Tuesday, 24 November 2015

*ഇനിയില്ല തിരികെ*


ഒരു യാത്ര പോകു,മന്നൊരു നാള് മീ-
മണ്ണിൽ നിൻ,ന്നൊരു വാക്ക് മിണ്ടാതെ നാം...
കളിയല്ല,കളിവാക്ക് ചൊല്ലിയതല്ല ഞാൻ.
കരയല്ലെ,
ഇന്ന്‌ ഞാൻ.... നാളെ നീയും......

പറയാൻ മറന്നു,ഞാനെഴുതിയ വാക്കുകൾ.
പറയാതെ വയ്യനി,ക്കിനിയില്ലാ നാളുകൾ.
ചുവരുകൾ നോക്കി,കഥ പറഞ്ഞീടവേ...
അതിഥി നീ തരികെ,യെൻ മരണ പത്രം.
നാളെ,യെൻ സ്മാരകം ഈ ചുവർ ചിത്രങ്ങൾ-
താഴെ വീണുടയാത്ത നാൾ വരെ മാത്രമായ്.

മഞ്ചലിൻ മണിനാദമകലെ,നിന്നരികത്ത്‌-
തിരയുന്നു,കണ്ണുകൾ ഗഗന സഞ്ചാരിയെ.
ഹൃദയതാളം നിലച്ചീടുക,നിന്നിലും...
അടരു മീ.. മരചില്ലയിൽ,ലൊരു തളിർ-
അഴുകു മീ...വഴി,കരിയിലയെന്ന പോൽ.....

ആദ്യമെൻ നാവിൽ,ച്ചുരത്തിയൊരമ്മയും,
ആദ്യമെൻ നെഞ്ചിലെ താളമായ്,യച്ഛനും.
ആദ്യമെൻ നെറുകയിൽ തൊട്ട് നീ...
ചൊല്ലിയൊ,രാദ്യാക്ഷരമാണ്‌ ഗുരുനാഥനു,മെന്റെ-
കൂട്ടിനായ് കൂടെ പിറക്കാത്ത കൂട്ടുകാർ.....
കണ്ട് ചിരിച്ചവർ,കൂടെ നടന്നവർ,കണ്ടിട്ട് മൊരു-
വാക്ക് മിണ്ടാതെ നിന്നവർ,കണ്ടാലറിഞ്ഞിട്ടും -
കാണാതെ നിന്നവർ-
മുമ്പേ..പറയാതെ യാത്ര പോയ്‌.

അന്നെന്റെ കരളിൽ കുറിച്ചിട്ട പ്രണയമേ..........
മുട്ടിയും തട്ടിയും മുട്ടിയുരുമ്മിയും കൈകോർത്ത്,
പോയ പല യാത്ര,യിന്നോർത്ത് ഞാൻ.
ഇന്ന് ഞാൻ പോകുന്ന യാത്രയിൽ നീയില്ലാ..
എന്റെയും നിന്റെയും സ്വപ്നമില്ലാ...
 
പച്ച പിടിപ്പിച്ച് നട്ടു,വളർത്തിയ-
മണ്ണില്ലാ മധുരക്കനികളില്ലാ...
പൊന്നെന്ന് പൊന്നിൻ കുടമെന്ന്-
പേരിട്ടൊ,രച്ചിയും മകളും കൂട്ടിനില്ലാ...
ചുടു,ചോരക്കളം തീർത്ത് വെട്ടിയും,
കുത്തിയുമെന്റെ,യെന്റെ-
യെന്നാശിച്ച് കൂട്ടിയതൊന്നുമേ...
എന്റെയീ..യാത്രയിൽ കൂടെയില്ലാ..

പട്ട് പുതപ്പിച്ച്‌ പട്ടട കൂട്ടുമ്പോൾ
പത്ത് കൂറായ്ക്കവർ നിന്ന് തേങ്ങി..
ചത്ത്‌ ജീവിച്ചു,ഞാൻ കിടന്നപ്പൊഴും-
വറ്റ് ചോറുമായ്‌ നീ യന്ന് വന്നില്ലാ,
ചത്ത്‌ മണ്ണോട് മണ്ണായ്ക്കഴിഞ്ഞനാൾ-
ചത്ത കാക്കയ്ക്കും പച്ചരി,യൂട്ടി നീ ...

ഇനിയില്ല തൂശൻ,നിലയിട്ടരോണവും-
വിഷു,പക്ഷികൾ പാടിയ പാട്ടുകളും.
പിച്ച വെച്ചൻ,നിതൾ പിച്ചി നോവിക്കാതെ-
പിച്ചക പൂവിൻ സുഗന്ധമാം നാളുകൾ.....

ഇനിയില്ല തിരികെയെൻ മാടത്തിലേയ്,ക്കെന്റെ-
കതിർ വയൽ പൂക്കുന്ന കാണാൻ............
ഇനിയില്ല ബാല്ല്യവും-
ഇനിയില്ല കൗമാര,മിനിയില്ല-
പ്രണയവും കാതങ്ങളും.

ഒരു യാത്ര പോകു,മന്നൊരു നാള് മീ-
മണ്ണിൽ നിൻ,ന്നൊരു വാക്ക് മിണ്ടാതെ നാം...
കളിയല്ല,കളിവാക്ക് ചൊല്ലിയതല്ല ഞാൻ.
കരയല്ലേ....
ഇന്ന്‌ ഞാൻ.... നാളെ നീയും......



Thursday, 29 October 2015

ദൈവം


പല പേര് വിളിച്ച് പല മതക്കാർ സ്വന്തമാക്കുന്ന ദൈവം ഒന്നാണന്നറിയാൻ....
പല പേര് വിളിച്ച്  പല രാജ്യക്കാർ ചാക്കിലാക്കുന്ന,അരിയൊന്ന് തിളപ്പിച്ചാൽ മതി.


Liju vazhappally  

Monday, 19 October 2015

കാ‍ന്താരി

ചേച്ചിയെ ദേഷ്യത്തോടെ ഒരു പേര് വിളിച്ചപ്പോൾ,അമ്മ നാവിൽ ഞെരടി തന്ന ആദ്യ സമ്മാനം.പിന്നെ ഞാനിത് ശീലമാക്കി.രാവിലെ കഞ്ഞി കുടിക്കുമ്പോൾ ഈ ചങ്ങാതിയില്ലെങ്കിൽ ഒരു സുഖമില്ലാ..

Sunday, 18 October 2015

*അരികിൽ*



ഇഷ്ട്ടമായിരുന്നു നിന്നെ,യെന്നും.
മഴയേ........

പല പാട്ട് പാടി ഞാൻ നടന്ന വഴിയിൽ..
ഒരു കൂട്ടുകാരി,യായി വന്ന മഴയേ...

തുടി താളമിട്ട് പെയ്തു വന്ന നിന്നേ....
കൊതിയോടെ നോക്കി ഞാനിരുന്നു,വെന്നും..

ഇടിനാദമോടെ  നീ ചിരിച്ച നേരം ..
ഇട നെഞ്ച് പൊട്ടി ഞാനിരുന്നു,പൊന്നേ...

കളി വാക്ക് ചൊല്ലി നീ രസിച്ച നാളിൽ...
മുറിവേറ്റു വീണ ബാല്ല്യമാണ് ഞാനും.

ഇനി പാതിയല്ല,ഞാനു,മെന്റെ വഴികൾ
ഒരു കൂട്ട്കാരി കൂടെയുണ്ടരികിൽ...മഴയേ...

Liju
vazhappally

Tuesday, 6 October 2015

*ആരാണന്നറിയില്ലാ......ഞാനും നീയും*.



ആരാണീ മനുഷ്യൻ.എന്തിനാണീ മതങ്ങൾ,എന്തിനാണീ ദൈവങ്ങൾ,എന്തിനാണീ ആചാരങ്ങൾ.പല മതങ്ങളും പലതും പറയുന്നു.ഇതിലേതാണ് സത്യം.ആർക്കു മറിയില്ലാ.എന്നാൽ ആരെങ്കിലും ഒരു തെളിവുമായ് മുന്നോട്ട് വന്നാലോ...അതവരുടെ മതം,അവരുടെ ദൈവം,അവരുടെ ആചാരങ്ങൾ എന്ന് പറഞ്ഞതിനെ പുഛിച്ചു തള്ളും.
അപ്പോൾ എല്ലാ സത്യങ്ങളുമറിയാൻ യേശുദേവനോ,ഭഗവാൻ കൃഷ്ണനോ,അളാഹുവോ..   ഭൂമിയിലേയ്ക്ക് വീണ്ടും വരേണ്ടി വരും.അതല്ലാതെ വെറെന്താണൊരു പരിഹാരം.

നമ്മളാരാധിക്കുകയും ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവം നമ്മളെ തമ്മിൽ വേർപെടുത്തി,
പല ജാതിയും പല മതക്കാരുമാക്കുമോ..അങ്ങനെയെങ്കിൽ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്ക്  തുല്യമല്ലേ.....
ഇവിടുത്തെ മതങ്ങൾ.രാഷ്ട്രീയ നേതാക്കന്മാർക്ക് തുല്യമല്ലേ... ഈ..ദൈവങ്ങൾ.അവർക്ക് പരസ്പ്പരം അധികാര മോഹങ്ങൾ കാണില്ലേ..

ഇനി അല്പ്പമൊന്ന് ചിന്തിച്ച് നോക്കിയാൽ.....
പല പല രാജ്യങ്ങൾ,നാടുകൾ.പല പല കാലാവസ്ഥകൾ ആഹാരങ്ങൾ,പല പല ജോലികൾ സാഹചര്യങ്ങൾ.
അങ്ങനെവരുമ്പോൾ മനുഷരിൽ കറുത്തവരും വെളുത്തവരുമുണ്ടാകാം,ഉയരം കൂടിയവരും
കുറഞ്ഞവരുമുണ്ടാകാം,സൗന്ദര്യമുള്ളവരും ഇല്ലാത്തവരുമുണ്ടാകാം.പക്ഷേ എല്ലാവരുടെയും ജാതി ഒന്നായിരിക്കും.മനുഷ്യജാതി.എല്ലാ മതസ്ഥരും വിശ്വസിക്കുന്ന ദൈവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും പറയുന്ന ഒരേ ഒരു കാര്യം.ഞാൻ തന്നെയാണ് നീ..,നീ തന്നെയാണ് ഞാൻ.അതിന്റെയർത്ഥം ഓരോത്തരും ചെയ്യുന്ന കർമങ്ങൾ ശരിയാണെങ്കിൽ നമ്മൾ ദൈവത്തിന് തുല്യരാണ് എന്നാണ്.

ദേവാലയങ്ങളും രാജകൊട്ടാരങ്ങളും വർണ്ണ മാളികകളും പണിതുയർത്താൻ  തച്ചനും ആശാരിയും മൂശാരിയും
കൊല്ലനും തട്ടാനും പറയനും പെലയനും മാപ്പിളയും നസ്രാണിയും എന്ന് വേണ്ട എല്ലാ ജാതിപ്പേരിട്ടവരും വേണം
പണി കഴിഞ്ഞ് ശുദ്ധി വരുത്തിയാൽ ജാതിയിൽ താണവനും സ്വജാതിയല്ലാത്തവനും പ്രവേശനമില്ലാ.
പണ്ട് മുതലേ ആരാധിക്കുന്ന ദൈവങ്ങൾ,വിശ്വസിക്കുന്ന ആചാരങ്ങൾ അവരിൽ നിന്നും ഉദേശിക്കുന്ന തരത്തിലൊരു ലാഭം കിട്ടുന്നില്ലാന്ന് വരുമ്പോൾ മറ്റ് മതത്തിലേയ്ക്ക് ചിലർ കുടിയേറുന്നു.അവരുടെ ആചാരങ്ങൾ കഷായം പോലെ കുടിച്ചിറക്കുന്നു.മതവും ജാതിയും നോക്കാതെ പ്രേമം തലയ്ക്ക് പിടിച്ച് ഒളിച്ചോടുന്ന യുവതീ യുവാക്കൾ,വീട്ടുകാരുടെ സമ്മതത്തോടെ നടക്കുന്ന മിശ്ര വിവാഹങ്ങൾ.ഇവർക്കൊക്കെ
ഉണ്ടാകുന്ന കുട്ടികൾ ഏത് ജാതിയായിരിക്കും.ഇനി പാരമ്പര്യവും കുലമഹിമയും മതവും ജാതിയും തലയ്ക്കു
പിടിച്ച തറവാട്ടുകാർ മത പണ്ഡിതന്മാർ പൂണൂലിടിയിച്ചും,മാമോദീസ മുക്കിയും,സുന്നത് ചെയ്യിച്ചും
സ്വജാതിയും മതവും ആക്കിയാലും.ഇവർ പറയുന്ന പാരമ്പര്യവും കുലമഹിമയും കിട്ടുമോ..?

നിനക്കുറപ്പുണ്ടോ...?  നീ വിശ്വസിക്കുന്ന ജാതിയും മതവും നിന്റെ തന്നെയാണന്ന്.മറ്റുള്ളവരെ തല്ലാനും കൊല്ലാനും പച്ചയ്ക്ക് കത്തിക്കാനും  പിന്നെ നിനക്കെന്തധികാരമാണുള്ളത്.നിങ്ങളിൽ പാപം ചെയ്യാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവളെ കല്ലെറിയൂ...യേശുദേവൻ പറഞ്ഞ വാക്കുകൾ.അമ്മയും അച്ഛനും പറഞ്ഞ
കഥകളും കുലമഹിമയും അല്ലെങ്കിൽ വില്ലേജോഫീസിൽ നിന്ന് ഗാന്ധിയെണ്ണി കൊടുത്താൽ കിട്ടുന്ന ജാതി സർട്ടിഫിക്കറ്റ്, ഇതല്ലാതെ ജാതിയും മതവും തെളിയിക്കാനെന്താണെനിക്കും നിനക്കുമുള്ളത്‌.അതറിയാനാഗ്രഹ
മുണ്ടെങ്കിൽ ഒരയ്യായിരം വർഷം പുറകോട്ട് പോകണം അവിടെ കാണാം മനുഷനെന്ന ഒരു ജാതിയെ.

കക്കാനോ..പിടിച്ച് പറിക്കാനോ..തല്ലിത്തകർക്കാനോ..അല്ലാ...  ഒരു പാവപ്പെട്ട മനുഷ്യൻ, അവൻ
അവന്റെയുള്ളിലുള്ള  സങ്കടങ്ങളും കഷ്ട്ടതകളും ദൈവത്തോട് പറയാൻ,അല്പ്പനേരം മനസ്സ് എകാഗ്രമാക്കാൻ ക്ഷേത്രത്തിൽ കയറിയതാണ്.അവനെ കേവലം ജാതിയുടെ പേരിൽ ജീവനോടെ ചുട്ട് കൊന്നു.ഇതാണോ.. ഭാരത സംസ്ക്കാരം.ഇതാണോ..ആർഷ ഭാരതം.സ്വന്തം രാജ്യത്ത്, ജനിച്ച നാട്ടിൽ പട്ടിയുടെ വില പോലും മനുഷനില്ലേ...? കഷ്ട്ടം.

എന്നെ നിങ്ങളൊരു നക്സലൈറ്റായി കാണണ്ടാ...ഇത്രയുമെങ്കിലുമെഴുതിയില്ലെങ്കിൽ ഞാനുമൊരു മനുഷനല്ലാ....

Liju Vazhappally

Monday, 31 August 2015

*ഒരു കുടം കള്ളും അല്പ്പം ടച്ചിംഗ്സും.*

നമസ്ക്കാരം
പ്രിയപ്പെട്ടവരേ....പ്രേമം സിനിമയിലെ "തെളിമാനം മഴവില്ലിൻ" എന്ന ഗാനത്തിന്റെ പാരഡിയൊന്ന് വായിച്ചാലോ.....കവിതയുടെ പേരാണ്,

ഒരു കുടം കള്ളും അല്പ്പം ടച്ചിംഗ്സും.
 


അതിരാവിലെയുണരുമ്പോൾ
ചെറുതൊരണം വേണം
അത് ലേശം ചെന്നില്ലേൽ
തളരുന്നപോലെ.
കണികാണാൻ കൊതിയായ്
പുഴയോരം ഷാപ്പും
അതിനുള്ളിൽ തനിനാടൻ
നുരയിട്ടത് പോലെ.

കൊതിയൂറും ചെറുകറികൾ
തൊടുകറികൾ തട്ടി
പല  ഷാപ്പിൽ പതിവായ്
കുടിമൂത്തൊരു കാലം.
ചിലരാവിൽ വെളിവില്ലാ-
തഴിഞ്ഞാടിയ കാലം.
എൻ കരളുരുകി കൈകാലുകൾ
പണി തന്നൊരു യാമം.

സരളേ..............................................നി
പൊടിയിട്ടു കലക്കിയ മധുരക്കള്ളോ,
പണിയാ...........................................നി
എനിക്കെന്നും തരുന്നൊരു മുട്ടൻ പണീ….....

കള്ളേ...നിന്നേ..മോന്താതിരുന്നാൽ
കലിതുള്ളിയ ശശിയെല്ലാം
കിളിപോയത്‌ പോലെ.
അടിതുടങ്ങും നേരത്തിന്നണയാതിരുന്നാൽ
അടിമുടിയൊരു വിറയാണെ
പിരിവെട്ടിയ പോലെ.

അവളെന്റെ വീടിന്റെയലമാരയ്ക്കുള്ളിൽ
ആരോരുമറിയാതെ കാണാതെ സൂക്ഷിച്ച
സ്വർണ്ണങ്ങൾ പണ്ടങ്ങൾ നോട്ടായി മാറ്റി
ഓരോരൊ തുട്ടായി മാ...റ്റീ

ഉരിയുന്നൊരെന്റെ…..
ഉടുമുണ്ടിനുള്ളിൽ
മരണത്തിൻ മണിയായ്‌ ഞാൻ
പോകുന്നീ..നാളിൽ

വരളുന്നൊരെന്റെ….
വയറിന്റെയുള്ളിൽ
അലതല്ലും വാളാകാൻ
പിരിയും കള്ളേ……………………………
സരളേ……………

കൊതിയൂറും ചെറുകറികൾ
തൊടുകറികൾ തട്ടി
പല  ഷാപ്പിൽ പതിവായ്
കുടിമൂത്തൊരു കാലം.
ചിലരാവിൽ വെളിവില്ലാ-
തഴിഞ്ഞാടിയ കാലം
എൻ കരളുരുകി കൈകാലുകൾ
പണി തന്നൊരു യാമം.

സരളേ..............................................നി
പൊടിയിട്ടു കലക്കിയ മധുരക്കള്ളോ
പണിയാ...........................................നി
എനിക്കെന്നും തരുന്നൊരു മുട്ടൻ പണീ……………
ഉം.........ഓ........ഓ……

by
Liju vazhappally

Wednesday, 26 August 2015

*വരവായി ഒരു പൊന്നോണം കൂടി* (ഓണ പാട്ട്)


പൊന്നോണക്കോടിയുടുക്കേണ്ടേ...
പൊന്നൂഞ്ഞാലാടിപ്പാടേണ്ടേ....
പൊന്നോണക്കോടിയുടുക്കേണ്ടേ...
ഈ പൊന്നൂഞ്ഞാലാടിപ്പാടേണ്ടേ....
ചിങ്ങക്കതിരുലയുകയായ്
ചിങ്ങപ്പൂ...പൊഴിയുകയായ്‌
നിറനാഴിയളന്ന് കൊടുത്തിട്ടാവണി-
വട്ടമൊരുക്കേണ്ടെ,
തൃക്കാക്കരയപ്പനെയെതിരേൽക്കാം.. (പൊന്നോണ)

മലയാളപ്പെരുമയുണർത്താൻ,
മാവേലിക്കഥകളുമായ്,
മാലോകരൊന്നായ് ചേരും,
ഓണം തിരുവോണം.  (2)

അമരത്തൊരു ചുണ്ടൻ വള്ളം              
ആരവമായ് ആർപ്പു വിളിക്കാർ
ഉണ്ണിക്കൈ കോടിയുടുത്തൂ...
പൂവേ..പൊലി പൂവിളി പാടി.
തുമ്പപൂവ്‌ ചോറു വിളമ്പീ...
തൂശനില നിരനിരയായ്,
തുമ്പി പെണ്ണും അവളുടെ മക്കളു-
മൊന്നായി ചേരുമൊരോണക്കാലം.
ഇതിലേ..വരുമോ..മാവേലീ....
ഇനിയും തരുമോ..ആ കാലം...യെൻ

മനസ്സിൽ വിരിയും  മലരായ്,
നെഞ്ചിൽ പെയ്യും  മഴയായ്
കണ്ണിൽ..യെന്നും കനവായ്
നാവിൽ നിറയെ രുചിയായ്,

തൊടുകറി,ചെറുകറി,പച്ചടി-
കിച്ചടി,പലകറിയവിയൽ-
സാമ്പാർ,പപ്പടം,പാലട,പ്രഥമൻ
പാൽ പായസമുണ്ടേ...................    

ആർപ്പോ.....ഈറോ...
ആർപ്പോ.....ഈറോ...                  
ആർപ്പൊ  ഈറോ, ആർപ്പൊ  ഈറോ,
ആർപ്പോ.......
ഈറോ....
ഈറോ....                                                                

വിടരുകയായ്‌ പുതിയൊരു,
പുലരികളെൻ-
നെഞ്ചിൽ നിറയുകയായ്,
കനവുകളുണരുകയായ്,യെന്നിൽ
അറിയുകയായ്‌ മലയാളം..
തുമ്പി പെണ്ണും അവളുടെ മക്കളു-
മൊന്നായി ചേരുമൊരോണക്കാലം.
ഇതിലേ..വരുമോ..മാവേലീ....
ഇനിയും തരുമോ..ആ കാലം...യെൻ

മനസ്സിൽ വിരിയും  മലരായ്,
നെഞ്ചിൽ പെയ്യും  മഴയായ്
കണ്ണിൽ..യെന്നും കനവായ്
നാവിൽ നിറയെ രുചിയായ്,

തൊടുകറി,ചെറുകറി,പച്ചടി-
കിച്ചടി,പലകറിയവിയൽ-
സാമ്പാർ,പപ്പടം,പാലട,പ്രഥമൻ
പാൽ പായസമുണ്ടേ...................  
ആർപ്പോ.....ഈറോ...
ആർപ്പോ.....ഈറോ...                  
ആർപ്പൊ  ഈറോ, ആർപ്പൊ  ഈറോ,
ആർപ്പോ.......
ഈറോ....
ഈറോ....                                                           (പൊന്നോണ)

by
Liju vazhappally

Wednesday, 12 August 2015

ഗ്രഹേഷ്ട അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ. ഇതിൽ കുറച്ചു കാര്യങ്ങൾ ജീവിതത്തിൽ വരുത്തുവാൻ നോക്കുക.



കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.

നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.

അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.

നാസ്തികത,വേദനിന്ദ,ദേവനിന്ദ,ദേഷ്യം,ഡംഭ്‌,ദുരഭിമാനം,ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.

പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.

അസത്യം പറഞ്ഞോ ചെയ്തോ ധനം സമ്പാദിക്കുന്നവനും,ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.

അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.

പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം,ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക.

അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.

പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനാവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.

ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ,തുളസിയിലയോ മുടിയില്‍ ചൂടരുത്‌.

ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.

ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.

സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.

വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.

അമിതമായി ഭക്ഷിക്കരുത്‌.മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.

ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.

നൂറു വര്‍ഷത്തേക്ക്‌.വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം, ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.

ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.

രണ്ടു കൈകളും കൊണ്ട്‌ തലചൊറിയരുത്‌.തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.

ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.

അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചു കൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍,ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.

അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വൃദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,
താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.

സന്ധ്യക്ക്‌ മുടി ചീകരുത്‌.

അനുമതി കൂടാതെ അന്യന്റെ വാഹനം,കിടക്ക,ഇരിപ്പിടം,കിണര്‍,വീട്‌,തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.

കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും,എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.

സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.

സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.

ഭക്ഷണം,ദാനം,മൈഥുനം,ഉപവാസം,വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.ആയുസ്സ്‌,ധനം,സ്ത്രീസംസര്‍ഗ്ഗം,മന്ത്രം,ഔഷധദാനം,മറ്റൊരുത്തനാല്‍ നേരിട്ട അപമാനം,മാനം,ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.

സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.

മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.

ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്.

‌യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കാൻ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.

ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.

ഭാര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും ,സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.

മദ്യപാനം,ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം,ഭര്‍ത്രവിരഹം,പരദൂഷണം,ചുറ്റിത്തിരിയല്‍,പകലുറക്കം,അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.അന്യദേശത്ത്‌ പോകുന്ന ഭര്‍തതാവ്‌ ഭാര്യയുടെ ഉപ്ജീവനാദികള്‍ക്കുള്ള ഏര്‍പ്പട്‌ ചെയ്തിട്ടെ പോകാവൂ.

ബ്രഹ്മഹത്യ,നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം,ഗുരുപത്നീ ഗമനം,ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.

ഉറങ്ങുക, ഉറക്കമൊഴിക്കുക,കുളിക്കുക,ഇരിക്കുക,കിടക്കുക,വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.

ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.

നാലും കൂടിയ വഴിം തറകെട്ടിയ വൃക്ഷം‌,പൂന്തോട്ടം,ദുഷ്ടസ്ത്രീകളുടെ ഗൃഹം‌ എന്നിവടങ്ങളില്‍ രാത്രി പോകാന്‍ പാടില്ല.

ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.

കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം.

ദേവപൂജ, പിതൃപൂജ,അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.

Saturday, 20 June 2015

*പ്രണയഗാനം*


പുഷ്പ സൗഗന്ധിക വൃന്ദാവനത്തിൽ നീ..
പുഷ്പ  ഹാരമായ്‌,യെന്നരുകിൽ.
മഞ്ജു പ്രഭാമയീ..മന്ദസ്മിതം തൂകി,
നമ്ര ശിരസ്ക്കയായി എന്നരുകിൽ,
വന്നൂ..പടർന്നുവെങ്കിൽ. (2)

കന്മദ പൂവുകൾ കണ്ണിൽ വിടർത്തി നീ..
ഗന്ധർവ ദേവനെ കാത്ത് നിന്നു. (2)    
ചെന്തളിർ ചുണ്ടിൽ നിന്നൊഴുകുന്നൊരനു രാഗം, (2)  
എൻ നെഞ്ചിൽ തുടികൊട്ടീ..മേഘ രാഗം  
സഖീ..മേഘ രാഗം...    

തൂവെണ്ണിലാവ് പോൽ ചിരി തൂകി നിൻ മുഖം
ശാരദ സന്ധ്യകൾ പോയ്‌ മറഞ്ഞു.(2)
അപ്സര കന്യകൾ നിൻ മലർ മേനിയിൽ, (2)
നിത്യ യൗവ്വനത്തിൻ... മധു ചൊരിഞ്ഞു.
സഖീ..മധു ചൊരിഞ്ഞൂ..

രാഗ മാലികകൾ ഒഴുകുമീ..യമുനയിൽ
കാർമുകിൽ വർണ്ണനെ,യോർത്തിരുന്നു.(2)
നിന്നിൽ വിടരുന്നാ.. പൊന്നുഷ സന്ധ്യകൾ,(2)
കാളിന്ദീ തീരത്തും..നിറഞ്ഞ് നിന്നൂ.
സഖീ..നിറഞ്ഞ് നിന്നൂ...

പുഷ്പ സൗഗന്ധിക വൃന്ദാവനത്തിൽ നീ..
പുഷ്പ ഹാരമായ്‌,യെന്നരുകിൽ.
മഞ്ജു പ്രഭാമയീ..മന്ദസ്മിതം തൂകി,
നമ്ര ശിരസ്ക്കയായി എന്നരുകിൽ,
വന്നൂ..പടർന്നുവെങ്കിൽ....

by
Liju vazhappally

Tuesday, 16 June 2015

*മധുരം*


ഓർമ്മകൾ നഷ്ട്ടപ്പെടുന്ന,ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടാത്ത ഈ ജീവിതത്തിൽ എന്നും ഓർക്കാനിഷ്ട്ടപ്പെടുന്ന ഒരു ബാല്ല്യം എല്ലാവർക്കും ഉണ്ടായിരുന്നു.അത് ചിലപ്പോൾ മധുരമുള്ളതാകാം,കയ്പ്പേറിയതാകാം ....എങ്കിലും
മനസ്സിൻറെ പുസ്തകതാളിൽ ഒരു മയിൽ പീലിപോലെ സൂക്ഷിച്ച് വെയ്ക്കാൻ കുറച്ചു മധുരമുള്ള ഓർമ്മകൾ ഒരു പെരുമഴ പോലെ പെയ്തു തോർന്നിട്ടില്ലേ ...

മധുരമാം കാലത്തിലൂടേ....


ഇനിയെത്ര ദൂരമെന്നറി,യില്ലയെങ്കിലും
വെറുതേ,യൊരു യാത്ര പോയ്
മധുരമാം കാലത്തിലൂടേ...എന്റെ
മധുരമാം കാലത്തിലൂടേ....

ചെറു ചില്ല പൂക്കുന്ന മാവിന്റെ ചോട്ടിൽ-
നിൻ,ന്നൊരു കിളി കൊഞ്ചലായ്,യെന്റെ ബാല്ല്യം..
തളിരിട്ട പൂവിലെൻ മധുരിക്കു,മോർമ്മകൾ
ഒരു കുട,ക്കീഴിലായ് നിന്ന ബാല്ല്യം...
പതിയെ മറന്നു ഞാൻ പാടിയ-
പാട്ടുകൾ,ക്കെതിർ പാട്ട് പാടി നീ നിന്നൂ..
എതിർ പാട്ട് പാടി നീ നിന്നൂ..

കുറുവരയി,ട്ടൊരെൻ പുസ്തക താളിലായ്
പണ്ടേ,യൊളിപ്പിച്ചു നിന്നെ,
ചുണ്ടിൽ കിനിയുന്ന തേൻ കണം എന്നിൽ നീ
പണ്ടേ,പകുത്തു മറഞ്ഞു,
അന്നു തൊട്ടെൻ,മനം
പുല്കി,യുറക്കുവാനോരോ..
മയിൽ പീലി കൂട്ടിരുന്നൂ..
അമ്മയറിയാതെ അച്ഛനറിയാതെ,
ആകാശ നീലിമയറിയാതെ.

ഒരു പൊതിച്ചോറിനായി
കാത്തിരുന്നന്ന് ഞാൻ,
അറിവിന്റെ മുറ്റത്തൊരി,ടനാഴിയിൽ.
കളിയുണ്ട്,ചിരിയുണ്ട്,പാട്ടുണ്ട്
കൂട്ടുകാർ,ക്കരികിലായി ഞാനിരുന്നന്ന്.
അരികിലായ് ഞാനിരുന്നന്ന്.

ഒരു തൂശ,നില വാട്ടി ചോറിനരികത്ത്,
ഒരു നല്ല ചമന്തി കടുക് മാങ്ങാ.
അതിലമൃതായ് നീയെനിക്കധരം ചുരത്തിയാ...
പാൽ വെണ്ണയുണ്ടന്ന് കൂടേ ....
അമ്മയെ,ന്നാദ്യാക്ഷരമുണ്ട് കൂടേ...

ഒരു പാട്ട് മൂളിയ,ന്നരികത്ത്,
കവിതയായ് തഴുകുന്ന കൂട്ടുകാരി.
ഒരു നോക്ക് കാണുവാൻ,
ഒരു വാക്ക് ചൊല്ലുവാൻ,
തരുമോ.. എനിക്കൊരു ബാല്ല്യം
ഇന്ന് തരുമോ.. എനിക്കൊരു ബാല്ല്യം.

പ്രണയിച്ച  കൗമാരമെന്നും,എനിക്ക് നീ,
തോരാത്ത മഴയോർമ്മ മാത്രമായി.
തിരികെ നടക്കുവാൻ,
വഴിയറിയാതെ ഞാൻ,
ഇടറുന്നു ചുവരുകൾ,ക്കുള്ളിൽ.
ഇന്ന് തിരയുന്നു കണ്ണുകൾ നിന്നെ.

ഒരു മഴ പെയ്തൊരി,തിണ്ണയിൽ ഞാനി,ന്നൊരു
പൊതിച്ചോറിനായ് കാത്തിരുന്നു.
കളിയില്ല,ചിരിയില്ല,
പാട്ടില്ല,കൂട്ടിനായ്,
അരിക,ത്തൊരാൾ പോലുമില്ലാ..
എന്റെ,യരികത്തൊരാൾ പോലുമില്ലാ...

ഇനിയെത്ര ദൂരമെന്നറി,യില്ലയെങ്കിലും
വെറുതേ,യൊരു യാത്ര പോയ്...
മധുരമാം കാലത്തിലൂടേ...
എന്റെ,
മധുരമാം..... കാലത്തിലൂടേ......













by
Liju vazhappally






Monday, 15 June 2015

ജന്മി



സ്വന്തമെന്ന് പറയാൻ ഒന്നുമില്ലെങ്കിലും,ഇന്നാറടി മണ്ണിന്റെ ജന്മിയാണ് ഞാൻ.നാളെ നീയും.
 
Liju
vazhappally 

Sunday, 14 June 2015

ഒരു നേരമെങ്കിലും....


വലിച്ചെറിയല്ലെ  നീ  കുഴിവെട്ടിമൂടല്ലേ...
കടിച്ച്‌ കീറും ചെന്നായ്ക്കളെന്നെ.
അഴുകി നാറിയൊലിച്ചിടാൻ കുപ്പയും
പിടയുവാനീ..തെരുവുകൾ ബാക്കിയായി .

വിഴുപ്പ് ഭാണ്ഡമിന്നഴിച്ച് നിന്നിടാം..
അറച്ച് നീ യെന്നെ പടിയടയ്ക്കല്ലേ..
ഒഴിഞ്ഞ വയറുമായി ദൂര മിന്നെത്രയോ...
തളർന്നുറങ്ങുവാൻ തെരുവുകൾ മാത്രമായി.

ജനനത്തിനൊരു കുപ്പി മരണത്തിനൊരു കുപ്പി,
ജനിച്ചതോ..കുപ്പിക്കോ..നിനച്ച് പോയി ഞാനിന്ന്.  
കുളിരുകോരുന്നൊരു ചില്ല്മുറികളിൽ,
അല്പ്പസുഖത്തിനായി എത്രയോ..രാവുകൾ.

ഓരോ പുകയിലും എരിഞ്ഞ് തീരാനായി
ഓരോ .. പുകയ്ക്കും നീ നീക്കിവെച്ചു.
നാണം മറയ്ക്കാനുള്ള തുണികളെ,
പൊന്നിൻ വിലയ്ക്ക് നീ വാങ്ങിയിട്ടു.

കത്തും വയറുമായി എത്രയോ ജന്മങ്ങൾ
കൈനീട്ടിയെത്തുന്ന നേരത്ത് നീയന്ന്,
മുട്ടിയ വാതിലുകൾ കൊട്ടിയടച്ചിട്ട്,
നീട്ടിയ കൈകളോ... തട്ടിമാറ്റി.

മാടി വിളിക്കുന്നു, മാളിക മുറ്റത്ത്‌
പാലൂട്ടുവാനാശുനകനേ..കൊച്ചമ്മ.
വിശപ്പറിയാത്ത നിൻ മക്കളേ ഊട്ടുവാൻ
നാളേയ്ക്ക് വേണ്ടി നീ ഓടി നടക്കുന്നു.

ഓരോ ദിനവും ഓരോരോ ശകടങ്ങൾ,
നിന്നെ രമിക്കുവാനാ... സുഗന്ധം.
അഴിഞ്ഞാടി നടന്നൊരീ  ജീവിത യാത്രയിൽ
ഒന്നു തിരിഞ്ഞൊന്ന് നോക്കിയെങ്കിൽ...

ഒരു നേരമെങ്കിലും അന്നം തരാം...
അറിവില്ലാ.. പൈതലിൻ വിശപ്പടക്കാൻ....

by
Liju
vazhappally 

Saturday, 13 June 2015

2006 ലെ ഒരോർമ്മക്കുറിപ്പ്.


അന്നു ഞാൻ എറണാകുളത്ത് വർക്ക് ചെയ്യുകയായിരുന്നു.വീട് കോട്ടയത്തായതുകൊണ്ട് ദിവസവും പോയി വരുവാൻ ബുദ്ധിമുട്ടായിരുന്നു.അത് കൊണ്ട് ഓഫീസിന്റെയടുത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചു. പെയിൻഗെസ്റ്റ് എന്നു പറയാം കാരണം ആ വീട്ടിൽ ഞാൻ കൂടാതെ ഹൗസ് ഓണറും കുടുംബവും ഉണ്ടായിരുന്നു . കുടുംബം എന്ന് പറയുമ്പോൾ അമ്മച്ചി,അമ്മച്ചിയുടെ മകൻ,മകന്റെ ഭാര്യ പിന്നെ അവരുടെ ഒരു മകനും.
(കൊച്ചു കുട്ടിയാണ്) അവന്എന്നെ വല്ല്യ ഇഷ്ട്ടമായിരുന്നു.എന്ന് വെച്ച് മറ്റുള്ളവർക്ക് എന്നെ ഇഷ്ട്ടമല്ലാ
എന്നല്ലാ സാധാരണ കുട്ടികൾ അങ്ങനെയാണല്ലോ.

ഹോട്ടേൽ ഭക്ഷണം ഇഷ്ട്ടമില്ലാത്തതുകൊണ്ട് ഞാൻ ഭക്ഷണം ഉണ്ടാക്കി കഴികുകയായിരുന്നു.ആ വീട്ടിലെ
ഗൃഹനാഥൻ ഭക്ഷണപ്രിയനും,അരസികനും സർവോപരി ഒരു കുഴി മടിയനും ആയിരുന്നു.എറണാകുളം ഒരു
മെട്രോ സിറ്റി ആയിട്ടും,കാലത്തിന്റെ പരിഷ്ക്കാരങ്ങൾ എല്ലാ വീടുകളിലും വന്നിട്ടും ഈ വീട്ടിലെ ടീവിയിൽ ദൂരദർശൻ ചാനലൽ മാത്രമേ.. ഉണ്ടായിരുന്നൊള്ളൂ.. കൂടാതെ ഒരു പൊട്ട ടേപ്പ് റിക്കാടും.ഇരുപത് സെന്ററു
സ്ഥലം.അതിൽ അത്യാവശ്യം വലുപ്പമുള്ള ഒരു വീട്.ഞാൻ പറഞ്ഞു വന്നത് വീട്ടിലെ ഓരോ മുറിയും വാടകയ്ക്ക് കൊടുത്താണ് ആശാന്റെ ജീവിതം പിന്നെ സയിടായിടു റിയൽ എസ്സ്റ്റെറ്റും പരിപാടിയൊക്കെയുണ്ട്.രസം അതല്ലാ ലോകത്തിന്റെ ഏതു മൂലക്കാണെങ്കിലും ആശാൻ സീരിയലിന്റെ സമയം ആകുമ്പോൾ വീട്ടിലെത്തും. അതു പോലെ പ്രാഥനാ സമയത്തും.ആ ഒരു കാര്യത്തിൽ ആളിനോട് എനിക്കൊരല്പ്പം സ്നേഹം ഉണ്ട്. പക്ഷെ ഭക്തി ഒരല്പ്പം കൂടുതലാണോ...എന്നൊരു സംശയം ഉണ്ട്. കാരണം പ്രാർഥിക്കുന്ന സമയത്ത് എല്ലാ മുറിയിലും വന്നു മെഴുകുതിരി കത്തിക്കും.അതെനിക്കൊരു ബുദ്ധിമുട്ടാണ് പ്രാർഥിക്കുന്ന മുറിയിൽ മാത്രം മെഴുകുതിരി കത്തിച്ചാൽ പോരെ.

ദൂരദർശനിൽ സീരിയല് കുറവായത് നന്നായി ഇല്ലെങ്കിൽ ആശാൻ നേരം വെളുക്കുന്നത്  വരെ സീരിയലും  കണ്ടിരുന്നേനേ... പറയാൻ കാരണം ടിവി വച്ചിരിക്കുന്ന ഹാളിന്റെ ഇപ്പുറത്താണ് എന്റെ മുറി.ഞാൻ രാവിലെ ഓഫീസിൽ പോയാൽ പിന്നെവരുന്നത്‌ ഒരേഴുമണിയാകും.വെളുപ്പിനെ അഞ്ചു മണിക്ക് എഴുന്നേൽക്കും.
രാവിലെ കഴിക്കാനുള്ളതും,ഉച്ചക്ക് കഴിക്കാനുള്ളതും റെഡിയാക്കും.രാവിലെ പോകും,രാത്രി വരും.ഇതാണ് എന്റെ ഒരു ദിവസം.എറണാകുളത്താണ് എന്ന് പറഞ്ഞിട്ട് കാര്യമില്ലാ.എറണാകുളം ഞാനൊന്ന് നേരെ ചൊവ്വേ കണ്ടിട്ടില്ലാ.ഒരു ഞായറാഴ്ച് കിട്ടിയാൽ തുണിയലക്കും,ചോറു വെയ്പ്പും, ഇസ്തിരിയിടലും ഉറക്കവും കഴിയുമ്പോൾ വൈകുന്നേരമാകും.പിന്നെ അവിടെ അടുത്തൊരു വായനശാലയുണ്ട്.അവിടെയിരുന്ന് സമയം പോകും.അങ്ങനെ മാസങ്ങൾ കടന്നു പോയി .

ഒരു ദിവസം നേരെ എതിർവശത്തുള്ള വീട്ടിൽ പുതിയ താമസക്കാരെത്തി.എന്നെ പോലെ തന്നെ വാടകക്കാരാണ്.   അമ്മയും രണ്ടു കുട്ടികളും.അതിൽ പെണ്‍കുട്ടിക്ക് ഒരു ഇരുപത് വയസ്സ് കാണും,പയ്യനൊരു പത്തു വയസ്സും.നല്ല സഹകരണം പെരുമാറ്റം.ആ കോളനിയിലുള്ള എല്ലാവരുമായി ഇവർ പെട്ടന്നടുത്തു.നമ്മുടെ വീട്ടിലെ ഗൃഹനാഥൻ ഒരു പരദൂഷണക്കാരനായത് കൊണ്ട് ഇവരുടെ കാര്യങ്ങൾ മുഴുവൻ ആരോടോ ചോദിച്ചറിഞ്ഞ് ആളെന്നോട് പറഞ്ഞു.പെണ്‍കുട്ടിയുടെ അമ്മ  പ്രണയിച്ച് കെട്ടിയതാണ്.കെട്ടിയവൻ മുസ്ലീമാണ്.അവര് ഹിന്ദുവാണ്. കെട്ടിയവൻ ഉപേഷിച്ചു പോയതാണ് എന്നൊകെ.അതെന്തെങ്കിലുമാകട്ടെ.അതൊന്നും നമ്മളെ സമ്പന്ധിക്കുന്ന കാര്യമല്ല.ഞാൻ പതിവുപോലെ ഓഫീസിൽ പോയി.

ദിവസങ്ങൾ  കടന്ന് പോയി.അടുത്ത വീട്ടിൽ ഒരു പെണ്‍കുട്ടിയുണ്ടെന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചല്ലോ.നമ്മൾ ആണുങ്ങൾ പെണ്ണന്ന് എഴുതിക്കാണിച്ചാൽ കുറഞ്ഞ പക്ഷം ഒന്ന് നോക്കാതിരിക്കില്ലാ.ഞാനും ഒന്ന് രണ്ട് വട്ടം നോക്കിയിട്ടുണ്ട്.ആ നോട്ടത്തിന്‌ വേറെ ഉദേശമൊന്നും ഇല്ല കേട്ടോ.. ഒരു നോട്ടം അത്രയേ ഉള്ളൂ... ഇനി അവളെ കുറിച്ച് പറഞ്ഞാൽ.അവൾ സുന്ദരിയാണ്‌,സുമുഖിയാണ്,നല്ലൊരു പാട്ടുകാരിയുമാണ്.ഞാൻ കിടക്കുന്ന മുറിയിൾ നിന്നും പുറത്തേക്കിറങ്ങാൻ ഒരു വാതിലുണ്ട്.ആ വാതിലിൽ നിന്ന് നോക്കിയാൽ അവളുടെ വീട് കാണാം.വീടിന്റെ മട്ടുപ്പാവിൽ നിന്ന് ചെടികളിൽ വെളളം നനച്ചു കൊണ്ട് അവൾ പാട്ടു പാടും.ഓളാ.. പാട്ടു പാടുമ്പോൾ.എവിടുന്നോ ഒരു കാറ്റ് വരും.ആ കാറ്റിൽ ഓളുടെ തലയിൽ ഇട്ടിരിക്കുന്ന തട്ടമൊന്ന് ചെറുതായി ആടിയുലയും അപ്പോ... എന്റെ  പൊന്നു സാറെ... നമ്മുടെ ഹൗസ് ഓണർ വന്നിട്ട് പറയും ലിജു.. വാതിലടച്ച് അകത്ത് കയറൂ...

ഇതെല്ലാ ദിവസത്തെയും കാഴ്ച്ചയാണ് .പെണ്‍കുട്ടിയുടെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ളീമുമാണന്ന് നേരത്തേ..
നമ്മുടെ ഹൗസ് ഓണർ കണ്ട് പിടിച്ച കാര്യം ഞാൻ പറഞ്ഞല്ലോ.അമ്മയും അനിയനും ഹൈന്ദവ
ആ ചാരങ്ങളുമായി മുന്നോട്ട് പോകുന്നു.മകൾ മുസ്ളീങ്ങളുടെ ആചാരങ്ങളുമായി  മുന്നോട്ട് പോകുന്നു.     അതാണ് അവൾ തട്ടമിട്ട് നടക്കുന്നത്.ദിവസങ്ങൾ അങ്ങനെ പിന്നെയും പോയി.പെണ്‍കുട്ടി മട്ടുപ്പാവിലെ പാട്ട്  നിർത്തി താഴെയിറങ്ങി പാടാൻ തുടങ്ങി.പിന്നെ എന്നും രാവിലെ മുറ്റമടിച്ച് കൊണ്ട് പാടാൻ തുടങ്ങി.കാള വാല് പൊക്കുമ്പോഴേ..നമ്മൾക്കറിയാം എന്തിനാണന്ന്.പക്ഷെ ഇവിടെ കാളയല്ലാ പശുവാണ് വാല് പൊക്കിയത്.
നമ്മുടെ ഹൗസ് ഓണറിന്  ഇതൊന്നും അങ്ങോട്ട് ദഹിക്കുന്നില്ല കേട്ടോ...അവള് പാടാൻ തുടങ്ങുബോൾ മടിയൻ പൊട്ട ടേപ്പ് ഓണ്‍ ചെയ്യും.കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ പതിയെ അവളെ ഇഷ്ട്ടമില്ലാത്ത പോലെ പെരുമാറാൻ തുടങ്ങി.അപ്പോൾ നിങ്ങൾ വിചാരിക്കും ഞാനൊരു പുണ്യാളനാണന്ന് .ഒരു പെണ്ണിനെ സ്നേഹിച്ച്  അത് വീട്ടുകാരറിഞ്ഞ് അവളെ വേറൊരുത്തൻ വന്നു കെട്ടി കൊണ്ടു പോയിട്ട് അധികനാളാകാതെ അതിന്റെ വിഷമത്തിൽ ഞാൻ ഇവിടെ കഴിയുമ്പോൾ...  ദേ.. വീണ്ടും വരുന്നു അടുത്തത്.

സത്യം പറയാമല്ലോ അതാണ് ഞാൻ ഒഴിവാക്കിയത്.പതിയെ പതിയെ അതവൾക്കും  മനസിലായി തുടങ്ങി.
പെണ്ണ് ഡിഗ്രി കഴിഞ്ഞതാണ്.ഒരു ചെറിയ ജോലിയുമുണ്ട്‌.ഇടക്ക്‌വഴിയിൽ വച്ച് കാണും.ഒരു ചിരിയിലൊതുക്കി ഞാൻ നടന്നു പോകും.അങ്ങനെ ദിവസങ്ങൾ പിന്നെയും പോയി.പെണ്ണിന്റെ വീട്ടിൽ അവരുടെ ഹൗസ് ഓണർ ഇടക്ക്‌ ചെന്ന്കാര്യങ്ങൾ അന്വഷിക്കാറുണ്ട്.ഇദ്ദേഹം ഒരു ബിസിനസ്മാൻ ആണ്.അത്യാവശ്യം ക്യാഷ് ടീമാണ്. പെണ്‍കുട്ടിക്ക് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഓഫീൽ ഒരു ജോലി കൊടുത്തു.എന്നിട്ട് എന്നും വൈകുന്നേരം വീട്ടിൽ കൊണ്ട് വിടാറുണ്ട്. അങ്ങനെ അദ്ദേഹം ആ വീട്ടിൽ ഒരു നിത്യയ സന്ദർശകനായി.എല്ലാ ഞായറാഴച്കളിലും ഇദ്ദേഹം വീട്ടിൽ വരും.ഇവരെല്ലാം ചേർന്ന് പുറത്തു പോയി ഒരു സിനിമയൊക്കെ  കണ്ട്  വലിയ ഹോട്ടേലിൽ  കയറി ആഹാരം കഴിച്ചു തിരിച്ചു വരും.പിറ്റേ ദിവസം ആ വിശേഷങ്ങൾ.എന്റെ ഹൗസ് ഓണറിന്റെ ഭാര്യയുമായി പെണ്ണിന്റെ അമ്മ പങ്ക് വെയ്ക്കാറുണ്ട്‌  അത് നമ്മുടെ ഓണർ എന്നോട് വന്നു പറയും.
പെണ്ണിന്റെ ഹൗസ് ഓണറിന്, ഭാര്യയും നമ്മുടെ നായികയുടെ പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്. ഇദ്ദേഹവും ഒരു മുസല്മാനാണ്.

അങ്ങനെ ദിവസങ്ങൾ പിന്നെയും പോയി.ഇപ്പോൾ പെണ്ണ് എന്നെ നോക്കി ചിരിക്കാറില്ലാ, പാട്ടും പാടാറില്ലാ.നോക്കണേ കാര്യങ്ങൾ പോകുന്ന പോക്ക്.ഇദ്ദേഹത്തിന്റെ വരവും പോകും നാട്ടുകാർക്ക്  സംസാരവിഷയമായി .ഭർത്താവില്ലാത്ത സ്ത്രീയല്ലേ,കെട്ടിക്കാൻ പ്രായമായ ഒരു പെണ്ണില്ലേ.വിഷയം പെണ്ണിന്റെ അമ്മയുടെ ചെവിയിലുമെത്തി.അവർക്ക് കാര്യം മനസിലായി എന്ന് തോന്നുന്നു. ഇപ്പോൾ അമ്മയും മകനും കറങ്ങാൻ പോകാറില്ലാ.മറിച്ച് മകളുടെ കറക്കം ഓരോ ദിവസവും കഴിയുന്തോറും കൂടി കൂടി വന്നു. അമ്മ ഇക്കാര്യം പറഞ്ഞ് മകളുമായി വഴക്കായി.രണ്ടു പേരും മിണ്ടാതെയുമായി.എന്റെ ഹൗസ് ഓണറിന്റെ ഭാര്യ ഒരു ദിവസം പെണ്‍കുട്ടിയോട് ചോദിച്ചു .എന്താ കുട്ടി ഇതൊക്കെ മോശമല്ലേ.പെണ്‍കുട്ടി ഒറ്റവാക്കിൽ മറുപടി പറഞ്ഞു ഞങ്ങൾ സ്നേഹത്തിലാണ്.കാര്യം പെണ്ണിന്റെ അമ്മയുടെ ചെവിയിലുമെത്തി.ഇനി നീ ഈ വീടിന്റെ പടിക്ക് പുറത്തിറങ്ങരുത്.അമ്മയുടെ കർശനമായ താക്കീത് .അന്നു രാത്രിയിൽ പെണ്ണിന്റെ അമ്മയുടെ നിലവിളി കേട്ടു ഞങ്ങൾ ഓടി അവരുടെ വീട്ടിൽ ചെന്നു.പെണ്ണു ബോധമില്ലാതെ കിടക്കുന്നു അടുത്ത് കുറച്ച് ഗുളികകളും പിന്നെ ഒരു കുപ്പിയും.വിഷം കഴിച്ചതാകാം, ഉറക്കഗുളിക കൂടുതൽ കഴിച്ചതാകാം വന്നവർ പലതും പറഞ്ഞു. പെണ്ണിനെ പൊക്കി വണ്ടിയിൽ ഇട്ടു.പെണ്ണിന്റെ അമ്മയും അനിയനും ഹൗസ് ഓണറും ഭാര്യയും ഞാനും നേരെ ഹോസ്പിറ്റലിലേയ്ക്ക്.പാതി വഴിയിൽ വെച്ച്  പെണ്ണ്  ചാടിയെഴുന്നേറ്റു.എനിക്ക് ഹോസ്പിറ്റലിൽ പോകണ്ടേ.... നിലവിളി തുടങ്ങി.വണ്ടി ഹോസ്പിറ്റലിൽ എത്തി കുട്ടിയെ അഡ്മിറ്റു ചെയ്തു .ഡോക്ടർ ഒരു ഫുൾ ചെക്കപ്പിന് എഴുതികൊടുത്തു.പെണ്ണിന് ആകപ്പാടെ വെപ്രാളവും പരവേശവും.പെണ്‍ബുദ്ധി പിന്ബുദ്ധി എന്നല്ലേ.അവള് വിഷവും കഴിച്ചില്ലാ ഉറക്കഗുളികയും കഴിച്ചില്ലാ.ഒരു നമ്പരിട്ടതാ ...അവള്  തന്നെ ഇക്കാര്യം നമ്മുടെ ഹൗസ് ഓണറിന്റെ ഭാര്യയോട് പറഞ്ഞു.ഹോസ്പിട്ടലിലെ ബില്ല് അടച്ചു നേരേ വീട്ടിലേക്ക്.പിറ്റേ ദിവസം നാട്ടുകാർക് ചിരിക്കാനൊരു കാര്യമായി.

അങ്ങനെയൊരു ദിവസം പെണ്ണിന്റെ അമ്മ എന്തോ ആവശ്യത്തിന് പുറത്തേക്കു പോയി.പോകുന്നതിനു മുന്പ് മകനോട്‌ പറഞ്ഞു.ചേച്ചിയെ നോക്കിക്കോണം എങ്ങും പോകരുതേ..അന്നൊരു ഞായറാഴ്ച്ചയായിരുന്നു.അന്ന്  ഞാൻ പതിവു പോലെ എല്ലാ പരിപാടികളും കഴിഞ്ഞ്  ഒരു ഉച്ചയുറക്കത്തിനായി കിടന്നു. ഉറങ്ങിയെഴുന്നേറ്റ ഞാൻ കണ്ടത്.നമ്മുടെ നായികയുടെ വീട് മുഴുവൻ ആളുകൾ കൂടിനില്കുന്നു ഈശ്വരാ.. ഈ പെണ്ണു ശരിക്കും പണിപറ്റിച്ചോ.ഞാൻ ഓടിച്ചെന്നപ്പോൾ വീടിനോട് ചേർന്ന മതിലേൽ, ചാരിവെച്ചിരിക്കുന്ന ഒരു ഉണങ്ങിയ ഓല മടലിനെ നോക്കി കുറച്ച്  പേർ നിന്ന് ചിരിച്ചു നില്കുന്നു.കുറച്ച് പേർ ദുഖിച്ചു നില്കുന്നു.കാര്യം കേട്ടപ്പോൾ ഞാൻ ദേ ഇങ്ങനെ നിന്നു.പെണ്ണിനെ വിശ്വാത്തമില്ലാത്തതുകൊണ്ട് അമ്മ ഗയ്റ്റ് പുറത്തൂന്നു പൂട്ടിയിട്ടാണ് പോയത്.അനിയൻ ചെക്കൻ ഉച്ചയ്ക്കു കിടന്നുറങ്ങിപോയി.ഈ സമയത്ത് നമ്മുടെ നായിക നായകൻ
വാങ്ങി കൊടുത്ത രണ്ട് മൂന്ന് ചുരിദാറുമെടുത്ത് മതിലും ചാടിപോയി.പഴയ ആളുകൾ പറയുന്നതെത്ര   ശരിയാണ്.അമ്മ വേലിചാടിയാൽ മകള് മതില് ചാടും.

ഇതു വായിക്കുന്ന എന്റെ എല്ലാ നല്ല കൂട്ടുകാരും ഒരു കാര്യം മനസ്സിലാക്കണം. ഈ പെണ്‍കുട്ടിയുടെ അമ്മ വീട്ടുകാരെ ഉപേക്ഷിച്ച് പ്രണയിച്ച ആളുടെ കൂടെ ഇറങ്ങി പോയി.അന്ന് അവരുടെ മാതാപിതാക്കൾ എത്ര മാത്രം വേദനിച്ചു കാണും. ഇന്നു സ്വന്തം മകൾ അങ്ങനെ ചെയ്തപ്പോൾ അവർ അതു മനസിലാക്കുന്നു. മാതാപിതാക്കൾക്ക്‌ സ്വന്തം മക്കളേ.. ഉപദേശിക്കാനുള്ള അധികാരം ഉണ്ട്.പക്ഷെ ഉപദേശിക്കുന്നവരുടെ ഭാഗം ആദ്യം കററ്റായിരിക്കണം.ഇല്ലെങ്കിൽ തിരിച്ചു വരുന്ന ചോദ്യത്തിന് മറുപടി കൊടുക്കാനാവാതെ നോക്കി നിൽക്കാനേ കഴിയൂ .ഇവിടെ അതാണ് സംഭവിച്ചത്.

N.B: " ഒരു കുടുംബത്തെ, ഒരു പ്രണയം കൊണ്ട് അനാഥമക്കരുത്"

by
Liju vazhappally
   

സ്വാമി കുക്കുടാനന്ദ പാദ പത്മ തിരുവടികൾ



നാട്ടുകാരും വീട്ടുകാരും അവനെ വെറുത്തു.തെമ്മാടിയും പെണ്ണ് പിടിയനും അഭാസനുമാണന്ന് പലരും പറഞ്ഞു.അവസാനം സഹികെട്ട് അവനൊരറ്റ കൈ ചെയ്തു.പേരും മാറ്റി,വേഷവും മാറ്റി.ഇപ്പോഴവൻ തൂണിലും തുരുമ്പിലുമുണ്ട്.പഴയ ലീലാവിലാസങ്ങൾക്ക് ലോകം മുഴുവൻ കാവലുമായി

Liju    

vazhappall     

Wednesday, 10 June 2015

മാന്യൻ


"ശരീരം വിറ്റ് ജീവിച്ചവളെ ചിലർ വേശ്യ,എന്ന് വിളിച്ചു.അവളുടെ കൂടെ കിടക്ക പങ്കിട്ടവരെ മാന്യനെന്നും"  

Liju
vazhappally 

വിശ്വാസം അതല്ലേ..എല്ലാം...


ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരുമിച്ച് ജീവിക്കാമെന്നവൾ പറഞ്ഞു.മണ്ടൻ അവനത്‌ വിശ്വസിച്ചു.കഴിഞ്ഞ ജന്മത്തിലും അവനോടവൾ ഇത് തന്നെയാ..പറഞ്ഞത്.

Liju
vazhappally      

ബലിയാട്


"ഒരു കല്ല്യാണം കഴിച്ചാൽ എല്ലാം നേരെയാകുമെന്നവനോടാരോ.. പറഞ്ഞു.കല്ല്യാണം കഴിഞ്ഞിട്ടും അവന്റെ നട്ടെല്ല്
മാത്രം നേരെയായില്ലാ.അതവളുടെ മുന്നിൽ വളഞ്ഞ് തന്നെ നിന്നു."

Liju
vazhappally  

പകരം വീട്ടൽ


" ഒൻപത് മാസം ആഹാരവും വെള്ളവും മാത്രം  കൊടുത്ത് ഗർഭപാത്രത്തിൽ പൂട്ടിയിട്ടത്  കൊണ്ടാകാം.... 

 പുറത്തിറങ്ങിയതിന് ശേഷം അവനും  അമ്മയെ  ആഹാരവും വെള്ളവും മാത്രം കൊടുത്ത്  വൃദ്ധ  സദനത്തിൽ പൂട്ടിയിട്ടത്."

Liju
vazhappally 

കുപ്പയിൽ നിന്നൊരു മാണിക്ക്യം.(ചെറു കഥ).


ഡിസംബറിലെ ഒരു തണുത്ത രാവ്.ദൈവത്തിന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന ഒരു ക്രിസ്തുമസ് തലേന്ന്എല്ലാ ദേവാലയങ്ങളും,ഗൃഹങ്ങളും,തെരുവുകളും ക്രിസ്തുമസിനെ ഉദ്ഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.എങ്ങും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ.താരകങ്ങൾ,പുൽകൂടുകൾ,
വർണ്ണ വിതാനങ്ങൾ ശബ്ദ കാഹളങ്ങൾ എല്ലായിടത്തും വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ മാത്രം.

ഈ തവണ നേരത്തേ തന്നെ ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രവും ഒക്കെയൊരുക്കി, ഈ ക്രിസ്തുമസ് നാളുകൾ കൂടുതൽ സന്തോഷത്തോടെ ആഘോഷിക്കുവാൻ കാത്തിരുന്ന ഒരു കുടുംബം.പക്ഷെ അവരുടെ സന്തോഷം അധിക നാൾ നീണ്ടുനിന്നില്ലാ.ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹമില്ലാത്ത ദമ്പതികളുണ്ടോ,തന്റെ പേരക്കുട്ടികളെ ലാളിക്കാൻ ആഗ്രഹമില്ലാത്ത അച്ഛനമ്മമാരുണ്ടോ,കഴിഞ്ഞ രണ്ടു പ്രാവശ്യവും ദൈവം ഈ
കുടുംബത്തോട് കരുണ കാണിച്ചില്ലാ.ഇത്തവണയും അതുപോലെ തന്നെ തോമസുകുട്ടിയ്ക്കും മേരിയ്ക്കും ഉണ്ടായ കുട്ടി ചാപിള്ളയായിരുന്നു.

പേര് കേട്ട തറവാട് ഇട്ടുമൂടാനുള്ള സ്വത്തുക്കൾ,അപ്പനപ്പൂപ്പമ്മാരായിട്ടും അപ്പനായിട്ടും മകനായിട്ടും സമ്പാദി- ച്ചിട്ടുണ്ട്.ചെയ്യാത്ത ചികിത്സകളില്ലാ.എടുക്കാത്ത നോമ്പ്കളില്ലാ.. ദൈവം എന്തിനാണ് ഇത്രയും ക്രൂരത നമ്മളോട്
നമ്മളോട് കാണിക്കുന്നത് മിഖായേലും ഭാര്യ ത്രേസ്യാക്കൊച്ചും കരഞ്ഞു പ്രാർതഥിക്കാത്ത ദിവസങ്ങളില്ലാ.
ഇവരുടെ മകനാണ് തോമസുകുട്ടി.തോമസുകുട്ടിയുടെ ഭാര്യ മേരി.തോമസുകുട്ടി ഡോക്ടറാണ് പക്ഷെ
ഡോക്ടറിലും മുകളിലല്ലേ.. ദൈവത്തിന്റെ സ്ഥാനം.തോമസുകുട്ടി അമേരിക്കയിൽ നിന്നാണ്
ഡോക്ടറേറ്റെടുത്തത്.നാട്ടിൽ സ്വന്തമായിട്ടൊരു ഹോസ്പ്പിറ്റലുമുണ്ട്.കാശിന്റെ കാര്യത്തിൽ അച്ഛനും മകനും
യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ലാ.അത് പണമുള്ളവരോടായാലും ഇല്ലാത്തവരോടായാലും.
കുട്ടികളുണ്ടാകാത്തത് പാവങ്ങളുടെ ശാപമായിരിക്കും ത്രേസ്യാക്കൊച്ചും മേരിയും ഇടയ്ക്കിത് പറയാറുണ്ട്‌.
ഈ പറയുന്നതൊന്നും അപ്പനും മകനും ആദ്യമൊക്കെ  വക വെയ്ക്കാറില്ലായിരുന്നു. ഇപ്പോൾ
മനസിലായിത്തുടങ്ങിയിരിക്കുന്നു.കാരണം മെഡിക്കലെത്തിക്സിനേക്കാൾ വലുതാണല്ലോ ദൈവാനുഗ്രഹം.

ഇന്ന് ഹോസ്പ്പിറ്റലിൽ നിന്ന് മേരിയെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം.രണ്ടുപേരും പുറത്തിറങ്ങി-
കാറിനടുത്തേയ്ക്കു നടന്നു.ഡോക്ടർ തോമസ്‌.പുറകിൽ നിന്നൊരു വിളി.അവർ തിരിഞ്ഞ് നോക്കി.അത് ഡോക്ടർ ഐസക്കായിരുന്നു.എന്താ ഡോക്ടർ.തോമസ്‌ അടുത്തേയ്ക്ക് ചെന്നു.ഹേയ് നതിംഗ്.സീരിയസ്
മാറ്ററല്ലാ.ഒരു ഹസ്ബണ്ട് ആൻഡ്‌ വൈഫ്‌ പ്രഗ്നൻസി അവോഡ് ചെയ്യാൻ എത്തിയിട്ടുണ്ട്. അവർക്ക് ഇപ്പോൾ കുട്ടികൾ വേണ്ടാന്ന്.സാധാരണ ഡോക്ടർ റീനയാണ് ഇത്തരം കേസുകൾ അറ്റംപ്റ്റ് ചെയ്യുന്നത്.റീന ഇന്ന്
ഡ്യൂട്ടിയിലില്ലാ അതു കൊണ്ട് ഡോക്ടറിനോടൊന്ന് ചോദിച്ചിട്ടാകാമെന്ന് കരുതി.നോ..നോ ഐസക്ക് ഇനി ഇത്തരം കേസുകൾ ഇവിടെ എടുക്കരുത് ഇറ്റ്സ് മൈ ഓഡെർ.തോമസിന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുമന്നു.അദേഹം പരിസരബോധം നഷ്ട്ടപ്പെട്ട് എന്തൊക്കെയോ പറഞ്ഞു.ഓക്കേ..ഓക്കേ ഡോക്ടർ റിലാക്സ് റിലാക്സ്.ഐസക്ക് അദേഹത്തെ സമാധാനിപ്പിച്ചു.തോമസ്‌ കാറിനടുത്തേയ്ക്ക്നടന്നു.ഡോക്ടർ തോമസ്‌. വീണ്ടും വിളിച്ചിട്ട് ഐസക്ക് തോമസിന്റെ അടുത്തേയ്ക്ക് വന്നു.ഹാപ്പി ക്രിസ്മസ് ആൻഡ്‌ ഹാപ്പി ന്യൂ ഇയർ
ഐസക്ക് കൈപിടിച്ചൊരു ഷെയ്ക്ക് ഹാൻഡ്‌ കൊടുത്തു.മുഖത്ത് ചെറിയൊരു ചിരി വരുത്തി തോമസും ഒന്ന് വിഷ് ചെയ്തു.ഹാപ്പി ക്രിസ്മസ്.

അവർ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.നേരമൊരുപാടിരുട്ടിയിരിക്കുന്നു പുറത്തു നടക്കുന്നതൊന്നും അവർ ശ്രദ്ധി -       ക്കുന്നതേയില്ലാ.ചെയ്ത തെറ്റുകൾ ദൈവത്തിനോടേറ്റ് പറഞ്ഞ് തീരാത്ത ദുഖത്താൽ നീറും മനസ്സുമായി എങ്ങോട്ടന്നില്ലാത്ത യാത്ര.വെളിച്ചമുള്ള തെരുവുകൾ, ഇരുട്ടു മുടിയ തെരുവുകൾ,ആളും ബഹളവും ഉള്ള തെരുവുകൾ,നിശബ്ധമായ തെരുവുകൾ.വഴികൾ പിന്നിട്ട് കൊണ്ടേയിരുന്നു.ദൈവ പുത്രന്റെ തിരുപ്പിറവിയ്ക്ക് ഇനിയും ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം.പെട്ടന്നാണ് അതു സംഭവിച്ചത് മുന്നിലൊരു രൂപം ഒന്നും വ്യക്തമല്ലാ.പെട്ടന്നവൻ വണ്ടി തിരിച്ചെടുത്തു.ബ്രേയ്ക്ക് കിട്ടിയെങ്കിലും ചവിട്ടി നിർത്താൻ പറ്റിയില്ലാ.. വണ്ടിയെവിടെയോ ഇടിച്ചു നിന്നപോലെ.എന്തു പറ്റി ഇച്ചായാ മേരി  ചെറിയൊരാലസ്സ്യത്തിൽ നിന്നും
ഞെട്ടിയെഴുന്നേറ്റു.ഭാഗ്യത്തിനൊന്നും സംഭവിച്ചില്ലാ.എന്താണന്നറിയില്ലാ ആരോ മുന്നിൽ വന്നപോലെ.ഓ മൈ ഗോഡ് വണ്ടിയെടുക്കാൻ പറ്റുന്നില്ലാ.അവൻ ഡോർ തുറന്നു പുറത്തിറങ്ങി. ഹും എന്തൊരു നാറ്റം ഇതെവിടെയാണ് വഴിതെറ്റിയല്ലോ.പോക്കറ്റിൽ നിന്ന് ടവ്വലെടുത്തവൻ മൂക്ക് പൊത്തി പിടിച്ചു.ഇത് വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമാണല്ലോ.

ഞാനെങ്ങനെ ഇവിടെത്തി.അവൻ ചുറ്റും നോക്കി ആരെയും കാണുന്നില്ലാ.വിജനമായ സ്ഥലം.
കൂനകൂട്ടിയിട്ടിരിക്കുന്ന ചപ്പ് ചവറുകൾ.ചിക്കിചികഞ്ഞു മണം പിടിച്ച് നടക്കുന്ന തെരുവു നായ്ക്കൾ. വീടുകളിൽ നിന്നും ഹോസ്പ്പിറ്റലിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ ഇവിടെയാണ് കൊണ്ടിടുന്നത്‌.അതു കൊണ്ട് അടുത്തൊന്നും ഒരു വീട് പോലുമില്ലാ.മങ്ങിയ വെളിച്ചമുള്ള ഒന്ന് രണ്ടു തെരുവ് പോസ്റ്റുകൾ മാത്രം.  
ഇടയ്ക്കൊന്നു ശ്വാസം വിടാൻ അവൻ മൂക്കിൽ നിന്ന് ടവ്വൽ മാറ്റി ഹോ.. അസഹനീയം ഹും എന്തൊരു നാറ്റം.
കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.പക്ഷെ സ്റ്റാർട്ടാകുന്നില്ലാ.അവൻ ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. കാറിന്റെ ഹോണ്‍ ഉറക്കെയലറി.അവൻ വീണ്ടും പുറത്തിറങ്ങി. കാറിനു ചുറ്റും നോക്കി ടയറിനടിയിൽ എന്തോ അടങ്കല്ലായി കിടക്കുന്നു.അവനതു തള്ളി മാറ്റി അകത്തേയ്ക്ക് കയറവേ..ഒരു നേർത്ത കരച്ചിൽ കേട്ടു.  പിന്നീടത്‌ ഉച്ചത്തിലായി അതേ അതൊരു കുഞ്ഞിന്റെ കരച്ചിലല്ലേ അവൻ മേരിയെ വിളിച്ചു.അവളും പുറത്തിറങ്ങി ഓക്കാനിച്ചു കൊണ്ട് അവൾ മൂക്കും വായും പൊത്തിപ്പിടിച്ചു.കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് കുറേ നായ്ക്കൾ ഓടിയടുത്തു. അവൻ അതിനെയെല്ലാം കൈയിൽ കിട്ടിയ കല്ലുകൊണ്ട് എറിഞ്ഞോടിച്ച് കൊണ്ട്  അവിടേയ്ക്കു നടന്നു ചെന്നു. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അവരാ കാഴ്ച്ച കണ്ടു.

വെള്ളത്തുണിയിൽ  പൊതിഞ്ഞ് വെച്ചപോലെ  ഒരു ചോരക്കുഞ്ഞ്.തുണിയിലെല്ലാം അഴുക്ക് പുരണ്ടുട്ടുണ്ട്.
കുഞ്ഞിന്റെ മുഖത്തും ശരീരത്തുമൊക്കെയായി ചപ്പു ചവറുകൾ വീണു കിടപ്പുണ്ട്.അവർ ചുറ്റും നോക്കി ആരെയും കാണുന്നില്ലാ.പെട്ടന്നവർ കുഞ്ഞിനെ എടുത്ത്‌.മേരി അവളുടെ കൈകളിലേയ്ക്ക് കുഞ്ഞിനെ ഏറ്റുവാങ്ങി അവൾ ഹൃദയം പൊട്ടിക്കരഞ്ഞ് നെഞ്ചോടു ചേർത്ത് പിടിച്ച് ആ കുഞ്ഞ് മുഖത്ത് ചുംബനങ്ങൾ വാരി ചൊരിഞ്ഞു.മേരി വരൂ ഇനി ഇവിടെ നില്ക്കണ്ടാ വാ പോകാം.അവരാ കൈക്കുഞ്ഞുമായി യാത്ര തിരിച്ചു.രണ്ടു പേരുടെയും മുഖത്ത് സന്തോഷവും ഉണ്ട് അതുപോലെ തന്നെ ഒരു വെപ്രാളവും പരവേശവും ആരാണ്?എന്താണ്?എങ്ങിനെ ഇവിടെത്തി? അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവർ യാത്ര തിരിച്ചു.ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ഫോണ്‍ വിളിച്ച്  അപ്പച്ചനോടും അമ്മച്ചിയോടും പള്ളിയിലേയ്ക്ക് വരാൻ പറഞ്ഞു.അവരാദ്യം ചെന്നത് ഇടവകയിലെ പള്ളിയിലെ  വികാരിയായ ഫാദർ  ജോസഫ് പുന്നശ്ശേരിയുടെ മേടയിലേയ്ക്കായിരുന്നു.ആ സമയം പള്ളിയിൽ അന്തിക്കുറുബാന ചടങ്ങുകൾ നടന്ന്  കൊണ്ടിരിക്കുകയായിരുന്നു.അതുകൊണ്ട് അച്ഛനെ  അവർക്ക് കാണാൻ സാധിച്ചില്ലാ.അൾത്താരയിൽ അച്ഛന്റെ വചന പ്രഭാഷണങ്ങൾ ദൂരെ നിന്നവർ കേട്ടുകൊണ്ടിരുന്നു.ഓരോ വചനം പറയുമ്പോഴും അവരുടെ ചുണ്ടുകൾ വിതുംബി.കണ്ണുകൾ നിറഞ്ഞൊഴുകി.

"ഞാൻ ദൈവമാകുന്നു എന്നെ വിശ്വസിക്കൂ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ആമേൻ" അവസാന വചനവും പറഞ്ഞ് അച്ഛൻ ഉണ്ണിയേശുവിനെയെടുത്ത് പുൽക്കൂടിനടുത്തേയ്ക്ക്‌ നടന്നു.ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇടവകക്കാരും പുൽക്കൂടിനടുത്തേയ്ക്ക്‌ നടന്നു.ദൈവപുത്രൻ പിറന്നിരിക്കുന്നു ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.മാലാഖമാർ  ദൈവത്തെ വാഴ്ത്തിപ്പാടി.എങ്ങും സന്തോഷ നിമിഷങ്ങളും കാഹള നാദങ്ങളും അലതല്ലി.അച്ഛൻ കൈകളുയർത്തി എല്ലാവരെയും അനുഗ്രഹിച്ചു.കേക്ക് മുറിക്കുന്ന ചടങ്ങിനായി എല്ലാവരും അൾതാരയിലേയ്ക്ക് കയറി.തോമസ് അച്ഛന്റെ  അടുത്തേയ്ക്ക് നടന്നു. അച്ഛാ എന്നോട് ക്ഷമിക്കണം.
അവൻ അച്ഛന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ചു.ആര് തോമസോ.എഴുന്നേൽക്കൂ.. അച്ഛനവനെ പിടിച്ചെഴുന്നേൽപ്പിച്ച് സമാധാനിപ്പിച്ചു.കർത്താവ് നല്ലവനാണ് കുഞ്ഞേ..നീ വിഷമിക്കാതിരിക്കൂ...

അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.അവൻ അച്ഛനെയും കൂട്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്തേയ്ക്ക് മാറിനിന്ന് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു.അച്ഛൻ അല്പ്പസമയം ഒന്നോലിച്ചു. എന്നിട്ട്,എന്താ തോമസേ നിന്റെ തീരുമാനം.അച്ഛൻ പറയുന്നതെന്തും ഞാൻ കേൾക്കാം.കർത്താവേ..എല്ലാം നിന്റെ ഇഷ്ട്ടം.തോമസേ നിന്റെ എല്ലാ തെറ്റുകളും പൊറുത്ത് ദൈവം നിനക്ക് തന്ന കുഞ്ഞാണിത്.രണ്ടുകൈകളും നീട്ടി സ്വീകരിച്ചോളൂ..
നല്ലതേ..വരൂ.. പിന്നെ തോമസേ മിഖായേലിനും സ്ത്രേസ്യാ കൊച്ചിനും ഇക്കാര്യമറിയാവോ..
ഇല്ലച്ഛാ അപ്പച്ചൻ സമ്മതിക്കത്തില്ലാ..അച്ഛൻ അപ്പച്ചനോടൊന്നു സംസാരിക്കണം അവൻ അച്ഛന്റെ കൈകളിൽ പിടിച്ച് കേണ് കരഞ്ഞു.ഉം ഞാൻ പള്ളി മേടയിലുണ്ടാകും നീ അവരെ കൂട്ടി അങ്ങോട്ടു വന്നാൽ മതി.തോമസ്‌ മേരിയുടെ അടുത്തെത്തി.മേരി നല്ല മഞ്ഞുണ്ട് നീ കുഞ്ഞുമായി കാറിനകത്തിരിക്ക്.ഞാനിപ്പോൾ വരാം.അവൻ  
പള്ളിയിലേയ്ക്ക് ഓടിക്കയറി.ഈ സമയം മേരി കുഞ്ഞിന്റെ പഴയ തുണികൾ മാറ്റി മുഖത്തുള്ള അഴുക്കുകൾ കോട്ടൻ പഞ്ഞികൊണ്ട് പതിയെ തുടച്ചു മാറ്റി.പഴയ തുണി മാറ്റുന്നതിനിടയിൽ മേരി ശ്രദ്ധിച്ചു.അതൊരു പെണ്‍കുട്ടിയായിരുന്നു.അവളുറക്കത്തിൽ നിന്നുണർന്ന് കരയാൻ തുടങ്ങി.മുഖത്ത് നല്ല ക്ഷീണമുണ്ട്
വിശന്നിട്ടായിരിക്കും.മേരി അവളുടെ മാതൃത്വം ഒരു പെരുമഴപോലെ ആ കുഞ്ഞ് ചുണ്ടിൽ വർഷിച്ചു.
ഒരമ്മയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്നത്‌.ഒരമ്മയാണെന്നുള്ള ബോധം അവളുടെ കണ്ണുകളേയും ഹൃദയ തുടിപ്പ്കളേയും തൊട്ടുണർത്തി.

തോമസ്‌ അപ്പച്ചനേയും അമ്മച്ചിയേയും കൂട്ടി മേടയിലെത്തി.ഫാദർ ജോസഫ് അവരോട് കാര്യങ്ങൾ സംസാരിച്ചു.മിഖായേലേ..ഇങ്ങനെയൊക്കെ സംഭവിച്ച സ്ഥിതിയ്ക്ക് ആ കുഞ്ഞിനെ ദൈവം നിങ്ങൾക്ക് തന്നതാണന്നാണ് എന്റെയും വിശ്വാസം.ചെയ്ത തെറ്റുകൾക്കെല്ലാം പ്രാശ്ചിത്വം ചെയ്യാൻ ദൈവം ഒരവസരം
തന്നൂന്ന് മാത്രം വിചാരിക്കൂ... ഹാ.. ഇനിയെല്ലാം നിങ്ങളുടെ ഇഷ്ട്ടം.തോമസേ പ്രസവിച്ച കുഞ്ഞ് മരിച്ച കാര്യം
ഇടവകയിലാർക്കെങ്കിലും അറിയുമോ? ഇല്ലാ അപ്പച്ചനും അമ്മച്ചിയ്ക്കും പിന്നെ മേരിയുടെ വീട്ടുക്കാർക്കും മാത്രം.തല്ക്കാലം ഇക്കാര്യം വേറെ ആരും അറിയണ്ടാ.ഇന്നു മുതൽ ഇത് നിങ്ങളുടെ കുഞ്ഞാണ്.വരൂ....
പള്ളിയിലേയ്ക്ക് പോകാം അച്ഛൻ അവരെ പള്ളിയിലേയ്ക്ക് ക്ഷണിച്ചു.മേരി കുഞ്ഞുമായി പള്ളിയിലേയ്ക്ക്  കയറുന്ന വലിയ വാതിലിന് മുന്നിലെത്തി.അവളാകുഞ്ഞിനെ ദൈവത്തിന് സമർപ്പിച്ച് കൊണ്ട് തിരുഹൃദയം നോക്കിക്കരഞ്ഞു.പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞവർ പുറത്തിറങ്ങി.എല്ലാവരും പിരിഞ്ഞു പോകുന്ന സമയം സാന്താക്ലോസും സംഘങ്ങളും ദൈവപുത്രന്റെ തിരുപ്പിറവിയറിയിക്കാൻ പുറപ്പെടുന്ന സമയം.

തോമസും മിഖായേലും സ്ത്രേസ്യാക്കൊച്ചും ഫാദറും മേരിയുടെ അടുത്തെത്തി.മിഖായേലിന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണുന്നില്ലാ.മിഖായേലേ താൻ അഭിപ്രായമൊന്നും പറഞ്ഞില്ലാ.അച്ഛൻ ചോദിച്ചു.
അച്ചോ..വല്ലവരുടെയും കൊച്ചിനെ നോക്കാനും വളർത്താനും എനിക്ക് പറ്റില്ലാ..അപ്പച്ചാ..തോമസ്‌ വിതുമ്പി,
മേരി പൊട്ടിക്കരഞ്ഞു,സ്ത്രേസ്യാക്കൊച്ച്  മിഖായേലിന്റെ കൈയ്യിൽപ്പിടിച്ച് നിങ്ങളെന്തൊക്കെയാ..ഈ  പറയുന്നത്.മിഖായേലേ..അച്ഛൻ ദയനീയമായി വിളിച്ചു.അതേ അച്ചോ.. വല്ലവരുടെയും കൊച്ചിനെ നോക്കാൻ എനിക്ക് പറ്റില്ലാ..മിഖായേൽ മേരിയുടെ അടുത്തേയ്ക്ക് വന്ന് ആ കുഞ്ഞിനെ കൈകളിലെടുത്തു.ഇത് എന്റെ മകന്റെ കുഞ്ഞാ...എന്റെ പേരക്കുട്ടി മിഖായേൽ പൊട്ടിക്കരഞ്ഞ് കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.   അവരുടെ സന്തോഷം ഒരു കടൽ പോലെ തിരയടിച്ചു.

അച്ഛനൊരു പേരും കൂടി കുഞ്ഞിനിടണം.ഇന്നൊരു നല്ല ദിവസമല്ലേ..   മിഖായേൽ പറഞ്ഞു.അച്ഛനാകുഞ്ഞിനെ കൈകളിലെടുത്തു.ആകാശത്ത് പൊട്ടിവിടർന്ന പൂവിന്റെ വെളിച്ചത്തിൽ ആ  മുഖത്തെ ശോഭ അച്ഛൻ നോക്കി നിന്നു.ആ കുഞ്ഞ്കൈകൾ ലോഹയിൽ പിടിച്ച് വലിച്ചു.കാലുകൾ നെഞ്ചിൽ താളം ചവിട്ടി,നാവ് നുണഞ്ഞിറക്കി- പാൽപ്പുഞ്ചിരി ചുണ്ടിൽ തൂകി.പെണ്കുഞ്ഞാണച്ചോ.. മേരി അച്ഛനെ ഓർമ്മിപ്പിച്ചു. ഒരു കുഞ്ഞ് മാലാഖയെപ്പോൽ കൈകളിൽ കിടന്നയവളെ അച്ഛൻ എയ്ഞ്ചൽ എന്ന് പേരിട്ടു.പള്ളി മുറ്റത്ത് പടക്കങ്ങൾ വലിയ ശബ്ദ്ത്തോടെ പൊട്ടിച്ചിതറി.ലാത്തിരി പൂത്തിരി കമ്പിത്തിരികൾ കത്തി വിടർന്നു.കാതുകൽക്കിൻബമുള്ള  കാഹള നാദങ്ങൾ എങ്ങും ദൈവ പുത്രനെ പാടി സ്തുതിച്ചു.

"വിണ്ണിലേ പൊൻ താരമേ..മണ്ണിൽ നീ വീണ്ടും
എന്നിലേ കൈക്കുമ്പിളിൽ വന്നു നീ വീണ്ടും"

 പാട്ടും നൃത്തവുമായി സാന്താക്ലോസും സംഘങ്ങളും അവരുടെ അടുത്തേയ്ക്ക് വന്നു.
 അന്നുമുതൽ എന്നും ആ കുടുംബത്തിന് സന്തോഷത്തിന്റെ നാളുകളായിരുന്നു.

എയ്ഞ്ചൽ പേര് പോലെ തന്നെയൊരു മാലാഖയായിരുന്നു.അവളുടെ ചിരിയും കളിയും കുസൃതികളും
വീട്ടുകാരും നാട്ടുകാരും കൗതുകത്തോടെ നോക്കി നിന്ന്.ചെറുപ്പം മുതലേ വലുപ്പ ചെറുപ്പ മില്ലാതെ എല്ലാവരെയും സ്നേഹിക്കാനും,സഹായിക്കാനുമുള്ള ഒരു നല്ല മനസ്സ് അവൾക്കുണ്ടായിരുന്നു.എല്ലാ നല്ല ഗുണങ്ങളും ദൈവം അവൾക്ക് വാരിക്കോരിക്കൊടുത്തു.ദിവസങ്ങൾ ആഴ്ചകളായി,ആഴ്ചകൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായും കടന്നു പോയി.എയ്ഞ്ചൽ വളർന്ന് വല്ല്യ പെണ്ണായി.അതി സുന്ദരിയായ ഒരു പെണ്‍കുട്ടി.ഇന്നവൾ അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്ത് സ്വന്തം നാട്ടിലെത്തുന്ന ദിവസം.അതേ ഒരു ക്രിസ്തുമസ് തലേന്ന്.

മോളേ..നീ എവിടെയെത്തി.ഞങ്ങൾ പറഞ്ഞതല്ലേ..പിക്ക് ചെയ്യാൻ വരാമെന്ന്.നിനക്കല്പ്പം കുറുമ്പ് കൂടുന്നുണ്ട് കേട്ടോ...ഇങ്ങു വാ ഞാൻ വെച്ചിട്ടുണ്ട്.ആധിയും വെപ്രാളവുമായി മേരി വിളി തുടങ്ങി.മമ്മി എനിക്കൊന്നുരണ്ടു  
ഫ്രണ്ട്സിന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞില്ലേ..അതാണ്‌ വരണ്ടാന്ന് പറഞ്ഞത്.മമ്മി പപ്പയുടെ കൈയിൽ ഫോണ്‍ കൊടുത്തേ.. പപ്പയ്ക്ക് കാര്യം പറഞ്ഞാൽ മനസിലാകും.അവൾ ചെറിയ കൊഞ്ചലോടെ മറുപടി പറഞ്ഞു.അതല്ല മോളേ..നീയൊരു പെണ്ണല്ലേ..രാത്രിയിലൊറ്റയ്ക്ക്.കാലം വളരെ മോശമാണ് അതാണീ പറയുന്നത്. ഓ..എനിക്കറിയാം എന്റെ മേരിക്കുട്ടീ..ദേ ഞാനെത്തി  ഒരര മണിക്കൂർ.ഒക്കേ.. .ഉമ്മാ...  .പറഞ്ഞ്
തീർന്നതും വണ്ടിയൊന്നു സഡൻ ബ്രേയ്ക്കിട്ട് നിന്നു.അവളുടെ തല ചെന്ന് ഫ്രണ്ട് സീറ്റിലിടിച്ചു.മൊബൈൽ
കൈയിൽ നിന്ന് താഴെ വീണു.എന്താ ചേട്ടാ എന്തു പറ്റി.ഡ്രൈവർ ഡോറ് തുറന്ന് പുറത്തിറങ്ങി.കൂടെ അവളും.

അവരാ കാഴ്ച്ച കണ്ടു ഞെട്ടിപ്പോയി.കണ്ടാൽ ആറോ ഏഴോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി മുഷിഞ്ഞ വസ്ത്രങ്ങൾ അവളുടെ കൈകളിലും മുഖത്തുമൊക്കെ ചെറിയ ചെറിയ മുറിവുകൾ.അനക്കമില്ലാ.
വണ്ടിയ്ക്കു വട്ടം ചാടിയതാണ്.കുഞ്ഞേ അധിക നേരം ഇവിടെ നിന്നാൽ ശരിയാകത്തില്ലാ..ആള് കൂടുന്നതിന് മുൻപ് നമുക്കുപോകാം.ഡ്രൈവർ പറഞ്ഞു.അവൾക്കു കാര്യം മനസിലായി.ചേട്ടാ.. ബ്രേയ്ക്ക് പെട്ടന്ന് ചവിട്ടിയ സമയത്ത് എന്റെ മൊബൈൽ ഫോണ്‍ തെറിച്ചെവിടെയോ പോയി.ചേട്ടനൊന്നു നോക്കിക്കേ.. പേടിച്ച് വിയർത്ത്
പെട്ടന്നയാൾ കാറിന്റെ പുറകിലേയ്ക്കൊടി.അല്പ്പസമയത്തിനുള്ളിൽ അയാൾ തിരിച്ച് വന്നു.ഇല്ല കുഞ്ഞേ അവിടൊന്നുമില്ലാ.വാ..നമുക്കുപോകാം.ഇവിടെ നിന്നാൽ കുഴപ്പമാണ്.ശരി പോകാം അവൾ പറഞ്ഞു.
ഡ്രൈവർ വീണു കിടക്കുന്ന പെണ്കുട്ടിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടി പുറകോട്ടെടുത്തു.

ഡ്രൈവർ കാറിന്റെ വേഗം കൂട്ടി.കൈകൾ വിറയ്ക്കുന്നുണ്ട്.എത്രയും പെട്ടന്ന് വീട്ടിലെത്തണം അയാളുടെ മനസ്സിൽ ആ ഒരു ചിന്ത മാത്രം.അവർ വീട്ടിലെത്തി.ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളുമൊക്കെയായി വീട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.ഡ്രൈവർ ഡിക്കി തുറന്ന് ലഗേജെല്ലാമെടുത്ത്  വെളിയിൽ വെച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു.അയാളുടെ ഹൃദയം ദുഖത്താലും കുറ്റബോധത്താലും വീർപ്പു മുട്ടിയിരുന്നു.പറഞ്ഞ തുകയിലും കൂടുതൽ അവൾ അയാൾക്ക്‌ കൊടുത്തു.ചേട്ടൻ വലിയൊരു കേക്കും വാങ്ങിച്ച് വീട്ടിൽ ചെല്ലണം ഓക്കെ...അവൾ യാത്ര പറഞ്ഞു.കുഞ്ഞേ എന്നോട് ദേഷ്യമൊന്നും തോന്നരുത് ആ കുട്ടിയെ ഉപേക്ഷിച്ച് പോയത് വേറൊന്നും കൊണ്ടല്ലാ.അതിന്റെ പുറകേ പോയാൽ വലിയ കേസും പുക്കാറുമൊക്കെയാകും.എന്റെ ഒരാളുടെ വരുമാനം കൊണ്ടാണ് വീട് കഴിഞ്ഞു പോകുന്നത്.അത് കൂടാതെ കുറേ പ്രാരാബ്ധങ്ങളും.അയാൾ തേങ്ങി.ഹ ഹ ഹ ചേട്ടൻ വിഷമിക്കണ്ടാ അതിനാകുട്ടിയെ ഉപേക്ഷിച്ചെന്നാര് പറഞ്ഞു.അവളല്ലേ  ഇത് പുറകിൽ നിന്ന ആ പെണ്‍കുട്ടിയെ എയ്ഞ്ചൽ മുന്നിലേയ്ക്ക് കൊണ്ടുവന്നു.അയാൾക്ക്‌ ഒന്നും മനസിലായില്ലാ.എന്താ ചേട്ടാ വിശ്വാസം വരുന്നില്ലേ.അവൾ തന്നെയാണ് ഇവൾ.എന്റെ മൊബൈൽ അന്വൊഷിക്കാൻ ഞാൻ ചേട്ടനെ പറഞ്ഞ്  വിട്ടില്ലേ..ആ സമയം ഞാനിവളെ കാറിൽ കയറ്റി.ചേട്ടൻ സമ്മതിക്കത്തില്ലാന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാനൊരു നാടകം കളിച്ചത്.നന്നായി കുഞ്ഞേ..കുഞ്ഞിനെ ദൈവം അനുഗ്രഹിക്കും.ഇനി എനിയ്ക്ക് സമാധാനമായി പോകാമല്ലോ.. ഓ പോകാം.പിന്നേ.. ചേട്ടാ..ഹാപ്പി ക്രിസ്തുമസ്.      
 
എയ്ഞ്ചൽ പെണ്‍കുട്ടിയുമായി വീട്ടിലേയ്ക്ക് നടന്നു.വീടിന്റെ വാതിൽക്കൽ അവളെയും കാത്ത് എല്ലാവരു മുണ്ടായിരുന്നു.എന്താ മോളേ..വൈകിയത് പറഞ്ഞ സമയം കഴിഞ്ഞല്ലോ.തോമസ് ചോദിച്ചു.ഇപ്പോഴെങ്കിലും ഇച്ചായൻ ചോദിച്ചല്ലോ.ഇവൾക്ക് നല്ല അടീടെ കുറവുണ്ട്.മേരി ഒച്ചെയെടുത്തു.എന്റെ മേരി നീ ഒന്നടങ്ങ്‌ എന്താ മോളെ,എന്താ വൈകിയത്.സ്ത്രേസ്യാകൊച്ച് ചോദിച്ചു.ദേ നില്ക്കുന്നു ഇതാ വൈകിയത്.അവളാ പെണ്‍കുട്ടിയെ മുന്നിലേയ്ക്ക് നിർത്തി.ഏ..ഇതാരാ..ഇതാണ് രുക്കു.എല്ലാവരും ഇന്നു മുതൽ ഇവളെ  ലില്ലിക്കുട്ടീന്ന് വിളിച്ചാൽ മതി.നീ എന്തൊക്കെയാ മോളെയീ പറയുന്നത്.ഞങ്ങൾക്കൊന്നും മനസിലാകുന്നില്ലാ.മേരി ചോദിച്ചു.മമ്മിയല്ലേ പറഞ്ഞത് കാലം മോശമാണ് പെണ്‍കുട്ടികൾ അസമയത് പുറത്തിറങ്ങി നടക്കരുതെന്ന്.അതുകൊണ്ട് ഞാനിവളെ ഇങ്ങ് കൊണ്ടു പോന്നു.ആദ്യം ഇവളെയൊന്നു കുളിപ്പിച്ച് മിടുക്കിയാക്കി വയറ് നിറച്ച് ആഹാരം കൊടുക്ക്‌
പിന്നെയെല്ലാം ഞാൻ വിശദമായിപ്പറയാം.കാര്യമെല്ലാവർക്കും മനസ്സിലായി അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ അങ്ങനെ സംഭവിക്കാനേ..വഴിയൊള്ളൂ..അവർ അതറിയാത്ത ഭാവം നടിച്ചൂ.. എന്ന് മാത്രം.അവളുടെ ഇഷ്ട്ടങ്ങളാണ് ആ കുടുംബത്തിന്റെ സന്തോഷം.

അന്തിക്കുറുബാനയ്ക്ക് സമയമായി എല്ലാവരും പള്ളിയിലേയ്ക്ക് പോകാൻ തയ്യാറായി.ഇന്നത്തെ ദിവസത്തിന് വേറൊരു പ്രത്യകതയും കൂടിയുണ്ട് ഇന്ന് എയ്ഞ്ചലിന്റെ ഇരുപതിയഞ്ചാം ജന്മ ദിനം കൂടിയാണ്.                    
ഫാദർ ജോസഫ് പുന്നശ്ശേരിയുടെ അനുഗ്രഹം വാങ്ങിക്കണം.പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് അവർ പുറത്തിറങ്ങി.കപ്പ്യാരേ...ഫാദർ ജോസഫ്.അച്ഛൻ മേടയിലുണ്ട് തോമസ്‌ ചോദ്യം മുഴുവനാക്കുന്നതിന് മുൻപേ.. കപ്പ്യാർ മറുപടി പറഞ്ഞു.അവർ പള്ളിമേടയിലെത്തി.ഫാദറിന് വയ്യാതായിരിക്കുന്നു കണ്ണിന് കുറച്ച് കാഴ്ച്ചക്കുറവുണ്ട്.എല്ലാവരെയും പറഞ്ഞാലറിയാം.ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ വിറയ്ക്കുന്ന കൈകളാൽ കൊന്തയുയർത്തിപ്പിടിച്ച് അച്ഛൻ പറഞ്ഞു.
ആരാ മനസ്സിലായിലാ..ഞാൻ മിഖായേലാണച്ചോ.വലിയ വീട്ടിലെ.ആ.. മനസ്സിലായി.എല്ലാവരും വന്നിട്ടുണ്ടോ..
മിഖായേലേ..ഞങ്ങളെല്ലാരുണ്ടച്ചോ...എവിടെ എന്റെ മോള് ഫാദർ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ
ശ്രമിച്ചു.ഞാനിവിടെയുണ്ടച്ചോ എയ്ഞ്ചൽ അടുത്തേയ്ക്ക് ചെന്ന് അച്ഛന്റെ കൈകളിൽ പിടിച്ചു.എനിക്കൊന്നു കാണാൻ പറ്റുന്നില്ലല്ലോ മോളേ..സാരമില്ലാ.. പക്ഷെ  ഇരുപതിയഞ്ചു വർഷത്തിനു മുൻപുള്ള നിന്റെ കുഞ്ഞ് മുഖം എന്റെ മനസ്സിലുണ്ട്.അച്ഛന്റെ കണ്ണുകളിൽ നിന്ന് ആ സ്നേഹം തുള്ളികളായി അവളുടെ കൈയിലേയ്ക്ക്
വീണു.ആ സമയം ആ ഗാനം അവരുടെ കാതുകളിലേയ്ക്ക്‌ പതിയെ ഒഴുകിയെത്തി.

"വിണ്ണിലേ പൊൻ താരമേ..മണ്ണിൽ നീ വീണ്ടും
എന്നിലേ കൈക്കുമ്പിളിൽ വന്നു നീ വീണ്ടും"

ഇന്ന്. സ്വന്തം  ഹോസ്പ്പിറ്റലിൽ എല്ലാവരും സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഡോക്ടറാണ് എയ്ഞ്ചൽ.കുട്ടികൾ ഇപ്പോൾ വേണ്ടാന്ന് പറയുന്നവരോടും,കുട്ടികളെ ഇല്ലാതാകാൻ വരുന്നവരോടും  അവൾ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാറുണ്ട്.വഴിയിൽ ഉപേഷിക്കുന്ന കുട്ടികളേയും വൃദ്ധരേയും സംരക്ഷിക്കാൻ Heart of  Angel എന്ന പേരിൽ ഒരു ചാരിറ്റി ഹോമും എയ്ഞ്ചൽ നടത്തുന്നുണ്ട്.
തന്നെ മനസിലാക്കാൻ കഴിയുന്ന ഒരു ജീവിത പങ്കാളിയെ കാത്തിരുന്ന് കൊണ്ട് നല്ല പ്രവൃത്തികളും നല്ല ചിന്തകളുമായി എയ്ഞ്ചൽ തന്റെ ജൈത്രയാത്ര തുടർന്ന് കൊണ്ടേയിരുന്നു.ഒരു  കുഞ്ഞ് മാലാഖയുടെ മനസ്സുമായി....................

by                                       **************** ശുഭം****************          
Liju
vazhappally

ഞാൻ കണ്ട കുടിയമ്മാരുടെ ജീവിതത്തിൽ നിന്നും ദുഃഖത്തിൽ ചാലിച്ച് വാറ്റിയെടുത്ത ഒരു കവിത. " കുടിയൻ "

അന്നും വഴിവക്കിൽ അച്ഛനെ കാത്ത് ഞാൻ,
ഉണ്ണാതുറങ്ങാതെ നിന്നു.
വഴിവക്കിൽ ഉണ്ണാതുറങ്ങാതെ നിന്നു.
അന്തിക്കൊരൂണുമായി മങ്ങിയ വെട്ടത്തിൽ,
ഉണ്ണാതുറങ്ങാതിരുന്നു.അമ്മയും
ഉണ്ണാതുറങ്ങാതിരുന്നു.

കത്തുന്ന ചൂട്ടിൻ വെളിച്ചത്തിൽ ഞാനെൻറെ,
യച്ഛനെ കണ്ടങ്ങു ദൂരെ.
എന്റെ അച്ഛനെ കണ്ടങ്ങ് ദൂരെ.
ചുണ്ടിലെരിയുമാ ബീടിക്കു കൂട്ടുമായി,
കൈയിലൊരു പൊതി കൂടേ..
അച്ഛന്റെ കൈയിലൊരു പൊതി കൂടേ..

നാട് വിറപ്പിച്ചും നാലാളെ കൂട്ടിയും,
നാലു കാലേലെന്റെ,യച്ഛൻ. എന്നും
നാലു കാലേലെന്റെ,യച്ഛൻ.
അന്തിക്കൊരു കുടം, കള്ള് കുടിച്ചില്ലേൽ
അച്ഛനുറങ്ങില്ല വീട്ടിൽ.
കുടിച്ചാലോ ഞങ്ങളുറങ്ങില്ല വീട്ടിൽ.

നാവ് കുഴഞ്ഞൊരു പാട്ടുകൾ പാടിയും,
ആടിയും ചാടിയും വന്നു അച്ഛൻ.
ഒറ്റയ്ക്കു നില്ക്കുന്ന വാഴക്കന്നേ..നിന്നെ
ഒറ്റച്ചവിട്ടിന് കൊല്ലുമെന്നായി.
വെയ്ക്കുന്ന ചോറും കറികളും ദൂരെ,
തട്ടിതെറുപ്പിക്കുമെന്നും.
അമ്മയെ തല്ലിപ്പറപ്പിക്കുമെന്നും.

അന്തിക്കു മോന്താന് കാശില്ലേലും,
അമ്മയ്ക്കു കോളാണേ..അന്നുമെന്നും.
നല്ലൊരോണത്തിനും,ഓരോ വിഷുവിനും
ചോറും കറികളും മുറ്റത്താണേ..,
കൂട്ടിനായി കുറേ പൊട്ടിയ ചട്ടിയും,
പൊട്ടക്കലങ്ങളും  കുപ്പിയുണ്ടേ ..
അന്നും പതിവുപോൽ കപ്പ കിഴങ്ങിനായി,
പടവരബത്തേയ്ക്കോടി ഞാനും.

ഇന്നെന്റെയച്ഛന്  കൂട്ടില്ലാ കൂട്ടുകാർ,  
പാട്ടില്ല പാടുവാൻ കള്ള് മില്ലാ..
നീട്ടിപ്പുക തുപ്പി മീശ പിരിക്കുവാൻ,
മുണ്ടൊന്നുടുക്കുവാൻ ത്രാണിയില്ലാ..
ആരോ വലിച്ചിട്ട ബീടിക്കെട്ടെന്ന പോൽ
ആരാരും നോക്കാത്ത  കോലമായി.



Liju
vazhappally

Wednesday, 3 June 2015

കൊഴിഞ്ഞ ഇലകൾ....

നല്ല സുഹൃത്തുകൾ എന്നും നമുക്കൊരു സമ്പത്താണ്‌.എന്റെ ജീവിതത്തിൽ ഒരുപാട് നല്ല സുഹൃത്തുകൾ
എന്നെ സഹായിച്ചിട്ടുണ്ട്.നമ്മുടെ ബന്ധുക്കളേക്കാൾ സ്നേഹവും വിശ്വാസവും നല്ല സൗഹൃദങ്ങൾക്കിടയിൽ
കാണാൻ സാധിക്കും.വേരറ്റു പോകാതെ,വേർപെടുത്താതെ നല്ല സൗഹൃദങ്ങൾ പങ്ക് വെയ്ക്കൂ.....
എന്റെ എല്ലാ നല്ല കൂട്ടുകാർക്കും ഞാനീ കവിത സമർപ്പിക്കുന്നു.


ജന്മാന്തരങ്ങൾക്കുമപ്പുറത്തെവിടെയോ...
കണ്ട് മറന്നവരാണ് നമ്മൾ,
പലവഴികൾ ചെറുവഴികൾ പിന്നിട്ട് നാമിന്ന്,
ഈ തണൽത്തേടിയെത്തി
നമ്മളീത്തണൽത്തേടിയെത്തി.

ഒന്നല്ലാ...
ഒന്നല്ലാ നമ്മൾക്കൊരമ്മയൊന്നല്ലാ..
ഒന്നല്ലാ നമ്മൾക്കൊരച്ഛനൊന്നല്ലാ..
ഒന്നല്ലാ  ജാതിയും ഒന്നല്ലാ വർണ്ണവും
ഒന്നല്ലാ രൂപവും വേഷവും (2)
എങ്കിലും....,
ഒന്നിച്ചിരുന്നുണ്ടും-
മൊന്നിച്ചുറങ്ങിയും
ഒന്നിച്ച്  ദുഃഖങ്ങൾ പങ്കു വെച്ചു-
നമ്മളൊരു നല്ല കൂട്ടു കൂടാനായി.

ബന്ധങ്ങൾക്കില്ലാ...
രക്ത ബന്ധങ്ങൾക്കില്ലയീ-
ബന്ധമിന്നെന്നു നാ..മെന്നും,
പറഞ്ഞിരുന്നില്ലേ....(2)

എത്ര കിനാവുകൾ കണ്ടു നമ്മൾ
രാവിലെത്രയോ....
ചിമ്മും വഴിവിളക്കിൽ
അല്പ്പമന്ധകാരത്തിന്റെ
മാറാല മാറ്റി നാം-
കളിച്ചും,ചിരിച്ചും
വിതുമ്പിക്കരഞ്ഞും,
കണ്ണിലുറകെട്ടി നിൽക്കുമാ...
കയ്പ്പും ചവർപ്പും കുടിച്ചിറക്കി
വരും പകലിന്റെ മാറിൽ....
സത്യമെന്നും മൂടിവെയ്ക്കാൻ....
ജീവിത സത്യമെന്നും മൂടിവെയ്ക്കാൻ....

പോയൊരു സൗഹൃദ യാത്രകൾ തെരുവിന്റെ
വശ്യ മനോഹരതീരങ്ങൾ താണ്ടി നാം (2)
കടൽ ചൂട് കായുവാൻ വന്നു പോയി കണ്ണുകൾ
കൈകോർത്ത് ചുബിച്ച പ്രണയ വർണ്ണങ്ങളും
പുറമേ ചിരിച്ചും നടിച്ചും നിഴൽ നൃത്ത മാടുന്ന
ജീവിതപ്പാവകൾ വന്നു പോയി.
ഒരു നല്ല തണൽ തേടിയലയുന്ന ജന്മങ്ങൾ
ഇന്നീ തെരുവുകൾ നഗ്നന സത്യം.

പിരിയുവാൻ വീണ്ടും സമയമായി നമ്മൾ
ഇനിയെത്ര ദൂരങ്ങൾ താണ്ടിടേണം (2)
ഒരു ജന്മമീ  മണ്ണിൽ തന്ന പിതൃത്തമേ....
ഒരു ജന്മമീ  മണ്ണിൽ തന്ന മാതൃത്തമേ.....
നിങ്ങളെയെന്നും സ്മരിക്കുന്ന നേരത്തും
പിരിയുവാൻ വയെന്റെ കൂട്ടുകാരേ....
ജീവിതം തന്നൊരു പ്രാരാബ്ധമെന്നെ,
നാട് കടത്തുവാൻ സമയമായി.

നന്ദി ചൊല്ലിപ്പറയുവാൻ വാക്കുകൾ
ഇല്ല നെഞ്ചിൻ തുടിപ്പുകൾ മാത്രമായി
പൂത്തു നിൽക്കുന്നൊരീച്ചില്ലയിൽ നിന്ന്
വീണു പോകുന്നൊരിലകളായി നമ്മൾ
പോയ നാളുകൾ തിരികെയില്ലെങ്കിലും
വന്ന പാതകൾ മറക്കില്ലാ ചുവടുകൾ
തന്ന കൈകൾ മനസ്സുകൾ കാണുവാൻ.
തിരികെയെത്തുമീ സൗഹൃദത്തണലിൽ ഞാൻ
അരികിലെത്തുമോ.......
ഈ തണൽ തേടി നീ........................................

by
Liju vazhappally 

Sunday, 31 May 2015

ഹൃദയത്തിൽ സൂക്ഷിച്ചാൽ മാത്രം പോരാ...

                                                            


* ജന്മം തന്നതുകൊണ്ടൊരിക്കലും അച്ഛനാകില്ലാ.
   പ്രസവിച്ചതുകൊണ്ടൊരിക്കലും അമ്മയുമാകില്ലാ.ചെയ്യേണ്ട കർമ്മങ്ങൾ
   ചെയ്യേണ്ട സമയത്ത് ചെയ്യുക.ഇത് കണ്ട് വേണം മക്കൾ    പഠിക്കാൻ.     
  
*മക്കളെ ചെറുപ്പത്തിലേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വളർത്തുക.    
  രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ.

 *അനാവശ്യ കാര്യങ്ങൾക്ക് വാശിപിടിച്ച് മക്കൾ കരയുമ്പോൾ പറഞ്ഞു    മനസ്സിലാക്കുക.അല്ലെങ്കിൽ ചെറുപ്പത്തിലുള്ള ഈ ശീലം പിന്നീട് കഴുത്തിന്‌  കത്തിവെച്ചിട്ടായിരിക്കും  തുടരുക.

 *മക്കളുടെ മുന്നിൽ വെച്ച് ചീത്ത പറഞ്ഞും,അവരവരുടെ കഴിവു     കേടുകളും, പിന്നാമ്പുറക്കഥകളും വിളിച്ച് പറഞ്ഞ് വഴക്കുണ്ടാക്കുന്ന
  അച്ഛനമ്മമാരെ സ്ത്രദ്ധിക്കുക.നാളെ    മക്കൾ വളർന്ന് വരുമ്പോൾ അവർക്ക്       ജയിക്കാനായി ഈ പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് നേരെയുള്ള  ആയുധമാകാം. 
       
*പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ ജീവിക്കുന്ന കമിതാക്കളെ      ഒന്നോർക്കുക.നിങ്ങളുടെ മക്കൾ നാളെയിതാവർത്തിച്ചാൽ വിഷമിക്കരുത്. 
  
*മക്കൾക്ക്‌ പഠിക്കാൻ ബുക്കും പേനയും പെൻസിലുമൊക്കെയാണ്    ആവശ്യം.അല്ലാതെ ബൈക്കും മൊബൈലുമല്ലാ.     
          
*ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒന്നും നേടിയെടുക്കാൻ    ശ്രമിക്കരുത്.അങ്ങനെ നേടിയെടുക്കുന്നതിന് ആയുസ്സ് കുറവായിരിക്കും.
          
*വീട്ടിൽ നടക്കുന്ന ചെറിയ ചെറിയ വഴക്കുകളും പരിഭവങ്ങളും    അയൽക്കാരുമായും ബന്ധുക്കളുമായി പങ്കു വെയ്ക്കരുത്.
 വീട്ടിലുള്ളവരുമായി സംസാരിച്ചു തീർക്കുക.

*ഒരു പരിധിയിൽ കൂടുതൽ ആരെയും ബുദ്ധിമുട്ടിക്കരുത്.

* ഉപദേശിക്കാൻ എല്ലാവർക്കും സാധിക്കും.പക്ഷെ അതു പ്രവർത്തിയിൽ    കൊണ്ടുവരാൻ ആരും  ശ്രമിക്കാറില്ല.       
  
*വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കാതെ.  പാപപരിഹാരത്തിനായി കപട സന്ന്യാസികൾക്കും,അന്ധമായ
 ആചാരങ്ങൾക്കും ലക്ഷങ്ങൾ  ചിലവാക്കിയിട്ടൊരു കാര്യവുമില്ലാ.
               
* ജീവിതം ഒന്നേയുള്ളൂ ആസ്വദിച്ച് ജീവിക്കുക.പക്ഷെ മറ്റുള്ളവരെ    വേദനിപ്പിച്ചും,ബുദ്ധിമുട്ടിച്ചും  ജീവിതം ആസ്വദിക്കരുത്.  
     
     
*ബന്ധുക്കളേക്കാൾ എപ്പോഴും ഉപകാരപ്രദം  നല്ല സുഹൃത്തുക്കളായിരിക്കും.
        
* ഞാൻ എല്ലാം തികഞ്ഞവനാണെന്നും. എന്നേക്കാൾ കേമൻ വേറെ ആരുമില്ലാ     എന്ന.ഞാനെന്ന  ഭാവം മാറ്റുക.
                 
* അറിവ് പകർന്ന് തരുന്നത് ഒരു കൊച്ചു കുട്ടിയാണെങ്കിലും
   അഗീകരിക്കാനുള്ള    മനസ്സുണ്ടാകണം. 
    
 * മനുഷനെ മനുഷനായി കണ്ടാൽ ദൈവത്തെ നേരിൽ കാണാം.

* കളിയാക്കുന്നവരുടെ മുന്നിൽ അഭിമാനത്തോടെ ജീവിച്ച് കാണിക്കുക.കാലം    ഇവരെയെല്ലാം നിങ്ങളുടെ അടുത്തെത്തിക്കും.മധുരമായ ഒരു പ്രതികാരം.
               
* കഷ്ട്ടപ്പെടാനൊരു മനസ്സും,ആ മനസ്സ് നിറയെ ആഗ്രഹങ്ങളുമുണ്ടെങ്കിൽ      ജീവിതത്തിൽ  പലതും നേടിയെടുക്കാൻ  സാധിക്കും.
      
* എല്ലാവർക്കും ഒരു സുവർണ്ണ കാലഘട്ടം ഉണ്ടായിരിക്കും.ആ കാലത്ത് വീണ്ടു വിചാരമില്ലാതെ പല കാര്യങ്ങളും ചെയ്തുകൂട്ടും.വാർദ്ധക്ക്യ കാലത്ത് ചെയ്ത കാര്യങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങളെക്കുറിച്ചുമോർത്ത് ദുഖിച്ചിരിക്കും.  
                  
* ആയുസ്സ് തീരാറായി എന്നൊരു ബോധം വരുമ്പോൾ എല്ലാവരും വിവേക    ശാലികളാകും.അതിനു മുൻപ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും,പറയുന്ന  കാര്യങ്ങളെക്കുറിച്ചും ഒരു ബോധവും കാണില്ലാ.
                
* അതിര് കവിഞ്ഞ് സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടാൽ മനസ്സിൽ    കുറിയ്ക്കുക.അത് കാര്യം സാധിക്കാൻ വേണ്ടി മാത്രമുള്ളതായിരിക്കും.
  
* എന്നെ കണ്ടു പഠിക്കണമെന്ന് സ്വന്തം മക്കളോട് എത്ര മാതാപിതാക്കൾ    പറയും.അങ്ങനെ പറയാനൊരു ധൈര്യം കാണിച്ചാൽ മക്കളുടെ മുന്നിൽ  എല്ലാകാലവും തല കുനിക്കേണ്ടി വരില്ലാ.
    
* മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുക.മരിച്ച് കഴിഞ്ഞിട്ട് ചങ്കത്തടിച്ച് നിലവിളിച്ചിട്ടോ,ആർഭാടം കാണിച്ചിട്ടോ ഒരു കാര്യവുമില്ലാ.
            
*കൂടെ നില്ക്കുന്നവരെ ചവിട്ടിത്താഴ്ത്തി സ്ഥാനമാനങ്ങൾ നേടിയെടുക്കരുത്
കഴിവുണ്ടെങ്കിൽ ഇതെല്ലാം നിങ്ങളെ തേടിയെത്തും.  
     
*തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും സഹായിക്കരുത്.

* മക്കളെ സ്നേഹിക്കരുത്,ലാളിക്കരുത് എന്നു ഞാൻ പറയില്ലാ.പക്ഷെ അത്    തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.
     
 * മാതാപിതാക്കൾ ഒരു മുൻകരുതൽ എന്ന പോലെ കാര്യങ്ങൾ ചെയ്തു    വെയ്ക്കുക.അവസാന കാലത്ത്  മക്കൾ
 തിരിഞ്ഞു നോക്കാതെ വന്നാൽ കഷ്ട്ടപ്പെടേണ്ടി വരില്ലാ.
     
* ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മരണത്തെപ്പറ്റി ചിന്തിക്കുക.മനസ്സും    ശരീരവും ശാന്തമാകും.
   
* ഒരു കുടുംബം നന്നായാൽ ഒരു സമൂഹം നന്നാകും.സമൂഹം നന്നായാൽ നാട്  നന്നാകും.നാട് നന്നായാൽ രാജ്യം നന്നാകും.
     
     
  by 
 Liju Vazhappally














Tuesday, 19 May 2015

വൃക്ഷ ശാപം


 
അമ്മേ..നിനക്ക് ഞാൻ തുണയായി തണലായി
മുളച്ചും തളിർത്തും പൂവായി കായായി
പച്ച പുതപ്പിച്ച്‌ ചുക്കിച്ചുളുങ്ങാതെ
പിച്ചി നോവിക്കാതെ കത്തും കനൽ ചൂട്
വീണെരിയാതെ നിൻ മേനിയഴകോടെ
ഇക്കാലമത്രയും ചാഞ്ഞും ചെരിഞ്ഞും
ചിരിച്ചും കളിച്ചും പടർന്ന് നിന്നു.

എന്റെ മോഹങ്ങൾക്ക് ചിറകടിച്ചന്നവർ
ആടിയും പാടിയും കൂട്ടു കൂടി.
ഒരു ചില്ല തേടി ഇണകളായി വന്നവർ
പല ചില്ലയിൽ അന്നു കൂട് കൂട്ടി.
കാറ്റത്ത്‌ വീഴാതെ മഴയത്തൊലിക്കാതെ  
കാത്തു സൂക്ഷിച്ചു ഞാനോരോ ചിറകുകൾ.
ഓരോ വസന്തങ്ങളോരോ ശിശിരങ്ങൾ
വന്നു പോയി നിന്ന് നീ എൻ തണലിൽ.

പ്രകൃതീ മനോഹരി ഹരിതാഭയേ..
എഴുതുവാനെത്തിയന്നീത്തണൽത്തേടി.
പ്രണയിക്കുവാനെത്തി ഒരോ മനസുകൾ
പ്രണയ ദളങ്ങൾ വിടർത്തി നിന്നു.
നിന്റെ സ്വപ്നങ്ങൾക്ക് വേരുകൾ തേടിനീ ....
എന്റെ മോഹങ്ങൾ പിഴുതെറിഞ്ഞു.
ചോരയൂറ്റിക്കുടിച്ചാടിത്തിമിർത്തു നീ..
അവസാന വേരും പിഴുതെടുത്തു.

ഞാൻ നിന്റെ ജീവാംശമെന്നറിയാതെ
കൊത്തിപ്പറിച്ചുവെൻ കൈകാലുടലുകൾ
ശിരസ്സറ്റു കിടത്തിയെന്നമ്മ മടിത്തട്ടിൽ.
കരൾ നൊന്ത് പിടയുന്നൊരമ്മയെ കാണാതെ
കയർ കെട്ടി വലിച്ചു നീ ചുടലക്കളങ്ങളിൽ.
കുഴിവെട്ടി മൂടി നീയമ്മയെ വിറ്റും മുറിച്ചും,
മാറിൽ വർണ്ണാഭമാം സ്വപ്ന സൗധങ്ങളാകാശ-
ഗോപുര വാതിൽ തുറന്നിട്ടു.

ഇനിയില്ല ഈ ശരത് കാലമില്ലാ....
ഇനിയില്ല ഈ നിളയൊഴുകുവാൻ-
ഞാനില്ലാ മഴയില്ലാ മലയാളമില്ലാ.
കുടിനീര് തേടിയലയുന്ന നാളുകൾ
നിലവിളികൾ നിൻ കാതിലലകളായി ഉയരവേ...
ശവമഞ്ചൽ ചുമക്കുവാൻ,
കച്ച പുതയ്ക്കുവാൻ കൈകാലുറയ്ക്കാതെ
കരയുവാൻ ത്രാണിയില്ലാത്ത നാളുകൾ.

അന്ന് ചുരത്തില്ല ഒരു തുള്ളി പോലും
വറ്റി വരണ്ട നിൻ ചുണ്ട് നയ്ക്കുവാൻ
ചെളി പൂണ്ടു പുതഞ്ഞ നിൻ ദേഹം
തുടയ്ക്കുവാൻ,ചൊറി പൊട്ടിയൊഴുകിയാ-
ഗന്ധം ശമിക്കുവാൻ...
അന്ന് ചുരത്തില്ല ഒരു തുള്ളി പോലും.

തണൽ പായ വിരിക്കില്ലാ നിന്നെയുറക്കുവാൻ
പൂവില്ലാ പൂവിൻ സുഗന്ധമില്ലാ
മധുവില്ലാ മധുരക്കനികളില്ലാ
പ്രാണനാം വായുവും ശ്വാസ നിശ്വാസങ്ങൾ
ഇല്ല തരില്ലാ തരില്ലാ നീ...
പണ്ടേയ്ക്ക്‌ പണ്ടേ ... പറിച്ചെറിഞ്ഞില്ലേ..  
എന്നെ പണ്ടേയ്ക്ക്‌ പണ്ടേ....പറിച്ചെറിഞ്ഞില്ലേ..

by
Liju Vazhappally

Monday, 20 April 2015

ദേവകന്യക




ചന്ദനമണമുള്ള  ചെമ്പകപൂവേ...
ചന്ദ്രിക ചാലിച്ച വെണ്ണിലാവേ..        
ഇന്നെന്റെ മന്ദാരവനികയിൽ
നീയൊരു സുന്ദര രാഗമായി
വിടർന്നുവെങ്കിൽ..... എന്നിൽ
നിറഞ്ഞുവെങ്കിൽ.                                  

ഈറനുടുത്ത് നീ.. അമ്പലം ചുറ്റുമ്പോൾ
ദേവകുമാരിയെപ്പോൽ ദേവീ....
ദേവകുമാരിയെപ്പോൽ
പൂജിച്ചു നിന്നെ ഞാൻ
പുണ്യാഹ തീർത്ഥമായി  (2)
തങ്കത്തളികയിൽ ഒരുക്കിവെച്ചു    
എന്നിൽ ഒളിച്ചു വെച്ചു.                                        
                                                                           
മാനത്തെ മണിയറ വാതിൽ തുറന്നു നീ
ദേവ കന്യകയെപ്പോൽ ദേവീ..
ദേവ കന്യകയെപ്പോൽ
നേദിച്ചു നീയെനിക്കീ..
പ്രേമ പുഷ്പങ്ങൾ  (2)
പൂവിട്ടു വീണ്ടും പുതുവസന്തം
നിന്നിൽ പുതുവസന്തം                                      

ചന്ദനമണമുള്ള  ചെമ്പകപൂവേ...
ചന്ദ്രിക ചാലിച്ച വെണ്ണിലാവേ..
ഇന്നെന്റെ മന്ദാരവനികയിൽ
നീയൊരു സുന്ദര രാഗമായി
വിടർന്നുവെങ്കിൽ..... എന്നിൽ
നിറഞ്ഞുവെങ്കിൽ.                
                                                                               
by
Liju Vazhappally


                                                                           
by
Liju Vazhappally

Saturday, 18 April 2015

കളിക്കൂട്ടുകാരി

മറക്കാതിരുന്നെങ്കിൽ  കൂട്ടുകാരി..
എന്നും അരികത്തിരുന്നെങ്കിൽ കൂട്ടുകാരി..(2)
നീ..മഴയായി പെയ്തിരുന്നെങ്കിൽ....
മധുരമാം മാമ്പഴ കാലം...യെൻ
മനസ്സിൽ മഷിത്തണ്ട്‌ പ്രായം നീ...
മറക്കാതിരുന്നെങ്കിൽ  കൂട്ടുകാരി..

കരിമഷിക്കണ്ണിൽ കവിതയുമായെന്റെ
അരികത്ത് നില്ക്കുന്ന കുടമുല്ലപ്പൂവേ.... (2)
കതിർ വയൽ പൂക്കുമാ...
കടവത്ത് കണ്ടു ഞാൻ
കടമിഴിക്കണ്ണിലേ..തേൻ കിനാവ്‌....
ഹേമന്ത രാവുകൾ എത്ര കൊഴിഞ്ഞാലും
വാടാത്ത മധുമാസ ചന്ദ്രിക നീ...
നിൻ ചിരി മുത്തുകൾ...
വാരിയെടുത്ത് ഞാൻ
ഹൃദയത്തിൻ മണിവീണ മീട്ടിയെന്നും.
സഖീ....മീട്ടിയെന്നും.                                      (മറക്കാതിരുന്നെങ്കിൽ)
                                                                                                                           
അന്നെന്റെ കൈപിടിച്ചോടിയ നാളുകൾ
പെയ്തൊഴിയാത്തൊരു,മഴയോർമ്മയായി.... (2)
കൈവളപ്പൊട്ടുകൾ..
ഉടയാതെ നീയെന്റെ..
കവിളത്ത് തന്നൊരു മധുരരാഗം....
ആമലർ തോണി നാമെത്ര തുഴഞ്ഞന്ന്
അക്കരെയിക്കരെ യാത്ര പോയി
താമരത്തണ്ടിനാൽ..
മാല കൊരുത്ത് നാം
ഓരോ ദലങ്ങളിൽ കൂടുകൂട്ടി
സഖീ കൂടുകൂട്ടി                                            

മറക്കാതിരുന്നെങ്കിൽ  കൂട്ടുകാരി..
എന്നും അരികത്തിരുന്നെങ്കിൽ കൂട്ടുകാരി.
നീ..മഴയായി പെയ്തിരുന്നെങ്കിൽ....
മധുരമാം മാമ്പഴ കാലം....യെൻ
മനസ്സിൽ മഷിത്തണ്ട്‌ പ്രായം നീ...            
മറക്കാതിരുന്നെങ്കിൽ  കൂട്ടുകാരി..

by
Liju Vazhappally    


by
Liju Vazhappally      

Wednesday, 15 April 2015