Monday, 30 June 2014

അമൃതസ്മൃതികൾ



ചങ്ങനാശേരിയിൽ വാഴപ്പള്ളിയിലാണ് ഞാൻ ജനിച്ചതും വളർന്നതും,പഠിച്ചതും .
സെൻറ്തെരേസാസ് ഹൈസ്കൂൾ.ആദ്യം ഞാൻ ഈ സ്കൂളിലാണ് പഠിച്ചത്.
അന്നവിടെ ആണ്‍ കുട്ടികൾക്ക് ഏഴാം ക്ലാസ് വരെയും,പെണ്‍ കുട്ടികൾക്ക്പത്താം ക്ലാസ് വരെയും
ആയിരുന്നു പഠിത്തം.അതിനു ശേഷം വേറെ സ്കൂളിലോ, കോളേജിലോ ചേരണം.

പൊതുവേ ചിലകുട്ടികളെ പോലെ ഞാനും പഠിത്തത്തിൽ ഒരു മണ്ടനും,പെരുമാറ്റത്തിൽ
നാണം കുണുങ്ങിയുമായിരുന്നു.എനിക്ക് ഇഷ്ട്ടമില്ലാത്ത രണ്ടു വിഷയങ്ങളാണ്‌
കണക്കും,ഇന്ഗ്ലിഷും.ഇഷ്ട്ടം പോലെ അടിയും പിച്ചും വഴക്കും വാങ്ങിത്തന്ന വിഷയങ്ങളാണ്‌
ഇതു രണ്ടും.എന്നു വച്ച് ബാക്കി എല്ലാ വിഷയങ്ങൾക്കും ഞാൻ മിടുക്കനാണെന്നു തെറ്റിദ്ധരിക്കണ്ട
കേട്ടോ ജയിക്കും അത്രമാത്രം. അന്നും ഇന്നും എനിക്ക് മലയാളം ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയമാണ്.
ഇപ്പോഴും ഓർമയിലുണ്ട്  ആ ക്ലാസ് മുറിയിൽ നിന്നും,മാവിന്റെ ചോട്ടിലിരുന്നും ചൊല്ലിയ വരികൾ.

ഒന്നാനാം കൊച്ചുതുംബി
എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്കു....

അതുപോലെ

പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലിരുന്നു
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി
അരുളിച്ചെടിയുടെ ഇല തന്നടിയിൽ
അരുമക്കിങ്ങിണി പോലെ....
പിന്നെ
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ...
അങ്ങനെ ഒരുപാട്  പദ്യയങ്ങൾ  ഉണ്ട്.ഒന്നും മറന്നിട്ടില്ല.

പഠിക്കാൻ അല്പ്പം പുറകോട്ടാണെങ്കിലും മറ്റു കലാ,കായിക പരിപാടികൾക്കൊക്കെ ഞാൻ മുന്നിലുണ്ടായിരുന്നു.ഒന്നും അറിയത്തില്ലെങ്കിലും എല്ലാത്തിനും പേരു കൊടുക്കും പൊട്ടന്റെ
മാവേലേറു പോലെ  ചിലപ്പോൾ സമ്മാനവും കിട്ടും അതുകൊണ്ട് അധ്യാപകർക്ക്
ഇഷ്ട്ടക്കുറവൊന്നും ഇല്ലായിരുന്നു.
അമ്മ എന്നും ഉച്ചയാകുമ്പോൾ ചോറുമായി വരും.ദൂരേന്നു വരുന്നതു ജനലിന്റെ അഴികളിലൂടെ
ഞാൻ നോക്കിനില്കും.വീടും സ്കൂളും തമ്മിൽ കുറച്ചു ദൂരമേ ഉള്ളൂ.
വാട്ടിയ വാഴയിൽ ചെറു ചൂടുള്ള കുത്തരി ചോറും,ഇഞ്ചിവച്ചരച്ച ചമ്മന്തിയും, തോരനും,ഒരു മീൻ വറുത്തതും,കടുകുമാങ്ങാ അച്ചാറും. ആ പൊതിചോറിന്റെ മണവും കറികളുടെ രുചിയും ഓർക്കുമ്പോൾ
ഇന്നും നാവിൽ വെള്ളം വരുന്നു.എല്ലാവരും ഒരുമിച്ചിരുന്നു കറികൾ പങ്കുവെച്ചാണ് ആഹാരം കഴിക്കുന്നത്‌.
ഞാൻ കറികൾ പങ്കുവെയ്ക്കും പക്ഷെ ചോറ് പങ്കുവെയ്ക്കത്തില്ലാ.കാരണം കൊണ്ടുവരുന്നത്
എനിക്ക് പോലും തികയത്തില്ലാ.ചില കുട്ടികൾ ചോറ് കഴിക്കില്ലാ അവരെ ടീച്ചർ ചൂരല് കാണിച്ചു
പേടിപ്പിച്ചു കഴിപ്പിക്കും. ടീച്ചറു വന്നു  അമ്മയോട് എന്റെ കുറ്റങ്ങളെല്ലാം പറഞ്ഞു കൊണ്ടിരിക്കും
ഞാൻ അതൊന്നും കേൾക്കത്തേയില്ലാ.എന്റെ സ്ത്രദ്ധ മുഴുവനും ചോറിലും കറിയിലുമായിരിക്കും.
അന്നും ഇന്നും ചോറും ചമ്മന്തിയും എനിക്കിഷ്ട്ടമാണ്.

അങ്ങനെ ഞാൻ അഞ്ചാം ക്ലാസിൽ എത്തി.
അന്നു പതിവുപോലെ വൈകുന്നേരം സ്കൂള് വിട്ടു ഞാൻ വീട്ടിലേക്കു നടന്നു.
എന്നെപോലെതന്നെ കുറച്ചു മണ്ടശിരോമണികൾ കൂട്ടിനുണ്ടായിരുന്നു.
തോണ്ടിയും പറഞ്ഞും നടക്കുന്നതിനിടയിൽ വഴിയിൽ ഒരു സ്വർണ്ണ നിറത്തിലുള്ള പായ്ക്കറ്റ് കണ്ടു
ആരും കാണാതെ ഞങ്ങൾ അത് എടുത്തു.എടുക്കുന്നതിനിടയിൽ ഒരുവൻ പതുക്കെ പറഞ്ഞു എടാ
അതു സിഗരറ്റാണന്നാ തോന്നുന്നത്.ഞങ്ങൾ നടന്നു. വഴിയിൽ ആരും വരുന്നില്ലായെന്നു ഉറപ്പു വരുത്തി
പതിയെ പൊട്ടിച്ചു തുറന്നു .ശരിയാണ് സിഗരറ്റ് (പഴയ ഗോൾഡ്‌ ഫ്ലാക്) വെറുതെ കിട്ടിയതല്ലേ ഒന്നു
വലിച്ചു നോക്കാമെന്ന് എല്ലാരും പറഞ്ഞു. അതിനു തീപ്പെട്ടി വേണ്ടേ.ഒരുത്തൻ ചോദിച്ചു. അതു ശരിയാണ്
ഇരുപത്തിയഞ്ചു പൈസ കൊടുത്തു ഒരു തീപ്പെട്ടി  വാങ്ങി (പഴയ WE TO തീപ്പെട്ടി)
ഇനി എവിടെ പോയി വലിക്കും. ഞാൻ പറഞ്ഞു നമുക്ക് വാര്യത്തു സ്കൂളിൽ പോകാം.
വാഴപ്പള്ളിയിൽ തന്നെ ഒരു സ്കൂള് കൂടിയുണ്ട്.വാര്യ സമാജത്തിന്റെ സ്കൂൾ ആണ് കുട്ടികൾ ഇല്ലാത്തതിനാൽ അതു പൂട്ടിയിട്ടേക്കുവാണ്‌.ഞങ്ങൾ ആരും കാണാതെ പുറകിലുള്ള മതില് ചാടി
സ്കൂളിന്റെ വരാന്തയിലെത്തി. വലിക്കാൻ എല്ലാർക്കും ഒരു പേടി. ആദ്യം ഞാൻ തന്നെ തുടക്കമിട്ടു
വലിച്ചു ഒന്നും തോന്നുന്നില്ലാ. ഇതെന്താ ഇതാണോ വല്ല്യ കാര്യം . ഞാൻ വലിയോടു വലി
ഇതു കണ്ടു സഹിക്കാഞ്ഞിട്ടു ഒരുത്തെൻ പറഞ്ഞു. എടാ വിഴുങ്ങിയാൽ മതി മൂക്കിൽക്കൂടി പുകവരും.
കേൾക്കണ്ട താമസം ഞാൻ വിഴുങ്ങി.പുക എതില്ലേക്കെ പോയെന്നു എനിക്കറിയില്ലാ ഞാൻ ചുമയോട് ചുമ.
ചുമ നില്ക്കുന്നില്ലാ കണ്ണുനീറുന്നു,പുകയുന്നു ,നെഞ്ചെരിയുന്നു കൂടെ വന്നവൻമ്മാർ ഓടെടാ ഓട്ടം.

അതായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും പുകവലി.

ഇതു ഞാൻ നാടകം കളിക്കുന്ന ഒരു ഫോട്ടോ ആണ്. കളിക്കുന്നതിനിടയിൽ ഡയലോഗ്  മറന്നു പോയി.
നാടകം കഴിഞ്ഞപ്പോൾ പുറകിൽ നില്ക്കുന്ന ടീച്ചർ എന്നെ കൊന്നില്ലന്നേയൊള്ളൂ.ബാക്കിയെല്ലാം ചെയ്തു.                                                                                                                                                                                  
                                                                                                                                                                                                           (തുടരും)    

Saturday, 28 June 2014

തെരുവിന്റെ മക്കൾ



തെരുവിൽ അലയാൻ വേണ്ടി മാത്രം ഒരു കൂട്ടം
കുട്ടികൾ പിറവിയെടുക്കുന്നില്ലാ.പിന്നെ എങ്ങനെ
ഇവർ തെരുവിൻറെ മക്കളായി. എന്തു സംഭവിച്ചാലും
ദൈവത്തിനെ കുറ്റം പറയരുത്.വിധി എന്ന രണ്ടു
വാക്കിൽ എഴുതിത്തള്ളരുത്.

വലിച്ചെറിയെല്ലെ നീ തെരുവിലേയ്ക്കമ്മേ ..
വില്ക്കരുതെന്നെ നീ യാചിക്കുവാൻ..
വലിച്ചെറിയെല്ലെ നീ തെരുവിലേയ്ക്കമ്മേ ..
വില്ക്കരുതെന്നെ നീ യാചിക്കുവാൻ..
ഇന്നലെയും ഇന്നും, നാളെയുമിതെൻ വിധി
ഞാൻ ചെയ്ത പാപമിതെന്തെന്നു ചൊല്ലുക
എന്നെയല്ലെന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.. (2)
ഓർക്കുക,
ഓർക്കുക  സ്വയം ഭൂവായതല്ലന്നു നീ
പെറ്റൊരു മാതാവുമുണ്ട് നിന്നെയവൾ
തെരുവിലെറിഞ്ഞില്ല അന്നു.
ഓർക്കുക,
നിൻ ബാല്ല്യമമ്മേ...ഇന്നോർക്കുക
ആ നല്ല കാലം.

അമ്മയ്ക്കോരോമന കുഞ്ഞായി നീ
അച്ഛനു കണ്‍മണി എന്നുമെന്നും (2)
നിന്നെയുറക്കുവാൻ താരാട്ടു പാട്ടുമായി
അമ്മയിരുന്നില്ലെ കൂടേ......
ഉറങ്ങാതെ അമ്മയിരുന്നില്ലെ കൂടെ 
കൈവളരുന്നോ,കാൽവളരുന്നോ,     
കൊഞ്ചിപ്പറയുവാൻ വെന്ബുന്ന ചുണ്ടുകൾ,
കണ്ണിൽ വിടരുന്ന പൊന്നുഷ സന്ധ്യകൾ,
ആകാശ നീലിമയിലബിളിക്കല നിന്നെ,
പൂ നിലാപ്പാലൂട്ടി ചിരി തൂകി,
നിന്നതുമിളം തെന്നൽ വീശിയാ..
മഴപെയ്ത രാവിൽ,
കുരുന്നു കൈയെത്തിപ്പിടിച്ച നിൻ,
മുഖമൊന്നു കണ്ടു കൊതിയോടിരുന്നില്ലേ......
അമ്മ നിൻ ചാരെ,
കണ്ടു കൊതിയോടിരുന്നില്ലേ...
ഇന്നീ തെരുവിൽ ഏകനായി ഞാൻ....

ഇന്നീ തെരുവിൽ ഏകനായി ഞാൻ
കടിച്ചു കീറും ചെന്നായ്ക്കൾ നടുവിൽ,
കൊത്തിപ്പറിക്കുവാൻ കഴുകൻറെ കണ്ണുകൾ,
പാഞ്ഞു പോകും വിഷം തുപ്പും സകടങ്ങൾ,
ചീഞ്ഞു നാറുന്നൊരു കുപ്പയ്ക്കരുകിലെന്നമ്മേ...
ചീഞ്ഞു നാറുന്നൊരു കുപ്പയ്ക്കരുകിൽ
അമൃതു നുണയുവാൻ നാവു കൊതിക്കുന്നു
മാറിലെ ചൂടിനായി കുഞ്ഞു പൈതൽ
താരാട്ടു പാടുവാൻ അമ്മയില്ലാ
താളം പിടിക്കുവാൻ അച്ഛനില്ലാ
പിച്ചവെച്ചു നടത്തേണ്ട,
കൈകളിന്നിരുളിൻറെ മറവിൽ
എവിടെയോ....മാഞ്ഞു പോയി
കരയുവാൻ കണ്ണുനീരൊരു തുള്ളിയില്ലാ...
കനിയുവാൻ കണ്ണുകൾ കണ്ടില്ല ഭാവം
കത്തും വയറിനായി,
വറ്റിയ നാവിനായി,
നുണയുവാൻ ഒരുതുള്ളിയെങ്കിലും.....അമ്മേ ...
ഞാൻ ചെയ്ത പാപമിതെന്തെന്നു ചൊല്ലുക.
ഇനിയും അനാഥത്വം നിഴൽ പോലെ തുടരും
എന്നെയല്ലന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.
എന്നെയല്ലന്നും കാലം പഴിക്കും നിന്നെ
നിന്നെ മാത്രം.

അച്ഛൻ


എരിയുന്ന ചിതയിലെന്റെച്ഛൻ
നിറയുന്ന കണ്ണുകൾ സാക്ഷി.
പകയുണ്ട് ചിരിയുണ്ട് ചുറ്റും
കൂടി നിന്നവർക്കുളൊരു കണ്ണിൽ.
മണ്ണിനുവേണ്ടിപ്പിരിഞ്ഞവർ
ബന്ധുക്കളാണിവരെല്ലാം..
പകൽ പോലെ സത്യമീ വാക്കുകൾ
ഇന്ന് നിറയുമെൻ  കണ്ണുകൾ സാക്ഷി. (2)

നേർവഴി കാട്ടിയെന്റെച്ഛൻ
നേരും നെറിയുള്ളൊരച്ഛൻ.
അമ്മയ്ക്ക് തണലായി അച്ഛൻ
ഉണ്ണിക്ക് തുണയായി അച്ഛൻ   (2)        
       
ഒന്നായി വളരുവാൻ ആദ്യം പഠിപ്പിച്ചു-
ഒന്നിച്ച് കൂടുവാൻ പിന്നെ-
അമ്മയായി,ചേട്ടനായി
ചേച്ചിയായി കാണുവാൻ
ഒന്നിച്ചു കൂടുവാൻ പിന്നെ.(2)
കണ്ണിന് കൗതുകമാണിതെന്നും
ഉണ്ണിക്കീയച്ഛനും നാളുകളും.

വാത്സല്ല്യ നിധിയാണെന്റെച്ഛൻ
ഓമനച്ചേലുള്ളൊരച്ഛൻ.
ഓരോ കഥകൾ പറഞ്ഞ് തന്നു,
ഓരോ ചുവടുകൾ വെച്ചു കൂടേ ...(2)

കൈപിടിച്ചെന്നെ വഴി നടത്തിയെന്നും
കാണുന്നതൊക്കെയും വാങ്ങി
 അന്തിക്കൊരബിളി മാമനും മാവിലെ
അണ്ണാറക്കണ്ണനും കൂട്ടിനുണ്ടേ..
പാടിയ പാട്ടവർ ഏറ്റുപാടി(2)
കണ്ണിന് കൗതുകമാണിതെന്നും
ഉണ്ണിക്കീയച്ഛനും നാളുകളും

ഓണനിലാവുകൾ വന്നുപോയി
ഓരോ വിഷു പക്ഷി വന്നുപോയി.
തുമ്പയും തെച്ചിയും പൂവുകൾ
കൊണ്ടൊരു പൂക്കളമിട്ടെന്റെയച്ഛൻ (2)

ഉണ്ണിക്കിരുന്നാടാൻ പൊന്നൂഞ്ഞാല്
ഉണ്ണിക്കുടുക്കുവാൻ പൊൻകസവ്
എന്നും സമൃദ്ധിയും ഐശ്വരൃ നാളുകൾ
വന്ന് നിറയുവാനെന്റെയച്ഛൻ
കൈയിൽ തരുന്നൊരു കൈനീട്ടവും    (2)
കണ്ണിന് കൗതുകമാണിതെന്നും
ഉണ്ണിക്കീയച്ഛനും നാളുകളും.

കാലമെനിക്കൊരു കൗമാരവും
യൗവനവും തന്ന് പോയി.
കണ്ടില്ല ഞാനെന്റെയച്ഛനെ
കണ്ടാലറിയില്ലെനിക്കന്ന് മിന്നും (2)
കെട്ടിയതാലിയും പൊട്ടിച്ചെടുത്തെങ്ങോ..
വേറൊരു വേളിക്ക് കൂട്ടുപോയി
കണ്ടില്ല ഞാനെന്റെയച്ഛനെ,
കണ്ടാലറിയില്ലെനിക്കന്ന് മിന്നും

അമ്മയ്ക്കു  തണലായൊരച്ഛൻ
ഉണ്ണിക്കു തുണയായൊരച്ഛൻ (2)
അമ്മയ്ക്കു കൂടെപ്പിറന്നതാണേ..
ഒന്നിച്ച് കൂടുവാൻ പിന്നെ,
അച്ഛനായി കാണുവാൻ ചൊല്ലി.
എരിയുന്ന ചിതയിലെന്റെച്ഛൻ
നിറയുന്ന കണ്ണുകൾ സാക്ഷി.

N .B
ജന്മം തന്നതു കൊണ്ടൊരിക്കലും അച്ഛനാകില്ലാ.പ്രസവിച്ചത് കൊണ്ടൊരിക്കലും അമ്മയും ആകുന്നില്ലാ.
ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യേണ്ട സമയത്ത് ഇരുവരും ചെയ്യുക.അത് കണ്ട് വേണം മക്കൾ പഠിക്കാൻ.

Liju vazhappally

Wednesday, 25 June 2014

അമ്മേ നിനക്കായി........


അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും ഞാനീ കവിത സമർപ്പിക്കുന്നു.


പ്രണയമേ നിന്നെ മുഖം ചേർത്തു ഞാനിന്നു
പ്രമഥമീ മണ്ണിൽ  പിറന്നു
നിന്നധരത്തിലെ ചൂടും നിശ്വാസവും
ഇന്നെനിക്കമൃതായി ചുരന്നു
നിന്മന്ദഹാസത്തിൽ ചാലിച്ച വാക്കുകൾ
മധുവായി നുകർന്നു നീ നല്കി
പാതി പിത്രുത്തവും പാതി മാത്രുത്തവും
എന്നും വരമായി നീ നല്കി.
കാച്ചെണ്ണ തേച്ച്  കുളിപ്പിച്ചു നീ എന്റെ
പതിവുകൾ തെറ്റാതെ നോക്കി.
ഒക്കെതിരുത്തി കഥകൾ പറഞ്ഞും
മാനത്തെ മാമനെ കൂട്ടായി വിളിച്ചും
മമൂട്ടാനോടി നടന്നു എന്നെ.
രാവേറെയായാലുറങ്ങാതെ നീ എന്നെ
താരാട്ടു പാടിയുറക്കി.
ആദ്യമായി കൈപിടിച്ചറിവിന്റെ മുറ്റത്തും
പാഠങ്ങൾ ചൊല്ലി പഠിപ്പിച്ചതും,
അന്തിക്കൊരൂണുമായി ഉണ്ണാതെ നീ
എന്നെയും കാത്തിരുന്നു .  
അന്നൊരു നേരവും കത്തും വയറുമായി
ഞാനിരിക്കാതെ നീ കൂട്ടിരുന്നു.
ഇന്നറിയുന്നു ഞാൻ നിൻ വേദന
ഉണ്ണാതിരിക്കുമ്പോൾ ഉറങ്ങാതിരിക്കുമ്പോൾ.
താരാട്ടു പാടിയുറക്കുവാനാകില്ലാ.. ...
കണ്ണീരൊഴുക്കി കരയുന്ന നേരത്ത്
ഒക്കെത്തിരുത്തി നടക്കുവാനാകില്ലാ....
എന്നധരത്തിലെ  ചൂടും നിശ്വാസവും
അമൃതായി ചുരത്തുവാൻ ഇന്നെനിക്കവില്ലാ..
അമ്മേ ഇതെല്ലാം നിനക്കുമാത്രം
അമ്മേ ഇതെല്ലാം നിനക്കുമാത്രം.
അമ്മേ നിനക്കായി..എന്തു ഞാൻ നൽകും
നീ തന്നതൊക്കെ തിരിച്ചു നല്ക്കാൻ
ഈ ജന്മം ആകില്ല ഇനിയുമെന്റെ
ഇനിയൊരു ജന്മമുണ്ടെങ്കിൽ നീയെൻ
മകളായി ജനിക്കുക,
അന്നൊരമ്മയായി ഞാൻ നിന്നെ
താരാട്ടു പാടിയുറക്കാം...


ഈ മഴയൊന്നു പെയ്തു തോർന്നിരുന്നെങ്കിൽ....



                                                                                        
 ഓരോ മഴപെയ്തു തോരുമ്പോഴും
ഓരോ പ്രതീക്ഷകൾ തന്ന കാലം
ഓടിയെത്തും ഞാൻ ഓർമ്മതൻ മുറ്റത്ത്‌
മറക്കില്ലാ ഞാനിന്നും ആ മഴക്കാലം.

മാനത്തു കാർമുകിൽ കണ്ടുവെന്നാൽ
വേഗത്തിലോടുമെൻ കുടിയിലേയ്ക്ക്
തോടും പുഴയും ചാടിയും നീന്തിയും
പാടവരംബിലൂടോടിയെത്തും.
ആദ്യമെടുക്കുമെന്നറിവിന്റെ പുസ്തകം
സ്കൂളിലിടാനുള്ള കാച്ചെട്ട രണ്ടണ്ണം
ബട്ടന്സു പോയൊരെൻ ഷർട്ടുകളും
പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞെടുക്കും
ചാണകം മെഴുകിയ തറയിൽ നിരത്തും
ചട്ടിയും കലവും പൊട്ടക്കലങ്ങളും
കയറാൻ പഴുതുകളില്ലാതെ ഞാനെൻറെ
കുടിലിന്റെ മേൽകൂര മൂടിവെയ്ക്കും
വിളിക്കാതെ എത്തിയ മഴയെന്റെ കുടിലിൽ
അതിഥിയായി എത്തുന്ന നേരമിതാ....

നാലുകാലുള്ളോരൂ പൊട്ടകിടക്കയിൽ
മൂടിപ്പുതച്ചു ഞാൻ കാത്തിരുന്നു
ലിതുള്ളിയെത്തിയ കർക്കിടകത്തിനെ
വിറയാർന്ന കൈകൊണ്ടു കോരിക്കളഞ്ഞു
പൊട്ടിയ ചട്ടിയും പൊട്ടക്കലങ്ങളും
നീന്തിത്തുടിച്ചിതാ.. മണ്‍കുടിലിൽ
അന്നു പുകഞ്ഞില്ലാ അടുപ്പെൻറെ കുടിലിൽ
അന്നത്തെ അന്നം മുട്ടിച്ച മഴയെനിക്കോരോ
പ്രതീക്ഷകൾ തന്നിരുന്നു.
കടലാസുതോണി തുഴഞ്ഞിതാ എത്തിയെൻ
കാതിൽ പറഞ്ഞൊരു കൂനനുറുമ്പു
ഈ മഴയൊന്നു പെയ്തു തോർന്നിരുന്നെങ്കിൽ.......


Saturday, 21 June 2014

ഇനിയാക്കാലം വരുമോ..............





നാടുഭരിച്ചൊരു വെള്ളക്കാരവർ
പോയിട്ടിന്നൊരു കൊള്ളക്കാരായി......
വെള്ളക്കദറും കള്ളച്ചിരിയും
കൊടിപാറുന്നൊരു വെള്ളക്കാറിൽ
പാഞ്ഞു നടക്കും കൊള്ളക്കാരിവർ
നാടു മുടിച്ചും കട്ടും തിന്നും,
പെണ്ണു പിടിച്ചും നാറികൾ
പരനാറികളെന്നു വിളിച്ചു പറഞ്ഞും
കൊന്നൊരു കൊലകളരും കൊലകൾ
ഇവരോരോന്നെണ്ണിച്ചൊൽവതു കാണാം

പിറന്ന നാടും മണ്ണും വീടും
തകർന്ന ജീവിതമീതെരുവിൽ
കുരുന്നു കണ്ണുകൾ ഭയന്ന നാളുകൾ
പിടഞ്ഞ കൈകൾ,തലകൾ ഉടലുകൾ
പെറ്റൊരു വയറിൻ നിലവിളിയകലെ
കുപ്പക്കൂനയിൽ,കന്നും കൂട്ടിൽ,
വെളിക്കിറങ്ങും മുറികളിൽ നിന്നും
പുഴുത്തു നാറിയ കോലങ്ങൾ,ചിലർ
അടഞ്ഞ മുറിയിൽ വിദൂരമായൊരു,
തകർന്ന സ്വപ്നം,കരഞ്ഞ കണ്ണുകൾ,
പിടഞ്ഞ ഹൃദയം,മരിച്ച നാളുകൾ
മക്കൾ ചെയ്തൊരു പാപങ്ങൾ
ഇവർ വൃദ്ധക്കൂട്ടിൽ ഉരുകുന്നു.

വിശന്നു നീട്ടും കൈകൾ തെരുവിൽ....
വിശപ്പകറ്റാൻ മാനം വിൽക്കും
വിശന്നു നീട്ടും കൈകൾ തെരുവിൽ
വിശപ്പകറ്റാൻ മാനം വിൽക്കും,
ഒളിച്ചിരിക്കും കണ്ണുകൾ ഇവളെ,
കടിച്ചു കീറും ഇരുളിൻ മറവിൽ,
പരസ്യമായിവർ മാന്യമ്മാരായി,
ഇളിച്ചു കാട്ടും നാളുകളെന്നും.
പഠിച്ചു വളരാൻ കൈകളിൽ ഇന്നൊരു,
തൂലികയില്ലാ..പുസ്തകമില്ലാ...
പൊരിഞ്ഞ വെയിലിൽ കത്തും വയറിൻ
വിശപ്പിനായി ചെറുബാല്ല്യങ്ങൾ.

അവിടെ വലിയൊരു ജനാവലി.
അവിടെ വലിയൊരു ജനാവലി,
മന്ത്രധ്വനികൾ,വേദാന്തങ്ങൾ,
സ്തുതി ഗീതങ്ങൾ,വാദ്യങ്ങൾ,
വെള്ളപുതച്ചൊരു അമ്മക്കാലുകൾ,
പാലിൽ കഴുകി കുടിപ്പതു കാണാം.
മതവും വചനവും ദൈവങ്ങളെയും
വിറ്റു നടന്നവർ മാളിക കെട്ടി.

മാനം പോയ കഥകൾ നാട്ടിൽ
വീൻബു പറഞ്ഞു നടന്നൊരു സുന്ദരി
തളർന്നുറങ്ങിയ കുഞ്ഞിനെയൊരുവൻ
വലിച്ചിഴച്ചു കാമം തീർക്കാൻ
പട്ടാപ്പകലൊരു പെണ്ണിൻ മാനം
അച്ഛനും അനിയനും കൂട്ടരുമൊന്നായി
വലിച്ചെറിഞ്ഞവർ പങ്കിട്ടു.
കെട്ടിയ താലി പൊട്ടിച്ചൊരുവൻ
കുപ്പികൾ വാങ്ങാൻ വിറ്റുതുലച്ചു
കാമം മൂത്തൊരു കാമുകി അവളുടെ
കുഞ്ഞിനെ ഇന്നു കിണറ്റിലെറിഞ്ഞു.

കുത്തിയൊഴുകാൻ പുഴയില്ലിവിടെ.
പച്ചവിരിച്ചൊരു നെൽപ്പാടങ്ങൾ...
കുത്തിയൊഴുകാൻ പുഴയില്ലിവിടെ,
പച്ചവിരിച്ചൊരു നെൽപ്പാടങ്ങൾ
പുഴ വറ്റിവരണ്ടു കിടക്കുന്നു
ചെറു മൊട്ടക്കുന്നുകൾ അങ്ങിങ്ങായി
കേരം തിങ്ങും കേരളമണ്ണിൽ
കണികാണാനൊരു കേരവുമില്ലാ...
ചീഞ്ഞു കുമിഞ്ഞൊരു കൂമ്പാരങ്ങൾ
നാറിയൊലിച്ചീ..തെരുവോരങ്ങൾ
മണ്ണിനെയറിയും മനുഷരില്ലാ..
മണ്ണിൽ പൊന്നിൻ വിളയില്ലിവിടെ
കെട്ടിപ്പൊക്കും പെട്ടി തൂണുകൾ
കണ്ണുനിറഞ്ഞൊരു കാഴ്ചകൾ കാണാം

ഇനിയൊരു കാലം വരുമോ..മണ്ണിൽ
വെള്ളക്കാരും കൊള്ളക്കാരും ഇല്ലാക്കാലം
മാവേലിക്കായി....
അമ്മകൈകൾ,പിടഞ്ഞ കരളുകൾ
കുരുന്നുകണ്ണുകൾ മാവേലിക്കായി....

കാലമെന്നും നിന്നെ സാക്ഷിയാക്കി
ആ സാക്ഷിയെ നോക്കി ഞാൻ
ഇനിയാ.. കാലം വരുമോ..മണ്ണിൽ


യാത്ര




മരണമെത്തുന്ന നേരത്തും
പിരിയുവനാകില്ലൊരിക്കലും നിന്നെ
പ്രണയമാം നിന്റെ കൈപിടിച്ചെന്നും
തുടരുമീയാത്ര നിൽക്കില്ലൊരിക്കലും
ഇനിയുമെത്ര ദൂരം നാം താണ്ടണം
അരികിലെത്തുവാൻ മരണമേ നിൻറെ

വിജനമായൊരു വഴിയിതാ തീരുന്നു
ഇരുള് മൂടിയ കണ്ണുകൾ അടയുന്നു
ഹൃദയമീ രാഗ ശ്രുതി വീണ നിർത്തി
ഗഗന സഞ്ചാരി വന്നിതാ മുന്നിൽ
 കൂട്ടിനാരുമില്ലാത്തൊരു  യാത്രയിൽ
കൊണ്ടുപോകുവാനൊന്നുമില്ല കൈയിൽ
ഇനിയുമെന്നു നാം കാണുമെന്നറിയില്ലാ..
മരണമേ നിൻറെ കൈയി പിടിച്ചെന്നും
തുടരുമീയാത്ര നിൽക്കില്ലൊരിക്കലും....

കാമുകന്റെ കൂടെ പോകുവാൻ സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നവൾ.അമ്മയാണോ .....





ഇനിയെത്ര ജന്മമെടുത്താലും
പതിവ്രതയായോരൊമ്മയാകില്ല നീ ...
നീതി പീഠം നിനക്കു നല്കും
ദണ്ഡനമാകില്ല  കലാതിന്റെത്
കാമുക കാമത്തെ പ്രണയിച്ച നീ..
പായി വിരിക്കും പലർക്കായി ഇനി
പ്രണയിച്ചവൻ നിന്നെ വിലയ്ക്ക് നല്കും,
നാറുന്ന കോലങ്ങൾ തേടിയെത്തും

കാർകിച്ചു തുപ്പും പലരും നിന്നെ
ആരോ വിതയ്ച്ചൊരു വിത്തുമായി
നാടായ നാടൊക്കെ നീ അലയും
താരാട്ടു പാടുവാൻ നാവ് ചലിക്കില്ലാ
താളം പിടിക്കുവാൻ കൈകൾക്കുമാകില്ല
നിന്നധരത്തിൽ നിന്നൂറി വരില്ലാ
മാത്രുത്തമെന്നൊരു പാലമൃതും
കാമത്തെ പ്രണയിച്ച കാലങ്ങൾ
നിന്നെ ഓരോ ഓരോ പേര് വിളിച്ചു കൂവും
അതിൽ ഒരു പേരു പോലും അമ്മയെന്നാകില്ലാ

ഇനിയെത്ര ജന്മമെടുത്താലും
പതിവ്രതയായോരൊമ്മയാകില്ല നീ ...

രാധാ ദുഃഖം





ദ്വാപരയുഗമല്ലന്നറിയുന്നു ഞാൻ കൃഷ്ണാ
കലിയുഗമെന്നൊരു ദുഃഖം മാത്രം 
ഗോവർദ്ധനഗിരിയില്ലാ,ഗോപികമാരില്ലാ 
യാദവ കുലമില്ലാ,യമുനാ തീരവും 
പീതാംബര ഹരേ കൃഷ്ണാ...
നിന്നോടക്കുഴൽ വിളി കേൾക്കുവാനായി
ഇനിയെത്ര ജന്മം ഞാൻ കാത്തിരിക്കും.

രാവേറെയായാലുറങ്ങാതെ ഞാൻ 
നിന്റെ ചാരത്തു വന്നിരിക്കും. 
അമ്പാടിക്കണ്ണാ നിൻ ലീലകൾ പാടുമ്പോൾ 
കള്ളച്ചിരിയോടെ നീ നോക്കി നില്ക്കും

കണ്ണിന് കൗതുകമാണെന്നും നീയെൻ 
കാർമുകിൽ വർണ്ണാ കമലനേത്രാ...  

പാടിയ പാട്ടുകൾ എല്ലാം നിനക്കായി 
വെണ്ണ തരാം കണ്ണാ..നീരാഞ്ജനം ചാർത്താം
നീല കാർവർണ്ണാ.. കണികാണണേ..
ഘനശ്യാമ  മോഹന സുന്ദര മുഖമെന്നും 
കണികാണുവാനെന്നും കനിവേകണേ..
ആനന്ദ നാളുകൾ നൽകി നീ കൃഷ്ണാ..

എങ്കിലും തീരാത്ത ദുഃഖം മാത്രം 
വിജനമാം വഴിയരികിൽ ഇന്നും 
വിരഹിണി രാധയായി ഞാൻ 
എങ്ങോ തനിച്ചാക്കി പോയൊരു ജന്മത്തെ 
ഇന്നും കാത്തിരിപ്പൂ.. ഇന്നും കാത്തിരിപ്പൂ..

...........Liju  vazhappally  ...........

പെയ്തിരുന്നെങ്കിൽ നീയൊരു മഴയായി...




മാനസസരോവര തീരത്തു ഞാനൊരു
മാരിവില്ലഴകിനെ നോക്കി നിന്നു.
വർണ്ണങ്ങൾ ഓരോന്നും മാഞ്ഞുപോയി ഇന്നവൾ
കദനത്താൽ കണ്ണുനീർവാർത്തു നിന്നു.
തെല്ലൊരു ലെജ്ജയില്ലിന്നിവളുടെ മുഖമൊരു
കത്തുന്ന സൂര്യനാൽ വാടിനിന്നു.
കാത്തിരിപ്പൂ..കാതോർത്തിരിപ്പൂ...
ഇന്നല്ലാ ഇന്നലെകൾ നാളെയല്ലെന്നും
കലോച്ചകേൾക്കുവാൻ എൻ തോഴനേ..

ഏഴഴകുളൊരു വർണ്ണമാം കാലങ്ങൾ ഓർക്കുന്നു
ഞാനെന്നും ഇന്നലെത്തേതു പോൽ..
പൊന്നോണനാളിനെ കോടിയുടുക്കുവാൻ
മേടവിഷുവിനെ പൂകൊണ്ടു മൂടുവാൻ
കാടും മലകളും കടലും കടന്നവൻ
ആടിത്തിമിർക്കുവാൻ കർക്കിടകത്തിലും
പാതി ഇടവത്തിൽ അമ്മയേ കാണുവാൻ
പതിവുകൾ തെറ്റാതെ വന്നിരുന്നു.
തുടി കൊട്ടിപ്പാടിയും താളംച്ചവിട്ടിയും
അമ്മയെ സ്നേഹിച്ചു  മണ്ണിൻറെ മക്കൾ.

ഇന്നിവർ ഇല്ലിവിടെ.
അമ്മയുടെ മാറ് വലിച്ചുകീറി
പല്ലിളിചെത്തുന്നു കാട്ടാളവർഗങ്ങൾ
കാടും മലകളും കൈയടക്കിവാഴും
കാമക്കൊതി മൂത്ത കാട്ടാളവർഗങ്ങൾ
ഇന്നിവർ ഇല്ലിവിടെ അമ്മയെ സ്നേഹിച്ച
മണ്ണിൻറെ മക്കൾ മരിച്ചിരുന്നു.

കാത്തിരിപ്പൂ..കാതോർത്തിരിപ്പൂ...
ഇന്നല്ലാ ഇന്നലെകൾ നാളെയല്ലെന്നും
കലോച്ചകേൾക്കുവാൻ എൻ തോഴനേ..
വരുമോ പെയ്തൊരു  മഴയായി നീ..
കാത്തിരിപ്പൂ..കാതോർത്തിരിപ്പൂ...

മാരിവില്ലഴകിനെ നോക്കി ഞാനും
ഒരു മഴ പ്രണയമായി പെയ്തിരുന്നെങ്കിൽ.....


Wednesday, 18 June 2014

പനിനീർപ്പൂവേ............




ഓരോ പ്രഭാതവും നീയെനിക്കു
ഓരോ രാഗമായി എൻ മനസിൽ.
ചിരിതൂകി നില്ക്കുന്ന നിന്നെയെന്നും
കണികണ്ടുണരുവാൻ മോഹിച്ചു ഞാൻ.
ഈറനുടുത്തു നീ എന്നുമെന്റെ
ജാലക വാതിൽ തുറന്നു വന്നു.
പ്രണയദലങ്ങൾ വിടർത്തിയെന്നും
പ്രണയിക്കുവാനായി പിറന്ന പൂവേ...
ഹൃദയമൊരനുരാഗം എന്നുമെന്റെ
കവിളിൽ തലോടി തഴുകി നിന്നു
ഓരോ മഴ പെയ്തു തോരുംബോഴും
പൊഴിയാതെ നീയെന്റെ അരികിൽ വേണം
ഇണകളായി വന്നവർ പിരിയില്ലോരുനാളും
വിടരും പ്രഭാതങ്ങൾ തുടരുമെന്നും
ചിരിതൂകി നിൽക്കുമോ പനിനീർപ്പൂവേ...


മകനേ...നിനക്കായി



മകനേ..നിനക്കായി ചുരത്തുന്നു ഞാൻ
അമ്മയുടെ പ്രാണൻറെ പാലമൃത്
ഇനിയെന്നു കാണുമെന്നറിയില്ല നാം
വഴിതെറ്റിയെത്തുമീ യാത്രയിൽ ഞാൻ
ഒരു ഉരുള ചോറു നീ ബലിയായ് തരൂ.....
കാമക്കൊതിമൂത്ത കഴുകണ്മാരെന്റെ
ചോരയൂറ്റിക്കുടിച്ചാടിത്തിമിർത്തു
നീതിപീOത്തിന് കാവൽനിൽക്കുന്നുവർ
ഗാന്ധി പ്രമാണങ്ങൾ കാണാതെ ചൊല്ലി
പല്ലിളിച്ചെത്തുന്ന കാണ്ഡാമൃഗങ്ങളും
കാലങ്ങളായെന്നും ജാതിയെ വിറ്റു
വർഗീയതയുടെ വിത്തുപാകും
കാഷായ വേഷങ്ങളെല്ലാം ചേർന്നു
ചോരയൂറ്റിക്കുടിച്ചാടിത്തിമിർത്തു
നാളെനിന്നെയിവർ കാർക്കിച്ചു തുപ്പും
തെരുവുകൾ നിന്നെ തുറിച്ചു നോക്കും
അരുതാത്തതെല്ലാം പറഞ്ഞിവർനിന്നെ
നാടുകടത്തുമീനാട്ടിൽ നിന്ന്
അപ്പോഴും നീയെന്നെ തള്ളിപ്പറയല്ലേ...
എൻ വിളി കേൾക്കുവാൻ നിന്നില്ല ഈ ലോകം
നിൻ വിളി കേൾക്കുവാൻ നിന്നെത്തഴുകുവാൻ
നിൻ വഴികാട്ടുവാൻ, നിൻ മിഴിയെന്നും
നനയാതിരിക്കുവാൻ...
 എന്നുമീ അമ്മനിൻ കൂടെയുണ്ട്.
നേരും നെറിയുള്ളോരാണായി വളരുക
പെണ്ണായിപ്പിറന്നവരാരേയും
തല്ലി നോവിക്കരുതെന്നും
കെട്ടിയ താലി നീ പൊട്ടിച്ചെടുക്കരുത്
പെണ്ണിന്റെ മാനത്തെ വിലയ്ക്കു നല്കാൻ
ആഭാസ മാളികകൾ പണിയരുതൊരിക്കലും
അമ്മയേ പോലെ നീ നാടിനെ കാണണം
മണ്ണിനും പെണ്ണിനും തമ്മിലടിക്കരുത്
വഴിതെറ്റിയെത്തുമീ തലമുറകൾ
ഇനിയുമീ മണ്ണിൽ പിറക്കാതിരിക്കുവാൻ
 നാളെയ്ക്കു വേണ്ടിനീ പോരാടുക
ഇനിയൊരമ്മയും ഞാനായി ജനിക്കരുത്
ഇനിയൊരു കുഞ്ഞും നീയായി പിറക്കരുത്
ഓർക്കുക നീ ഈ വാക്കുകളെന്നും
മിഴി പാതിയടയാതെ പോകുന്നു ഞാൻ
എന്നുമീ കണ്ണുകൾ നിന്റെ കൂടെ
വരളുന്നു തൊണ്ട ഒരുതുള്ളി വെള്ളം..
കണ്ണുകളടയുന്നു ദേഹം തളരുന്നു
മരണത്തിൻ കാലൊച്ച കേൾക്കുന്നു ഞാൻ എങ്കിലും....
ഇനിയില്ല തരുവാൻ..എനിക്കു കുഞ്ഞേ..
അവസാന തുള്ളിയും നിനക്കായിതാ..
അമ്മയുടെ പ്രാണൻറെ പാലമൃത്.

ഒരുനേരമെങ്കിലും....

വലിച്ചെറിയരുതെന്നെനീ  കുഴിവെട്ടിമൂടല്ലേ...
വലിച്ചുകീറും ചെന്നായ്ക്കളെന്നെ
ചവിട്ടിയരയ്ക്കും തെരുവുകളെന്നും

മാളികമുറ്റത്തു മാടിവിളിക്കുന്നു
പാലൂട്ടുവാനാശുനകനേ..കൊച്ചമ്മ.
വിശപ്പറിയാത്ത നിൻ മക്കളേ ഊട്ടുവാൻ
നാളേയ്ക്കു വേണ്ടി നീ ഓടിനടക്കുമ്പോൾ
കത്തും വയറുമായി എത്രയോ ജന്മങ്ങൾ
കൈനീട്ടിയെത്തുന്നു നിന്നരികിൽ
മുട്ടിയ വാതിലുകൾ കൊട്ടിയടച്ചുനീ..
നീട്ടിയ കൈകളോ തട്ടിമാറ്റി

ആർഭാടമായ നിൻ ജീവിതയാത്രയിൽ
ഒന്നു തിരിഞ്ഞൊന്നു നോക്കിയെങ്കിൽ...
കുളിരുകോരുന്നൊരു ചില്ല്മുറികളിൽ
അല്പ്പസുഖത്തിനായി എത്രയോ..രാവുകൾ
ജനനത്തിനൊരു കുപ്പി മരണത്തിനൊരു കുപ്പി
കുപ്പിയില്ലാത്തൊരു കാര്യമില്ലാ..

ഓരോ പുകയിൽ എരിയുവാനായി
ഓരോ പുകയ്ക്കും നീ നീക്കിവെച്ചു
നാണം മറയ്ക്കാനുള്ള തുണികളെ
പൊന്നിൻ വിലയ്ക്കു നീ വാങ്ങിയിട്ടു
ഓരോ ദിനവും ഓരോരോ ശകടങ്ങൾ
നിന്നെ രമിക്കുവാൻ സുഗന്ധം
വിതറിയാനാളുകൾ
ഇന്നു നീ ഓർത്തിരുന്നെങ്കിൽ...

മുട്ടിയവാതിലുകൾ കൊട്ടിയടയ്ക്കാതെ
നീട്ടിയ കൈകൾ തട്ടിമാറ്റാതെ
ഒരു നേരമെങ്കിലും അന്നം തരൂ...
അറിവില്ലാ പൈതലിൻ വിശപ്പടക്കാൻ......

നിനക്കായി...

അകലെയാണെങ്കിലും നിന്നെ ഞാനീ
ഹൃദയത്തിലോമനിച്ചിരുന്നു എന്നും
മൗനമായി സ്നേഹിച്ചിരുന്നു
മറക്കുവാൻ കഴിയില്ല മനസിന്നൊരിക്കലും
പിരിയുവാനാകില്ല ജീവിതയാത്രയിൽ....

ആദ്യമായി കണ്ടനിൻ മുഖമെൻ മനസ്സിൽ
ആർദ്രമൊരനുഭൂതിയായി നിറഞ്ഞു.
സുന്ദരഹേമന്ദരാവുകളെത്രയോ....
വന്നു നീ പുല്കി നിശബ്ദമായി
സ്വർണ്ണച്ചിറകുകൾ വീശിയെൻ
സ്വപ്ന  മണ്ഡപത്തിൽ.

കമലനയനങ്ങൾ വിടർന്ന നിൻ
പാർവ്വണ ശശിബിംബം.
കനകമന്ദാരം വിരിയുമാ ചുണ്ടിൽ
ചുംബനത്താൽ മധു തേടി ഞാൻ...
അഴിഞ്ഞ കാർകൂന്തൽ തഴുകി പുണരവേ..
ഇനിയുമീ രാത്രി പുലരാതിരിക്കണം
വൈകിയെത്തുവാൻ സൂര്യനോടായി...
ധ്യാനിച്ചു ഞാനുറങ്ങിയാ.. നേരത്ത്

ദല മർമ്മരങ്ങൾ വിടരുന്ന രാവിൽ
പൊഴിയാതെ നിൽക്കുന്ന വെണ്‍തിങ്കളേ...
പ്രിയസഖികളാം നിൻ താരക സുന്ദരികൾ
കളിയായി സ്വകാര്യം പറഞ്ഞുവോ..
ഇവളെൻ പ്രിയതോഴി സൗമ്യയാം താരക.
നിനക്കായി ഭൂമിയിൽ ആകാശഗംഗ
പെയ്തൊരു പ്രണയമഴയായി.

പ്രണയിച്ചു കൊതിതീരും മുൻപേ മറഞ്ഞു നീ..
ഇനിയെന്നു കാണുമെന്നറിയില്ലയെങ്കിലും
നമുക്കായി..വരുമൊരു യുഗമിനിയും.
നിനക്കായി തോഴി കാത്തിരിക്കാം....
അകലെയാണെങ്കിലും നിന്നെ ഞാനീ
ഹൃദയത്തിലോമനിച്ചിരുന്നു എന്നും
മൗനമായി സ്നേഹിച്ചിരുന്നു.


അമ്മേ ....എനിക്കീയേട്ടനെ വേണ്ടാ....

നല്ലൊരു അമ്മയേയും അച്ഛനേയും,നല്ലൊരു ഏട്ടനേയും,ഏട്ടന് അനുജത്തിയേയും
അമ്മയ്ക്കും അച്ഛനും നല്ല മക്കളേയും കിട്ടുക എന്നുള്ളത് ഒരു മഹാഭാഗ്യമാണ്.
ഇങ്ങനെയൊരു കുടുംബം ഉണ്ടാകാൻ നമ്മൾ എല്ലാരും വിചാരിച്ചാൽ സാധ്യമാകും.
ജീവിതം ഒന്നേയുള്ളൂ. ഇനിയൊരു ജന്മം ഉണ്ടന്നുള്ളത് ഒരു സങ്കല്പം.ഒരു വിശ്വാസം.
ഈ ജീവിതത്തിൽ ചേയ്യേണ്ട കാര്യങ്ങൾ ഈ ജന്മത്തിൽത്തന്നെ ചെയ്യുക.
അടുത്തിടെ ഒരു സംഭവം നടന്നതു നിങ്ങൾ മദ്ധ്യമങ്ങളിലൂടെ അറിഞ്ഞു കാണും.
അതൊരു കവിതയായി ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.പ്രിയകൂട്ടുകാരെ.
ഈ കവിത ആരെയും വേദനിപ്പിക്കാൻ വേണ്ടി എഴുതുന്നതല്ലാ.
ഈ പാപം ഇനി ആരും ആവർത്തിക്കാതിരിക്കാൻ മാത്രം.
അമ്മേ ....എനിക്കീയേട്ടനെ വേണ്ടാ....
നാലുച്ചുവരുകൾക്കുള്ളിലായി
നാലാളു കാണാതെ നാണം മറച്ചു ഞാൻ
നാളത്തെ നാളുകൾ എന്തെന്നറിയില്ലാ
നാടറിഞ്ഞെത്തിയാൽ നാവെന്തു ചൊല്ലും
നാവടക്കി ഞാനിരുന്നൊരു മൂലയിൽ
നാലുച്ചുവരുകൾക്കുള്ളിലായി.
എൻ വളപ്പൊട്ടുകൾ പൊട്ടിക്കരഞ്ഞുവോ...
എൻ കണ്ണുകൾ ഇന്നു നീർ തുള്ളി തേടിയോ...
എൻ വളപ്പൊട്ടുകൾ പൊട്ടിക്കരഞ്ഞുവോ...
എൻ കണ്ണുകൾ ഇന്നു നീർ തുള്ളി തേടിയോ..
ഇന്നിവർക്കെല്ലാം ഒരേ വർണ്ണമാണെന്റെ
രക്ത വർണ്ണം.
പൊട്ടിയ കുപ്പികൾക്കറിയില്ലയെന്നെ
എരിയുന്ന ഓരോ പുകയ്ക്കുമറിയില്ല
പൊട്ടിയ കുപ്പികൾക്കറിയില്ലയെന്നെ
എരിയുന്ന ഓരോ പുകയ്ക്കുമറിയില്ല
ഇന്നല്ല ഇന്നലെകൾ നാളെയല്ലെന്നും
അമ്മയാണോ..അനുജത്തിയാണോ..
ചില്ലു തരികൾക്കിടയിലെരിയുമാ..
തീനാളമെന്നേ..തുറിച്ചു നോക്കി
എരിഞ്ഞു തീരുവാനാണു നീയും
ഇന്നല്ല ഇന്നലെകൾ നാളെയല്ലെന്നും.
ചിതറിയ മുത്തുകൾ വാരിയെടുത്തു ഞാൻ
മാറോടു ചേർത്തു വിതുമ്പിക്കരഞ്ഞു
എന്നുമീ കൈകൾ ചേർത്തു പിടിച്ചെന്നെ.
കൂട്ടു കൂടി, പിണങ്ങി,കരഞ്ഞും
തോളിലേറ്റിയൊരുമ്മ തന്നും
പെയ്തൊരാമഴയത്ത് ഓടിക്കളിച്ചും
ഇടവക്കാറ്റേറ്റു വീണൊരു മാമ്പഴം
ആദ്യം പെറുക്കുവാൻ ഓടിക്കിതച്ചതും
കണ്ണൻ ചിരട്ടയിൽ മണ്ണപ്പം പിന്നെ
ഓലകൊണ്ടൊരു പന്ത്,കണ്ണാടി കാറ്റാടി
അമ്പലക്കടവിലെ ആമ്പലിൻമൊട്ടിനാൽ
മാലാകൊരുത്തൊന്നിച്ചൊരു കുടക്കീഴിൽ
നനഞ്ഞതും ഇന്നലത്തേതു പോൽ...
ഇന്നലത്തേതുപോലോർക്കുന്നു ഞാൻ.
എന്റെ വയറു മുറുക്കിയുടുത്തെത്രയോ..
രാവും പകലും കാത്തു
നിനക്കായി അന്നമൂട്ടിയ കൈകൾ.
നിന്റെ വിയർപ്പും ഗന്ധമായി
നാറിയ ഭാണ്ഡമലക്കിയ കൈകൾ.
തട്ടിയുടച്ചില്ലേ....കെട്ടിവലിച്ചില്ലേ....
അരുത് നീ ചെയ്യരുത് ഈ പാപമെന്നുഞാൻ
അലറി വിളിച്ചു പറഞ്ഞില്ലേ സോദരാ.....
എന്നിട്ടും നീ എന്നെ.
എന്റെ മാനത്തിനു വിലയിട്ടു നീ...
തെരുവിൽ വലിച്ചെറിഞ്ഞില്ലേ...
എൻ വളപ്പൊട്ടുകൾ പൊട്ടിക്കരഞ്ഞുവോ...
എൻ കണ്ണുകൾ ഇന്നു നീർ തുള്ളി തേടിയോ..
ഇന്നിവർക്കെല്ലാം ഒരേ വർണ്ണമാണെന്റെ
രക്ത വർണ്ണം.
ഇവരെന്റെ സ്വപ്‌നങ്ങൾ
ഇവരെന്റെ മോഹങ്ങൾ
ഇവരെന്റെ കരളും പറിച്ചെറിഞ്ഞു..
ചിതറിയ മുത്തുകൾ വാരിയെടുത്തു ഞാൻ
മാറോടു ചേർത്തു വിതുമ്പിക്കരഞ്ഞു.
ഇനിയൊരു ജന്മമുണ്ടെങ്കിലമ്മേ.....
ഇതുപോലൊരേട്ടനേ..എനിക്കുവേണ്ടാ......
ലിജു