെണ്ണുങ്ങൾ ബസിലുണ്ടെങ്കിൽ പിന്നെ പറയണ്ടാ വെറുതെ ഒരാവശ്യമില്ലാതെ അങ്ങോട്ടോടുന്നു,
ഇങ്ങോട്ടോടുന്നു.പോക്കറ്റിൽ നിന്ന് പാൻപരാഗ് എടുത്ത് വായിലിടുന്നു പൊടിയൂതിക്കളയുന്നു.ശംഭുവെടുത്തു
ചുണ്ടിനടിയിൽ വെയ്ക്കുന്നു കണ്ണിൽത്തേയ്ക്കുന്നു.എന്ന് വേണ്ടാ അദേഹം ചെയ്യാത്ത പരിപാടികളില്ലാ.ഇതേ അസുഖം ചില ഡ്രൈവർമാർക്കുമുണ്ട്.ഫ്രണ്ടിലിരിക്കുന്ന ചേച്ചിമാരുടെ മുന്നിലൊന്നു ഷോ കാണിക്കാൻ.കൈ പിടിച്ചോടിക്കുന്നു.കൈ പിടിക്കാതെ ഓടിക്കുന്നു.സ്പീഡ് കൂട്ടി കാണിക്കുന്നു.ഓവർട്ടെയ്ക്കു ചെയ്തു കാണിക്കുന്നു.വഴിവക്കിൽ ആരെങ്കിലും നിന്നാൽ കുറച്ച് വെള്ളം തെറുപ്പിച്ച് അവരെ ഒന്ന് കുളിപ്പിക്കാനും ഈ വിരുതമ്മാർ മടിക്കാറില്ലാ.

അർഹതയുള്ളവനാണെങ്കിലും പണമില്ലെങ്കിൽ അവന്റെ സ്ഥാനം ഏറ്റവും പുറകിലായിരിക്കും.
ദൈവത്തിന്റെ മുന്നിലും ഈ വേർതിരിവ് മനുഷർ ഉണ്ടാക്കി വെച്ചിട്ടുണ്ട്.ഭഗവാനെ കാണാൻ V. I.P കൾക്ക്
ഒരു ക്യൂ.പണമില്ലാത്തവർക്ക് വേറൊരു ക്യൂ.കഠിന വ്രതമെടുത്ത് നടന്നു വരുന്ന ഒരു നല്ല ഭക്തന്റെ സ്ഥാനം പുറകിൽ.കള്ളനും കൊള്ളക്കാരനും കൊലപാതകിയും പിടിച്ചു പറിക്കാരനും V. I.P ആണെങ്കിൽ അവന്റെ സ്ഥാനം മുന്നിൽ.അവന് ഇലയിൽ പ്രസാദം കൊടുക്കുമ്പോൾ പാവപ്പെട്ടവന് എറിഞ്ഞു കൊടുക്കുന്നു.
ഇതൊക്കെയാണെങ്കിലും ഒരു യഥാർത്ഥ ഭക്തന്റെ സ്ഥാനം ദൈവത്തിന്റെ മുന്നിൽതന്നെയാണന്നുള്ള നഗ്നമായ സത്യം ഈ മണ്ടമ്മാർ അറിയുന്നില്ലല്ലോ..കഷ്ട്ടം.  

ചിലയാൾക്കാരുണ്ട് പത്ത് പേര് കൂടുന്നിടത്തും,കൂട്ടുകാരുടെ ഇടയിലും സ്വയം പുകഴ്ത്തിപ്പറയുന്നവർ.
ഈ പുകഴ്ത്തിപ്പറയുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ കേൾക്കുന്നവർകു ബോറടിക്കില്ലാ.. എന്നാൽ ഈ ചേട്ടമ്മാർ പറയുന്നതെന്താണറിയാമോ... എടാ അളിയാ ഇന്നലെ രാത്രി എട്ട് മണിമുതൽ ഞങ്ങളടി തുടങ്ങി.രണ്ട് ഫുള്ള് ഒറ്റയിരിപ്പിനു നാല് പേര് തീർത്തു.പന്ത്രണ്ട് മണിയായപ്പോൾ സാധനം വാങ്ങിക്കാൻ പിന്നെയും പോയി.എവിടെ കിട്ടാൻ ഒരു രക്ഷയുമില്ലാ..അവസാനം ഞങ്ങള് ഒപ്പിച്ചളിയാ..അതും അടിച്ചിട്ടാ ഇന്നലെ കിടന്നത്.ഒന്നും
പറയണ്ടളിയാ..ആര് രായപ്പനോ അവൻ വാള് വെച്ച് റൂമിൽ കിടപ്പുണ്ട് ഇപ്പോ പോയിക്കാണും.അവന് കുറേ സെറ്റപ്പ് പെണ്ണ്ങ്ങളുണ്ടല്ലോ.എന്താ ഏയ്‌ അവളു പോയളിയാ ഇപ്പം വേറൊരണം വീണിട്ടുണ്ട്.എന്റെ ജീൻസും ഷർട്ടും കൂളിഗ് ഗ്ലാസുമൊക്കെ വെച്ച് പോയിട്ടുണ്ട്.പിന്നെ ഒരഞ്ഞൂറു രൂപയും കടം വാങ്ങിച്ചിട്ടുണ്ട്. ഈ പറയുന്നത് ചിലപ്പോൾ മൊബൈലിലൂടെയായിരിക്കും അല്ലെങ്കിൽ പൊതു സഭയിലായിരിക്കും.ഇതൊക്കെ പറയുന്നതും  വലിയ ക്രെടിടറ്റായി കാണുന്ന ചേട്ടമ്മാരാണ് ഇത്.ഇവരും വിദ്യാഭ്യാസത്തിനൊട്ടും കുറവില്ലാത്ത വരാണ്.

ഇപ്പോൾ ചില പിള്ളേര് നടക്കുന്നത് കണ്ടാൽ കാലൻ കരഞ്ഞു പോകും.അവരുടെ മാതാപിതാക്കളെ നമുക്കൊന്ന് കൈകാര്യം ചെയ്യാനും തോന്നും.കാരണം അവരാണല്ലോ ഇവരുടെ ശിൽപ്പികൾ.പത്ത് വിരലിലും പത്ത് മോതിരം.കാതിൽ കടുക്കൻ.മൂക്കിൽ മുക്കുത്തി.ചുണ്ടിൽ അവരേക്കാളും വലിയ ഒരു സിഗരറ്റ്.ഇട്ടിരിക്കുന്ന കളസം കാണിക്കാനായി താഴേയ്ക്ക് ഊർന്നു വരുന്ന ഒരു ജീൻസും.തലയിൽ മുടികൊണ്ടൊരു പാരീസ് ഗോപുരവും.പെണ്ണ്കുട്ടികളുടെ ഇടയിലും ഇതു പോലെ ചില ചേച്ചിമാരും ഉണ്ട്.കൂടുതൽ  പേരും സംസാരിക്കുമ്പോൾ  ഇംഗ്ലീഷ് മിക്സ്‌ ചെയ്യാറുണ്ട്.ഇവരും വിദ്യാഭ്യാസമുള്ളവരാണ്.
   
മാതാ പിതാ ഗുരു ദൈവം എന്നാണ് പണ്ഡിതമ്മാർ,വാഗ്മികൾ,യുഗപുരുഷമ്മാർ നമ്മൾക്ക് പറഞ്ഞു തന്നിരിക്കുന്നത്.അങ്ങനെയുള്ള നമ്മുടെ നാട്ടിൽ മക്കളെ പീഡിപ്പിക്കുന്ന അച്ഛമ്മാരും,ശിഷ്യരെ പീഡിപ്പിക്കുന്ന ഗുരുക്കമ്മാരും,അനുജത്തിമാരെ പീഡിപ്പിക്കുന്ന ചേട്ടമ്മാരും,പേരക്കുട്ടികളെ പീഡിപ്പിക്കുന്ന മുത്തച്ഛമ്മാരും,
വൃദ്ധകളെ  പീഡിപ്പിക്കുന്ന ചെറുപ്പകാരും ധാരാളം.എല്ലാവരും ഇങ്ങനെയാണന്നു ഞാൻ പറയുന്നില്ലാ.ഞാൻ ചോദിക്കുന്നത് ഒന്ന് മാത്രം എല്ലാവരും വിവരവും വിദ്യാഭ്യാസമുള്ളവരാണ്.
എന്നിട്ടുമെന്തേ.. ഇങ്ങനെയൊക്കെ ചെയ്യുന്നത്.

ഇതൊക്കെ നാം നിത്യ ജീവിതത്തിൽ ദിനവും  കാണുന്ന കാഴ്ച്ചകളും കേൾക്കുന്ന വാർത്തകളുമാണ്.

ഒരു വ്യക്തിയുടെ യോഗ്യത എന്ന് പറയുന്നത്.
ബിരുദാനന്തര ബിരുദങ്ങളോ..,കോടികളുടെ ആസ്തിയോ..ആരെയും മയക്കുന്ന സൗന്ദര്യമോ..ശരീരത്തിന്റെ ആകാര വടിവുകളോ ..അല്ലാ...മറിച്ച് ആ വ്യക്തിയുടെ നല്ല മനസ്സും,നല്ല ചിന്തയും,നല്ല പ്രവർത്തികളുമാണ്.

Liju Vazhappally















Sunday, 7 December 2014

തറവാട്



ഇട നെഞ്ചിൽ ഞാനൊരു വീട് കെട്ടി  
മലയാള മണ്ണിന്റെ മണമുള്ള വീട്        (2)

അന്തിത്തിരിവെയ്ക്കാനമ്മയുണ്ടു,മ്മറ-
ത്തിണ്ണയിൽ നാമ ജപങ്ങളുമായ്-
ഉണ്ണിക്കഥകൾപ്പറഞ്ഞുച്ചിരിക്കുന്ന-
മുത്തശ്ശിയമ്മയെ കാണാം..

ഇന്നെന്തേ..നീ വരാൻ വൈകുന്നതെന്തെന്ന്-
ഓർത്തിരിക്കുന്നെന്റെ,യച്ഛൻ.    
ഏട്ടന്റെ കൈകളിൽ ഇന്നെനിക്കെന്തെന്ന്-
കാത്തിരിക്കാനൊരനുജനും-
രാവേറെയായാലുറങ്ങാതെ വാതിൽക്കൽ
കാത്തിരിക്കാനൊരു പെണ്ണുമുണ്ടേ...

വയലുണ്ട് കതിരുണ്ട്  പാടവരമ്പുണ്ട്
ചെത്തിയും ചെമ്പക,ക്കൂവളവും  
ഉണ്ണികൾക്കോടിക്കളിക്കുവാൻ മുറ്റവും
മുറ്റത്ത്‌ മൂവാണ്ടാൻ മാവുമുണ്ട്.
തൊടിയിലെ കിണർ വെള്ളം കോരിക്കുടിച്ചിട്ട്
മധുരം നുണയുവാൻ നെല്ലിയുണ്ട്
ആ ചക്ക ഈ ചക്ക തേൻ വരിക്ക ചക്ക
ചെങ്കദളിക്കുല വാഴയുണ്ടേ....


Liju Vazhappally

Monday, 1 December 2014

ലളിത ഗാനം



പൊന്നാര്യൻ പാടത്തെ കുഞ്ഞിതത്തമ്മേ...
ഇന്നെന്റെ തേന്മാവിൽ ഊഞ്ഞാലാടാൻ വാ...
പുന്നെല്ലിൻ ചോറുണ്ടേ....
പൊന്നാതിരയുണ്ടേ...
പൊന്നോണക്കോടിയുടുത്തിട്ടെന്തേ..പോരാത്തേ..
നീയെന്തേ..പോരാത്തേ..                                                   (പൊന്നാര്യൻ)
                                                         
കൈതോലപ്പൂക്കളിറുത്തൊരു കുഞ്ഞിക്കാറ്റേ..
തെക്കെന്നം പാടി നടന്നൊരു പൂമാരൻ വന്നേ...(2)
തളിർ വെറ്റില ചെല്ലം തന്നീടാം
പൊന്നാവണി മെത്തയൊരുക്കീടാം
എൻ കിന്നര വീണത്തംബുരുമീട്ടിപ്പാടിയുറക്കീടാം. (പൊന്നാര്യൻ)
                                                             
മാനത്തൊരു വെള്ളിനിലാവ്
മഴവില്ലിൻ ഏഴുനിറങ്ങൾ
മന്ദാരം പൂത്തതു പോലൊരു
മഞ്ചാടിക്കുന്ന്....  (2)
കന്നിക്കതിരുലയുന്നുണ്ടേ..
ചിങ്ങപ്പൂ..കൊഴിയുന്നുണ്ടേ..
ഉണ്ണിക്കൈ കോടിയുടുത്തൊരു പൂക്കളമിട്ടിന്ന്. (പൊന്നാര്യൻ)
                                                       

Liju Vazhappally

Saturday, 29 November 2014

നോക്കുകുത്തി


പാടത്ത് കണ്ടൊരു നോക്കുകുത്തി,
പകൽ പക്ഷികൾ കൂട്ടുള്ള നോക്കുകുത്തി.
ഇല്ലത്തുമുണ്ടൊരു നോക്കുകുത്തി,
ചെറു ബാല്ല്യങ്ങൾ കൂട്ടുള്ള നോക്കുകുത്തി.

അന്തിക്ക് കൂട്ടുമായി എന്നെയുറക്കുവാൻ,
മാനത്ത് വന്നൊരു നോക്കുകുത്തി.
ജാലക വാതിൽപ്പഴുതിലൂടെത്തിയാ...
പൊൻ കണി കാട്ടുന്ന നോക്കുകുത്തി,
കാലത്തിൻ നോക്കുകുത്തി
നല്ല കാലത്തിൻ നോക്കുകുത്തി.

നീ പെറ്റു കൂട്ടിയ മക്കളെന്നെ,
തെരുവോരത്തൊരു കുത്തിയാക്കി.
കളിച്ചും ചിരിച്ചും പെഴച്ചും പെഴപ്പിച്ചും
ഇന്നൊരു നോക്കുകുത്തി.
ഞാനിന്നൊരു നോക്കുകുത്തി.

അരവയറൂട്ടുവാൻ പാട് പെടുന്നവർ,
അരികത്തൊരു തണൽ തേടി നടന്നവർ
നീട്ടിയ കൈകളും പിടയുന്ന ഹൃദയവും
അലറിക്കരഞ്ഞ് കൊണ്ടോടിയടുത്താലും
അത് കണ്ടിളിക്കുന്ന നോക്കു കുത്തി
ഞാൻ കലികാല നോക്കു കുത്തി.

നിന്റെ പ്രണയശരങ്ങൾ,പഞ്ചാരവാക്കുകൾ,
കോരിത്തരിക്കും ചുടു ചുംബനങ്ങൾ
മാറ് മുലക്കച്ച ഊരിയെറിഞ്ഞന്ന്
കോൾമയിൻകൊള്ളുന്നൊരാകാരവടിവുകളാദ്യം,
പകർത്തിയ നോക്കു കുത്തി.
നെറികെട്ട പ്രണയവും വഴിവിട്ട കാഴ്ച്ചയും,
അതിമോഹ വാഗ്ദാന പൊയ്മുഖങ്ങൾ
കണ്ടുമടുത്തു ഞാനിന്നുമെന്നും.

കുത്തിക്കൊന്നുകളഞ്ഞ് നീ  പലവട്ടമെൻ,
കുഴി മാന്തിയെടുത്തന്ന് ജീവനേകി.
വലിച്ചെറിഞ്ഞെന്നെ ഞെരിച്ചമർത്തി,
ചില്ല് തരികളെ നോക്കിപ്പിറുപിറുത്തു.

എങ്കിലും നീയെന്നെ മാറോട്-
ചേർത്തുണ്ണാതുറങ്ങാതെ നോക്കിച്ചിരിച്ചും
കരഞ്ഞും,പിണങ്ങിയും,കണ്ടതും കേട്ടതും
പല നോക്കു കുത്തിക്കു കാഴ്ച്ച വെച്ചു.

മുലകുടിമാറാത്ത  പിള്ളേരുമിന്നെന്നെ,
നെഞ്ചോട് ചേർത്തുറങ്ങീടുന്നു.
ഞാൻ കലികാല നോക്കു കുത്തി.

Liju
Vazhappally

Wednesday, 19 November 2014

ഹേ..മനുഷ്യാ..............



പിറവിയെടുക്കുന്നു അമ്മയിൽ നിന്നെന്നും
കരണ കാരനായി അച്ഛനരികത്ത്
ജീവനെടുക്കുവാൻ നീയെന്ന സത്വം
മരണമാസന്നമാകുന്ന നേരത്ത്
വീണ്ടുമെത്തുന്നു അമ്മയിലേയ്ക്കെന്നും.

തിരികെയെത്തുവാൻ വീണ്ടും കൊതിച്ചനാൾ
അരികിലെത്തുമാ,മന്തകൻ നിൻ മകൻ
കരയുവാൻ ത്രാണിയില്ലാത്തനേരത്ത്
അടരുവാൻ മാത്രമാണന്നു നിൻ വിധി
ചെയ്ത പാപങ്ങളൊക്കെയും തീർക്കുവാൻ
പുണ്യ തീർത്ഥങ്ങൾ തേടി നീ യാത്രയായി
മുന്നിലെത്തിയ ദൈവത്തെ അന്നു നീ
കണ്ട ഭാവം നടിക്കാതെ പോയി
ജീവനില്ലാത്ത ദേഹിക്കൊരൂണുമായി
പുണ്യ തീർത്ഥങ്ങൾ തേടി നടന്നു നീ
കണ്ട ദൈവത്തെ തെരുവിലെറിഞ്ഞവൻ
പട്ടുമെത്തയും ശയ്യയായി വെച്ചന്നു
പട്ടു കോണകം കെട്ടിയുറങ്ങി.

ഹേ..മനുഷ്യാ..............
പെറ്റ വയറുകൾ അലയുന്നു ഭൂമിയിൽ
ജീവനില്ലാത്തൊരു ദേഹിയെ ഊട്ടാതേ..
ജീവനുള്ളൊരു ദേഹിക്കു നീ ഇന്നു
ദർഭയില്ലാത്ത  കൈകളാലൂട്ടുകാ.
നിന്നെയൊന്നൂട്ടുവാൻ,
നിന്നെയുറക്കുവാൻ,
അമ്മയിരുന്നില്ലേ കൂടേ....
എന്നുമൊരമ്മയിരുന്നില്ലേ കൂടേ...

Liju Vazhappally

Saturday, 15 November 2014

ഒരു വ്യക്തമായ ഉത്തരം പറയാമോ..

.

അതിനു മുൻപ് ഒരു കാര്യം പറയാനാഗ്രഹിക്കുന്നു.ഞാനൊരു നിരീശ്വര വാദിയല്ലാ.ഒരു മതത്തിന്റെയും ഒരു സംഘടനയുടെയും പ്രതിനിധിയുമല്ലാ.ഒരു വാദ പ്രതിപാദം നടത്തി ആളാകാനുമല്ലാ.അറിയാനായി മാത്രം.
 
ഈ പ്രപഞ്ചത്തിന്റെയും പ്രപഞ്ചത്തിലുള്ള സകല ജീവജാലങ്ങളുടെയും സൃഷ്ടി കർത്താവാണ് ദൈവമെന്നു നമ്മൾ വിശ്വസിക്കുന്നു.ദൈവത്തെ നമ്മൾ സ്നേഹിക്കുന്നു,ബഹുമാനിക്കുന്നു,ഭയക്കുന്നു.ഈ ലോകത്തിലുള്ള എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും നമ്മൾ വിശ്വസിക്കുന്നു.അതിനു ആർകുമൊരഭിപ്രായവ്യത്യാസ മില്ലാന്നു ഞാനും വിശ്വസിക്കുന്നു.

 ഒരമ്മയ്ക്കും അച്ഛനും തന്റെ മക്കൾക്ക്‌ അസുഖങ്ങൾ വരുന്നതോ ആപത്തുകൾ  സംഭവിക്കുന്നതോ സഹിക്കാൻ പറ്റില്ലാ ശരിയല്ലേ.എന്നാൽ എല്ലാവരുടെയും അച്ഛനും അമ്മയുമായ ദൈവം എന്തിനാണ് ഭൂമിയിൽ വേദനിച്ചു ജീവിക്കാൻ കുറേ ജന്മങ്ങളെ സൃഷ്ടിച്ചത്.കണ്ണില്ലാത്തവർ,ചെവികേൾക്കാത്തവർ,കൈകളിയില്ലാത്തവർ,
കാലുകളില്ലാത്തവർ,അരയ്ക്കു താഴെ തളർന്നു കിടക്കുന്നവർ,സംസാരിക്കാൻ സാധിക്കാത്തവർ, മാരകമായ അസുഖങ്ങളുമായി പിറവിയെടുക്കുന്ന കൊച്ചു കുഞ്ഞുങ്ങൾ എന്തിനാണ് ദൈവം ഇങ്ങനെ മക്കളെ സൃഷ്ടിച്ചത്.
അവരനുഭവിക്കുന്ന വേദനകളും കഷ്ട്ടപ്പാടുകളും ദൈവമെന്ന അമ്മയും അച്ഛനും കാണുന്നില്ലേ....        
ഭഗവത് ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞു.

 "സംഭവിക്കുന്നതെല്ലാം നല്ലതിന്.
 ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്."

ഈ ലോകത്ത് നടക്കുന്നതെല്ലാം നല്ലതിനാണോ? അമ്മയെ തല്ലുന്ന മക്കൾ,അച്ഛനെ കൊല്ലാൻ കത്തിയെടുക്കുന്ന    
മക്കൾ,മക്കൾക്ക്‌ നല്ലത് പറഞ്ഞു കൊടുത്തു വളർത്താത്ത അച്ഛനമ്മാർ,ബന്ധങ്ങൾക്ക് വിലകല്പ്പിക്കാതെ
സ്വത്തിനുവേണ്ടി തമ്മിലടിക്കുന്ന കുടുംബങ്ങൾ.കാമ ഭ്രാന്തു പിടികുമ്പോൾ അമ്മയെന്നോ അനുജത്തിയെന്നോ
നോക്കാത്തവർ,പണിയ്ക്കു പോകാതെ മറ്റുള്ളവരെ പറ്റിച്ചു ഓരോ ദിവസവും തള്ളിനീക്കുന്ന മടിയന്മാർ,
ജനസേവനമെന്ന് പറഞ്ഞ് രാജ്യത്തെ കൊള്ളയടിക്കുന്നവർ,കൈക്കൂലി വാങ്ങിച്ചു പാവപ്പെട്ടവനെ  
നെട്ടോട്ടമോടിക്കുന്ന സർക്കാരുദ്യോഗസ്തർ, കൂട്ടിക്കൊടുപ്പുകാർ,കപട സന്ന്യാസിമാർ,മതപുരോഹിതർ
ഇവരെല്ലാം ദൈവത്തിന്റെ മക്കളല്ലേ ...

നമ്മളെ സ്നേഹിക്കുകയും നമ്മുടെ നന്മമാത്രം ആഗ്രഹിക്കുകയും ചെയ്യുന്ന
ദൈവം ഇങ്ങനെ മക്കളെ സൃഷ്ടിക്കുമോ...?

ഇങ്ങനെ മക്കളെ സൃഷ്ടിക്കുന്നതു ദൈവം തന്നെയാണോ...?

അഥവാ സൃഷ്ടിച്ചാൽ എന്താണ് സൃഷ്ടികർത്താവിന്റെ ഉദേശം...?

പൂർവ്വ ജന്മത്തിൽ ചെയ്ത പാപത്തിന്റെ ഫലമാണ് ഈ  ജന്മം എന്ന് വായിച്ചറിവും കേട്ടറിവും മാത്രം.
അങ്ങനെയെങ്കിൽ പുനർജന്മമില്ലാന്നു ചിലർ പറയുന്നു.ഏതാണ് സത്യം?

ഈ അവസരത്തിൽ പണ്ടൊരു കവിഎഴുതിയ വരികൾ ഞാനിവിടെ ഓർമ്മിപ്പിക്കുന്നു.

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
 മതങ്ങൾ ദൈവങ്ങളെ  സൃഷ്ടിച്ചു  
 മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
 മണ്ണ് പങ്കു വെച്ചു അവർ മനസ് പങ്കുവെച്ചു"

 അപ്പോൾ ആദ്യം പിറവിറെടുത്തത് മനുഷനാണോ?ദൈവമാണോ?

അറിവിനറെ സർവ്വജ്ഞ പീഠം കയറുമ്പോഴും ശ്രീ ശങ്കരാചാര്യരുടെ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കി
ഞാനാര് ?

അതേ... ഒരുപാട് ആലോചിക്കണ്ടാ ചിലപ്പോൾ കൈവിട്ടുപോകും .

സൗഹൃദങ്ങളെ വീണ്ടും പറയട്ടെ.ഞാനൊരു നിരീശ്വര വാദിയല്ലാ.ഒരു മതത്തിന്റെയും ഒരു സംഘടനയുടെയും പ്രതിനിധിയുമല്ലാ.ഒരു വാദ പ്രതിപാദം നടത്തി ആളാകാനുമല്ലാ.അറിയാനായി മാത്രം.

Liju Vazhappally

ഇനിയുമൊരു ജന്മമുണ്ടെങ്കിലമ്മേ ..

.

ഉണരില്ലേ..നീയെനിക്കമൃതേകുവാനമ്മേ...
മടിയിൽ തലചായ്ച്ചുറങ്ങാൻ
എന്റെ നെറുകയിൽ
ചുണ്ടിൽ കുറിച്ചൊരു ചുംബനം
മഴയായിപ്പൊഴിയില്ലേ... വീണ്ടും
ഇനിയെന്റെ രാവുകൾക്കൊരു പാട്ടുമൂളുവാൻ
ഒരു കൂട്ടുകാരിയായി അരികത്തിരിക്കുവാൻ
തേനൂറുമാ..കളിക്കൊഞ്ചലെൻ കാതിൽ
മഴയായിപ്പൊഴിയില്ലേ... വീണ്ടും
ഉണരുവാൻ വൈകുന്നതെന്തേ...

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ തരുമോയെനിക്കുനീ...
മരണമില്ലാത്തൊരുലോകത്ത്‌ മാത്രമായി.അവിടെ  
ഞാനെന്നു നീയെന്നു വെളുപ്പ്‌ കറുപ്പെന്ന
ജാതി ചോദിക്കുന്ന മാംസമില്ലാ....
അതിരില്ലാ മതിലില്ലാ വെട്ടിപ്പിടിക്കുവാനോടി
നടക്കുന്ന  മാനുഷ പേക്കോലമില്ലാ..
അമ്മയെത്തല്ലുന്ന,അച്ഛനെത്തല്ലുന്ന
കുഞ്ഞനുജത്തിക്കു നേരെയടുക്കുന്ന
കാമക്കിരാതങ്ങളില്ലാ...
കാഷായമില്ലൊരു കാക്കിയില്ലാ
വെള്ളപുതച്ചിട്ട് പല്ലിളിച്ചെത്തുന്ന
നാളെയുടെ  പാഴ് ജന്മമില്ലാ
നാടിനും വീടിനും ജന്മം മുഴുവനും
ഭാരമായി നിൽക്കുന്ന ജീവശവങ്ങളില്ലാ..
ചിതയില്ലാ ബലിയില്ലാ കച്ചപുതച്ച
നിൻ മാറത്തു വീണു പൊട്ടിക്കരയുവാൻ
കള്ള ബലിക്കാക്കയില്ലാ..

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ വരുമോ..
മരണമില്ലാത്തൊരുലോകത്ത്‌ മാത്രമായി.
പുനർജനിച്ചീടുക  എന്നെയുറക്കുവാൻ
പാൽവെണ്ണയൂട്ടി നീ താരാട്ടു പാട്ടുമായി

Liju Vazhappally

Sunday, 2 November 2014

എന്റെ മലയാളം



മലയാളമേ.. മലയാളമേ...
മനതാരിലുണരുന്നൊരനുരാഗമേ..
ഒരു കുഞ്ഞു പൈതലായി നിൻ
മടിത്തട്ടിൽ പുതിയൊരുഷസിൻ
മണിമുത്ത് പോൽ
പൂനിലാ... പാലൂട്ടി പാടിയുറക്കി നീ
നെഞ്ചോടു ചേർത്തൊരു താരാട്ട് പാട്ടുമായി
തേനും വയമ്പുമായി ചാലിച്ചു നീയെന്റെ
നാവിൽ കുറിച്ചൊരാദ്യാക്ഷരങ്ങൾ
ഒന്നാണ്ദൈവവും ഒന്നാണ് ജാതിയും
ഒന്നാണ് നമ്മളെന്നാദ്യം പഠിപ്പിച്ചു

സുന്ദരമാമെന്റെ മലയാളമേ...
വീണ്ടും പിറക്കുവാനീമടിത്തട്ടിൽ
മോഹമാണെനിക്കെന്നുമെന്നും.
മധുരമീ ഭാഷയെൻ നാവിൽ പകർന്നതും
മധുരമാം മലയാള മണ്ണിൽ പിറന്നതും
സുകൃതമായി കണ്ടു ഞാനെന്നും സ്മരിക്കുന്നു

അറിയുക മലയാള നാടിനെ നാം
അറിയുക മഹിമയും സംസ്ക്കാരവും
 
Liju Vazhappally

Wednesday, 1 October 2014

കുട്ടന്റെ പട്ടങ്ങൾ



പട്ടച്ചരടിന്നറ്റത്തു
കുഞ്ഞികൈകൾ കരയുന്നു
കുട്ടൻ നോക്കി മേലോട്ട്
കുട്ടിയുമങ്ങനെ മേലോട്ട്
ഒത്തു പിടിച്ചു വലിച്ചു രസിച്ചവർ
ഒത്തിരി ഒത്തിരി ഓർമ്മകളായി

പള്ളിക്കൂടം കണ്ടുമടുത്തൊരു
പുസ്തകതാളുകൾ കീറിയെടുത്തു
അച്ഛൻ കണ്ണുകളമ്മക്കണ്ണുകൾ
കാണാതോരോ പട്ടങ്ങൾ
വാനിലുയർത്തിപ്പാറിനടന്നു

പൊട്ടിയ പട്ടച്ചരടുകൾ തേടി
പാടവരംബത്തൂടോടി നടന്നു
പെയ്യാൻ നില്ക്കും മഴമേഘങ്ങൾ
കണ്ടു കഴിഞ്ഞാൽ വീടെത്തും
കൈയിൽ കരുതിയ കടലാസിൽ
കളി വഞ്ചികളൊഴുകി പാടത്ത്

അച്ഛൻ കണ്ണുകളമ്മക്കണ്ണുകൾ
വരവും കാത്തവർ
പടിവാതിൽക്കൽ
കാലിൽ  ചെളിയും മെയ്യിൽ
ചെളിയും പൂണ്ടു പുതഞ്ഞൊരു
വരവാണേ...
ഓടിച്ചിട്ടടി വീടിനു ചുറ്റും
ഓടിക്കയറാൻ മാവുണ്ടേ.....
പണ്ട് പറത്തിയ പട്ടങ്ങൾ
ഓർത്തൂ... കുട്ടൻ മാനത്ത്
ആർത്തു ചിരിച്ചു നടന്നവരങ്ങനെ
ഓർത്തു നടന്നൂ.. ബാല്ല്യങ്ങൾ

Liju Vazhappally

സ്വർഗ പുത്രി




ജല ഗംഗയായെന്റെ അരികിലെത്തി
സ്വരരാഗ സുധയായി ഒഴുകി നീ മണ്ണിൽ
നിളയായി വന്നെൻ കളിത്തോഴിയായി
ഭാരതപ്പുഴയായി നീ ഇന്നു
പിതൃ മോക്ഷമേകാൻ

പാപങ്ങൾ തീർക്കുവാൻ പമ്പയായും
പാരിജാതത്തളിർ ഗന്ധമായെത്രയോ..
പാലാഴിയായും പാലരുവിയായും
പലവഴികൾ ചെറുവഴികൾ
കൈവഴികളായി നീ സ്വർഗവാതിൽ
കടന്നെത്തിയീ മണ്ണിൽ

ഇളം തെന്നൽ പുൽകി നിൻ
കൊലുസിന്റെ കൊഞ്ചൽ
ചന്ദ്രിക ചാലിച്ച സായന്തനങ്ങളും
സിന്ധൂര സന്ധ്യകളാകാശ നീലിമകൾ
പ്രണയം വിടർത്തിയെൻ മനതാരിലെന്നും
പ്രണയ പ്രവാഹമായി നിറയേണമേ..
കവിതയായി  സുകൃതമായി ധരണിയിലെന്നും
പുണ്യ പ്രവാഹമായി ഒഴുകീടണേ..

Liju Vazhappally 

Saturday, 27 September 2014

ഓബ്രാ.....


ഓബ്രാ.....

കാലങ്ങളായി ഞങ്ങ-
ഉഴുതും കിളച്ചും കൊയ്തും മെതിച്ചും
തീണ്ടാ..തൊടാതെ ഉരിയാടാതെ,
ചോരവിയർപ്പാക്കി രാവും പകലും
കത്തും വയറുമായി ആജ്ഞാനുവർത്തിയായി                      
പുറകേ നടക്കുന്നു..
ഓബ്രാ..ഓബ്രാ.. എന്നു മൂളി.

ഏനൊരു നല്ല കൂരയുണ്ടോയെന്ന്,
ഏന്റെ കുടിയില് തീ പുകയുണ്ടോന്ന്,
ഏന്റെ പെണ്ണിനും പുള്ളേർക്കുമെല്ലാം,
മാറ് മറയ്ച്ചീടാൻ,നാണം മറയ്ച്ചീടാൻ,
ഒരു തോർത്തു മുണ്ടെങ്കിലും ഉണ്ടോയെന്ന്
ആരു ചോദിക്കാൻ തെയ് വങ്ങളേ....

ഏൻ വെക്കും വാഴയും കപ്പയും ചേനയും,
കൊയ്തു മെതിച്ചൊരു നെല്ലിന്നരികളും,
തിന്നുവനാർക്കുമൊരൈത്തമില്ലാ...
തിന്നിട്ട് എല്ലിന്റെയിടയിലോ കേറുബോ..
ഏന്റെ പെണ്ണുങ്ങടെ മാനം കവരുവാൻ,
ആർക്കുമൊരൈത്തവുമില്ലാ..തെയ് വങ്ങളേ....

ഏനൊരു പനി വന്നാൽ
ദൂരങ്ങൾ താണ്ടണം.
ഏൻ ചത്താൽ മിണ്ടില്ലാ ആരുമാരും.
ഏന്റെ കുടിയിലേ പെണ്ണുപെഴച്ചന്നാൽ
നാടുമുടിഞ്ഞെന്ന്,
നാടുവാഴുന്നോരും നാട്ടാരും പാടി നടന്നീടുമേ..

ഓന്റെ കുടിയിലേ പെണ്ണുപെഴച്ചന്നാൽ
നാടായ നാടെല്ലാം കൊട്ടും കുരവയും,
നാടുവാഴുന്നോര് നാലാള് കാണാതെ
പൊന്നും പണമായി പൊരകേറിയിറങ്ങീടും.
ഏനെന്നും പൂട്ടിയ കാളയേപോൽ
ഉഴുതും മറിച്ചും നടക്കാനെന്ന്‌,
നാടുവാഴുന്നോരു തല്ലിപ്പറഞ്ഞു.
ഓബ്രാ..ഓബ്രാ.. ഏനും മൂളി.

by
Liju Vazhappally

Wednesday, 10 September 2014

"തെരുവിന്റെ മക്കൾ"



തെരുവിൽ അലയാൻ വേണ്ടി മാത്രം ഒരു കൂട്ടം
കുട്ടികൾ പിറവിയെടുക്കുന്നില്ലാ.പിന്നെ എങ്ങനെ
ഇവർ തെരുവിൻറെ മക്കളായി. എന്തു സംഭവിച്ചാലും
ദൈവത്തിനെ കുറ്റം പറയരുത്.വിധി എന്ന രണ്ടു
വാക്കിൽ എഴുതിത്തള്ള്കയുമരുതു.
ഈ രക്തത്തിൽ സ്ത്രീയ്ക്കും പുരുഷനും
തുല്ല്യ പങ്ക്.




വലിച്ചെറിയെല്ലെ നീ... തെരുവിലേയ്ക്കമ്മേ ..
വില്ക്കരുതെന്നെ നീ യാചിക്കുവാൻ..

വലിച്ചെറിയെല്ലെ നീ തെരുവിലേയ്ക്കമ്മേ ..
വില്ക്കരുതെന്നെ നീ യാചിക്കുവാൻ..
ഇന്നലെയും ഇന്നും, നാളെയുമിതെൻ വിധി
ഞാൻ ചെയ്ത പാപമിതെന്തെന്നു ചൊല്ലുക
എന്നെയല്ലെന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.. (2)

ഓർക്കുക,
ഓർക്കുക  സ്വയം ഭൂവായതല്ലന്നു നീ
പെറ്റൊരു മാതാവുമുണ്ട് നിന്നെയവൾ
തെരുവിലെറിഞ്ഞില്ല അന്നു.
ഓർക്കുക,
നിൻ ബാല്ല്യമമ്മേ...ഇന്നോർക്കുക
ആ നല്ല കാലം.

അമ്മയ്ക്കോരോമന കുഞ്ഞായി നീ
അച്ഛനു കണ്‍മണി എന്നുമെന്നും (2)
നിന്നെയുറക്കുവാൻ താരാട്ടു പാട്ടുമായി
അമ്മയിരുന്നില്ലെ കൂടേ......
ഉറങ്ങാതെ അമ്മയിരുന്നില്ലെ കൂടെ
കൈവളരുന്നോ,കാൽവളരുന്നോ,    
കൊഞ്ചിപ്പറയുവാൻ വെന്ബുന്ന ചുണ്ടുകൾ,
കണ്ണിൽ വിടരുന്ന പൊന്നുഷ സന്ധ്യകൾ,
ആകാശ നീലിമയിലബിളിക്കല നിന്നെ,
പൂ നിലാപ്പാലൂട്ടി ചിരി തൂകി,
നിന്നതുമിളം തെന്നൽ വീശിയാ..
മഴപെയ്ത രാവിൽ,
കുരുന്നു കൈയെത്തിപ്പിടിച്ച നിൻ,
മുഖമൊന്നു കണ്ടു കൊതിയോടിരുന്നില്ലേ......
അമ്മ നിൻ ചാരെ,
കണ്ടു കൊതിയോടിരുന്നില്ലേ...

ഇന്നീ തെരുവിൽ ഏകനായി ഞാൻ....
ഇന്നീ തെരുവിൽ ഏകനായി ഞാൻ
കടിച്ചു കീറും ചെന്നായ്ക്കൾ നടുവിൽ,
കൊത്തിപ്പറിക്കുവാൻ കഴുകൻറെ കണ്ണുകൾ,
പാഞ്ഞു പോകും വിഷം തുപ്പും സകടങ്ങൾ,
ചീഞ്ഞു നാറുന്നൊരു കുപ്പയ്ക്കരുകിലെന്നമ്മേ.....

ചീഞ്ഞു നാറുന്നൊരു കുപ്പയ്ക്കരുകിൽ
അമൃതു നുണയുവാൻ നാവു കൊതിക്കുന്നു
മാറിലെ ചൂടിനായി കുഞ്ഞു പൈതൽ
താരാട്ടു പാടുവാൻ അമ്മയില്ലാ
താളം പിടിക്കുവാൻ അച്ഛനില്ലാ
പിച്ചവെച്ചു നടത്തേണ്ട,
കൈകളിന്നിരുളിൻറെ മറവിൽ
എവിടെയോ....മാഞ്ഞു പോയി

കരയുവാൻ കണ്ണുനീരൊരു തുള്ളിയില്ലാ...
കനിയുവാൻ കണ്ണുകൾ കണ്ടില്ല ഭാവം
കത്തും വയറിനായി,
വറ്റിയ നാവിനായി,
നുണയുവാൻ ഒരുതുള്ളിയെങ്കിലും.....അമ്മേ ...
ഞാൻ ചെയ്ത പാപമിതെന്തെന്നു ചൊല്ലുക.

ഇനിയും അനാഥത്വം നിഴൽ പോലെ തുടരും
എന്നെയല്ലന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.
എന്നെയല്ലന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.

Liju Vazhappally 

Thursday, 28 August 2014

ഞാൻ രൂപകല്പ്പന ചെയ്ത പുതുമയുടെ അടുക്കള


മൂന്ന് സെന്റു സ്ഥലത്തിൽ ഞാൻ രൂപകല്പ്പന ചെയ്ത ഒരു പുതുമയുടെ വീട്.


എന്റെ കൂട്ടുകാരനുവേണ്ടി ഞാൻ രൂപകല്പ്പന ചെയ്ത വീട്.ഒരു പഴമയെ ഓർമ്മപ്പെടുത്തുന്നു.


ഓണം




ഓർമകളിലുണ്ടൊരോണം എന്നും
ഓമാനിക്കാറുള്ളരോണം
ഓടിനടന്നൊരു തുമ്പപ്പൂവിറുത്തോരോ..
പൂക്കളിറുത്തു.
ഒന്നിച്ചു കൂട്ടുകാർ ഒന്നായിരുന്നന്നു
പൂക്കളമിട്ടൊന്നു പാടി.
തുംബി തുള്ളിയൊരു പെണ്‍കൊടി പെണ്ണവൾ
ആടി മുടിയഴിച്ചാടി.
പാടിയ പാട്ടുകൾ ഏറ്റുപാടി
തിരുവാതിരയാടിയാ.. മങ്കമാര്
ആർപ്പും കുരവയും കേട്ടു നടന്നു ഞാൻ
ആവണിപ്പാടത്തിലൂടെ...

ഉണ്ണിയൊരോണക്കോടിയുടുത്തന്നു
അമ്മച്ചിരി കാത്തു നിന്നു.
ചേച്ചി കളിയാക്കിയോടിയടുത്തന്നു
ഓരോ കുറുബുകൾ കാട്ടിടുവാൻ
ഊഞ്ഞാലിലാട്ടിയാ മാനത്തെ മുട്ടിക്കാൻ
അച്ഛനും പുന്നാരം ചൊല്ലിയെത്തി
തുമ്പപ്പൂ പോലുള്ള ചോറു വിളംബിയാ
തൂശനിലയിൽ കറികളുമായി
ചുണ്ടു ചുമപ്പിച്ചു പല്ലുകൊഴിഞ്ഞൊരു
മുത്തശ്ശിയമ്മയിന്നുമ്മറത്തിണ്ണയിൽ
കള്ളനുണക്കുഴി കാട്ടിച്ചിരിക്കുന്നു
പണ്ടൊരോണത്തിൻ കഥകളുമായി


Tuesday, 26 August 2014

ഇവനെയൊക്കെ എന്തു ചെയ്യണം നിങ്ങൾ പറയൂ....

കോട്ടയത്ത് മദ്യപാനിയായ മകന്‍ അമ്മയെ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌ | Published: June 22, 2014 Change Font size: (+) | (-)
Rapeകോട്ടയം: കോട്ടയം ജില്ലയിലെ പാലാ ചക്കാംപുഴയില്‍ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ പല തവണ പീഡിപ്പിച്ചതായി മകന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുടെ പരാതിയില്‍ 25കാരനായ മകരനെ പാലാ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇരയുടെ സ്വകാര്യത മാനിച്ച് പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.
മദ്യപിച്ച് വീട്ടിലെത്തുന്ന മകന്‍ പലതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തെ എതിര്‍ത്തപ്പോള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതായും ഇവര്‍ പരാതിയില്‍ പറയുന്നു. മകന്‍റെ പീഡനം ഭക്‍ത്താവിനെ അറിയിച്ചെങ്കിലും വഴങ്ങിക്കൊടുക്കാന്‍ പറയുകയായിരുന്നെന്നും അവരുടെ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Thursday, 21 August 2014

ഹൃദയത്തിൽ സൂക്ഷിക്കുവാൻ



*   ഒരു കുടുംബം നന്നായാൽ ഒരു സമൂഹം നന്നാകും.
     സമൂഹം നന്നായാൽ നാട് നന്നാകും.
     നാട് നന്നായാൽ രാജ്യം നന്നാകും.

*   മക്കളേ ചെറുപ്പത്തിലേ കാര്യങ്ങൾ
     പറഞ്ഞു മനസിലാക്കി വളർത്തുക.
    രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും
    നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ.
   
*   ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും
    ഒന്നും നേടിയെടുക്കാൻ ശ്രമിക്കരുത്.
    അങ്ങനെ നേടിയെടുക്കുന്നതിന്
    ആയുസ് കുറവായിരിക്കും.

*   ഒരു പരിധിയിൽ കൂടുതൽ ആരെയും ബുദ്ധിമുട്ടിക്കരുത്.

*   ഉപദേശിക്കാൻ എല്ലാവർക്കും സാധിക്കും.
     പക്ഷെ അതു പ്രവർത്തിയിൽ കൊണ്ടുവരാൻ ആരും        
     ശ്രമിക്കാറില്ല.

*   വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കാതെ.
     പാപപരിഹാരത്തിനായി കപട സന്ന്യാസികൾക്കും,
     അന്ധമായ ആചാരങ്ങൾക്കും ലക്ഷങ്ങൾ
     ചിലവാക്കിയിട്ടു ഒരു കാര്യവും ഇല്ലാ.
       
*    ജീവിതം ഒന്നേയുള്ളൂ ആസ്വദിച്ചു ജീവിക്കുക.
      പക്ഷെ മറ്റുള്ളവരെ വേദനിപ്പിച്ചു ജീവിതം    
     ആസ്വദിക്കരുതേ...

*    ബന്ദുക്കളേക്കാൾ എപ്പോഴും ഉപകാരപ്രദം
     നല്ല സുഹൃത്തുക്കൾ  ആയിരിക്കും.
   
*    ഞാൻ എല്ലാം തികഞ്ഞവനാണെന്നും.
      എന്നെക്കാൾ കേമൻ വേറെ ആരുമില്ലാ എന്ന.
      ഞാൻ എന്ന ഭാവം മാറ്റുക.
         
*    അറിവ് പകർന്നു തരുന്നത് ഒരു കൊച്ചു കുട്ടിയാണെങ്കിലും
     അവനെ അഗീകരിക്കുക.
 
*    മനുഷനെ മനുഷനായി കണ്ടാൽ ദൈവത്തെ നേരിൽ കാണാം.

*    കളിയാക്കുന്നവരുടെ മുന്നിൽ അഭിമാനത്തോടെ
      ജീവിച്ചു കാണിക്കുക.കാലം ഇവരെയെല്ലാം നിങ്ങളുടെ
      അടുത്തെത്തിക്കും.മധുരമായ ഒരു പ്രതികാരം.
   
*    കഷ്ട്ടപ്പെടാനൊരു മനസും,
      ആ മനസു നിറയെ ആഗ്രഹങ്ങളുമുണ്ടെങ്കിൽ
     ജീവിതത്തിൽ പലതും നേടിയെടുക്കാൻ സാധിക്കും.

*   എല്ലാവർക്കും ഒരു സുവർണ്ണ കാലഘട്ടം ഉണ്ടായിരിക്കും.
     ആ കാലത്ത് വീണ്ടു വിചാരമില്ലാതെ പല കാര്യങ്ങളും
     ചെയ്തുകൂട്ടും.വാർദ്ധക്ക്യ കാലത്ത് ചെയ്ത
     കാര്യങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങളെക്കുറിച്ചും
     ഓർത്തു ദുഖിച്ചിരിക്കും.

*    ആയുസ്സ് തീരാറായി എന്നൊരു ബോധം വരുമ്പോൾ
     എല്ലാവരും വിവേക ശാലികളാകും.അതിനു മുൻപ്  
     ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും,പറയുന്ന കാര്യങ്ങളെക്കുറിച്ചും
     ഒരു ബോധവും കാണില്ലാ.
   
*    അതിരു കവിഞ്ഞു സ്നേഹം പ്രകടിപ്പിക്കുന്നത്
     കണ്ടാൽ മനസ്സിൽ കുറിയ്ക്കുക.
     അതു കാര്യം സാധിക്കാൻ വേണ്ടി മാത്രമുള്ളതായിരിക്കും.

*   എന്നെ കണ്ടു പഠിക്കണമെന്ന് സ്വന്തം മക്കളോട്
    എത്ര മാതാപിതാക്കൾ പറയും.അങ്ങനെ പറയാനൊരു
     ധൈര്യം കാണിച്ചാൽ മക്കളുടെ മുന്നിൽ
     എല്ലാകാലവും തല കുനിക്കേണ്ടി വരില്ലാ.
 
*    മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ആവശ്യമായ
     കാര്യങ്ങൾ ചെയ്തു കൊടുക്കുക.മരിച്ചു  
     കഴിഞ്ഞിട്ടു ചങ്കത്തടിച്ചു നിലവിളിച്ചിട്ടോ,
     ആർഭാടം കാണിച്ചിട്ടോ ഒരു കാര്യവുമില്ലാ.

*    കൂടെ നില്ക്കുന്നവരെ ചവിട്ടിത്താഴ്ത്തി സ്ഥാനമാനങ്ങൾ
      നേടിയെടുക്കരുത്.കഴിവുണ്ടെങ്കിൽ ഇതെല്ലാം  
      നിങ്ങളെ തേടിയെത്തും.  

*    തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ആരെയും സഹായിക്കരുത്.

*    മക്കളേ സ്നേഹിക്കരുത്.ലാളിക്കരുത് എന്നു ഞാൻ പറയില്ലാ.
      പക്ഷെ അതു തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.
     
*    മാതാപിതാക്കൾ ഒരു മുൻകരുതൽ എന്നപോലെ കാര്യങ്ങൾ
     ചെയ്തു വെയ്ക്കുക.അവസാന കാലത്ത്
      മക്കൾ തിരിഞ്ഞു നോക്കാതെ വന്നാൽ കഷ്ട്ടപ്പെടേണ്ടി വരില്ലാ.

*    ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മരണത്തെപ്പറ്റി
    ചിന്തിക്കുക. മനസും ശരീരവും സാന്തമാകും.

     Liju Vazhappally

Wednesday, 20 August 2014

INDIA TO SHARJA

ഈ തലക്കെട്ട്‌ കാണുമ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും വല്ല ക്രിക്കറ്റ്ടൂർണമെന്റോ ,
ഫുട്ബോൾ ടൂർണമെന്റോ ആണന്നു .എന്നാൽ അല്ലാ.ഞാൻ ആദ്യമായി ഇന്ത്യയിൽ നിന്നു
ഷാർജയിലേയ്ക്കു ജോലിക്കു പോയതാണ്.ചെറുപ്പത്തിൽ ഞാൻ ആകാശത്തിലൂടെ വിമാനം
 പോകുമ്പോൾ താഴെ നിന്ന് കൂവി വിളിച്ചോടുകയും ,കൈയാട്ടി റ്റാറ്റാ പറയുകയും ഒക്കെ
ചെയ്തിട്ടുണ്ട്.അന്നൊരു ആഗ്രഹമുണ്ടായിരുന്നു എന്നെങ്കിലും ഈ കുന്തത്തിൽ ഒന്നു കയറണമെന്നു.
 എന്റെയൊരു നല്ല കൂട്ടുകാരൻ ഷാനവാസാണ്‌  അതിനൊരു അവസരമുണ്ടാക്കിയത്.
ഞങ്ങൾ ഒരുമിച്ചാണ് സിവിൽ എന്ജിനീയറിംഗ് പഠിച്ചത്.UAE യിൽ AL AIN എന്ന സ്ഥലത്തു
ഒരു ആർക്കിടെക്റ്റിന്റെ ഓഫീസിൽ അവനൊരു ജോലി റെഡിയാക്കി.

എറണാകുളത്ത് ഒരു ആർക്കിടെക്റ്റിന്റെ ഓഫീസിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ
എയർ പോർട്ടിന്റെ മുന്നിലൂടെ പല പല സൈറ്റുകളിൽ പോയിട്ടുണ്ട് പക്ഷെ എയർ പോർട്ടിൽ
പോയിട്ടില്ല.എയർ പോർട്ടിന്റെ അകത്തു കയറുന്നതും ആദ്യമായാണ്.
ആദ്യമായി യാത്ര ചെയ്യുന്നതു കൊണ്ട് ഒരു പേടിയുണ്ട്.കൂടാതെ അറബ് രാജ്യങ്ങളെക്കുറിച്ചുള്ള
കേട്ടു കേൾവി മാത്രമേ ഉള്ളൂ അവിടുത്തെ ജീവിത രീതി,ഭാഷ ഇതൊന്നും എനിക്കറിയില്ല.കൂടാതെ
പോകുന്നതിനു മുൻപ് കൂട്ടുകാർ കുറേ കാര്യങ്ങൾ പറഞ്ഞു പേടിപ്പിച്ചു.
അറബികൾക്ക് ദേഷ്യം വന്നാൽ അവര് തുപ്പും ചാട്ടവാറു കൊണ്ട് അടിക്കും ചിലപ്പോൾ വെടി വെച്ചു
കൊല്ലാനും അവർക്കൊരു മടിയുമില്ലാ എന്നൊക്കെ.കാര്യം തമാശയായിട്ടാണ് പറഞ്ഞെങ്കിലും
ഉള്ളിലൊരു പുകച്ചിൽ.പിന്നെ ഷാനവാസവിടെ ഉണ്ടല്ലോ അതാണൊരാശ്വാസം.

എയർ അറേബ്യയുടെ വിമാനത്തിലാണ് യാത്ര.

വെളുപ്പിനെ 4.15 നാണ് വിമാനം പുറപ്പെടുന്നത്.സകല ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ചു ഞാൻ
സീറ്റിലിരുന്നു.സിനിമയിലും ടി.വി ഷോകളിലും മാത്രമാണ് ഞാൻ എയർ ഹോസ്റ്റെസിനെ കണ്ടിട്ടുള്ളൂ
നേരിട്ടു ഇതും ആദ്യമാണ്.എന്താ കളറ് എന്താ സൗന്ദര്യം കണ്ടിട്ട് ഇന്ത്യക്കാരല്ല.മോനേ..മനസ്സിൽ ലെഡു  പൊട്ടി എന്നല്ലേ നിങ്ങൾ വിചാരിച്ചതു.എന്നാൽ അല്ലാ.എന്റെ മനസ്സിൽ പല പല ചിന്തകളായിരുന്നു.ഇതെങ്ങാനും പൊട്ടിത്തെറിച്ചാൽ എന്തു ചെയ്യും,വല്ല കടലിലും വീഴുമോ? ആരെങ്കിലും ഇതു റാഞ്ചിയാൽ എന്തു ചെയ്യും
 ഹോ ആകപ്പാടെ ഒരു അങ്കലാപ്പ്.

വിമാനത്തിൽ നിന്നും നിർദേശങ്ങൾ  വന്നു.സീറ്റ് ബെൽറ്റിടണം,മൊബൈൽ സ്വിച്ച് ഓഫ് ചെയ്യണം,കൈയും
തലയും പുറത്തിടരുത് എന്നൊക്കെ.വിമാനം പൊങ്ങി.അടിവയറ്റിൽ നിന്നു തീ ഉരുണ്ടു വരുന്നതുപോലെ
ഒരു തോന്നൽ. വീട്ടുകാരെയും,കൂട്ടുകാരെയും ഒരിക്കൽ കൂടി ഓർത്തു. ഇനി വന്നാൽ വന്നു.കണ്ണുകൾ അടച്ചു.
തലേ ദിവസത്തെ ഉറക്കക്ഷീണം കാരണം ഒന്നു മയങ്ങിപ്പോയി.ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു ഒരു ചെറിയ
കുലുക്കം പോലെ.ഞാൻ ഞെട്ടിയെഴുന്നേറ്റു.വീണ്ടും നിർദേശം.തൊട്ടടുത്തിരുന്ന ആള് പറഞ്ഞു പേടിക്കണ്ടാ
ആകാശത്തിലും ചെറിയ ഗട്ടറുകൾ ഉണ്ട്.പിന്നെ എനിക്ക് ഉറക്കം വന്നില്ലാ.കുറേ കഴിഞ്ഞു വീണ്ടും നിർദേശം സീറ്റ് ബെൽറ്റിടുകാ സംഭവം ഇറങ്ങാൻ പോകുവാണ്.അതുകേട്ടപ്പോൾ ചെറിയൊരാശ്വാസം.ഭഗവാനേ...ഒന്നു നീട്ടി വിളിച്ചു.

ഡിസംബർ 15 ഷാർജയിലെ  ഒരു തണുത്ത വെളുപ്പാങ്കാലം.

ഞാൻ എയർ പോർട്ടിന്റെ വെളിയിൽ ഇറങ്ങി. ഒരു പുതിയ  ലോകത്തിൽ വന്ന ഫീലിംഗ്. പല പല  രാജ്യക്കാർ പല പല വേഷങ്ങൾ. പിന്നെ നമ്മുടെ  സ്വന്തം മലയാളീസും. ഡിസംബർ മാസമായതുകൊണ്ട് നല്ല  തണുപ്പുണ്ട്.തണുപ്പായതു കൊണ്ടാകാം ആണും പെണ്ണുമെല്ലാം സിഗരറ്റ് വലിച്ചു നടക്കുന്നത് കാണാം.
ഞാൻ എന്റെ ലഗേജുമായി പുറത്തു വെയിറ്റ് ചെയ്തു.ഷാനവാസിന്റെ കൂട്ടുകാരൻ കാറുമായി എത്തി.
നേരെ AL AIN നിലേയ്ക്ക്.നാട്ടുകാര്യവും യാത്രാ വിശേഷങ്ങളും പങ്കു വെച്ചു ഷാർജയുടെ വിരിമാറിലൂടെ
യാത്ര ചെയ്യുകയാണ്.കാഴ്ചകൾ കണ്ടുള്ള യാത്രകൾ റോഡിന്റെ ഇരുവശങ്ങളും ഈന്തപ്പനകളും
പച്ച പുല്ലുകളും പലതരം ചെടികളും പൂക്കളും. കാണാൻ രസമുള്ള കാഴ്ചകൾ. കുറേ ദൂരം പിന്നിട്ടപ്പോൾ
വിജനമായ മരുഭൂമി.ചെടികളും ഇല്ലാ പൂക്കളും ഇല്ലാ കുറേ ഉണങ്ങിയ മരങ്ങൾ മാത്രം.
ഒരു മനുഷക്കുഞ്ഞിനെ പോലും കാണുന്നില്ലാ.ദൈവമേ..ഈ മരുഭൂമിയിലാണോ എന്റെ ജീവിതം.ശ്രീനിവാസന്റെ മറ്റേ സിനിമ മനസ്സിൽ വന്നു.പിന്നെയാ പാട്ടും.

"തിരികെ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും"

അത്രയും സമയം വാചാലനായി ഇരുന്ന ഞാൻ പിന്നെ മിണ്ടിയില്ലാ.വീണ്ടും മനസ്സിൽ പല പല ചിന്തകൾ.
അതിനിടയിൽ ചെറുതായി ഒന്നു മയങ്ങി.ആരോ തട്ടി വിളിച്ചപോലെ ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു
പുറത്തേയ്ക്ക് നോക്കി. ഇപ്പോൾ എന്റെ മനസ്സിൽ ലെഡുവും ജിലേബിയും എല്ലാം പൊട്ടി മോനേ....
നമ്മൾ AL AIN എത്തി.കൂട്ടുകാരൻ പറഞ്ഞു.
എന്താ ഭംഗി.മരങ്ങൾ പൂക്കൾ ചെടികൾ  ഈന്തപ്പനകൾ പുഴകളും കൂടിയുണ്ടായിരുന്നെങ്കിൽ
നമ്മുടെ കേരളം പോലെ ഒരു സ്ഥലം.കേരളത്തിന്റെ പ്രകൃതി ഭംഗി മാത്രമാണ് ഞാൻ ഉദേശിച്ചതു കേട്ടോ.
അതു പറയാൻ കാരണം നമ്മുടെ നാടും എവിടവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. അതൊക്കെ ഞാൻ
പറയാം ആദ്യം റൂമിൽ ചെന്നൊന്നു ഫ്രഷ്‌ ആകട്ടെ.

ഷാനവാസ് എന്നെയും കാത്തു വീടിന്റെ മുറ്റത്തുണ്ടായിരുന്നു. എന്നെ വിളിക്കാൻ എന്താ വരാത്തതെന്നു
ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി കേട്ടു എനിക്ക് ചെറിയ ഒരു വിഷമം വന്നു.
എന്നെയോർത്ത് ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ അവനിരിക്കുവായിരുന്നു.രാവിലെ ഉറങ്ങിപ്പോയി.
അവനെ കുറ്റം പറയാൻ പറ്റില്ലാ കാരണം എന്റെ സ്വഭാവം അവനറിയാം ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ അവനെൻറെ നല്ല കൂട്ടുകാരനാണന്നു.റൂമിലെത്തി എല്ലാവരെയും പരിചയപ്പെട്ടു.കുളിച്ചു
ഫ്രഷ്‌ ആയി സംസാരിച്ചിരുന്ന കൂട്ടത്തിൽ ഷാനവാസ് പറഞ്ഞു.നാളെ വെള്ളിയാഴ്ച്ചയാണ് ഇവിടെ
പൊതു അവധിയാണ്.നാളെ കഴിഞ്ഞു പുതിയ ഓഫീസിൽ ജോയിൻ ചെയ്യണം.ചങ്കില്ചെറിയൊരു
ഇടിവെട്ടിയപോലെ.പുതിയ ഓഫീസ് അറബി എന്താകുമോ എന്തോ...
എന്താടാ ആലോചിക്കുന്നത് ഷാനവാസ് ചോദിച്ചു.ഏയ്‌ ഒന്നുമില്ലാ.ഞാൻ ആധി പുറത്തു കാണിക്കാതെ
പറഞ്ഞു.നാളെ നമുക്കൊന്നു കറങ്ങാൻ പോകാം അത്യാവശ്യം ഇവിടുത്തെ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാം.അവൻ പറഞ്ഞു.എല്ലാ മതക്കാരും ജാതി ഭേതമില്ലാതെ ഒരുമിച്ചു ഒരുമയോടെ ഒരുവീട്ടിൽ
താമസിക്കുന്ന കാഴ്ച്ച ഇവിടെവന്നാൽ കാണാൻ സാധിക്കും.
                                                                                                                                                   
 AL AIN ലെ ഒരു പ്രഭാതം

തണുത്തിട്ട് കിടുകിടാ വിറയ്ക്കുന്നു.പെട്ടന്നു  പ്രഭാതപരിപാടികളെല്ലാം കഴിഞ്ഞു.ഞങ്ങൾ പുറത്തിറങ്ങി.
ഇറങ്ങുന്നതിനു മുൻപ് തണുക്കാതിരിക്കാൻ ഷാനവാസ് ഒരു കോട്ട് തന്നു.വിസയുടെ കോപ്പിയെടുത്തോ
നിനക്ക് ലേബർ കാർഡ്‌ കിട്ടിയില്ലല്ലോ.പൊലീസെങ്ങാനും പിടിച്ചാൽ അതു കാണിക്കാം അവൻ പറഞ്ഞു.
വെറുതെ പുറത്തിറങ്ങി നടക്കാൻ പറ്റില്ലാ ലേബർ കാർഡ് വേണം.ഇല്ലെങ്കിൽ പോലീസ് പൊക്കും.അപ്പോൾ
അതു മനസില്ലായി.

കുണ്ടും കുഴിയും വെള്ളക്കെട്ടും ഒന്നുമില്ലാത്ത നല്ല വൃത്തിയുള്ള റോഡുകൾ.മൂന്നു വരിപ്പാതെയാണ് ഒരേ
സമയം മൂന്നു വണ്ടികൾക്ക് പോകാൻ പറ്റും.റോഡിന്റെ ഇരുവശങ്ങളിലും പച്ച പുല്ലു പിടിപ്പിച്ചിരിക്കുന്നു
പലതരം ചെടികൾ പലതരം പൂക്കൾ ഒന്നിടവിട്ട് ഒന്നിടവിട്ട് ഈന്തപ്പന വച്ചു പിടിപ്പിച്ചിട്ടുണ്ട് കണ്ണിനു നല്ല കുളിർമയുള്ള കാഴ്ച്ചകൾ.അറബികൾ,പറുദയിട്ടു മൂടിയ അറബിക് സുന്ദരികൾ. ചിലർ മുഖം മറച്ചിട്ടില്ലാ.കഥകളിലും,പുസ്തകങ്ങളിലും,സിനിമകളിലും കേട്ടറിവും,വായിച്ചറിവും,കണ്ടറിവും
മാത്രമേ ഉള്ളൂ ഇവരെ.പക്ഷെ ഇപ്പോൾ നേരിട്ടു കണ്ടു.നമുക്കു വാക്കുകളാൽ പറയാൻ പറ്റാത്ത സൗന്ദര്യം.
നാട്ടിലെ പോലെ ഒത്തിരി നേരം നോക്കിനില്ക്കാൻ പറ്റത്തില്ലാ പണികിട്ടും.

ഈ നഗരം ഇത്രയും വൃത്തിയായി കിടക്കുന്നതിനു പിന്നിൽ കുറച്ചാളുകളുടെ കഠിനാധ്വാനമുണ്ട്.
വെളുപ്പിനെ അഞ്ചു മണിമുതൽ ആറരെ വരെ  റോഡുകൾ വൃത്തിയാക്കാനും,ചെടികൾക്ക് വെള്ളം
നനക്കാനും,പഴയ ചെടികൾ മാറ്റി പുതിയ ചെടികൾ നടാനുമൊക്കെ ഇവിടെ ജോലിക്കാരുണ്ട്.
അതിനു വേണ്ടി മാത്രം വിസകിട്ടി വന്നവരാണ് അവരൊക്കെ.ആരും റോഡുകൾ വൃത്തികേടാക്കത്തില്ലാ.
വീടുകളിലെ മാലിന്യങ്ങൾ ഇടാൻ ഓരോ പത്തു വീട് പത്തു വീട് കൂടുന്നിടത്ത് ബലദിയ (മുനിസിപ്പാലിറ്റി)
ബോക്സ്‌ വച്ചിട്ടുണ്ട് അതിലാണ് എല്ലാരും മാലിന്യങ്ങൾ ഇടുന്നത്.ഈ മാലിന്യങ്ങൾ എന്നും രാത്രി പതിനൊന്നു മണിമുതൽ കൊണ്ടു പോകാൻ വണ്ടികൾ വരും.ഈ വണ്ടിക്കു ഒരു പ്രത്യാകതയുണ്ട്.
മാലിന്യങ്ങൾ ഇതിന്റെ അകത്തു തന്നെ കത്തി ചാബലാകുന്ന ഒരു പ്രക്രിയ ഉണ്ട്.ഇങ്ങനെ ചെയ്യുന്നതു കൊണ്ട്
മാലിന്യങ്ങൾ കൂന കൂടികിടന്നു ചീഞ്ഞു നാറി കൊതുകുകൾ പെരുകുകയും മറ്റു അസുഖങ്ങൾ ഉണ്ടാകുകയും
ചെയ്യുന്നില്ലാ.

അതുപോലെ ഇവിടുത്തെ ട്രാവിക് നിയമങ്ങളും രസമുള്ള കാഴ്ച്ചയാണ്‌.
വഴിയാത്രക്കാർ സിഗ്നൽ വച്ചിട്ടുള്ള  സ്ഥലത്തു കൂടി മാത്രമേ റോഡു ക്രോസ് ചെയ്യാൻ പറ്റത്തൊള്ളൂ.
റോഡു ക്രോസ് ചെയ്യേണ്ട സമയത്തു സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള തൂണിൽ ഒരു ബട്ടണ്‍ ഫിറ്റു ചെയ്തിട്ടുണ്ട്
അതിൽ പ്രസ് ചെയ്യണം.അപ്പോൾ റെഡ് ലൈറ്റ് തെളിയും.നമുക്ക് റോഡ്‌ ക്രോസ് ചെയ്യാം.ബട്ടണ്‍ പ്രസ് ചെയ്‌താൽ  ഉടനെ റെഡ് ലൈറ്റ് തെളിയില്ലാ കേട്ടോ  എല്ലാത്തിനും ഒരു ടൈമിംഗ് ഉണ്ട്.സിഗ്നലും സീബ്രാ വരയും ഇല്ലാത്ത സ്ഥലത്തൂടെ റോഡ്‌ ക്രോസ് ചെയ്താൽ പോലീസുകാർ അവിടെയുണ്ടെങ്കിൽ പിഴ കൊടുക്കേണ്ടി വരും 200 ദിർഹം (ഇന്ത്യൻ റുപ്പീസ് 3300) കൊടുത്തിലെങ്കിൽ നമ്മുടെ ലേബർ കാർഡും കൊണ്ട്
അവരു പോകും.മൂന്ന് ദിവസത്തിന് മുൻപ് പിഴ അടച്ചു കാർഡ് വാങ്ങിയില്ലെങ്കിൽ പിഴ കൂടി കൂടി
വരും. അതു ഏതു ട്രാഫിക് സംബന്ധമായ കേസിനും ഇവർ പിഴ ഈടാക്കും.ഓരോ കേസിനും ഓരോ
പിഴ കൊടുക്കേണ്ടി വരും.ഓ എന്തോ  പിഴ ഇതിലും വല്ല്യ നിയമങ്ങൾ ഉള്ള നാട്ടിൽ നിന്നാണ് നമ്മൾ വന്നിരിക്കുന്നത് എന്ന ഭാവത്തിൽ പോയാൽ.തിരിച്ചു നാട്ടിൽ പോകാൻ വേണ്ടി എയർ പോർട്ടിൽ ചെല്ലുമ്പോൾ ആ പിഴയും പിന്നെ അതിന്റെ പലിശയും അടച്ചിട്ടേ പോകാൻ സമ്മതിക്കത്തൊള്ളൂ.
അത് പോലെ വണ്ടിയോടിക്കുന്ന ഡ്രൈവറുടെ ഭാഗത്തു നിന്നു ഒരു തെറ്റുണ്ടായാൽ പിഴയും അടയ്ക്കണം
അതു കൂടാതെ അവർക്കൊരു മൈനസ് പോയിന്റ്റും കിട്ടും അങ്ങനെ അഞ്ചു മൈനസ് പോയിന്റ്റു കിട്ടിയാൽ
ലൈസെൻസ് കട്ട് ചെയ്യും.

ഞങ്ങൾക്ക് പോകാനുള്ള ബസ് വന്നു.ഇനി ബസിന്റെ പ്രത്യാകതപറയാം ഇവിടുത്തെ ബസുകളെല്ലാം
മേഴു്സിഡെൻസു ബെൻസാണു. ബസിനെല്ലാം നമ്പറുകളാണ് 930, 940,900 അങ്ങനെ പിന്നെ കണ്ടക്റ്റർ
ഇല്ലാ ഡ്രൈവർ മാത്രം.കണ്ടക്റ്ററിന്റെ ജോലി കൂടി ചെയ്യുന്നത് ഡ്രൈവറാണ്.ഇതെങ്ങനെ എന്നൊരു
ചോദ്യമുണ്ടാകാം.പറയാം.ബസിനു രണ്ടു വാതിൽ ഉണ്ട്. മുന്നിലും പുറകിലും.ഈ രണ്ടു വാതിലുകളുടെയും
നിയന്ത്രണം ഡ്രൈവർ ഇരിക്കുന്ന സീറ്റി നടുത്താണ് അതായത് വാതിൽ തുറക്കാനും അടയ്ക്കാനും ഡ്രൈവറിന്
മാത്രമേ സാധിക്കൂ. മുന്നിലെത്തെ വാതിൽ വഴി യാത്രക്കാർ കയറുബോൾ റ്റിക്കറ്റെടുത്തിട്ടു കയറണം.
ഇനി നമുക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആകുമ്പോൾ ഹെലോ ആളെറങ്ങാനുണ്ടേ...പൂയ് എന്നൊന്നും വിളിച്ചു
കൂവെണ്ടാ.അവരവർ ഇരിക്കുന്ന സീറ്റിന്റെ അടുത്തു ഒരു ബട്ടണ്‍ ഉണ്ട് അതിൽ പ്രസ്സ് ചെയ്‌താൽ മതി.
അപ്പോൾ ഒരു സിഗ്നൽ ഡ്രൈവർ ഇരിക്കുന്നിടത്തു കേൾക്കും.ഡ്രൈവർ  വണ്ടി നിർത്തും.ഇങ്ങനെ സ്റ്റോപ്പിൽ ഇറങ്ങാം. പിന്നെ ഒരുകാര്യം ബസ്‌അതാതു സ്റ്റോപ്പിൽ മാത്രമേ നിർത്തൂ.. പാതിവഴിയിൽ നിർത്തില്ലാ.
ബസിൽ ചാടിക്കയറാനോ,തൂങ്ങി ക്കിടക്കാനോ പറ്റില്ലാ.ബസിനകത്തു ഒരു ചെറിയ ഡിസ്പ്ലേ വച്ചിട്ടുണ്ട്
ഈ ഡിസ്പ്ലേയിൽ ഓരോ സ്റ്റോപ്പും അറബിയിലും ഇൻഗ്ലീഷിലും എഴുതിക്കാണിക്കും.പിന്നെ ബസിനകത്തു കാമറ വച്ചിട്ടുണ്ട് നമ്മുടെ നാട്ടിലെ പോലെ തോണ്ടാനും പിടിക്കാനുമൊന്നും പറ്റില്ലാ.അതുപോലെ സ്ത്രീകളുടെ സീറ്റിൽ പുരുഷമ്മാർ ഇരിക്കാനും പറ്റില്ലാ.അഥവാ ഇരുന്നാൽ അവരെ എഴുനേൽപ്പിച്ചതിനു
ശേഷമേ ഡ്രൈവർ വണ്ടിയെടുക്കൂ.

ഇവിടെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്.തെറ്റാരു ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും.ഞങ്ങൾ കറങ്ങാൻ പോയി കുറേ കാഴ്ച്ചകൾ കണ്ടു കുറേ കാര്യങ്ങൾ മനസിലാക്കി.
ഇവിടെ എല്ലാ മേഖലകളിലും മലയാളികളുടെ സാനിധ്യം ഉണ്ട്.സ്വന്തമായി ഹോട്ടൽ നടത്തുന്നവരുണ്ട്,
മൊബൈൽ ഷോപ്പ് നടത്തുന്നവരുണ്ട്, ടാക്സി ഓടിക്കുന്നവരുണ്ട്,ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവരുണ്ട്
ബാങ്ക്,മുനിസിപ്പാലിറ്റി അങ്ങനെ എല്ലാ മേഖലകളിലും മലയാളികളുടെ സാനിധ്യം ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ  
എവിടെ ചെന്നാലും മലയാളിയുണ്ട്.

കാഴ്ച്ചകൾ കണ്ടു നടക്കുന്നതിനിടയിൽ ആഹാരം കഴിക്കാൻ ഞങ്ങൾ മറന്നില്ലാ.പഴങ്ങളാണ് ഇവർ കൂടുതലും
കഴിക്കുന്നത്‌.കഴിക്കുന്ന ആഹാരം എന്തുമായിക്കോട്ടേ ഒന്നിലും മായമില്ലാ എന്നുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യാകത.കുബുസ്,റൊട്ടി,ബിരിയാണി.ബിരിയാണി തന്നെ പല തരമുണ്ട് ആട്,കോഴി,ഒട്ടകം പോത്ത് അങ്ങനെ  പല പല വിഭവങ്ങൾ ഇവിടെയുണ്ട്.വെള്ളിയാഴ്ച്ച എല്ലാ ഹോട്ടേലുകളിലും ബിരിയാണി
നിർബന്ധമായി വെയ്ക്കാറുണ്ട്.ഇന്നു ഞങ്ങൾ കഴിച്ചത് ഒട്ടക ബിരിയാണി ആണ്.ഒട്ടകത്തിനു കൊഴുപ്പു കുറവാണ് വെയ്ക്കാനറിയാവുന്നവർ വെയ്ച്ചില്ലെങ്കിൽ കഴിക്കാൻ പറ്റില്ലാ.അങ്ങനെയൊരു കുഴപ്പം
ഒട്ടകത്തിനുണ്ട്.എന്തുകാര്യമാണെങ്കിലും അതു സത്യ സന്ധമായിരിക്കും അതാണ് ഈ നാടിനെ എനിക്ക്
കൂടുതൽ ഇഷ്ട്ടപ്പെടാൻ കാരണം.ഒരു ഹോട്ടേലിന്റെ കാര്യമെടുത്താൽ പഴകിയ ഭക്ഷണം,വൃത്തിയില്ലായ്മ
ഇതൊന്നും ഇവിടില്ലാ.ഓരോ മാസത്തിലും രണ്ടു മൂന്നു പ്രാവശ്യം മുനിസിപ്പാലിറ്റിയിൽ നിന്ന് ഉദ്യോഗസ്തർ
വന്നു പരിശോധിക്കും.എന്തെങ്കിലും ഒരു തെറ്റുകണ്ടാൽ ഹോട്ടേല് പൂട്ടി സീല് വെച്ചു പോകും.
പിന്നെയതു തുറക്കില്ലാ.കറക്കം കഴിഞ്ഞു വീട്ടിലെത്തി.ഇനി നാളെ ഓഫീസിൽ  പോകണം.
ദൈവമേ..എല്ലാത്തിനും നന്ദി പറഞ്ഞു. ഞാൻ കിടന്നു.

രാവിലെ എഴുന്നേറ്റു എല്ലാപരിപാടികളും കഴിഞ്ഞു.അടുത്തൊരു മലയാളി ഹോട്ടേലുണ്ട് നല്ല ചൂട് ദോശയും
ചമ്മന്തിയും കഴിച്ചു ഞാനും ഷാനവാസും ഓഫീസിലേക്ക്.പോകണ്ട സ്ഥലത്തിന്റെ പേര് ജിമി.തിരിച്ചു
വന്നിറങ്ങേണ്ട സ്റ്റോപ്പ്‌ ഉതൊബാ.നടക്കുന്നതിനിടയിൽ അവൻ ഓർമ്മിപ്പിച്ചു.കറക്റ്റ് സമയത്ത് ബസ് വന്നു ഭാഗ്യം ഡ്രൈവർ മലയാളിയാണ്.പരിചയപ്പെട്ടു.ഈ ബസിൽ ദിവസം പോകാമല്ലോ ഞാൻ വിചാരിച്ചു.
പക്ഷേ നാളെ വേറെ ഡ്രൈവർ ആയിരിക്കും അതു ചിലപ്പോൾ പാകിസ്താൻകാരനായിരിക്കും
ഫിലിപ്പിയന്സുകാരനായിരിക്കും ഡ്രൈവർ ഓരോ ദിവസവും മാറി മാറി വരും ഷാനവാസ് പറഞ്ഞു.
ഇവിടെ ഒരു തരികിടയും നടക്കത്തില്ലാ.ഞാൻ മനസ്സിൽ കുറിച്ചിട്ടു.
ബസിലിരിക്കുമ്പോൾ ഒന്ന് രണ്ടു കാര്യം ഷാനവാസ് പറഞ്ഞു തന്നു.ബസ് സ്റ്റോപ്പിലെത്തി.എന്റെ ഹൃദയമിടുപ്പ്‌ കുറച്ചു കൂടിയതായി ഒരു തോന്നൽ.ഓഫീസിലെത്തി റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണിനോട്
ഷാനവാസ് അറബിയിലെന്തോ പറഞ്ഞു.പെട്ടന്ന് ഒരു ചിരിയും ബഹളവും അവിടുന്നും ഇവിടുന്നുമെല്ലാം
തട്ടമിട്ടതും ഇടാത്തതും ഒക്കെയായി കുറേ പെണ്ണുങ്ങൾ ദൈവമേ..ഇതെന്താ ഓഫീസ് മാറിയോ ഞാൻ പോസ്റ്റായി നില്ക്കുവാണ്.റിസപ്ഷനിസ്റ്റു ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു.ചിരിയും ബഹളവും
പാശ്ചാതല സംഗീതം പോലെ അലയടിച്ചുകൊണ്ടേയിരുന്നു. പെണ്‍കുട്ടി ബോസിനെ പരിചപ്പെടുത്തി.
അസലാമൂ അലെയ്ക്കും അദേഹം പറഞ്ഞു വാ അലെയ്ക്കും സലാം ഷാനവാസും ഞാനും പറഞ്ഞു.
ബസിലിരുന്നു ഈ വാക്കുകൾ ആണ് ഷാനവാസ് പറഞ്ഞു പഠിപ്പിച്ചത്. ഇതു കേട്ടപ്പോൾ അക്കരെ അക്കരെ  സിനിമയാണ് എനിക്ക് ഓർമ്മ വന്നതു.ഈ നാട്ടില് ആരെ ആദ്യം കണ്ടാൽ അല്ലെങ്കിൽ ആദിവസം  കണ്ടാൽ
കൈകൊടുത്തു ഈ വാക്കുകൾ പറയണം.ഇതു ഇവിടുത്തെ ഒരു മര്യാദയാണ്.
ഇതിന്റെ അർത്ഥം അസലാമൂ അലെയ്ക്കും-ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വാ അലെയ്ക്കും സലാം-
ഞാൻ താങ്കളെയും സ്വാഗതം ചെയ്യുന്നു.പിന്നെപ്പറഞ്ഞതൊന്നും എനിക്കറിയില്ലാ. എന്റെ പാസ്പോർട്ടും
സർട്ടിഫിക്കറ്റിന്റെ കോപ്പിയും അവിടെ വാങ്ങിച്ചു വെച്ചു.

എന്റെ സീറ്റു ബോസ് കാണിച്ചു തന്നു.ഷാനവാസ് യാത്ര പറഞ്ഞു പുറത്തിറങ്ങി. പോകുന്നതിനു മുൻപ്
ഞാൻ അവനോടു ചോദിച്ചു ഇത്ര ചിരിക്കാൻ എന്താ അവിടെ സംഭവിച്ചത്.എടാ നീ വന്നതിന്റെ സന്തോഷം
അവരു പ്രകടിപ്പിച്ചതാണ്.അതു കേട്ടപ്പോൾ ഞാൻ ഹാപ്പിയായി.സന്തോഷം കുറച്ചു കൂടിയോന്നൊരു
സംശയം കാരണം ഈ ഓഫീസിൽ ഞാനും ബോസും മാത്രമേ അണായിട്ടൊള്ളൂ ബാക്കിയെല്ലാം പെണ്ണുങ്ങളാണ്
ദൈവമേ...കാത്തോളണേ. ആദ്യത്തെ മൂന്നു മാസം കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ലാ.
പൊതുവേ നമ്മൾ മലയാളികൾ അങ്ങനെയാണല്ലോ.എവിടെ ചെന്നാലും പിടിച്ചു നിന്നോളും.
ഇപ്പോൾ അവര് കുറച്ചു മലയാളം പഠിച്ചു.ഞാൻ കുറച്ചു അറബിയും.

 ഞാൻ ഇവിടെ വന്നിട്ടു ഒൻപതു മാസവും അഞ്ചു ദിവസവുമായി  ദൈവാനുഗ്രഹം കൊണ്ട് ഒരു കുഴപ്പവുമില്ലാ.ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നിങ്ങളുമായി പങ്കു വെച്ചത് ഒന്നറിഞ്ഞിരിക്കനാണ്.
എന്തൊക്കെയാണെങ്കിലും നമ്മുടെ നാടിനെ വിട്ടു നില്ക്കുന്ന ഒരു വേദന എല്ലാ പ്രവാസി മലയാളികൾക്കും ഉണ്ട്.എല്ലാ നാടിനേക്കാളും നല്ല നാട് നമ്മുടെ നാടാണ്.പക്ഷെ ഭരിക്കുന്നവരും ചില ആൾക്കാരും
അവരവരുടെ സ്വന്തം താല്പ്പര്യങ്ങൾക്കായി നമ്മുടെ നാടിനെ നശിപ്പിച്ചു കഴിഞ്ഞു.വീണ്ടും
നശിപ്പിക്കുവാനായി മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു.നിയമങ്ങൾ ഉണ്ട് നിയമപാലകർ ഉണ്ട് പക്ഷെ അനുസരിക്കാൻ ആരും തയ്യാറാകുന്നില്ല.തെറ്റു ചെയ്യുന്നവർക്കെതിരെ മുഖം നോക്കിയും പ്രതാപം നോക്കിയും നടപടിയെടുക്കുന്നവരാണ്നമ്മുടെ നാട്ടിലെ ഭരണാധികാരികളും,നിയമ പാലകരും.നമ്മുടെ
 നാടിന്റെ ദുരവസ്ഥ മാറണമെങ്കിൽ  നമ്മൾ ഓരോത്തരും വിചാരിക്കണം.ഒരുമിച്ചു നില്ക്കണം.
ഒരു നല്ല നാളേയ്ക്കായി പ്രാർഥിക്കാം.ശുഭദിനം.

Sunday, 17 August 2014

യാത്രാമൊഴി


ഇടനെഞ്ച് പിടയുന്നു, കരളുരുകുന്നെന്റെ    
ഇമ ചിന്മി മറയുന്നു,കൈകാൽ വിറയ്ക്കുന്നു.
ചുടുചോര ചിതറിത്തളം കെട്ടിയിവിടെ
ഇടിമിന്നൽ പായുമെന്നസ്തികൾ നുറുങ്ങുന്നു.
ഈരേഴു ലോകങ്ങൾ അലറിക്കരഞ്ഞു ഞാൻ
ഒരു പേറ്റുനോവിന്റെ കഥയിന്ന് ചൊല്ലുന്നു.

കാത്തിരുന്നന്ന് ഞാൻ നിന്നെ,
മാറോട് ചേർത്തുറക്കീടുവാൻ കുഞ്ഞേ..
ഓർത്തിരുന്നന്ന് ഞാൻ നിന്നെ,
വരും കാലങ്ങളിൽ കൂട്ടു പോകാൻ..
ഇടറാതെ,തളരാതെ,ഉലയാതെ,ഉടയാതെ
കാത്ത് സൂക്ഷിച്ചു ഞാൻ നിന്നെ
ഗർഭ പാത്രത്തിൽ നീ വന്ന നാളിൽ.
കാത്തിരുന്നന്ന് ഞാൻ നിന്നെ,
മാറോട് ചേർത്തുറക്കീടുവാൻ കുഞ്ഞേ..

താലോലമാട്ട് വാൻ കൈകൾ, നിന്നെ
താരാട്ട് പാടുവാൻ നാവ്.
ഓമനിച്ചീടുവാൻ കൈകൾ, നിന്നെ
കൊഞ്ചിയുറക്കുവാൻ നാവ്‌
നിന്നെയന്നൂട്ടുവാൻ പൂനിലാപ്പാലുമായി
അമ്മയിരുന്നന്ന് ചാരെ
ഉറങ്ങാതെ അമ്മയിരുന്നന്ന് ചാരേ...

ആദ്യത്തെ അന്നമൊന്നൂട്ടാം...
കൊണ്ടു പോകാം ഗുരുവായൂർ നിന്നെ.
വെണ്ണ നിവേദ്യമായി നല്കാം...
ഉണ്ണി നിന്നെ തുലാഭാരം വെയ്ക്കാം.
ഉരുളി കമഴ്ത്തി,വഴിപാട് ചൊല്ലി,
വ്രതം നോറ്റുരുണ്ടി,ന്നാറ്റു
നോറ്റുണ്ടായതാണേ...
അച്ഛനെന്നും കളിപറഞ്ഞെത്തും.

കൈകാൽ വളരുന്ന കാണാൻ, നിന്റെ
കള്ളച്ചിരിയൊന്ന് കേൾക്കാൻ.
മുട്ടേല് നീന്തുന്ന കാണാൻ, നിന്റെ
കള്ളക്കരച്ചില് കേൾക്കാൻ.
ഓരോ..രാവും പകലും കുസൃതികൾ
കണ്ടിരുന്നു ഞങ്ങൾ കുഞ്ഞേ..
കൊതിയോടെ കണ്ടിരുന്നു ഞങ്ങൾ കുഞ്ഞേ..

നീ കരയാതെ ഇരിക്കാൻ.
ഞങ്ങളെന്നും കരഞ്ഞെന്റെ കുഞ്ഞേ..
നീ നിനച്ചീടുന്നതെല്ലാം.
തന്ന് നിന്റെയ,ന്നാക്കുവാനായി.
നീ വന്ന നാൾ മുതൽ എല്ലാം നിനക്കായി
മാറ്റിവെച്ചു ഞങ്ങൾ  കുഞ്ഞേ..
ഓരോ പ്രഭാതവും ഓരോ പ്രദോഷവും
നിന്നെക്കുറിച്ചായിരുന്നു കിനാവുകൾ
നിന്നെക്കുറിച്ചായിരുന്നു.

അന്യരായി ഇന്ന്  ഞങ്ങൾ.
നിനക്കിന്ന്  അന്യരായി ഇന്ന്  ഞങ്ങൾ.
കണ്ടാൽ ചിരിക്കില്ലാ,കണ്ടാലറിയില്ലാ
ഒന്നു തിരിഞ്ഞൊന്നു നോക്കില്ല നീ..
കണ്ടാൽ ചിരിക്കില്ലാ,കണ്ടാലറിയില്ലാ
ഒന്നു തിരിഞ്ഞൊന്നു നോക്കില്ല നീ..

അമ്മയെന്നാദ്യം വിളിച്ചൊരു നാവിന്ന്
കൊഞ്ചിപ്പറയുവാൻ വെന്ബിയ നാവിന്ന്
എന്തും പറയുവാൻ പൊങ്ങുന്നിതാ.....
അന്ന്ചുംബിച്ച നിൻ കൈകാൽ വിരലുകൾ
ഇന്നിതാ..തല്ലുവാനോങ്ങിടുന്നൂ...
എന്തേ.. നീ..ഇങ്ങനെയെന്റെ കുഞ്ഞേ..

മകനേ.... നിനക്കിന്ന് ഭാരമായി ഞങ്ങൾ
അലയുന്നിതാ..ഈ തെരുവുകൾ തോറും
തന്നതിനെല്ലാം കണക്ക് നീ സൂക്ഷിച്ചു,
ഇന്ന് നിനക്കൊരു ഭാരമായി.

എല്ലാം വെറുമൊരു ചാപല്ല്യമായിക്കണ്ട്
യാത്ര പറയുന്ന നേരമിതാ...
ഇന്ന് നീ സൂക്ഷിച്ച പുസ്തകത്താളുകൾ
വീണ്ടും തുറക്കുന്ന കാലം വരും
അന്നും വെറുമൊരു ചാപല്ല്യമായിക്കണ്ട്
നിൻ മകനോട്‌ പൊറുത്ത് കൊൾകാ...
എന്നുമീ.. പേറ്റ്,നോവിൻ കണക്കുകൾ
അമ്മകുറിക്കില്ലൊരിക്കലും,
ഓർക്കുകാ...
അമ്മകുറിക്കില്ലൊരിക്കലും.......

Liju
vazhappally

Sunday, 10 August 2014

"തുറക്കുക നിൻ മിഴികൾ "



ഇരുളിന്റെ ലോകത്തു നിന്നു ഞാനെത്തി
കരുണയുടെ കൈ വഴികൾ തേടി..
ഇവിടെയും ഒരു തരി വെട്ടമില്ലെന്നു
കണ്ടു പകച്ചു  ഞാൻ നിന്നു

അമ്മയെ കാണുവാൻ അച്ഛനെ കാണുവാൻ
കുഞ്ഞനുജത്തിയെ കാണാൻ
കുഞ്ഞിക്കഥകൾ പറഞ്ഞു ചിരിക്കുന്ന
മുത്തശ്ശിയമ്മയെ കാണാൻ....
തോളത്തിരുത്തിയിന്നാന കളിക്കുന്ന
മുത്തച്ഛനെയൊന്നു കാണാൻ
കണ്ണിൽ കരിമഷിയെഴുതുന്ന നേരം
കൊഞ്ചിപ്പറയുന്ന വാക്കുകൾ കേട്ടു ഞാൻ
എന്തിനു തന്നു നീ അന്ധ ജന്മം
എന്റെ കണ്ണുകൾ ചൊല്ലി വിതുംബിയിന്നു (2)

ഓടിക്കളിച്ചു കൊണ്ടോരോ
കളിക്കൂട്ടുക്കാര് വരുന്നൊരുനേരം
പാടത്തെ തത്തയും അണ്ണാറക്കണ്ണനും
പായാരമോരോന്നു ചൊല്ലി
എന്തു സൗരഭ്യമീ പൂവുകൾക്കിന്ന്
എന്തു സുഗന്ധമാണിന്നവർ ചൊല്ലി
എത്രയോ വർണ്ണങ്ങൾ
എത്രയോ തീരങ്ങൾ
എത്ര മനോഹരമാണിവിടം (2)

അക്ഷരമാലകൾ ചൊല്ലിപ്പഠിക്കുവാൻ
ഇന്നു പോരുന്നോ നീ ഉണ്ണീ....(2)
കണ്ണാരം പൊത്തിയും,മണ്ണപ്പംച്ചുട്ടിട്ടും,
ആ തൊടിചാടിക്കടന്നൊരു മാമ്പഴം
കൈയെത്തിപ്പൊട്ടിച്ചും,പൂന്തേൻ നുകരുവാൻ
ചെങ്കദളിക്കുല ചായ്ച്ചു പിടിച്ചിന്നു,
ഈ പുഴ ചാടിയും  നീന്തിത്തുടിച്ചു
രസിച്ചു മറിയുവാൻ ഓരോ
കളിക്കൂട്ടുക്കാര് വരുന്നൊരുനേരം (2)

എന്തിനു തന്നു നീ അന്ധ ജന്മം
എനിക്കെന്തിനു തന്നു നീ അന്ധ ജന്മം
അന്ധതയോർത്തെന്റെ കണ്ണുനിറഞ്ഞനാൾ
കണ്ണിൽ വെളിച്ചമായി എത്തിയെന്റെമ്മ
കാതിൽ പറഞ്ഞൊരു നഗ്നന സത്യം

ബന്ധങ്ങളില്ലാ.. മനുഷരില്ലാ...
ബന്ധങ്ങളില്ലാ മനുഷരില്ലാ
ഇന്നു ജീവിതപ്പാവകൾ മാത്രം
ഒന്നിനെ പത്താക്കി,പത്തു നൂറാക്കുവാൻ
ഓടിനടക്കുന്ന ജന്മം.
അന്ധനാം നിന്നെയും തല്ലിച്ചതച്ചിന്നു
തെരുവിലിറക്കുന്ന ജന്മം

അമ്മയെ തല്ലുന്നു,അച്ഛനെക്കൊല്ലുന്നു
കുഞ്ഞനുജത്തിക്ക് നേരെയടുക്കുന്നു
കാമത്തഴബുള്ള കൈകൾ (2)
മണ്ണിനും പെണ്ണിനും പോർക്കളം
തീർക്കുന്ന ബന്ധങ്ങളില്ലാത്ത ലോകം.
അന്ധരാണെല്ലാരും അന്ധരാണെല്ലാരും
കണ്ണിനു കാഴ്ചയുണ്ടെന്നു മാത്രം.

Wednesday, 23 July 2014

ഓർമ്മകളിലൂടെ....

എത്രയെഴുതിയാലും,എത്രവായിച്ചാലും 
മതിവരാത്ത  ഓർമ്മകളിലൂടെ......

ഒന്നാനാം കുന്നിമേലന്നൊരുന്നാൾ
മഞ്ഞാടിക്കുരു തപ്പിപ്പോയില്ലേ നാം
അന്തിക്കൊരു കുഞ്ഞു പൊന്നിൻ,
വിളക്കുമായി മിന്നി മിന്നി വന്ന,
മിന്നാ മിനുങ്ങിനെ ആയമ്മ,
കാണാതൊളിപ്പിച്ചില്ലേ...

തുള്ളിക്കൊരു കുടം പെയ്ത മഴയത്ത്
തുള്ളിക്കളിച്ചു നടന്നില്ലേ നാം
കാറ്റത്ത്‌ വീണൊരു ചക്കരമാബഴം
ആദ്യം പെറുക്കുവാനോടിയില്ലേ...
ഉപ്പിലിട്ടു വെച്ചൊരുപ്പുമാങ്ങാ
ആയമ്മകാണാതെ തിന്നില്ലേ നാം

പാടവരംബത്തൂടോടിച്ചാടി ഓരോ,
കതിരും പറിച്ചെടുത്തു തത്തമ്മപ്പെണ്ണിനെ,
തഞ്ചത്തിൽ കൊഞ്ചിച്ചു,മേഞ്ഞു നടക്കും
പൈക്കിടാവിൻ,
ചാരത്തു വന്നിട്ടൊരുമ്മ,
കൊടുത്തും,കറ്റക്കതിരും ചുമന്നു,
വരുന്നോരായർപ്പെണ്ണിനോട് കാര്യം പറഞ്ഞും,
ആശാൻ കളരിയിൽ പോയില്ലേ നാം.

അപ്പൂപ്പൻ താടിയും, തുംബിപ്പെണ്ണും
കൂടെക്കളിക്കുവാൻ വന്നൊരുനാൾ
തുമ്പപ്പൂ കൊണ്ടൊരു ചോറു വെച്ചു
തൂശനിലയിൽ വിളബിയിട്ടു
മുറ്റം നിറയെ നാം പൂക്കളിട്ടു
പൂവു പെറുക്കാനൊരുണ്ണി വന്നു
ഉണ്ണിക്കു കൂട്ടിനായി പൊന്നൂഞ്ഞാലും
പൊന്നോണ നാളിൻ രുചികളുമായി
ആതിരപ്പെണ്ണവൾ കോടിയുടുത്തന്നു
പാടിയപാട്ടവരേറ്റു പാടി.

Tuesday, 22 July 2014

പതിവ്രത


എന്തേ എനിക്കെന്റെ സീമന്ത രേഖയിൽ
സിന്ദൂരമിട്ടാലിന്നു.
എന്തേ എനിക്കെന്റെ
താലിച്ചരടിന്ന് പൊട്ടിച്ചെടുക്കാതിരുന്നാൽ
എന്തേ എനിക്കെന്റെ വാർമുടിക്കെട്ടിൽ
പൂ മുല്ല ചൂടിയാലിന്നു
ഒരു പൂ മുല്ല ചൂടിയാലിന്നു.

എന്നും ദീർഘ സുമംഗലിയാകുവാൻ
സിന്ദൂരമിട്ടുനീ അന്ന്,
എന്റെ സീമന്ത രേഖയിലന്നു.
കണ്ടകിനാവുകൾക്കരുകിലെന്നും
കൂടെയിരിക്കുവാനാശിച്ചു ഞാൻ
അന്നു പ്രണയിച്ചു നമ്മളൊന്നായി
കൈ പിടിച്ചാവഴി പോയതല്ലേ...

എത്രയോ രാവും പകലും നീയെന്റെ
കൊഞ്ചും മൊഴി കേൾക്കാൻ കാത്തിരുന്നു.
ഒരു കുഞ്ഞു പൈതലിൻ കൈകളിൽ ചുബിച്ച്,
താരാട്ടു  പാട്ടുമായി അരികിലിരിക്കുവാൻ,
പാതി പകുത്തിലേ അന്നു നമ്മൾ.
ആ രാവ് കൊതിച്ചില്ലേ..അന്നു നമ്മൾ.

ഒന്നിച്ചിരുന്നുണ്ടും,ഒന്നിച്ചുറങ്ങിയും
ഒന്നിച്ചാ മോഹങ്ങൾ പങ്കു വെച്ചു
ഒന്നിച്ചാ ദുഃഖങ്ങൾ പങ്കു വെച്ചു
നീയെന്റെ ജീവനാമെന്നുമെന്നും
സീമന്ത രേഖ മറയരുതേ ...
വാർമുടിക്കെട്ടൊഴിയരുതേ...
എന്നുമീ താലി മറക്കരുതേ...
കൈ പിടിച്ചന്നുനീ ചൊല്ലിയില്ലേ..

എന്നിട്ട് നീയെന്തേ..എന്നെ തനിച്ചാക്കി
ജീവനില്ലാതെ ഇന്നൊറ്റയ്ക്കു പോയി
എന്നും പതി പാദം പൂജിച്ചു ഞാൻ
ചൊല്ലിയ വാക്കുകൾ ദൈവ വാക്ക്യം

എന്തേ എനിക്കെന്റെ സീമന്ത രേഖയിൽ
സിന്ദൂരമിട്ടാലിന്നു.
എന്തേ എനിക്കെന്റെ
താലിച്ചരടിന്ന് പൊട്ടിച്ചെടുക്കാതിരുന്നാൽ
എന്തേ എനിക്കെന്റെ വാർമുടിക്കെട്ടിൽ
പൂ മുല്ല ചൂടിയാലിന്നു
ഒരു പൂ മുല്ല ചൂടിയാലിന്നു.

Monday, 21 July 2014

വരണമാല്ല്യം കൊതിച്ചവൾ


തുറന്നിട്ട ജാലകവാതിലിലൂടെന്നും പ്രിയനേ..
നിന്നെ ഞാൻ കാത്തിരുന്നു.
കാലമെന്നിൽ യൗവ്വനമാംമോഹ
ജ്വാലയായി ആളിപ്പടർന്നു നിന്നു.
നിദ്രയില്ലാത്തൊരു രാവുകൾ എത്രയോ..
എന്നെ തഴുകി കടന്നു പോയി.

പ്രായം തികഞ്ഞൊരു പെണ്ണന്നറിഞ്ഞവർ
നാലുച്ചുവരുകൾക്കുള്ളിലായി എന്നെ
നാളേയ്ക്കു വേണ്ടി ഒളിച്ചു വെച്ചു
നാലാളു കാണുന്നിടത്തൊന്നും
കാണരുതെന്നു പറഞ്ഞു നിർത്തി
വിലപേശിയെത്തിയവർ പോയി വന്നു എന്നും
കാഴ്ചയ്ക്ക് വേണ്ടിയീഞാനും

ദീർഘസുമംഗലിയായവൾ ഞാൻ
നീല നിശീഥിനി കാത്തിരുന്നു.
മണിയറ വാതിൽ തുറന്നെത്തുമീനേരം
മലർമന്ദഹാസമായി ഞാനുണർന്നു
അവനെന്നെ തഴുകി പുണർന്നൊരു ചുംബനം
മഴയായി പൊഴിഞ്ഞിളം മേനിയിൽ പുൽകി
രാവിൻറെ മാറിലുറങ്ങാൻ കൊതിച്ചൊരു
പനിനീർ പൂവിതാ ചിരിതൂകി നില്ക്കുന്നു
കണ്ണിൽ വിടരുമൊരനുരാഗമാം മഴ
പെയ്തൊഴിയാതെ തുടരുമീ വേളയിൽ
ആരോ വാതിലിൽ മുട്ടി വിളിച്ചു
കാതിൽ സ്വകാര്യം പറഞ്ഞു പോയി

നാളെയും പതിവുപോൽ നിന്നെ കാണാൻ
ചെക്കനും കൂട്ടരും എത്തുമെന്ന്.
കണ്ടതെല്ലാം വെറും സ്വപ്നം മാത്രം
തുറന്നിട്ട ജലകവാതിലിലൂടെന്നും പ്രിയനേ..
നിന്നെ ഞാൻ കാത്തിരുന്നു.

Sunday, 20 July 2014

അമ്മ വേലിചാടിയാൽ മകള് മതില് ചാടും.


അമ്മ വേലിചാടിയാൽ മകള് മതില് ചാടും.
ഇതു ഒരു കവിതയല്ലാ.ഒരു ഓർമ്മക്കുറിപ്പ്‌.

അന്നു ഞാൻ എറണാകുളത്തു വർക്ക് ചെയ്യുകയായിരുന്നു .വീട് കോട്ടയത്തായതുകൊണ്ട് ദിവസവും പോയി വരുവാൻ ബുദ്ധിമുട്ടായിരുന്നു. അതു കൊണ്ട് ഞാൻ ഓഫീസിന്റെ അടുത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചു. പെയിൻഗെസ്റ്റ് എന്നു പറയാം കാരണം ആ വീട്ടിൽ ഞാൻ കൂടാതെ ഹൗസ് ഓണറും കുടുംബവും ഉണ്ടായിരുന്നു . അമ്മച്ചി ,അമ്മച്ചിയുടെ മകൻ,മകന്റെ ഭാര്യ പിന്നെ അവരുടെ ഒരു മകനും
(കൊച്ചു കുട്ടിയാണ്) അവനു എന്നെ വല്ല്യാ ഇഷ്ട്ടമായിരുന്നു.മറ്റുള്ളവർക്ക് എന്നെ ഇഷ്ട്ടമല്ലാ
എന്നല്ലാ സാധാരണ കുട്ടികൾ അങ്ങനെയാണല്ലോ.

ഹോട്ടേൽ ഭക്ഷണം എനിക്ക് ഇഷ്ട്ടമില്ലാത്തതുകൊണ്ട് ഞാൻ ഭക്ഷണം ഉണ്ടാക്കി കഴികുകയായിരുന്നു.
ആ വീട്ടിലെ ഗൃഹനാഥൻ ഭക്ഷണപ്പ്രിയനും,അരസികനും സർവോപരിഒരു മടിയനും ആയിരുന്നു.
എറണാകുളം ഒരു മെട്രോ സിറ്റി ആയിട്ടും,കാലത്തിന്റെ പരിഷ്ക്കാരങ്ങൾ എല്ലാ വീടുകളിലും വന്നിട്ടും ഈ വീട്ടിലെ ടീവിയിൽ ദൂരദർശൻ ചാനലൽ മാത്രമേ ഉള്ളൂ കൂടാതെ ഒരു പൊട്ട ടേപ്പുറിക്കാടും.
ഇരുപതു സെന്ററു സ്ഥലം അതിൽ അത്യാവശ്യം വലുപ്പമുള്ള ഒരു വീട്.ഞാൻ പറഞ്ഞു വന്നത് വീട്ടിലെ ഓരോ മുറിയും വാടകയ്ക്ക് കൊടുത്താണ് ആശാന്റെ ജീവിതം പിന്നെ സയിടായിടു റിയൽ എസ്റ്റെറ്റും  പരിപാടിയൊക്കെയുണ്ട്.രസം അതല്ലാ ലോകത്തിന്റെ ഏതു മൂലക്കാണെങ്കിലും ആശാൻ സീരിയലിന്റെ സമയം ആകുംബോൾ വീട്ടിലെത്തും. അതു പോലെ പ്രാഥനാ സമയത്തും. ആ ഒരു കാര്യത്തിൽ ആളിനോട് എനിക്കൊരല്പ്പം സ്നേഹം ഉണ്ട്. പക്ഷെ ഭക്തി ഒരല്പ്പം കൂടുതലാണോ എന്നൊരു സംശയം ഉണ്ട്  കാരണം പ്രാർഥിക്കുന്ന സമയത്തു എല്ലാ മുറിയിലും വന്നു മെഴുകുതിരി കത്തിക്കും.അതൊരു ബുദ്ധിമുട്ടാണ്  പ്രാർഥിക്കുന്ന മുറിയിൽ മാത്രം മെഴുകുതിരി കത്തിച്ചാൽ പോരെ.

 ദൂരദർശനിൽ സീരിയലു കുറവായത് നന്നായി ഇല്ലെങ്കിൽ ആശാൻ നേരം വെളുക്കുനതുവരെ അതും കണ്ടിരുന്നേനെ. പറയാൻ കാരണം ടിവി വച്ചിരിക്കുന്ന ഹാളിന്റെ ഇപ്പുറത്താണ് എന്റെ മുറി. ഞാൻ രാവിലെ ഓഫീസിൽ പോയാൽ പിന്നെവരുന്നത്‌ ഒരു ഏഴുമണിയാകും വെളുപ്പിനെ അഞ്ചു മണിക്കു എഴുന്നേൽക്കും.രാവിലെ കഴിക്കാനുള്ളതും ഉച്ചക്ക് കഴിക്കാനുള്ളതും റെഡിയാക്കും. രാവിലെ പോകും രാത്രി വരും ഇതാണ് എന്റെ ഒരു ദിവസം.എറണാകുളത്താണ് എന്നു പറഞ്ഞിട്ട് കാര്യമില്ലാ എറണാകുളം ഞാനൊന്നു നേരെ ചൊവ്വേ കണ്ടിട്ടില്ലാ. ഒരു ഞായറാഴ്ച് കിട്ടിയാൽ തുണിയലക്കും ,ചോറു വെയ്പ്പും, ഇസ്തിരിയിടലും ഉറക്കവും കഴിയുംബോൾ വൈകുന്നേരമാകും.പിന്നെ അവിടെ അടുത്തൊരു വായനശാലയുണ്ട് . അവിടെയിരുന്നു സമയം പോകും ഇതാണ് ഒരു ഞായറാഴ്ച്. അങ്ങനെ മാസങ്ങൾ കടന്നു പോയി .
ഒരു ദിവസം നേരെ എതിർവശതുള്ള വീട്ടിൽ പുതിയ താമസക്കാരെത്തി.എന്നെ പോലെ തന്നെ വാടകായ്ക്കാണ് .അമ്മയും രണ്ടു കുട്ടികളും അതിൽ പെണ്‍കുട്ടിക്ക് ഒരു ഇരുപതു വയസു കാണും,പയ്യനൊരു പത്തു വയസും. നല്ല സഹകരണം പെരുമാറ്റം. ആ കോളനിയിലുള്ള എല്ലാവരുമായി ഇവർ പെട്ടന്നു അടുത്തു. നമ്മുടെ വീട്ടിലെ ഗൃഹനാഥൻ ഒരു പരദൂഷണക്കാരനായതു കൊണ്ട് ഇവരുടെ കാര്യങ്ങൾ മുഴുവൻ ആരോടോ ചോദിച്ചറിഞ്ഞ് എന്നോടു പറഞ്ഞു .ഇവരു പ്രണയിച്ചു കെട്ടിയതാണ്. മുസ്ലീമാണ് കെട്ടിയത് .ഇവർ ഹിന്ദു ആണ് .കെട്ടിയവൻ ഉപേഷിച്ചു പോയതാണ് എന്നൊകെ.എന്തെങ്കിലും ആകട്ടേ. അതൊന്നും നമ്മളെ സംബധികുന്ന കാര്യമല്ല. ഞാൻ പതിവുപോലെ ഓഫീസിൽ പോയി.

ദിവസങ്ങൾ ഓരോന്നു കടന്നു പോയി . അടുത്ത വീട്ടിൽ ഒരു പെണ്‍കുട്ടിയുണ്ടെന്നു  ഞാൻ നേരത്തേ സൂചിപ്പിച്ചല്ലോ.നമ്മൾ ആണുങ്ങൾ പെണ്ണന്നു എഴുതികാണിച്ചാൽ മതി ഒന്നു നോക്കി പോകും.ഞാനും ഒന്നുരണ്ടു വട്ടം നോക്കിയിട്ടുണ്ട് ആ നോട്ടത്തിന്‌ വേറെ ഉദേശമൊന്നും ഇല്ലാ കേട്ടോ ഒരു നോട്ടം അത്രയേ ഉള്ളു. അവൾ സുന്ദരിയാണ്‌ സുമുഖിയാണ് പാട്ടുകാരിയുമാണ് . ഞാൻ കിടക്കുന്ന മുറിയിൾ നിന്നും പുറത്തേക്കിറങ്ങാൻ ഒരു വാതിലുണ്ട്. ആ വാതിലിൽ നിന്ന് നോക്കിയാൽ അവളുടെ വീട് കാണാം. വീടിന്റെ മട്ടുപ്പാവിൽ നിന്ന് കൊണ്ട് ചെടികളിൽ വെളളം നനച്ചു അവൾ പാട്ടു പാടും. ഓളാ പാട്ടു പാടുംബോൾ എവിടുന്നോ ഒരു കാറ്റ് വരും. ആ കാറ്റിൽ ഓളുടെ തലയിൽ ഇട്ടിരിക്കുന്ന തട്ടം ഒന്നു ചെറുതായി ആടിയുലയും അപ്പോ... എന്റെ  പൊന്നു സാറെ... നമ്മുടെ മടിയൻ ഹൗസ് ഓണർ വന്നിട്ടു പറയും ലിജുവാതിലടച്ചു അകത്തു
കയറാൻ. ഇതു എല്ലാ ദിവസത്തെയും കാഴ്ചയാണ്.പെണ്‍കുട്ടിയുടെ അമ്മ ഹിന്ദുവും അച്ഛൻ
മുസ്ളീമുമാണന്നു നേരത്തേ നമ്മുടെ മടിയൻ ഹൗസ് ഓണർ കണ്ടു പിടിച്ച കാര്യം ഞാൻ പറഞ്ഞല്ലോ.അമ്മയും അനിയനും ഹൈന്ദവ ആചാര്ങ്ങളുമായി മുന്നോട്ടു പോകുന്നു. മകൾ മുസ്ളീമിന്റെ ആചാര്ങ്ങളുമായി മുന്നോട്ടു പോകുന്നു.അതാണ് അവൾ തട്ടമിട്ടു നടക്കുന്നതു.
ദിവസങ്ങൾ അങ്ങനെ പോയി.പെണ്‍കുട്ടി മട്ടുപ്പാവിലെ പാട്ടു നിർത്തി താഴെയിറങ്ങി പാടാൻ തുടങ്ങി.പിന്നെ എന്നും രാവിലെ മുറ്റമടിച്ചു കൊണ്ടു പാടാൻ തുടങ്ങി. കാള വാല് പൊക്കുബോഴേ നമ്മൾക്കറിയാം എന്തിനാണന്നു പക്ഷെ ഇവിടെ കാളയല്ലാ പശുവാണ് വാല് പൊക്കിയത്.നമ്മുടെ മടിയൻ ഹൗസ് ഓണറിനു ഇതൊന്നും അങ്ങോട്ടു ദാഹിക്കുന്നില്ലാ കേട്ടോ.അവളു പാടാൻ തുടങ്ങുബോൾ മടിയൻ പൊട്ട ടേപ്പു ഓണ്‍  ചെയ്യും. ഞാൻ പതിയെ അവളെ ഇഷ്ട്ടമില്ലാത്ത പോലെ പെരുമാറാൻ തുടങ്ങി.അപ്പോൾ നിങ്ങൾ വിചാരിക്കും ഞാനൊരു പുണ്യാളനാണന്നു . ഒരു പെണ്ണിനെ സ്നേഹിച്ചു അത് വീട്ടുകാരറിഞ്ഞു അവളെ വേറൊരുത്തൻ വന്നു കെട്ടി കൊണ്ടു പോയിട്ടു അധികനാളാകാതെ അതിന്റെ വിഷമത്തിൽ ഞാൻ ഇവിടെ കഴിയുംബോൾ ദേ.. വീണ്ടും വരുന്നു അടുത്തത്.
സത്യം പറയാമല്ലോ അതാണ് ഞാൻ ഒഴിവാക്കിയത്.പതിയെപതിയെ അത്അവൾക്കും  മനസിലായി തുടങ്ങി.പെണ്ണ് ഡിഗ്രി കഴിഞ്ഞതാണ് .ഒരു ചെറിയ ജോലിയുമുണ്ട്‌ . ഇടക്ക്‌ വഴിയിൽ വച്ച് കാണും.ഒരു ചിരിയിലൊതുക്കി ഞാൻ നടന്നു പോകും.
അങ്ങനെ ദിവസങ്ങൾ പിന്നെയും പോയി.പെണ്ണിന്റെ വീട്ടിൽ ഹൗസ് ഓണർ ഇടക്ക്‌ ചെന്ന്കാര്യങ്ങൾ
അന്വഷിക്കാറുണ്ട്. ഇദ്ദേഹം ഒരു ബിസിനസ്മാൻ ആണ്.അത്യാവശ്യം ക്യാഷ് ടീമാണ്. പെണ്‍കുട്ടിക്ക്
ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഓഫീൽ ഒരു ജോലി കൊടുത്തു. വൈകുന്നേരം വീട്ടിൽ കൊണ്ടുവിടും .അങ്ങനെ അദ്ദേഹം ആ വീട്ടിൽ ഒരു നിത്ത്യയ സന്ദർശകനായി. എല്ലാ ഞായറാഴച്കളിലും ഇദ്ദേഹം വീട്ടിൽ വരും.ഇവരെല്ലാം ചേർന്ന് പുറത്തു പോയി ഒരു സിനിമയൊക്കെ  കണ്ടു വലിയ ഹോട്ടേലിൽ  കയറി ആഹാരം കഴിച്ചു തിരിച്ചു വരും. പിറ്റേ ദിവസം ആ വിശേഷങ്ങൾ.എന്റെ ഹൗസ് ഓണറിന്റെ ഭാര്യയുമായിപെണ്ണിന്റെ  അമ്മ പങ്കു വെയ്ക്കും അതു നമ്മുടെ മടിയൻ എന്നോട് വന്നു പറയും.
പെണ്ണിന്റെ ഹൗസ് ഓണറിന് ഭാര്യയും നമ്മുടെ നായികയുടെ പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്. ഇദ്ദേഹവും ഒരുമുസല്മാനാണ്.
അങ്ങനെ ദിവസങ്ങൾ പിന്നെയും പോയി.ഇപ്പോൾ പെണ്ണ് എന്നെ നോക്കി ചിരിക്കാറില്ലാ, പാട്ടും
പാടാറില്ലാ.നോക്കണേ കാര്യങ്ങൾ പോകുന്ന പോക്ക് . ഇദ്ദേഹത്തിന്റെ വരവും പോകും നാട്ടുകാർക്കു സംസാരവിഷയമായി.ഭർത്താവില്ലാത്ത സ്ത്രീയല്ലേ,കെട്ടിക്കാൻ പ്രായമായ ഒരു പെണ്ണില്ലേ.സംസാരം പെണ്ണിന്റെ അമ്മയുടെ ചെവിയിലുമെത്തി.അവർക്ക് കാര്യം മനസിലായി എന്നു തോന്നുന്നു ഇപ്പോൾ അമ്മയും മകനും പോകാറില്ലാ. മറിച്ച് മകളുടെ കറക്കം ഓരോദിവസവും കൂടി കൂടി വന്നു. അമ്മ ഇക്കാര്യം പറഞ്ഞു മകളുമായി വഴക്കായി രണ്ടു പേരും മിണ്ടാതെയുമായി. എന്റെ ഹൗസ് ഓണറിന്റെ ഭാര്യ ഒരു ദിവസം പെണ്‍കുട്ടിയോട് ചോദിച്ചു .എന്താ കുട്ടി ഇതൊക്കെ മോശമല്ലേ.പെണ്‍കുട്ടി ഒറ്റവാക്കിൽ മറുപടി പറഞ്ഞു ഞങ്ങൾ സ്നേഹത്തിലാണ്.കാര്യം പെണ്ണിന്റെ അമ്മയുടെ ചെവിയിലുമെത്തി.ഇനി നീ ഈവീടിന്റെ പടിക്ക് പുറത്തിറങ്ങരുത്.അമ്മയുടെ കർശനമായ താക്കീതു . അന്നു രാത്രിയിൽ പെണ്ണിന്റെ അമ്മയുടെ നിലവിളി കേട്ടു ഞങ്ങൾ ഓടി അവരുടെ വീട്ടിൽ ചെന്നു .പെണ്ണു ബോധമില്ലാതെ കിടക്കുന്നു അടുത്തു കുറച്ചു ഗുളികകളും പിന്നെ ഒരു കുപ്പിയും. വിഷം കഴിച്ചതാകാം ഉറക്കഗുളിക കൂടുതൽ കഴിച്ചതാകാം വന്നവർ പലതും പറഞ്ഞു .പെണ്ണിനെ പൊക്കി വണ്ടിയിൽ ഇട്ടു.പെണ്ണിന്റെ അമ്മയും അനിയനും മടിയനും ഭാര്യയും ഞാനും നേരെ ഹോസ്പിറ്റലിലേയ്ക്ക്. പാതി വഴിയിൽ വച്ചു പെണ്ണു ചാടിയെഴുന്നേറ്റു എനിക്ക് ഹോസ്പിറ്റലിൽ പോകണ്ടേ.... നിലവിളി തുടങ്ങി.വണ്ടി ഹോസ്പിറ്റലിൽ എത്തി കുട്ടിയെ അഡ്മിറ്റു ചെയ്തു .ഡോക്ടർ ഒരു ഫുൾ ചെക്കപ്പിനു എഴുതികൊടുത്തു .പെണ്ണിന് വെപ്രാളവും പരവേശവും.പെണ്‍ബുദ്ധി പിന്ബുദ്ധി എന്നല്ലേ.അവളു വിഷവും കഴിചില്ലാ ഉറക്കഗുളികയും കഴിചില്ലാ. ഒരു നംബരിട്ടതാ...അവളു തന്നെ ഇക്കാര്യം നമ്മുടെ ഹൗസ് ഓണറിന്റെ ഭാര്യയോടു പറഞ്ഞു.ഹോസ്പിട്ടലിലെ ബില്ല് അടച്ചു നേരേ വീട്ടിലേക്കു.പിറ്റേ ദിവസം നാട്ടുകാർക് ചിരിക്കാനൊരു കാര്യമായി.

അങ്ങനെ ഒരു ദിവസം പെണ്ണിന്റെ അമ്മ എന്തോ ആവശ്യത്തിനു പുറത്തേക്കു പോയി.പോകുന്നതിനു മുന്പ് മകനോട്‌ പറഞ്ഞു ചേച്ചിയെ നോക്കിക്കോണം എങ്ങും പോകരുതേ..അന്നൊരു ഞായറാഴ്ച്ആയിരുന്നു. അന്നു ഞാൻ പതിവുപോലെ എല്ലാ പരിപാടികളും കഴിഞ്ഞു ഒരു ഉച്ചയുറക്കത്തിനായി കിടന്നു. ഉറങ്ങിയെഴുന്നേറ്റ ഞാൻ കണ്ടത്.നമ്മുടെ നായികയുടെ വീട് മുഴുവൻ ആളുകൾ കൂടിനില്കുന്നു ഈശ്വരാ.. ഈ പെണ്ണു ശരിക്കും പണിപറ്റിച്ചോ.ഞാൻ ഓടിച്ചെന്നപ്പോൾ വീടിനോട് ചേർന്ന മതിലേ ചാരി ഒരു ഉണങ്ങിയ ഓലമടലിനെ നോക്കി കുറച്ചു പേർ ചിരിച്ചു നില്കുന്നു. കുറച്ചു പേർ ദുഖിച്ചു നില്കുന്നു.കാര്യം കേട്ടപ്പോൾ ഞാൻ ദേ ഇങ്ങനെ നിന്നു. പെണ്ണിനെ വിശ്വാത്തമില്ലാത്തതുകൊണ്ട് അമ്മ ഗയ്റ്റ് പുറത്തൂന്നു പൂട്ടിയിട്ടാണ് പോയത്.അനിയൻ ചെക്കൻ ഉച്ചയ്ക്കു കിടന്നുറങ്ങിപോയി.ഈ സമയത്തു നമ്മുടെ നായിക നായകൻ
വാങ്ങി കൊടുത്ത രണ്ടു മൂന്നു ചുരിദാറുമെടുത്തു മതിലും ചാടിപോയി.പഴയ ആളുകൾ പറയുന്നതു എത്ര  ശരിയാണ്.
അമ്മ വേലിചാടിയാൽ മകള് മതില് ചാടും ഇതു വായിക്കുന്ന എന്റെ എല്ലാ നല്ല കൂട്ടുകാരും ഒരു കാര്യം മനസിലാക്കണം. ഈ പെണ്‍കുട്ടിയുടെ അമ്മ വീട്ടുകാരെ ഉപേക്ഷിച്ചു പ്രണയിച്ച ആളുടെ കൂടെ ഇറങ്ങി പോയി.അന്നു അവരുടെ മാതാപിതാക്കൾ എത്ര മാത്രം വേദനിച്ചു കാണും. ഇന്നു സ്വന്തം മകൾ അങ്ങനെ ചെയ്തപ്പോൾ അവർ അതു മനസിലാക്കുന്നു. മാതാപിതാക്കൾക്ക്‌ സ്വന്തം മക്കളേ ഉപദേശിക്കാനുള്ള അധികാരം ഉണ്ട്. പക്ഷെ ഉപദേശിക്കുന്നവരുടെ ഭാഗം കററ്റായിരിക്കണം.ഇല്ലെങ്കിൽ തിരിച്ചു വരുന്ന ചോദ്യത്തിന് മറുപടി കൊടുക്കാനാവാതെ നോക്കി നിൽക്കാനേ കഴിയൂ .ഇവിടെ അതാണ് സംഭവിച്ചതു .

"ഒരു കുടുംബത്തെ ഒരു പ്രണയം കൊണ്ടു അനാഥമക്കരുത്"
   

Saturday, 19 July 2014

വേഷങ്ങൾ

ജീവിതനൗക തുഴഞ്ഞു ഞാനെത്തി
കാലമാം തീരത്തു വീണ്ടും
ആടിതകർത്തു ഞാൻ ഓരോ വേഷങ്ങൾ
ഇന്നാടുവാൻ ത്രാണിയില്ലാത്തൊരു കാലം

അമ്മമുലപ്പാലമൃതായി നുണഞ്ഞന്നു
പിച്ചവെച്ചും ചിരിച്ചും കളിച്ചും
താരാട്ടു പാട്ടിന്റെ താളം പിടിച്ചും
മാറത്തു ചാഞ്ഞിളംകൈ-
നുണഞ്ഞുറങ്ങിയുണർന്നതും
വെള്ള മഷിത്തണ്ട് പൊട്ടിച്ചന്നാദ്യമായി
അമ്മയെന്നക്ഷരം കൂട്ടിയെഴുതിയാ
പൊട്ടിയ പട്ടച്ചരടുകൾ തേടി ഞാൻ
പാടവരംബത്തൂടോടി നടന്നതും
കാലം തന്ന സുവർണ്ണ കാലങ്ങൾ

കോന്തനായി കാന്തനായി നാഥനായി
ഏട്ടനായി അച്ഛനായി മുത്തച്ചനായി
തട്ടിക്കളിക്കുവാൻ പല്ലു കൊഴിഞ്ഞൊരു
പാവം പടു വൃദ്ധനായി

ഓർത്തിരുന്നു ഞാനോർത്തിരുന്നു.
ഓടിനടന്നൊരു ബാല്ല്യവും
പാടി പ്രണയിച്ച കൗമാരവും
എന്തിനോ വേണ്ടി,ആർക്കുവേണ്ടി
വെട്ടിപ്പിടിക്കുവാൻ യൗവനവും
ഒടുവിലീ ബന്ധങ്ങൾക്കെന്നും
ഭാരമാം വാർദ്ധക്ക്യവും വന്നു പോയി

ഇനിയുമുണ്ടൊരു വേഷമവസാനമായി
എന്നെ കുളിപ്പിച്ചു,വെള്ള പുതപ്പിച്ചു
ജീവനില്ലാത്തൊരു വേഷം
അതുകണ്ടു കരയുവാൻ,
നേടിയതൊക്കെയും
പങ്കിട്ടെടുക്കുവാൻ
തമ്മിലടിക്കുന്നു ഓരോരോ വേഷങ്ങൾ
ഒടുവിലാ.. വേഷവും നിന്നെത്തേടി
അരികിലെത്തുമാ..നേരം വരും

Liju Vazhappally



തനിച്ച്‌

എന്നും അനാഥത്വമെന്നെ തനിച്ചാക്കി
അലയുന്നു ജീവിത തെരുവിൽ
എന്റെ ചിറകുള്ള സ്വപ്നങ്ങൾക്കരികിലായി
ഞാനിന്നു മിഴിപൂട്ടി നില്ക്കുന്നു ദൂരേ...
എല്ലാരുമുണ്ടെനിക്കെല്ലാരുമുണ്ടെനിക്കെന്റെ-
യാണെന്നൊന്നു ചൊല്ലുവാനില്ല ഞാനെന്നും
തനിയെ തനിയേ..

ഒരു കുഞ്ഞു പൈതലിൻ നെറുകയിൽ കണ്ടു ഞാൻ
ഒരു കടൽ പോലെയാസ്നേഹം (2)
അതിലൊരുതുള്ളി പോലും എനിക്കു നീ തന്നില്ലാ
എങ്ങോ തനിച്ചാക്കി എന്നെ.
പോയി എങ്ങോ തനിച്ചാക്കി എന്നെ.

അറിവിന്റെ പാഠങ്ങൾ വേദാന്തമായെന്നും
കനിയുന്നൊരഛനെ  കണ്ടു.
കരയുന്ന പൈതലേ മാറോടു ചേർത്തെന്നും
പുണരുന്നൊരഛനെ കണ്ടു.
കണ്ടില്ലാ ഞാനെന്റെ അച്ചനെയപ്പോഴും
കണ്ടാലറിയില്ലെനിക്ക്.
കണ്ണീരുമായെന്റെ അമ്മയ്ക്കരികിൽ
ഞാനെന്നും തനിയെ തനിയേ..

ഒരു കളിക്കൂട്ടിനായി ഓടിയടുത്തതും
ഒരു കളിക്കോപ്പിനായി കൊഞ്ചിക്കരഞ്ഞതും
ഒരു നല്ല കുപ്പായമാശിച്ചുറങ്ങിയും
പല നേരമുണ്ണാതുറങ്ങാതിരുന്നതും
ഓർക്കുന്നു ഞാനിന്നും..ഇന്നലത്തേതു പോൽ
ഇവിടെ തീരുന്നിതായെന്റെ വഴിയെന്നു
നിറയുമാ കണ്ണുകൾ ചൊല്ലി. (2)
കാതിൽ പലകുറി കേൾക്കുമാ..നേരത്ത്
ഒരു തിരി വെട്ടമായി എത്തിയെൻ മുന്നിൽ
മാതുലനാമെന്റെയഛൻ.
ഒന്നായി വളരുവാൻ,ഒന്നിച്ചു കൂടുവാൻ
അച്ഛനായി കാണുവാൻ ചൊല്ലി.
തിരികെ കൊടുക്കുവാനില്ലാത്ത കാലത്ത്
ഒരു നല്ല നാൾ വരും മുൻപേ....
തിരികെ വിളിച്ചെന്റെയഛനെ.
എരിയുന്ന ചിതയിലെന്റെഛൻ
ഇന്നു നിറയുന്ന കണ്ണുകൾ സാക്ഷി.
എങ്ങോ തനിച്ചാക്കി എന്നെ.

പോയി എങ്ങോ തനിച്ചാക്കി എന്നെ.
ഓർക്കുന്നു ഞാനാ..കൊലുസിന്റെ കൊഞ്ചൽ
ഇളം തെന്നൽ വീശുമാ..കുളിരുള്ള മഴയിൽ
ഒരു കുടക്കീഴിൽ കൈ പിടിച്ചന്നു നാം
ഒരു കൊച്ചു ജീവിതനൗക തുഴയുവാൻ
എന്നും തണൽ വിരിച്ചെന്നെത്തഴുകി
കളി പറഞ്ഞെത്തിയെൻ കൂട്ടുകാരി (2)
ഒരു പുതു മഴപെയ്ത നാളിൽ പിരിഞ്ഞവൾ
എങ്ങോ തനിച്ചാക്കി എന്നെ.
പോയി എങ്ങോ തനിച്ചാക്കി എന്നെ
.
എന്നും അനാഥത്വമെന്നെ തനിച്ചാക്കി
അലയുന്നു ജീവിത തെരുവിൽ
എന്റെ ചിറകുള്ള സ്വപ്നങ്ങൾക്കരികിലായി
ഞാനിന്നു മിഴിപൂട്ടി നില്ക്കുന്നു ദൂരേ...
എല്ലാരുമുണ്ടെനിക്കെല്ലാരുമുണ്ടെനിക്കെന്റെ-
യാണെന്നൊന്നു ചൊല്ലുവാനില്ല ഞാനിന്നും
തനിയെ തനിയേ...


Tuesday, 15 July 2014

കുരുന്നു മോഹങ്ങൾ

                       

കുഞ്ഞു : -  അമ്മേ കുറുക്കു ഞാൻ തിന്നീടാമേ...
                      അമ്മതൻ ഓമന കുഞ്ഞല്ലേ ഞാൻ
                      എന്നുമൊരുമ്മ ഞാൻ തന്നീടാമേ...
                      കൊത്തിപ്പറിച്ചു നടക്കും കുഞ്ഞേ...
                      ചിക്കിച്ചികഞ്ഞു നടക്കും കുഞ്ഞേ...
                      നീയുമൊരമ്മതൻ കുഞ്ഞല്ലേ വാ...
                      അമ്മക്കുറുക്ക് നിനക്കും നൽകാം.

അമ്മ :-       നേരത്തും കാലത്തും തിന്നീടാതെ
                      ഓടിക്കളിച്ചു നടന്നിരുന്നാൽ
                      വേഗം വളരില്ല.ഉണ്ണീ നീയ്
                      എന്തെല്ലാം സ്വപ്‌നങ്ങൾ
                     എന്തെല്ലാം മോഹങ്ങൾ
                     എല്ലാം നിന്നെക്കുറിച്ചാണ് കുഞ്ഞേ..

കുഞ്ഞു : -  മോഹങ്ങളില്ലേ..എനിക്കുമെന്നും
                      ഓടിക്കളിച്ചു നടന്നിടാനും
                      അമ്മതൻ ഒക്കത്തിരിക്കുവാനും
                      അച്ഛന്റെ തോളത്തിരിക്കുവാനും
                      അച്ഛനോടൊത്തു കളിക്കുവാനും.
                      കുഞ്ഞിക്കഥകൾ പറഞ്ഞീടുവാൻ
                      മുത്തശ്ശി എന്നുമരികിൽ വേണം.

                      അമ്മ  കുളിപ്പിക്കാൻ ഏറെ ഇഷ്ട്ടം
                      താരാട്ടു പാടിയുറക്കിടേണം
                      കൊഞ്ചിപ്പറയുന്ന കേൾക്കുവാനും
                      കൊഞ്ചിപ്പറഞ്ഞു ചിരിക്കുവാനും
                      എന്നും എനിക്കൊരു ഉണ്ണിയായി
                      അമ്മതൻ ചാരത്തിരുന്നീടേണം.
                      മാമൂട്ടാനെന്നെ വിളിച്ചീടുമ്പോൾ
                      ഓടി നടക്കുവാനെന്തു രസം
                      കള്ളക്കരച്ചിൽ കരഞ്ഞു വന്നു
                      അമ്മ മധുരം നുണഞ്ഞീടുവാൻ
                      എന്നുമൊരുണ്ണിയായി ഞാനിരിക്കാം..
                      വേഗം വളരേണ്ട ഉണ്ണിക്കിന്നു.

                     

                     

Thursday, 10 July 2014

എന്നെ മറക്കരുതേ ..................


അന്നും പതിവുപോൽ ചെമ്പകചോട്ടിൽ ഞാൻ
ചെമ്പനീർ പൂവുമായി കാത്തു നിന്നു
എള്ളെണ്ണ മണമുള്ള മുടിയിഴയിൽ
കൃഷ്ണ തുളസിക്കതിർ ചൂടി നീ വന്നു നിന്നു
മന്ദസ്മിതം തൂകി നിൽക്കും മുഖമെന്തേ...
വാടിയ മുല്ലമൊട്ടെന്നപോലെ (2)

ചുണ്ടിൽ നിറയുമാ.. തേൻകണം കണ്ടില്ല
കണ്ണിൽ വിടരുമാ.. താമരപ്പൊയ്കയും
എന്തും പറയുവാൻ പൊന്തുന്ന നാവെന്തേ..
ഒന്നും പറയുവാൻ ഇല്ലന്നപോൽ...

കണ്ണിൽ കരിമഷി പടരുമാ..നേരത്ത്
ചുണ്ട് വിതുമ്പിപ്പറഞ്ഞു മെല്ലെ
ഇനിയെന്നു കാണുമെന്നറിയില്ല നാം....
നിന്നെ തനിച്ചാക്കി പോകുവാൻ വയ്യനിക്കെന്റെ
പ്രാണൻ നിലയ്ക്കുന്ന നേരത്തും
മറക്കില്ലൊരുനാളും ഈ നല്ല നാളുകൾ
ഇനിയെന്നു കാണുമെന്നറിയില്ല നാം....

അടരുവാൻ വയ്യാ.....
അടരുവാൻ വയ്യനിക്കടരുവാൻ വയ്യാ
കരയുവാൻ കണ്ണുനീരൊട്ടുമില്ലാ
തളരുന്നു ദേഹം ഇടറുന്നു പാദങ്ങൾ
ഹൃദയം കൊണ്ടെഴുതിയ പ്രണയ കാവ്യങ്ങൾ
ഇനിയൊരു ജന്മത്തിൽ പാടുവാൻ മാത്രമായി
ഓടിയെത്തുമീ..ചെമ്പകച്ചോട്ടിൽ  ഞാൻ
മറക്കരുതെന്നെ നീ ....
മറക്കരുതേ.........


Wednesday, 9 July 2014

അമൃതസ്മൃതികൾ ഭാഗം (3)


അങ്ങനെയൊരവധിക്കാലം
മാർച്ച് മാസം അവസാനം ആകുമ്പോൾ തന്നെ അമ്പലത്തിൽ കൊടികയറും.വാഴപ്പള്ളി ശ്രീ മഹാദേവ ക്ഷേത്രം.
കേരളത്തിൽ രണ്ടു കൊടിമരം ഉള്ള ഒരേ ഒരു ക്ഷേത്രം.പത്തു ദിവസത്തെ ഉത്സവമാണ്.
അഞ്ചു  ഗജവീരമ്മാരുടെ സാനിദ്ധ്യത്തിലാണ് ഉത്സവം പൊടിപൊടിക്കുന്നത്. മഹാദേവൻ മാത്രമല്ല കുടുംബത്തോടെ എല്ലാവരും ഉണ്ട്. അതുകൊണ്ടാണ് ഗണപതി ഭഗവാനു വേണ്ടി ഒരു കൊടിമരം കൂടുതൽ
പണികഴിപ്പിച്ചത്.ഈ അമ്പലവും അമ്മയുടെ തറവാടും തമ്മിൽ ഒരു ബന്ധമുണ്ട് കേട്ടോ.പറഞ്ഞു കേട്ടതാണ്.
ഈ അമ്പലം  പണികഴിപ്പിക്കാൻ അന്നു നാട് ഭരിച്ചിരുന്ന രാജാവ് വരുത്തിച്ച ആശാരിമാരാണ് കുടുംബക്കാർ.
സ്ഥലവും താമസവും ഭക്ഷണവുമൊക്കെ രാജാവ് കൊടുത്തു. അമ്പലത്തിന്റെ പണി കഴിഞ്ഞിട്ടും ആരും പോയില്ലാ അവിടെ തന്നെ കൂടി.വീട്ടു പേര് അമ്പലത്തിന്റെ പടിയിലോ,ചുമരിലോ കൊത്തി വെച്ചിട്ടുണ്ടന്നു
പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ലാ.പക്ഷെ അന്നത്തെ രാജാവ് കൊടുത്ത സ്ഥലം  ഇപ്പോൾ
ഗവണ്‍മെൻറ് കൈയ്യടക്കി വച്ചിരിക്കുകയാണ്. അമ്മാവൻ കേസ് നടത്തിയിരുന്നു.ഒരേക്കറോളം സ്ഥലം കാടു
പിടിച്ചു അവിടെ വെറുതെ കിടപ്പുണ്ട്.തറവാട്ടിൽ  ആരെങ്കിലും മരിച്ചാൽ അവിടെയാണ് ദഹിപ്പിക്കുന്നത്.
ഗവണ്‍മെൻറ് ഈ പറബിനോട് ചേർന്ന് ഒരു വില്ലേജോഫീസു പണിതു അതിനു ശേഷം  ഇതു കച്ചേരിപ്പറമ്പായി
ഞാൻ അമ്മാവന്റെ ശിക്ഷണത്തിലാണ് വളർന്നതു .(അമ്മയുടെ ആങ്ങള )അമ്മാവനെ ചെറുപ്പം മുതൽ ഞാൻ അച്ചാന്നാണ് വിളിക്കുന്നത്‌, .എന്റെ അമ്മയുൾപ്പെടെ നാല് പെങ്ങമ്മാരുണ്ട് അമ്മാവന്.
കണക്കും കാര്യങ്ങളും ഒക്കെ അറിയാവുന്ന ഒരു നല്ല പണിക്കാരനും, കമ്മ്യൂണിസ്റ്റുo,
സർവ്വോപരി ഒരു നല്ല കലാകാരനുമാണ് അമ്മാവൻ.
നാടകം കളിക്കാൻ പോകും, പിന്നെ കഥ എഴുതി നാടകം സംവിധാനം ചെയ്തിട്ടുമുണ്ട്.
ആ കാലഘട്ടത്തിൽ കെപിഎ സി ലളിത (സിനിമാ നടി) ഡാൻസ് പഠിപ്പിക്കാൻ വന്നിട്ടുണ്ടെന്നും, വീട്ടിൽ വന്നു
കഞ്ഞിയും കപ്പയും ഒരുപാട് കഴിച്ചിട്ടുണ്ടെന്നും അമ്മപറഞ്ഞിട്ടുണ്ട്.അന്ന് വെറും ലളിത ചേച്ചിയായിരുന്നു
കേട്ടോ പിന്നെയാണ് കെപിഎ സി ലളിത ആയതു.ഇവരെല്ലാം ഒരു സ്കൂളിലാണ് പഠിച്ചത്.
അമ്മാവനെക്കുറിച്ചു പറയുവാൻ തുടങ്ങിയാൽ തീരില്ല.നല്ല മനുഷനാണ് എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു
വ്യക്തിത്വം.വീട്ടിലുള്ള എല്ലാവർക്കും അമ്മാവനെ പേടിയും ബഹുമാനവുമാണ്.എൻറെ ജീവിതത്തിൽ
ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതു അമ്മാവന്റെ ശിക്ഷണത്തിൽ വളർന്നതുകൊണ്ട്
മാത്രമാണ്.
പഴയ ബ്ലാക്ക്‌ ആൻഡ്‌വയിറ്റ് സിനിമയുടെ സെറ്റ് ഇട്ടിരിക്കുന്നതു പോലെയാണ് തറവാടും പരിസരവും.
വലിയ മുറ്റം. മുറ്റത്തിന്റെ നടുക്ക് ഒരു ഇലഞ്ഞിമരം (രണ്ടു പേർ വട്ടം നിന്നു കൈയെത്തിപ്പിടിച്ചാൽ
കിട്ടാത്ത വലിയ ഒരു  ഇലഞ്ഞിമരം)അതിന്റെ വലതും ഇടതുമായി രണ്ടു പാലമരം. വരിക്ക പ്ലാവ്,
തെങ്ങ്,നെല്ലിമരം.പിന്നെയൊരു പൂവരശ്. ഇതെല്ലാം ഓരോ സീസണിലും മാറി മാറി പൂക്കുകയും
കായ്ക്കുകയും ചെയ്യും.അവധിക്കാലത്ത്‌ ഇലഞ്ഞിമരം പൂത്തു മുറ്റം നിറയെ പൂക്കളും നല്ല സുഗന്ധവും
ആയിരിക്കും.കുട്ടികളെല്ലാരും ഇലഞ്ഞിപ്പൂക്കൾ ഓലയുടെ ഇർക്കിലിൽ കോർത്ത്‌കോർത്ത്‌ എടുക്കും.
എല്ലാരും അതു വീശി നടക്കുന്നത് കാണാൻ രസമാണ്.നെല്ലിമരത്തിൽ കയറി നെല്ലിക്ക പറിച്ചു
ഉപ്പും കൂട്ടി കഴിക്കും എന്നിട്ട് കിണറ്റിൽ നിന്ന് വെള്ളം കോരി കുടിയ്ക്കും നല്ല മധുരമാണ്.
ഈ കിണർ പണ്ട് ഒരണ,രണ്ടണ,മൂന്നണ എന്നു പറയുന്ന കാലത്ത് അമ്മയുടെ അച്ഛൻ സ്ഥാനം കണ്ടു
കുഴിപ്പിച്ചതാണ്.അന്ന് കിണറു കുഴിച്ചതിനു അഞ്ചു റുപ്പികയായിരുന്നു.എത്ര വേനൽ വന്നാലും,ചുറ്റുമുള്ള
വീടുകളിലെ കിണറുകളെല്ലാം വറ്റിയാലും ഈ കിണറിൽ വെള്ളം കാണും.ആ സമയത്ത് ഏഴു വീട്ടുകാർ
ആവശ്യത്തിനുള്ള വെള്ളം ഈ കിണറിൽ നിന്നാണ് എടുക്കുന്നത്.അന്നും ഇന്നും ഈ കിണർ എല്ലാവർക്കും
വെള്ളം കൊടുക്കുന്നുണ്ട്.അമ്മയ്ക്ക് ചക്ക വലിയ ഇഷ്ട്ടമാണ്.(തേൻ വരിക്ക)എനിക്ക്ചക്ക വെറുതെ കഴിക്കുന്നത്‌ ഇഷ്ട്ടമല്ല.ഒരു ചക്ക കിട്ടിയാൽ അതുകൊണ്ട് നാലഞ്ചു വിഭവങ്ങൾ അമ്മയുണ്ടാകും.
ചക്കപ്പുഴുക്ക്,ചക്കയവിയൽ,ചക്കത്തോരൻ,ചക്കക്കുരു മെഴുക്കുവരട്ടി,പിന്നെ നല്ല പഴുത്ത ചക്ക കുരു
കളഞ്ഞു മാറ്റി അതിലേയ്ക്കു ശർക്കരപ്പാനി തയ്യാറാക്കി ഒഴിച്ച്ചുക്കും ഏലയ്ക്കായും പൊടിച്ചു ചേർത്ത്
വറുത്തെടുത്ത അരിപ്പൊടി കൂട്ടി കുഴച്ചു വഷണയിലയിൽ പൊതിഞ്ഞു ചെബിൽ വെച്ച് പുഴുങ്ങിയെടുക്കും.
വഷണയിലയിക്ക് ഒരു പ്രത്യാക മണമുണ്ട്. മണം മാത്രമല്ലാ ഗുണവും ഉണ്ട് കേട്ടോ.അത് ഇടയ്ക്കിടയ്ക്ക്
കയറിയിറങ്ങി കഴിച്ചോണ്ടിരിക്കും.

അമ്പലത്തിൽ ഉത്സവം പൊടിപൊടിക്കുകയാണ്.
അമ്പലവും വീടും തമ്മിൽ  അധിക ദൂരമില്ല.വീടിനടുത്തുള്ള കച്ചേരിപ്പറമ്പിലെ ആഞ്ഞിലി മരത്തിലാണ്
മൈക്ക്(കോളാമ്പി)കെട്ടിയിരിക്കുന്നത്.ദാസേട്ടന്റെയും,ചിത്രച്ചേച്ചിയുടെയും സ്തുതി മധുരമായ ഗാനങ്ങൾ
എപ്പോഴും കോളാമ്പിയിലൂടെ ഒഴുകിക്കൊണ്ടേയിരിക്കും.രാവിലെ ഞാൻ അമ്പലത്തിൽ പോകും.കൂടെ
വാനരപ്പടയും.ആദ്യം പോകുന്നത് ആനയെ കുളിപ്പിക്കുന്നതു കാണാനാണ്.ആനാട്ടിലുള്ള വാനരമ്മാര് മുഴുവനും അവിടെ കാണും.ആനകളുടെ ലീലാ വിലാസങ്ങളും വീരകഥകളും കണ്ടും കേട്ടും
അത്ഭുതത്തോടെയിരിക്കും.ചില ആനകൾ ഞങ്ങളെ പോലെയാണ് വെള്ളത്തീന്നു കരയ്ക്ക്‌ കയറത്തില്ല.
അവമ്മാരെ പഴം കാണിച്ചും ശർക്കരകാണിച്ചും,രണ്ടു പൊട്ടീര് കൊടുത്തും,പിള്ളേരെല്ലാം കൂടി കൂകി വിളിച്ചു ഒരു വിധത്തിൽ പപ്പാമ്മാർ അമ്പലത്തിൽ കൊണ്ടുവരും.രാവിലെത്തെ ശീബേലിക്കായി
ആനകളെയെല്ലാം നെറ്റിപ്പട്ടം കെട്ടി നിരത്തി നിർത്തും.ഇത്രയും കണ്ടു കഴിയുമ്പോൾ തൊഴാനായി
അമ്പലത്തിലേയ്ക്കു കയറും.ആദ്യം ഗണപതി ഭഗവാനെ തൊഴുതിട്ടു വേണം ബാക്കിയുള്ളവരെ കാണാൻ.
ഇവിടുത്തെ ഗണപതി അപ്പം വഴിപാടു പ്രസിദ്ധമാണ്.അപ്പം വഴിപാടു നടത്തിയാൽ ആഗ്രഹിച്ച കാര്യങ്ങൾ
സാധിക്കുമെന്നാണ് വിശ്വാസം.വിശ്വാസം മാത്രമല്ല കാര്യം സാധിച്ചവർ ഒരുപാട് ഉണ്ട് ഞാനുൾപ്പെടെ.
നാളെ വഴിപാടു നടത്തണമെങ്കിൽ രണ്ടു മാസം മുൻപേ പറയണം അതുപോലെ തിരക്കാണ്.ഒരപ്പം കഴിച്ചാൽ
മതി നമ്മുടെ വയറു നിറയും.ഗണപതി ഭഗവാനെ തൊഴാൻ കയറിയാൽ  ഞാനൊരു പത്ത് ഇരുപത് മിനിറ്റു
കഴിഞ്ഞേ പുറത്തിറങ്ങുകയൊള്ളൂ.കാരണം വേറൊന്നുമല്ല കേട്ടോ..തൊട്ടടുത്ത്‌ തന്നെയാണ് അപ്പം ഉണ്ടാക്കുന്നത്‌.തിടപ്പളിയിൽ വലിയ ഉരുളിയിൽ അപ്പങ്ങളെല്ലാം കൂടി തിളച്ച എണ്ണയിൽ കിടന്നു വേകുമ്പോഴുള്ള ആ മണ മുണ്ടല്ലോ അതു മൂക്കിലേയ്ക്ക് കയറുമ്പോൾ പുറത്തേക്കു വരാൻ തോന്നത്തില്ലാ.
മൂന്ന് പ്രദക്ഷിണം വെയ്ക്കുന്നതിനു  പകരം ആറു പ്രദക്ഷിണം വെയ്ക്കും.
ഇവിടെ അപ്പങ്ങളെല്ലാം ഉണ്ടാക്കുന്നത്‌ അമ്മായി അല്ല കേട്ടോ.. നമ്പൂതിരിമാരാണ്.
രാവിലെ അമ്പലത്തിൽ നിന്ന് പറയ്ക്കെഴുന്നെള്ളിപ്പ് എന്നൊരു ചടങ്ങുണ്ട്.ഒരാനയും ആനയുടെ പുറത്തു ദേവൻറെ തിടബും ,ചെണ്ട, നാദസ്വര വാദ്യമൊക്കെയായി എല്ലാവീടുകളിലും പോകും.ഓരോ വീട്ടുകാരും നെല്ലും അവിലും പഴവും ശർക്കരയുമൊക്കെ വെച്ച് കാത്തിരിക്കും.വീട്ടിലെ ഗൃഹനാഥൻ ഒരു പറ നിറയെ 
നെല്ല്അമ്പലത്തിലേയ്ക്കു കൊടുക്കും.വർഷത്തിൽ ഒരിക്കൽ കിട്ടുന്നതിൽ ഒരു പങ്ക് ഭഗവാനു കാണിക്കയായി
കൊടുക്കുക.ഇങ്ങനെ ചെയ്‌താൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നാണ് ഐതിഹ്യം. അവിലും പഴവും ശർക്കരയുമൊക്കെ പുറകെ നടക്കുന്ന പിള്ളേരും ആനയും തിന്നും.ഈ പിള്ളേരുടെ കൂട്ടത്തിൽ ഞാനുമുണ്ടേ..
ഞാൻ നടക്കുന്നത് ആനയുടെ തൊട്ടു പുറകിലൂടെയാണ്. എൻറെ ഈ നടപ്പിനു പിന്നിൽ ഒരു ദുരുദേശം കൂടി ഉണ്ട് ഒരാനവാൽ അതാണെന്റെ ലക്ഷ്യം.ആന വാലിട്ടു ആട്ടുബോൾ നമ്മുടെ തലമുടി പൊഴിയുന്നതുപോലെ  വാല് താഴെ വീഴുമെന്നാണ് ഞാൻ വിചാരിച്ചിരിക്കുന്നതു.വാല് പോയിട്ട് ഒരു പൂട പോലും ഇതുവരെ വീണിട്ടില്ലാ.സമയം ഏകദേശം ഉച്ചയാകാറായി നടപ്പ് തുടർന്നു കൊണ്ടേയിരുന്നു ഒരു വളവു തിരിയുകയും
എന്തോചൂട് സാധനത്തിൽ തട്ടി ഞാനൊന്നു തെന്നി മാറി.നോക്കിയപ്പോൾ  കധിനാക്കുറ്റി പോലെ  രണ്ടു മൂന്ന് ആനപിണ്ഡം.
എന്റെ  ദയനീയാവസ്ഥ കണ്ടു വാലിനു പകരം  ആനയിട്ടതാകാം.കണ്ടു നിന്ന വാനരമ്മാർക്ക് ചിരിക്കാൻ
ഇതിൽ കൂടുതൽ എന്താ വേണ്ടത്.                                                                           (തുടരും)